ഫുൾ എനർജിയിൽ മുകേഷും ഉർവശിയും; അയ്യര്‍ ഇന്‍ അറേബ്യ റിവ്യു Iyer in Arabia Review

Mail This Article
മതങ്ങളുടെയും സംസ്കാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലുന്ന സമൂഹത്തിലേക്ക് വളരെ കാലികപ്രസക്തമായ പ്രമേയവുമായാണ് സംവിധായകൻ എം.എ. നിഷാദ് ഇത്തവണ എത്തിയിരിക്കുന്നത്. മുകേഷും ഉർവശിയും മത്സരിച്ചഭിനയിച്ച അയ്യർ ഇൻ അറേബ്യ എന്ന ചിത്രം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും.
റിട്ടയേര്‍ഡ് ഏജീസ് ഓഫിസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ അയ്യരും ഭാര്യ കോളജ് പ്രഫസറും വ്‌ളോഗറുമായ ഝാന്‍സി റാണിയുമാണ് ‘അയ്യർ ഇൻ അറേബ്യ’യിലെ പ്രധാന കഥാപാത്രങ്ങൾ. സ്വന്തം മതവും ജാതിയും സംസ്കാരവും മുറുകെപ്പിടിക്കുന്ന അയ്യരുടെ നേരെ എതിർ സ്വഭാവമാണ് ഝാന്‍സി റാണി. അയ്യരുടെയും കൂടെയുള്ള ജാതിഭ്രാന്തന്മാരുടെയും വിശ്വാസ സംസ്കാര തള്ളുകളോട് ഝാന്‍സി റാണിക്ക് ഒട്ടും മതിപ്പില്ല എന്നു മാത്രമല്ല തരം കിട്ടുമ്പോൾ അവരെയെല്ലാം അടച്ചാക്ഷേപിക്കുകയും ചെയ്യാറുണ്ട്. തന്റെ വിശ്വാസവും സംസ്കാരവും അടിച്ചേൽപിക്കാൻ ശ്രമിച്ച് ഇടം വലം തിരിയാൻ സമ്മതിക്കാതെയാണ് മകൻ രാഹുൽ അയ്യരെ ശ്രീനിവാസൻ വളർത്തിയത്. രാഹുലിന് ദുബായിൽ ജോലി കിട്ടുന്നതോടെ നില തെറ്റുന്ന അയ്യർ, മകൻ അന്യമതത്തിൽ പെട്ട ഒരു പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന് അറിയുന്നതോടെ ആകെ പരക്കം പായുകയാണ്. മകനെ നിലയ്ക്കു നിർത്താൻ ദുബായിലേക്ക് തിരിക്കുന്ന അയ്യരുടെ അബദ്ധങ്ങളും ഭാര്യയുടെ നിസ്സഹായതയും മകന്റെ പ്രണയവും നോവും എല്ലാം ചേർന്ന ഒരുഗ്രൻ രണ്ടാം പകുതിക്കാണ് പിന്നെ പ്രേക്ഷകർ സാക്ഷിയാകുന്നത്.
കാലിക പ്രസക്തമായ നിരവധി വിഷയങ്ങൾ എം.എ. നിഷാദ് തന്റെ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ട്രോളുകളിലും ഹാസ്യ വിഡിയോകളിലും ഇപ്പോഴും നിറയുന്ന മുകേഷിന്റെ ഹിറ്റ് ഡയലോഗായ "കമ്പിളിപ്പുതപ്പ്" വീണ്ടും കേട്ടത് തിയറ്ററിൽ ചിരിയുണർത്തി. സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു വരുന്ന സന്ദേശങ്ങൾ വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് അയച്ചു നിർവൃതികൊള്ളുകയും ചെയ്യുന്നവർക്ക് നല്ലൊരു കൊട്ട് കൊടുക്കുന്നുണ്ട് സംവിധായകൻ. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവരും പ്രണയത്തിന് ജാതിമത അതിർവരമ്പുകൾ നിർണയിച്ച് മക്കളെ കൊലയ്ക്കു കൊടുക്കുന്നവരും കണ്ടിരിക്കേണ്ട ചിത്രമാണ് അയ്യർ ഇൻ അറേബ്യ.
