ADVERTISEMENT

ആനന്ദ് ഏകർഷി ‘ആട്ട’ത്തിലൂടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ 2024 ബോക്സ്ഓഫിസിലെ ആദ്യത്തെ വെള്ളിയാഴ്ച മലയാള സിനിമയ്ക്ക് അഭിമാന തുടക്കം. ‘ആട്ടം’ പേരു സൂചിപ്പിക്കുന്നതു പോലെ അടിമുടി നാടകമാണ്. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. നാടകത്തിനുള്ളിലെ നാടകങ്ങളും ആത്മസംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം. നാടകീയമായ അഭിനയ മൂഹുർത്തങ്ങളിലൂടെ കടന്നുപോകുമ്പോഴും സിനിമയെ സിനിമയായി നിലനിർത്തുകയും നാടകത്തിലേക്ക് വീണുപോകാതെ കയ്യടക്കത്തോടെ കഥ പറയുകയും ചെയ്യുന്ന ഡയറക്ടർ ബ്രില്യൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ക്രീൻ-പെർഫോമിങ് സ്പേസ് നൽകിയാണ് ആനന്ദ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരേ സമയം കലയും കച്ചവടവും പരീക്ഷണവും ഒന്നിക്കുന്ന അപൂർവമായ ചലച്ചിത്ര അനുഭവമായും ‘ആട്ടം’ മാറുന്നുണ്ട്. 

ട്രൂപ്പിന്റെ ഏറ്റവും പുതിയ നാടക അവതരണത്തിനു ശേഷം, നാടകത്തിൽ ആകൃഷ്ടരായ വിദേശികളായ ആസ്വാദകർ ഫോർട്ട്കൊച്ചിയിലെ റിസോർട്ടിൽ നാടകസംഘത്തിനു സൗജന്യ താമസം ഓഫർ ചെയ്യുന്നു. ആട്ടവും പാട്ടും മദ്യവുമൊക്കെയായി അരങ്ങിലെ അംഗങ്ങൾ ആ രാവ് ആഘോഷമാക്കി മാറ്റുന്നു. അന്ന് അവിടെ നടക്കുന്ന ഒരു കുറ്റകൃത്യം ട്രൂപ്പിന്റെ അടിത്തറ ഇളക്കുന്നു. ഇരയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സംശയിക്കുന്നവരും ട്രൂപ്പിലുണ്ട്. കുറ്റവിചാരണ വേളയിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോരുത്തരും അവരവരുടെ വേഷങ്ങൾ മാറി മാറി ആടുന്നു. 

ഓരോ കഥാപാത്രത്തിന്റെയും വീക്ഷണകോണിലൂടെ കുറ്റകൃത്യത്തെ വിശകലനം ചെയ്യുമ്പോൾ സിനിമ കൂടുതൽ ഉദ്വേഗഭരിതമാകുന്നു. ഒരേ സമയം ത്രില്ലറും പൊളിറ്റിക്കലുമാണ് സിനിമ. അഞ്ജലിയാണ് ട്രൂപ്പിലെ ഏക വനിത. അതുകൊണ്ടുതന്നെ ട്രൂപ്പിലെ പലതരക്കാരായ ആണുകളുടെ മനോഭാവത്തെ സംവിധായകൻ സൂക്ഷ്മമായി പ്രശ്നവത്ക്കരിക്കുന്നുണ്ട്. വിചാരണ വേളയിൽ പല നിലപാടുകൾ എടുക്കുന്ന ആണുങ്ങൾ ഒടുക്കം ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയും കാണാം. 

ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ തിയറ്ററിൽ പ്രദർശനത്തിന് എത്തുമ്പോൾ വേണ്ടത്ര സ്ക്രീനുകൾ ലഭിക്കാറില്ല. പ്രൊഡക്‌ഷൻ ഹൗസുകൾ ചിത്രത്തിന്റെ പ്രചാരണവേലകൾക്കായി വലിയ തുക മാറ്റിവയ്ക്കാറുമില്ല. എന്നാൽ സമീപകാലത്ത് ഒരു ഫെസ്റ്റിവൽ സിനിമയ്ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രചാരണമാണ് ആനന്ദ് ഏകർഷി എന്ന നവാഗത സംവിധായകന്റെ ആട്ടം എന്ന ചിത്രത്തിനു ലഭിച്ചത്. പ്രമേയത്തിലും അവതരണത്തിലും അഭിനേതാക്കളുടെ പ്രകടനത്തിലും സംവിധായകനും അണിയറ പ്രവർത്തകർക്കുമുള്ള ആത്മവിശ്വാസം തന്നെയാണ് അതിന് ആധാരം.

സൂപ്പർതാരങ്ങൾ ആരുമില്ല, വിനയ് ഫോർട്ടിനെയും കലാഭവൻ ഷാജോണിനെയും മാറ്റി നിർത്തിയാൽ, വളരെ കുറച്ചു സിനിമകളിൽ മാത്രം മുഖം കാണിച്ചവരും ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നവരുമാണ് ആട്ടത്തിലെ അഭിനേതാക്കൾ. ഓരോരുത്തരും മത്സരിച്ചു അഭിനയിക്കുന്നുണ്ട് ചിത്രത്തിൽ. താരതമ്യേന പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തുക വഴി ഒരേ സമയം പുതുമ അനുഭവപ്പെടുത്താനും കഥാപാത്രങ്ങൾക്ക് പ്രവചനാതീതമായൊരു മാനം നൽകാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. എല്ലാവരും തികച്ചും ജൈവികമായിത്തന്നെ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ സ്ക്രീനിലേക്ക് പകർത്തിവയ്ക്കുന്നുണ്ട്. വിനയ് ഫോർട്ടും കലാഭവൻ ഷാജോണും ഒരിക്കൽ കൂടി അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയ്ക്കും ആട്ടം സാക്ഷിയാകുന്നു. 

