ADVERTISEMENT

കാലഘട്ടത്തിനിണങ്ങുന്ന വ്യത്യസ്തമായ പ്രമേയങ്ങൾ സിനിമയാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിട്ടുള്ള സംവിധായകനാണ് കമൽ. വലിയൊരു ഇടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടും കാലികപ്രാധാന്യമുള്ള മറ്റൊരു വിഷയവുമായാണ് മലയാളികൾക്കു മുന്നിലെത്തുന്നത്. ന്യൂ ജനറേഷൻ സംവിധായകരുടെ ചിന്തകൾക്കും ഒരുപടി മുന്നിലാണ് താനെന്ന് ഒന്നുകൂടി വെളിപ്പെടുത്തുന്ന ചിത്രമാണ് കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’. ഇന്നു സമൂഹം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന മാരിറ്റൽ റേപ് എന്ന തൊട്ടാൽ പൊള്ളുന്ന വിഷയം ഗൗരവമൊട്ടും ചോരാതെ അവതരിപ്പിക്കാൻ പരിചയസമ്പന്നനായ കമലിനെപ്പോലെ ഒരു സംവിധായകന് മാത്രമേ കഴിയൂ. ഇമേജുകളിൽ പേടിയില്ലാത്ത ഷൈൻ ടോം ചാക്കോ ചെയ്ത ടൈറ്റിൽ കഥാപാത്രം കൂടിയായപ്പോൾ കാലം ഏറെ ആവശ്യപ്പെട്ട കലാസൃഷ്ടിയായി ഈ ചിത്രം മാറുന്നു. 

ആഴ്‌ചയിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന എറണാകുളത്ത് ജോലിയുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് വിവേകാനന്ദൻ. വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഏവർക്കും പ്രിയങ്കരനും മാന്യനുമായ വിവേകാനന്ദന്റെ തനിസ്വരൂപം കണ്ടിട്ടുള്ളത് അയാളുടെ ഭാര്യ മാത്രമാണ്. സെക്സ് ആണ് വിവേകാനന്ദന് ആകെ താല്പര്യമുള്ള വിഷയം. സെക്സിൽ ഉത്തേജനം ലഭിക്കാൻ അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടരുന്നതിൽ അയാൾക്കു  മടിയുമില്ല. പെണ്ണിനെ മുന്നിൽ കിട്ടിയാൽ പിന്നെ വിവേകാനന്ദൻ മൃഗമാണ്. ഭാര്യ സിതാരയെ വേദനിപ്പിച്ച് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന അയാളുടെ വൈകൃതം അവൾ സഹിക്കുന്നത് മകൾക്കും കുടുംബത്തിനും വേണ്ടി മാത്രമാണ്. 

ആഴ്ചയിൽ ഒരുദിവസം മാത്രമുള്ള സർക്കസാണ് വിവേകാനന്ദന് സെക്സ് എന്ന് ധരിക്കാൻ വരട്ടെ.  ജോലിസ്ഥലത്ത് ഡയാന എന്നൊരു കാമുകി കൂടി വിവേകാനന്ദൻ ഉണ്ടാക്കിയിട്ടുണ്ട്.  അബലയായ അമ്മയെയും മകളെയും സഹായിക്കാനായി അടുത്തുകൂടി ഡയാനയെ അടിമയാക്കി അയാൾ ആനന്ദം കണ്ടെത്തുന്നത് പക്ഷേ ഭാര്യ അറിയുന്നില്ല. ഭാര്യയ്ക്കു രണ്ടുദിവസം മാത്രമുള്ള പീഡനമാണെങ്കിൽ ബാക്കി അഞ്ചു ദിവസവും സഹിക്കുന്നത് ഡയാനയാണ്. അയാളുടെ വൈകൃതം സഹിച്ച് മടുത്ത ഡയാന ഒരിക്കൽ സുഹൃത്തായ ഐഷുവിനോട് എല്ലാം തുറന്നുപറയുന്നു. പുതിയകാലത്തിന്റെ പ്രതിനിധിയായ ഐഷു അറിയപ്പെടുന്ന വ്‌ളോഗറാണ്. കൂട്ടുകാരിയെ സഹായിക്കാൻ ഐഷു കണ്ടെത്തിയതും ഏറ്റവും പുതിയ മാർഗമായിരുന്നു.  ആദർശഭാര്യയായി എല്ലാം സഹിച്ചു കഴിയുന്ന സിത്താരയും അവരോടൊപ്പം ചേർന്നതോടെ വിവേകാനന്ദന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിയുന്നു. 

ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഇമേജ് പേടിക്കാതെ ഏത് കഥാപാത്രവും അനായാസമായി ചെയ്യാൻ തനിക്കു കഴിയുമെന്ന് ഷൈൻ ഒരിക്കൽ കൂടി തെളിയിക്കുന്നു. മൃഗതുല്യനായ പകൽമാന്യന്റെ വേഷം ഷൈൻ ഭംഗിയാക്കി.  സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കിൾ ഈ മൂവർ സംഘം കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്.  ആരാണ് കൂടുതൽ മികച്ചതെന്ന് പറയാൻ കഴിയാത്ത അഭിനയ മികവ്. നായികമാരായ സ്വാസികയും ഗ്രേസ് ആന്റണിയും തമ്മിലുള്ള ഷൈനിന്റെ കെമിസ്ട്രിയും എടുത്തുപറയേണ്ടതാണ്. ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ശരത് സഭ, അൻഷാ മോഹൻ, പ്രമോദ് വെളിയനാട്, സ്‌മിനു സിജോ, നിയാസ് ബക്കർ തുടങ്ങിയ പരിചയസമ്പന്നരായ സഹതാരങ്ങളുടെ സാന്നിധ്യം ചിത്രത്തിനു മികവേകി.

കാതലായ വിഷയം ഗൗരവമൊട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ നെയ്തെടുത്ത തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. നർമത്തിനൊപ്പം ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിന്റെ സാഹസികതയും പ്രവചനാതീതമായ ക്ളൈമാക്‌സും ഇതുവരെ കണ്ടുപരിചയിച്ച ന്യൂ ജനറേഷൻ സിനിമകളിൽ നിന്ന് ഈ കമൽ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്. കമലിന്റെ കഥപറച്ചിലിലെ വൈദഗ്ധ്യം എടുത്തുപറയേണ്ടത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ അതിന്റെ മൊത്തത്തിലുള്ള ആകർഷണത്തിന് കാര്യമായ സംഭാവന നൽകുന്നു. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തെ  മികച്ചതും ആകർഷകവുമാക്കാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്കൊപ്പം ബിജിബാലിന്റെ സംഗീത സ്പർശവും ചിത്രത്തിന് സജീവമായ  ശബ്‌ദസഞ്ചാരം നൽകുന്നു. 

‘‘എന്റെ ശരീരം, എന്റെ അവകാശം’’ എന്ന മുദ്രാവാക്യമാണ് ഈ ചിത്രത്തിന്റെ പ്രധാന കഥാതന്തു. വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ശരീരത്തിൽ എന്ത് വൈകൃതവും കാണിക്കാനുള്ള അവകാശം ഭർത്താവിനുണ്ടോ? ലൈംഗിക സംതൃപ്തി ഭർത്താവിന് മാത്രം അവകാശപ്പെട്ടതാണോ? സ്ത്രീക്കും ആനന്ദിക്കാനും സംതൃപ്തി നേടാനും അവകാശമില്ലേ? സ്ത്രീയുടെ ശരീരം ആർക്കാണ് സ്വന്തം? പൊതുവിടങ്ങളിലെ പുരുഷന്മാരുടെ അറപ്പുളവാക്കുന്ന തുറിച്ചുനോട്ടം സഹിക്കേണ്ട കാര്യമുണ്ടോ?  ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’.  

കാലമിത്ര വളർന്നിട്ടും ഇന്നും സ്ത്രീയെ അടിമകളാക്കി ലൈംഗിക ഉപകരണങ്ങളാക്കി അടിച്ചമർത്തി ജീവിക്കുന്നവർക്ക് കൈ നിവർത്തി ചെകിടത്ത് കൊടുത്ത അടി തന്നെയാണ് ഈ ചിത്രം. പത്ത് വർഷങ്ങൾക്ക് മുൻപ് 22 ഫീമെയിൽ കോട്ടയത്തിലൂടെ ആഷിക് അബു മുന്നോട്ട് വച്ച വിഷയം മറ്റൊരു പരിചരണ രീതിയിലൂടെ സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമാക്കുകയാണ് കമൽ ചെയ്യുന്നത്. ഓരോ പെൺകുട്ടിയും കണ്ടിരിക്കേണ്ട ചിത്രം കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാൻ വിഷയത്തിന്റെ പ്രസക്തിയും ചിത്രത്തിന്റെ ദൃശ്യഭംഗിയും ആവശ്യപ്പെട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ ഇന്നു ഏറെ പ്രസക്തമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം പ്രാധാന്യത്തോടെ തന്റെ സിനിമയിൽ ചർച്ച ചെയ്യാൻ കമൽ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്.  സമൂഹത്തിൽ ഒരുപാട് ചർച്ചകൾക്ക് വഴിതുറന്നേക്കാവുന്ന നല്ല സിനിമയാണ് വിവേകാനന്ദൻ വൈറലാണ്.

English Summary:

Vivekanandan Viralaanu movie review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com