എൺപതുകൾ മുതൽ മലയാളികൾ നെഞ്ചേറ്റിയ താരങ്ങൾ തന്നെ ഇപ്പോഴും പുതു തലമുറയെ അപ്രസക്തരാക്കുന്ന അഭിനയമികവ് പുലർത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായ ഉർവശിയും മുകേഷും. ശ്രീനിവാസ അയ്യരും ഝാന്‍സി റാണിയുമായി മുകേഷും ഉർവശിയും പഴയ പ്രണയ ജോഡികളെ ഓർമിപ്പിക്കുന്ന തരത്തിൽ മികവുറ്റ പ്രകടനത്തോടെ ചിത്രത്തിന്റെ നട്ടെല്ലായി. അയ്യരുടെ മകൻ രാഹുല്‍ എന്ന കഥാപാത്രം ധ്യാൻ ശ്രീനിവാസന്റെ കയ്യിൽ ഭദ്രമായിരുന്നു. രാഹുലിന്റെ കാമുകിയായെത്തിയത് ദുര്‍ഗ്ഗാ കൃഷ്ണയാണ്. രാഹുലിന്റെ സുഹൃത്ത് ഫ്രഡ്‌ഡി എന്ന മറ്റൊരു പ്രധാന കഥാപാത്രമായി ഷൈൻ ടോം ചാക്കോയും ചിത്രത്തെ കൊഴുപ്പിക്കുന്നു. അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, ജാഫര്‍ ഇടുക്കി, ഡയാന ഹമീദ്, സുധീര്‍ കരമന, ഉല്ലാസ് പന്തളം, സോഹന്‍ സീനുലാല്‍, ജയകൃഷ്ണന്‍, സിനോജ് സിദ്ദീഖ്, ഉമ നായര്‍, ശ്രീലത നമ്പൂതിരി, ജയകുമാര്‍, കൈലാഷ്, രശ്മി അനില്‍, നാന്‍സി, വീണ നായര്‍, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
ആക്ഷേപഹാസ്യവും നർമവും ഇടകലർന്ന ശക്തമായതിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവൻ ദുബായിലാണ് ചിത്രീകരിച്ചത്. സിനിമയുടെ മൂഡ് നിലനിർത്തിക്കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്താൻ മനോഹരമായ ഫ്രെയ്മുകളുള്ള ഛായാഗ്രഹണവും കൃത്യതയാർന്ന എഡിറ്റിങ്ങും സഹായിച്ചു. ആസ്വാദ്യമായ ഗാനങ്ങളും കോമഡിയും ത്രില്ലും നിലനിർത്താനുതകുന്ന പശ്ചാത്തല സംഗീതവുമാണ് അയ്യരുടെ മറ്റൊരു പ്രത്യേകത.
മതങ്ങൾക്കും വിശ്വാസങ്ങൾക്കുമുപരിയാണ് മനുഷ്യത്വം എന്ന വലിയ സന്ദേശമാണ് അയ്യർ ഇൻ അറേബ്യയുടെ കാതൽ. കുടുബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ പ്രസക്തിയും കാലം മാറുന്നതിനനുസരിച്ച് സമൂഹവും മാറണമെന്ന സന്ദേശവും പ്രേക്ഷകന് പകർന്നുകൊടുക്കുന്നുണ്ട് ചിത്രം. ആസ്വാദകനെ കുടുകുടെ ചിരിപ്പിക്കുകയും ഒട്ടേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു കുടുംബ ചിത്രം കാണാൻ ഇന്ന് തന്നെ അയ്യരോടൊപ്പം അറേബ്യയ്ക്ക് ടിക്കറ്റെടുക്കാം.