ADVERTISEMENT

അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തർ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു സർക്കാർ ഉൽപന്നം'.  റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ട ചിത്രത്തിന്  ആദ്യമിട്ട ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ഭാരതം വെട്ടി മാറ്റി സർക്കാർ ഉൽപ്പന്നം എന്ന് മാറ്റിയിരുന്നു.  റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തന്റെ സ്വപ്ന ചിത്രം തീയറ്ററിലെത്തുന്നത് കാണാൻ കാത്തുനിൽക്കാതെ തിരക്കഥാകൃത്ത് വിടപറഞ്ഞത്. തന്റെ പേര് എന്നെന്നും ഓർത്തിരിക്കാൻ മൂല്യമുള്ള സാമൂഹ്യ പ്രാധാന്യമുള്ള ഒരു സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് നിസാം വിട പറയുന്നത്. 

കായലിന്റെ തീരത്ത് മനോഹരമായ ഒരു വീട്ടിൽ സന്തോഷകരമായ ജീവിതം നയിക്കുന്നവരാണ് പെയിന്ററായ പ്രദീപനും ശ്യാമയും. പ്രദീപൻ–ശ്യാമ ദമ്പതികൾക്ക് നാല് ആൺകുട്ടികളാണ്. ഒരു പെൺകുട്ടിക്ക് വേണ്ടിയുള്ള ശ്രമമാണ് നാല് ആണ്മക്കളായി മാറിയത്. മക്കൾ കൂടിയെങ്കിലും അല്ലൽ അറിയാതെയാണ് പ്രദീപൻ തന്റെ കുടുംബം നോക്കുന്നത്. പ്രദീപന്റെ ജ്യേഷ്ഠനാണെങ്കിൽ ഒരു കുട്ടിപോലും ഇല്ല.  കുട്ടികൾ ഉണ്ടാകാൻ ആളുകൾ വന്നു നേർന്ന് പ്രാർഥിക്കുന്ന മീനൂട്ടി അമ്മാൻ കോവിലിലെ വെളിച്ചപ്പാടിന്റെ ഭാഷ്യം ദേവിയുടെ ശക്തികൊണ്ടാണ് പ്രദീപന് ഇത്രയും കുട്ടികൾ ഉണ്ടായത് എന്നാണ്.   

പ്രദീപിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സുഭാഷിന്റെ കാമുകി ദിവ്യയ്ക്ക് ആശാ പ്രവർത്തകയായി ജോലി കിട്ടിയതോടെയാണ് ഇവരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. ദിവ്യയ്ക്ക് ആദ്യം കിട്ടിയ ഉത്തരവാദിത്തം സർക്കാരിന്റെ കുടുംബാസൂത്രണ പദ്ധതിയായ പുരുഷ വന്ധ്യംകാരണത്തിന് ഒരാളെ കണ്ടെത്തുക എന്നുള്ളതായിരുന്നു. യുവതിയായ ദിവ്യ സമീപിച്ച പുരുഷന്മാരിൽ പലരും അവളോട് മോശമായി സംസാരിക്കുന്നു. ഒടുവിൽ നാലുകുട്ടികളുള്ള പിതാവായ പ്രദീപനെ നിർബന്ധിച്ച് കുടുംബാസൂത്രണ പദ്ധതിയിൽ പങ്കെടുപ്പിക്കുക എന്ന ഉത്തരവാദിത്തം ദിവ്യയ്ക്ക് വേണ്ടി സുഭാഷ് ഏറ്റെടുത്തു.  ആരെയെങ്കിലും പദ്ധതിയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ നിന്റെ ജോലി പോകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആയ ബാബു സേനൻ ദിവ്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.  

ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി പ്രദീപൻ വന്ധ്യംകരണത്തിനു  വിധേയനായി. പ്രദീപൻ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് രാഷ്ട്രീയക്കാരും ആരോഗ്യപ്രവർത്തകരും വിളിച്ചു പറഞ്ഞപ്പോൾ മീനൂട്ടി അമ്മയുടെ കോപത്തിന് പ്രദീപൻ പാത്രമാകും എന്നാണു വെളിച്ചപ്പാട് പ്രവചിച്ചത്.  ദേവിയുടെ കോപമാണോ അനുഗ്രഹമാണോ എന്നറിയില്ല വന്ധ്യംകാരണത്തിന് വിധേയനായ പ്രദീപന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. പ്രദീപന്റെ ഭാര്യ ശ്യാമയുടെ ചാരിത്ര്യം തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവം പിന്നീട് ആരോഗ്യപ്രവർത്തകർക്ക് പറ്റിയ വീഴ്ചയായി ഒരു പൊതുവിഷയമായി മാറുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്ന നിസാം താൻ കൂടി ഭാഗമായ ആരോഗ്യപ്രവർത്തകർക്ക് നേരെ തിരിച്ചുവിട്ട വലിയൊരു ചോദ്യചിഹ്നമാണ് ഒരു സർക്കാർ ഉൽപന്നം എന്ന ചിത്രം.  ടാർഗറ്റ് തികയ്ക്കാൻ വേണ്ടി സാധാരണക്കാരായ ജനങ്ങളെ പരാജയ സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നൽകാതെ പദ്ധതികളുടെ ഭാഗമാകുന്ന ചില സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്ക് ഉത്തമ ഉദാഹരണമാണ് സർക്കാർ ഉൽപന്നം എന്ന ചിത്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സേനൻ.  ജനസംഖ്യ നിയന്ത്രണത്തിനുവേണ്ടിയുള്ള പുരുഷ വന്ധ്യംകരണം എന്ന മഹത്തായ സർക്കാർ പദ്ധതി സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന പദ്ധതിയാക്കി മാറ്റുന്നു എന്ന വലിയൊരു വിഷയമാണ് നിസാം റാവുത്തർ പൊതുജനങ്ങൾക്ക് മുന്നിലേക്ക് ചർച്ചക്കായി വയ്ക്കുന്നത്.

നവാഗതനായ ടി.വി. രഞ്ജിത്ത് ആണ് ഒരു സർക്കാർ ഉൽപന്നം സംവിധാനം ചെയ്തിരിക്കുന്നത്.  നിസാം റാവുത്തറുടെ തിരക്കഥയുടെ ഗൗരവം ഒട്ടും ചോരാതെയാണ് ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഈ വിഷയം രഞ്ജിത്ത് സിനിമയാക്കിയിരിക്കുന്നത്.  കാസർഗോഡ്ഉള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ നിഷ്കളങ്കരായ ഗ്രാമീണരെ ചുറ്റിപ്പറ്റി നർമ്മത്തിന്റെ മേമ്പൊടിയോടെ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഗ്രാമ്യഭംഗി വിളിച്ചറിയിക്കുന്ന അൻസാർ ഷായുടെ  ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് സർക്കാർ ഉൽപ്പണം.  

തന്റെ കഥയിലെ നായകൻ സുബീഷ് സുധി തന്നെ ആകണമെന്ന നിസാം റാവുത്തരുടെ ആഗ്രഹമാണ് പ്രദീപൻ എന്ന പെയിന്ററുടെ വേഷം ചെയ്യാൻ തന്നെ പ്രാപ്തനാക്കിയതെന്ന് സുബീഷ് തന്നെ പറഞ്ഞിരുന്നു.  നിസ്സാമിന്റെ ഉൾക്കാഴ്‌ച എത്രമാത്രം സത്യമായിരുന്നു എന്നുള്ളത്തിനു തെളിവാണ് പ്രദീപൻ. നിഷ്കളങ്കനായ, സാധാരണക്കാരനായ പ്രദീപൻ എന്ന കഥാപാത്രം സുബീഷിന്റെ കയ്യിൽ ഭദ്രമായിരുന്നു.  പ്രദീപന്റെ ഭാര്യ ശ്യാമയായി ഷെല്ലി കിഷോർ മികച്ച പ്രകടനം കാഴ്ചവച്ചു.  ഏത് കഥാപാത്രം ഏറ്റെടുത്തലും സ്വതസിദ്ധമായ അഭിനയശൈലിയും മിതത്വവും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള കഴിവ് ഷെല്ലിക്കുണ്ട്.  ആശാവർക്കർ ആയ ദിവ്യയായി അഭിനയിച്ചത് യുവതാരം ഗൗരി കിഷൻ ആണ്.  വിനീത് വാസുദേവൻ ആണ് സുഭാഷായി എത്തുന്നത്.  അജു വർഗീസ്, ജാഫർ ഇടുക്കി, ഹരീഷ് കണാരൻ, ദർശന എസ് നായർ, ജോയ് എബ്രഹാം എന്നിവരോടൊപ്പം ഒരു പ്രധാന കഥാപാത്രമായ ദാസേട്ടനായി സംവിധായകൻ ലാൽ ജോസും ചിത്രത്തിലുണ്ട്.

താൻ കൂടി ഭാഗമായ സർക്കാർ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും എതിരെ നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വിമർശനമാണ് ഒരു സർക്കാർ ഉൽപന്നം. കൃത്യമായ ബോധവൽക്കരണത്തിലൂടെ നടത്തേണ്ട വലിയ സർക്കാർ പദ്ധതികൾ പാളിപ്പോകുന്നതിന്റെ നേർക്കാഴ്ചയായ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

English Summary:

Oru Sarkar Ulpannam Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com