മറ്റ് അഭിനേതാക്കളും ഈ സീനിയർ താരങ്ങൾക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾ വിരളമായ ഈ സ്ത്രീപക്ഷ സിനിമയിലെ യഥാർഥ താരം അഞ്ജലിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സരിൻ ഷിഹാബാണ്. ആൺകൂട്ടത്തിനിടയിൽ സ്റ്റാൻഡ് എലോൺ പെർഫോമൻസ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് സരിന്റേത്. ഫാമിലിമാൻ എന്ന വെബ് സീരീസിലും ബി 32 മുതൽ 44 വരെ എന്ന സിനിമയിലും മികവാർന്ന പ്രകടനം പുറത്തെടുത്ത സരിൻ ആട്ടത്തിലൂടെ തന്റെ ഗ്രാഫ് ഉയർത്തുന്നു.

മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായി വിശേഷിക്കപ്പെടുന്ന സിനിമയാണ് കെ.ജി. ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത യവനിക. നാടക സംഘത്തിലെ തബലിസ്റ്റായ അയ്യപ്പനെ കാണാതാകുന്നതും തുടർന്നുള്ള അന്വേഷണവും ഒരു നാടകസംഘത്തിന്റെയും അതിലെ അഭിനേതാക്കളുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്ന ഒരു നോൺ ലീനിയർ കഥ പറച്ചിൽ ശൈലിയാണ് ജോർജ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്കു ഒട്ടേറെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും എഴുത്തുകാരെയും സംഭാവന ചെയ്തിട്ടുണ്ട് മലയാള നാടകവേദി. എന്നിരുന്നാലും നാടകപ്രവർത്തകരുടെയും നാടകസംഘങ്ങളുടെയും ജീവിതം പശ്ചാത്തലമാകുന്ന സിനിമകൾ മലയാളത്തിൽ നന്നേ കുറവാണ്. അതുകൊണ്ടുതന്നെ 1982 ൽ പുറത്തിറങ്ങിയ ‘യവനിക’യ്ക്കു മലയാളത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. 

യവനിക പ്രദർശനത്തിനെത്തുമ്പോൾ ആട്ടത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി ജനിച്ചിട്ടുണ്ടോയെന്നും കെ.ജി. ജോർജിന്റെ ഈ ക്ലാസിക്ക് സിനിമ ഏതെങ്കിലും രീതിയിൽ പിന്നീടുള്ള ആനന്ദിന്റെ ചലച്ചിത്ര ജീവിതത്തിൽ പ്രചോദനമായിട്ടുണ്ടോയെന്നും അറിയില്ല. ഒരു കാര്യം അർഥശങ്കയ്ക്ക് ഇടയില്ലാതെ തീർത്തു പറയാം, യവനിയക്കു ശേഷം ‘നാടകം’ എന്ന സങ്കേതത്തെ ഇത്രയും മനോഹരമായി ദൃശ്യവത്ക്കരിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. യവനികയിൽ എന്ന പോലെ ഒരു കുറ്റകൃത്യത്തിന്റെ ചുവടു പിടിച്ചാണ് ആട്ടത്തിന്റെയും ആഖ്യാനം. 

ഒരേ സമയം ത്രില്ലറും പൊളിറ്റിക്കലുമാണ് രണ്ട് സിനിമകളും. സിനിമകളുടെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണങ്ങളിലും സമാനതകളുണ്ട്. രണ്ടു സിനിമകളുടെയും പശ്ചാത്തലം നാടകസംഘങ്ങളാണെങ്കിലും സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വ്യത്യസ്തമാണ്. യവനികയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്നു തോന്നിപ്പിക്കുമ്പോഴും ആട്ടം ഐഡന്ററ്റിയുള്ള സ്വതന്ത്ര സിനിമയായിത്തന്നെ നിൽക്കുന്നുമുണ്ട്. ഒരർഥത്തിൽ മലയാള നാടകവേദിക്കും കെ.ജി. ജോർജെന്ന മാസ്റ്റർ ഫിലിം മേക്കറിനുമുള്ള പ്രണാമം കൂടിയായി മാറുന്നുണ്ട് സിനിമ. 

ടൈറ്റിൽ ഡിസൈനിങ്ങിൽ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും ആട്ടം മികവ് പുലർത്തുന്നുണ്ട്. തുടക്കാരന്റെ പതർച്ച സംവിധായകനോ അഭിനേതാക്കൾക്കോ ഇല്ല. കമേഴ്സ്യൽ, ആർട് സിനിമകൾക്കിടയിലുള്ള അതിർവരമ്പുകളെ ഭേദിക്കാതെ പ്രേക്ഷകർക്ക് ഗംഭീരമായ ചലച്ചിത്ര അനുഭവം പകർന്നു നൽകുന്നതിലും സംവിധായകൻ വിജയിക്കുന്നുണ്ട്.

English Summary:

Aattam movie review: A magnificent film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com