ADVERTISEMENT

‘മനസാ വാചാ ഞാനൊന്നും ചെയ്തിട്ടില്ല’ ഇത് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും, പ്രത്യേകിച്ചും പൊലീസുകാർ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇത് പറയുമ്പോൾ ഒരു വിശ്വസ്തത ലഭിക്കുമെന്ന് ഉറപ്പിന്റെ പുറത്ത് പറയുന്ന ഒരു വാചകം. അങ്ങനെയുള്ള ഒരു കൂട്ടം കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് മനസാ വാചാ.

മുംബൈയിൽ നിന്നും കൂർക്കഞ്ചേരിയിലേക്ക് എത്തുന്ന കള്ളനാണ് ധാരാവി ദിനേശ്. കക്ഷി നിസാരക്കാരനല്ല, കള്ളന്മാർക്കെല്ലാം കണ്‍കണ്ട ദൈവമാണ് ദിനേശ്. നാട്ടിലെ ചില കള്ളന്മാർക്കൊപ്പം അയാൾ കൂടി ചേരുമ്പോൾ ആ നാട്ടിലെ പൊലീസുകാർക്ക് ഉണ്ടാവുന്ന ചില പ്രശ്നങ്ങളും, അവർക്കിടയിലെ ചില രസകരമായ മുഹൂർത്തങ്ങളും ആണ് ഈ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ചില കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അവിടെ ചില ദൃക്സാക്ഷികളും ഉണ്ടാവാറുണ്ടല്ലോ. ഈ ദൃക്സാക്ഷികൾ പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്.

വേഷവിധാനത്തിലും സംസാരത്തിലും ഒക്കെ പുതുമ നിറഞ്ഞ ഒരു കഥാപാത്രമായാണ് ദിലീഷ് പോത്തൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നീളൻ കൈയുള്ള കുപ്പായവും ധരിച്ച്, ധാരാവി പൊലീസിന്റെ മഹിമയും ഒക്കെ വളരെ രസകരമായി പറയുന്ന കള്ളന്റെ ഉള്ളിലെ മനുഷ്യത്വവും വളരെ മനോഹരമായി ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത് രവിയുടെ പോലീസ് കഥാപാത്രം പലപ്പോഴും പ്രേക്ഷകരിൽ ചിരി ഉണർത്തുന്നുണ്ട്. പുരുഷപ്രേതം എന്ന ചിത്രത്തിൻറെ റഫറൻസ് വളരെ മനോഹരമായാണ് ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയൻ സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് 'മനസാ വാചാ'. ഈ മുഴുനീള ഹാസ്യ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മജീദ് സയ്ദാണ്. ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത് സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ്.

എൽദോ ഐസക്കിൻ്റെ സിനിമാട്ടോഗ്രഫി ചിത്രത്തിന് മിഴിവേകുന്നു. സുനിൽകുമാർ പി കെയാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റ് പാടിയ മനസാ വാചാ പ്രോമോ സോങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

കള്ളൻമാർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രങ്ങൾ പലപ്പോഴും പ്രേക്ഷക മനസ്സ് കീഴടക്കാറുണ്ട്. അത്തരത്തിൽ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന ഒരു കൊച്ചു ചിത്രമാണ് മനസാ വാചാ എന്ന് ഉറപ്പിച്ചു പറയാം.

English Summary:

Manasa Vacha Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com