ADVERTISEMENT

അടവുകള്‍ക്കുമേല്‍ അടവുകളുടെ പോരാട്ടമാണിത്. അവിടെ കടകവും മറുകടകവുമൊക്കെ മാറി മറിയും. അതുകൊണ്ടുതന്നെ ചുഴറ്റി മറിയ്ക്കാനും പിടിച്ചുകെട്ടാനുമൊക്കെ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അപ്പോഴും ഇടയ്‌ക്കൊക്കെ അത് വഴുതി മാറും. ചിലപ്പോഴൊക്കെ പിടിച്ചിരുത്തും. എന്തായാലും പതിനെട്ടടവുമായി പ്രേക്ഷകരുടെ കളരിയില്‍ വലിയ നിരാശ നല്‍കാത്ത ചിത്രമായി മാറുകയാണ് സജിന്‍ മമ്പാട് സംവിധാനം ചെയ്ത ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോകണമെന്നു മാത്രം.

സ്ഥിരം നായക പ്രതിനായക യുദ്ധം തന്നെയാണ് സിനിമ പറയുന്നതെങ്കിലും മുഷിപ്പില്ലാതെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് വലിയ ആശ്വാസമാണ് പകരുന്നത്. ചാലിയാറില്‍ നിന്ന് മണല്‍ കടത്തല്‍ കച്ചവടമാക്കിയ സുല്‍ഫിയും കൂട്ടരും. അവര്‍ക്കെതിരായി മറ്റൊരു സംഘം. അവിടെയുണ്ടാകുന്ന പതിവ് സംഘര്‍ഷങ്ങള്‍. അവിടേക്ക് ഒട്ടും പുതുമയില്ലാതെ സ്ഥലം മാറി വരുന്ന സിഐ രാജീവ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഘര്‍ഷങ്ങളും കലഹങ്ങളുമാണ് കടകന്‍ പറയുന്നത്. കേട്ടുമറന്ന സിനിമകളിലെ സ്ഥിരം ഫോര്‍മുല തന്നെയാണ് കടകന്റെയും കഥാവഴികള്‍. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും അദ്ഭുതങ്ങളും ഒന്നും സംഭവിക്കുന്നില്ലെങ്കിലും അച്ചടക്കത്തോടെ സിനിമ ഒരുക്കാന്‍ സംവിധായകനായിട്ടുണ്ട്. തിരക്കഥയിലെ അവ്യക്തതകളും ചില ചേര്‍ച്ചക്കുറവുകളുമൊക്കെ രസച്ചരട് പൊട്ടിക്കുന്നുണ്ട്. അപ്പോഴും കിടിലന്‍ സംഘട്ടന രംഗങ്ങള്‍ ആവേശത്തെ ഒട്ടും ചോര്‍ത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

പ്രണയവിലാസത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ഹക്കീം ഷാജഹാന്‍. തന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞ് അഭിനയിക്കാന്‍ ഹക്കീമിനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളിലെ ഹക്കീമിന്റെ പ്രകടനം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലുള്ള സംഘട്ടനത്തില്‍ പ്രക്ഷകരുടെ കൈയടി ആവോളം നേടുന്നുണ്ട് ഹക്കീമിന്റെ പ്രകടനം. ഹരിശ്രീ അശോകന്റെ അച്ഛന്‍ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും സിനിമയെ മുഷിപ്പില്ലാതെ ആക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്‍കുന്ന ജീവന്‍ വളരെ വലുതാണ്. സംഘട്ടന രംഗങ്ങളിലെ പശ്ചാത്തല സംഗീതം പ്രത്യേക പ്രശംസ നേടുന്നതുമാണ്.

മികച്ച സിനിമ അനുഭവം തന്നെയാണ് കടകന്‍. ആക്ഷനും ഫാമിലിയും പ്രണയവും പകയുമൊക്കെ ചേര്‍ന്ന സിനിമകളുടെ പതിവ് വഴിയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. മുഷിപ്പില്ലാത്ത സിനിമയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ബോധി, എസ്. കെ. മമ്പാട് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഖലീലാണ് നിര്‍മാണം.

English Summary:

Kadakkan Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com