ADVERTISEMENT

എല്ലാ സിനിമകളിലും പ്രേക്ഷകർ പ്രതീക്ഷ വയ്ക്കാറില്ല. പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന എല്ലാ സിനിമകളും ആ പ്രതീക്ഷ കാക്കാറുമില്ല. പ്രേക്ഷകരുടെ പ്രതീക്ഷയെ ചില സിനിമക്കാരെങ്കിലും പേടിയോടെയാണ് കാണാറുള്ളതും. ഒാസ്‌ലർ എന്ന സിനിമയെക്കുറിച്ചും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങൾ അവരെ നിരാശരാക്കില്ലെന്ന ആത്മവിശ്വാസം അണിയറക്കാർക്കുണ്ടായിരുന്നു. ആ ആത്മവിശ്വാസം കാക്കുന്ന സിനിമയാണ് ഒാസ്‌ലർ. മലയാളത്തിൽനിന്ന് ഇടവേളയെടുത്ത ജയറാമിന്റെ ശക്തമായ തിരിച്ചുവരവ്. 

കേരള പൊലീസിലെ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു എസിപി എബ്രഹാം ഓസ്‌ലർ. എന്നാൽ ഇന്ന്, ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ടതിന്റെ കടുത്ത മാനസിക സമ്മർദത്തിൽ തന്റെ പൊലീസുദ്യോഗം മുന്നോട്ടു കൊണ്ടു പോകുകയാണ് അദ്ദേഹം. സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് രാജി വയ്ക്കാതെയുള്ള ഓസ്‌ലറിന്റെ ഈ പൊലീസ് ജോലി. ഒരുപാടു കാലമായി ഉത്തരം ലഭിക്കാത്തൊരു ചോദ്യത്തിന് പിന്നാലെയുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള ഒരു പൊലീസ് സ്റ്റേഷനു കീഴിൽ ഒരു കൊലപാതകം സംഭവിക്കുന്നത്. ആ കുറ്റകൃത്യം ഓസ്‌ലറിനെ കൊണ്ടെത്തിക്കുന്നത് ഒട്ടേറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലേക്കാണ്.

ട്രെയിലറിൽ നിന്നും
ജയറാം, അനശ്വര രാജൻ

ത്രില്ലർ സിനിമയ്ക്കു വേണ്ട കഥാഗതിയോടെയാണ് സിനിമയുടെ തുടക്കം തന്നെ. അപ്രതീക്ഷിത വഴിത്തിരിവുകൾക്കൊപ്പം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചടുലതയും അവതരണത്തിലും തിരക്കഥയിലും കൊണ്ടുവരാൻ അണിയറക്കാർക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ചെറിയ കൊലപാതകത്തിൽ തുടങ്ങുന്ന കേസന്വേഷണം അതിന്റെ സൂക്ഷ്മതയോടു കൂടി  പ്രേക്ഷകരിലെത്തിക്കാനും സംവിധായകനു കഴിഞ്ഞു. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയാണ് രണ്ടാം പകുതിയുടെ സഞ്ചാരം. ത്രില്ലിനൊപ്പം വൈകാരികമായ കഥാപശ്ചാത്തലവും ഇവിടെ വന്നുപോകുന്നു. ഏച്ചുകെട്ടലുകളില്ലാതെ, തിരക്കഥയെ നൂറ് ശതമാനം സത്യന്ധതയോടെ അവതരിപ്പിക്കാൻ സംവിധായകൻ മിഥുൻ മാനുവലിന് സാധിച്ചു. ഓർത്തോഫിസിഷ്യനായ ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ.

