ADVERTISEMENT

ഇംഗ്ലണ്ട് സ്വപ്നമായി കൊണ്ടു നടക്കുന്ന നാലു ചെറുപ്പക്കാരും അവർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന ഒരു സൈനികനും; രാജ് കുമാർ ഹിറാനി സംവിധാനം ചെയ്ത ‘ഡൻകി’യുടെ കഥാപരിസരത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം. ഈ കഥയിലേക്ക് ഷാറുഖ് എന്ന ചാമിങ് സൂപ്പർസ്റ്റാറും രാജ് കുമാർ ഹിറാനിയെന്ന എന്റർടെയ്നർ സംവിധായകനും ചേരുമ്പോൾ, പ്രേക്ഷകർക്കു ലഭിക്കുന്നത് ഒരു ഫൺ ഇമോഷനൽ സിനിമയാണ്. പാട്ടും ഡാൻസും ഇമോഷനും തമാശയും സമ്മേളിക്കുന്ന ഒരു പക്കാ ബോളിവുഡ് സിനിമ. 

അപകടകരമായ വഴികളിലൂടെ അനധികൃതമായി കുടിയേറ്റം നടത്തുന്നതിനെയാണ് ഡൻകി എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. മലയാളത്തിൽ സിഐഎ എന്ന ദുൽഖർ സിനിമയിൽ ഇത്തരമൊരു പ്രമേയം ചർച്ചയാകുന്നുണ്ട്. തൊണ്ണൂറുകളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന ചെറുപ്പക്കാരുടെ പ്രശ്നങ്ങളും സ്വപ്നങ്ങളും നിരാശയും 'രാജ് കുമാർ ഹിറാനി ഫിലോസഫി'യുടെ മേമ്പൊടി ചേർത്തു അവതരിപ്പിക്കുകയാണ് സിനിമ.

ഒരു ഉദാഹരണം ഇങ്ങനെ: ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ, ഇന്ത്യൻ ഭാഷയിലെ പ്രാവീണ്യം ആരും പരീക്ഷ വച്ച് മാർക്കിട്ടിരുന്നല്ലല്ലോ. പിന്നെ, എന്തിനാണ് ഇംഗ്ലണ്ടിലേക്ക് ഇന്ത്യക്കാർ ചെല്ലുമ്പോൾ ഐഇഎൽടിഎസ് ടെസ്റ്റ് പോലുള്ള കടമ്പകളും നിയമപ്രശ്നങ്ങളുമെന്ന് സിനിമ ചോദിക്കുന്നു. സിനിമയുടെ ആദ്യപകുതി മുഴുവനും ഫോകസ് ചെയ്യുന്നത് ഇംഗ്ലിഷ് പഠിച്ചെടുക്കാൻ കേന്ദ്രകഥാപാത്രങ്ങൾ നടത്തുന്ന പരിശ്രമങ്ങളും അതിലവർക്കു സംഭവിക്കുന്ന അമളികളുമാണ്. ഒടുവിൽ, നേരെയല്ലാത്ത മാർഗത്തിലൂടെ വിസ ഇല്ലാതെ ഇംഗ്ലണ്ടിലെത്താൻ അവർ തീരുമാനിക്കുന്നു. അവിടെയാണ് സിനിമ ഇമോഷനൽ ട്രാക്കിലേക്ക് ചുവടു മാറുന്നത്. 

ഡാർക്ക് ആക്‌ഷൻ, പിരീഡ് സിനിമകളുടെ തള്ളിക്കയറ്റത്തിനിടയിൽ പ്രേക്ഷകർക്കു മിസ് ചെയ്യുന്ന ബോളിവുഡ് ഫീൽ ഗുഡ് സിനിമയുണ്ടല്ലോ. അത്തരമൊരു ഫീലാണ് ഡൻകി സമ്മാനിക്കുന്നത്. ഷാറുഖ് മാജിക് രസകരമായി സിനിമയിൽ വർക്ക് ആയിട്ടുണ്ട്. ഷാറുഖിന്റെ ഹാർഡി സിങ് എന്ന കഥാപാത്രം ശരിക്കും താരത്തിനു വേണ്ടിയൊരുക്കിയ ടെയ്‌ലർ മെയ്ഡ് കഥാപാത്രമാണ്. ഏതു പ്രശ്നം വന്നാലും 'ഔട്ട് ഓഫ് ദി ബോക്സ്' പരിഹാരം കണ്ടെത്തുന്ന ഹാർഡി സിങ്ങിനെ പ്രേക്ഷകർക്കും ഇഷ്ടമാകും. അതുപോലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താപ്സി പന്നു, ബോമൻ ഇറാനി, വിക്കി കൗശാൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും മികച്ചു നിന്നു. 

സാധാരണക്കാരുമായി കണക്ട് ചെയ്യുന്ന രസികൻ തത്വചിന്തകളുടെ ഉസ്താദാണ് രാജ് കുമാർ ഹിറാനി. ജാദൂ കീ ജപ്പി, ഓൾ ഈസ് വെൽ തുടങ്ങിയ രസികൻ ചിന്തകളും ലൈനുകളും ഭാഷാതിർത്തികൾക്കപ്പുറം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയവയാണ്. അത്തരമൊരു കണക്ട് പ്രേക്ഷകരുമായി സൃഷ്ടിക്കുന്നതിൽ ഡൻകി വിജയിക്കുന്നില്ല എന്നതാണ് സിനിമയുടെ ഏക പോരായ്മ. അതേസമയം, അനധികൃത കുടിയേറ്റം നടത്തുന്നവരുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ തിരിക്കുന്നുമുണ്ട്. 

പണമുണ്ടെങ്കിൽ ഏതു നാട്ടിലും സ്വീകാര്യതയുണ്ട്. എവിടേക്കു വേണമെങ്കിലും കുടിയേറ്റം നടത്താം. പക്ഷേ, പണമില്ലാത്തവരുടെ മുമ്പിൽ നിയമങ്ങൾ വലിയ കടമ്പകൾ തീർക്കും. പലപ്പോഴും സ്വന്തം ജീവിതം കൊടുത്തുകൊണ്ടാകും പലരും അവ മറി കടക്കുക. എന്നാൽ, അവരുടെ യഥാർഥ കഥകൾ ആരും അറിയില്ല. അപ്പോഴും മെച്ചപ്പെട്ട ജീവിതം തേടി അവരുടെ അടുത്ത തലമുറയും യൂറോപ്യൻ സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുകയാകും. ചുരുക്കത്തിൽ, പക്കാ ബോളിവുഡ് ഫീൽ ഗുഡ് സിനിമകളുടെ ആരാധകരാണ് നിങ്ങളെങ്കിൽ, തീർച്ചയായും ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല.

English Summary:

Dunki Hindi Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com