ADVERTISEMENT

പേരു സൂചിപ്പിക്കുന്നതുപോലെ വ്യത്യസ്തമായ കഥപറച്ചിൽ രീതിയുമായി എത്തുന്ന മാസ് എന്റർടെയ്നർ ആണ് ‘അഞ്ചക്കള്ളകോക്കാൻ പൊറാട്ട്’. വ്യക്തികളുടെ ഉള്ളിൽ മെരുക്കി വച്ചിരിക്കുന്ന മൃഗീയ വാസന അനുയോജ്യ സാഹചര്യം വരുമ്പോൾ പുറത്തു ചാടും, അതുപോലെതന്നെയാണ് കോക്കാനിലെ കഥാപാത്രങ്ങളും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ പോലെ, കാളഹസ്തി എന്ന ഗ്രാമത്തിൽ പെട്ടുകിടക്കുന്ന ചില പച്ച മനുഷ്യരുടെ കഥപറയുന്ന ചിത്രം പുതുമയുള്ള മറ്റൊരു കലാവിരുന്നാണ് പ്രേക്ഷകർക്ക് ഒരുക്കുന്നത്.

കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ചും കാളഹസ്തി ഭരിക്കുന്ന നാട്ടുപ്രമാണിയാണ് ചാപ്ര. രാത്രിയുടെ മറവിൽ കാട്ടിൽ നായാട്ടിനിറങ്ങി വെടിയിറച്ചിയും കള്ളും സമ്മാനിച്ച് രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമടക്കം വരുതിയിലാക്കി ജീവിക്കുന്ന ചാപ്രയെ തീർക്കാനും ഒരിക്കൽ ഒരാളുണ്ടായി. ഇലക്‌ഷൻ അടുത്തിരിക്കുന്ന സമയത്തു നടന്ന ചാപ്രയുടെ മരണം പൊലീസിനെയും രാഷ്ട്രീയക്കാരെയും നാട്ടുകാരെയും ആകെ കുഴപ്പത്തിലാക്കി. അപ്പന്റെ മരണത്തിനു പകരം ചോദിക്കാനിറങ്ങിയ ചാപ്രയുടെ വെളിവില്ലാത്ത മക്കൾ ഒരുവശത്ത്, കൊലയാളിയെ കണ്ടെത്താൻ നായാട്ട് നടത്തുന്ന പൊലീസുകാർ മറുവശത്ത്. ഇതിനിടയിലാണ് ആദ്യമായി പൊലീസ് കുപ്പായമണിഞ്ഞ വാസുദേവൻ പേടിച്ചും പരുങ്ങിയും കാളഹസ്തിയിലെത്തിയത്. സ്ത്രീകൾ ഉൾപ്പെടെ കള്ളുഷാപ്പിൽ കയറി അന്തിയടിച്ച് പാട്ടും മേളവും കള്ളവാറ്റും ഒരൽപം നായാട്ടുമായി നടക്കുന്ന കാളഹസ്തിയുടെ മണ്ണിൽ കാലുകുത്തിയതോടെ, പണ്ടെങ്ങോ മെരുക്കി ഉള്ളിൽ കുഴിച്ചുമൂടിയ കോക്കാൻ വാസുദേവന്റെ ഉള്ളിൽ ചുരമാന്താൻ തുടങ്ങി.

അനുജൻ ഉല്ലാസ് ചെമ്പന്റെ സംവിധാനത്തിൽ, നടവരമ്പൻ പീറ്റർ എന്ന പൊലീസുകാരനായി ചെമ്പൻ വിനോദ് അഴിഞ്ഞാടുന്ന കാഴ്ചയാണ് ചിത്രത്തിൽ കാണുന്നത്. വിവിധ അടരുകളുള്ള നട എന്നുവിളിക്കുന്ന കഥാപാത്രം ചെമ്പന്റെ അഭിനയ മികവിനെ ചാലഞ്ച് ചെയ്യുന്നുണ്ട്. വാസുദേവൻ എന്ന പേടിത്തൊണ്ടൻ പൊലീസുകാരനായി ലുക്മാൻ അവറാൻ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചു. കാന്തം പോലെ ആരെയും വലിച്ചടുപ്പിക്കുന്ന കണ്ണുകളുള്ള പദ്മിനി എന്ന വാല്യക്കാരത്തിയുടെ വേഷം മേഘ തോമസിന്റെ കയ്യിൽ ഭദ്രമായിരുന്നു. മണികണ്ഠൻ ആചാരിയുടെ ശങ്കരൻ, ശ്രീജിത്ത് രവിയുടെ ചാപ്ര, സെന്തിൽ കൃഷ്ണയുടെ കൊള്ളിയാൻ, മെറിൻ ജോസിന്റെ ഗില്ലാപ്പി തുടങ്ങി മെറിൻ ഫിലിപ്പ്, പ്രമോദ് വെളിയനാട് തുടങ്ങിയവരുടെ പ്രേക്ഷകരെ ഇടയ്ക്കിടെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് ഈ പൊറാട്ട്.