അഞ്ചാം പാതിര പോലെ ഒരു കൊലപാതക പരമ്പരയുടെ കഥ തന്നെയാണ് ഓസ്‌ലറും പറയുന്നത്. തുടർച്ചയായ മൂന്നു കൊലപാതകങ്ങൾ, കൊലയാളി അവശേഷിപ്പിക്കുന്ന സൂചനകൾ. ഇരകളും കൊലയാളിയും തമ്മിലുള്ള ബന്ധം, ലക്ഷ്യം ഇതൊക്കെ തന്നെയാണ് ഇവിടെയുമുള്ളതെങ്കിലും അതിനുമപ്പുറം ഒരു കറ തീർന്ന മെഡിക്കൽ ത്രില്ലർ കൂടിയാണ് ഈ സിനിമ. കൃത്യമായി കോർത്തിണക്കിയ ചരടുകളിലൂടെയാണ് കഥയുടെ സഞ്ചാരം. കെട്ടുപിണഞ്ഞു കിടക്കുന്ന കഥകൾക്കുള്ളിലൂടെ വിശ്വസനീയമായി നീങ്ങുന്ന കഥാഗതി ഓസ്‍ലറിന്റെ പ്രത്യേകതയാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ആദ്യ പകുതി അവസാനിക്കുമ്പോഴാണ് അയാളുടെ വരവ്. ഈ സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തും രഹസ്യമായി വച്ച മെഗാതാരം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കടന്നുവരവോടെ ഓസ്‌ലർ വീണ്ടും സങ്കീർണമാകുന്നു

ജയറാമിന്റെ നിയന്ത്രിത അഭിനയമാണ് എടുത്തുപറയേണ്ടത്. മുൻപും നിരവധി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശരീര ചലനങ്ങളിലും ഡയലോഗ് ഡെലിവറിയിലും സ്വയം നവീകരിക്കപ്പെട്ട ജയറാമിനെയാണ് കാണാനാകുക. മലയാളത്തിൽ ജയറാമിന് ഇനിയും ചെയ്യാനുണ്ടെന്ന് ആവർത്തിച്ചു പറയുന്ന പെർഫോമൻസ് ആണ് ഓസ്‌ലറിലേത്.

mammootty-ozler-3
ഓസ്‌ലറിൽ മമ്മൂട്ടിയുടെ ലുക്ക്

വിവിധ അടരുകളുള്ള, ഏറെ സങ്കീർണമായ കഥാപാത്രത്തെ ഒട്ടും അതിഭാവുകത്വങ്ങളില്ലാതെ, കഥാപാത്രത്തിന്റെ ഉള്ളിലെ തീവ്രത നിലനിർത്തിക്കൊണ്ടു തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ ജയറാമിനായി. കഥയിലെ നിർണായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സെക്കൻഡുകളിൽ മിന്നിമറയുന്ന ഇൻട്രൊയിലൂടെത്തന്നെ കഥാപാത്രത്തിന്റെ മുഴുവൻ ഇന്റൻസിറ്റിയും മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസിൽ പ്രതിഫലിക്കും. മറ്റൊരു നായകന്റെ ചിത്രത്തിൽ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ സമ്മതം മൂളിയ മമ്മൂട്ടി വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുന്നു.

jayaram-midhun

ജഗദീഷ് ആണ് ഓസ്‌ലറില്‍ ശ്രദ്ധനേടുന്ന മറ്റൊരു താരം. നോട്ടത്തിലും സംഭാഷണത്തിൽപോലും സേവി എന്ന കഥാപാത്രമായി അദ്ദേഹം മാറുകയായിരുന്നു. അനൂപ് മേനോന്‍, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സൈജു കുറുപ്പ്, ബോബൻ ആലുമ്മൂടൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്രൈം ത്രില്ലറിന്റെ മൂഡ് നിലനിർത്തിക്കൊണ്ടുള്ള തേനി ഈശ്വറിന്റെ ക്യാമറ, അതിസൂക്ഷ്മതയോെടയും ഏറെ പെർഫെക്‌ഷനോടെയും സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന മിഥുൻ മുകുന്ദന്റെ ബിജിഎം, ഷമീർ മുഹമ്മദിന്റെ ഷാർപ് എഡിറ്റിങ് എന്നിവയും ഓസ്‍ലറിന്റെ പ്രധാന ഘടകങ്ങളാണ്.

‘‘കഥയുടെ ഗതിമാറ്റുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്’’

ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ചിത്രമാണ് ഒാസ്‌ലർ. തിയറ്ററിൽത്തന്നെ കാണേണ്ട ചിത്രം അഞ്ചാം പാതിര പോലുള്ള സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. 

English Summary:

Abraham Ozler Movie Review Malayalam

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com