lukman

ഉല്ലാസ് ചെമ്പന്റെ ആദ്യ സംവിധാന സംരംഭമാണ് ‘അഞ്ചക്കള്ളകോക്കാൻ’. മലയാളത്തിൽ പുതിയ ജോണർ സിനിമകൾ കൊണ്ട് സിനിമയെ സമ്പന്നമാക്കാൻ പോന്ന പുതുതലമുറ സംവിധായകർക്കൊപ്പം എഴുതിവയ്ക്കാൻ കഴിയുന്ന പേരാണ് ഉല്ലാസ് ചെമ്പന്റേത്. രസച്ചരട് മുറിക്കാതെ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയ ഉല്ലാസ് ഒരു ചെറിയ കഥാപാത്രമായി ചിത്രത്തിലെത്തുന്നുമുണ്ട്. എൺപതുകളിൽ കേരള– കർണാടക ബോർഡറിലെ ഒരു സാങ്കൽപിക ഗ്രാമത്തിൽ നടക്കുന്ന കഥയിൽ തങ്കമണി സംഭവത്തെക്കുറിച്ചും പറയുന്നുണ്ട്. കന്നഡ ചുവയോടെ മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങൾ പുതുമയുണർത്തി. പൊലീസ് സ്റ്റേഷനിൽ നടക്കുന്ന, ചിത്രത്തിന്റെ അവസാന അരമണിക്കൂർ പ്രേക്ഷകരെ ഞെട്ടിക്കുന്ന ആക്‌ഷൻ രംഗങ്ങൾ നിറഞ്ഞതാണ്. 

വെസ്റ്റേൺ സിനിമകളോട് കിടപിടിക്കുന്ന ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള ചിത്രം കന്നഡ ചിത്രമായ കാന്താരയോട് കിടപിടിക്കുന്ന ദൃശ്യഭംഗി പ്രദാനം ചെയ്യുന്നുണ്ട്. മാസ് ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇടിയുടെയും വെടിയുടെയും പൊടിപൂരമാണ് ചിത്രത്തിൽ ഉടനീളം കാണാനാകുന്നത്. സൗണ്ട് ഡിസൈനും സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മണികണ്ഠൻ അയ്യപ്പ എന്ന സംഗീതസംവിധായകൻ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ട്രാൻസിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ത്രസിപ്പിക്കുന്ന സംഗീതമാണ് ചെയ്തുവച്ചിരിക്കുന്നത്. അരുൺ മോഹന്റെ സിനിമാറ്റോഗ്രഫിയും രോഹിത് വി.എസി.ന്റെ എഡിറ്റിങ്ങും മികവ് പുലർത്തി. തിയറ്റർ ഇളക്കി മറിക്കുന്ന സംഗീത നൃത്ത രംഗങ്ങൾ ആണ് ചിത്രത്തിലുള്ളത്.  

chemban

ഒരു മുഴുനീള ആക്‌ഷൻ പടമായ അഞ്ചക്കള്ളകോക്കാൻ പുതുതലമുറയുടെ ടേസ്റ്ററിഞ്ഞു വിളമ്പിയ ഒരൊന്നാന്തരം തല്ലുസദ്യയാണ്. പൊറാട്ട് നാടകത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തിന്റെ ദൃശ്യഭംഗിയും പാട്ടുകളും സൗണ്ട് ഡിസൈനും ആസ്വദിക്കണമെങ്കിൽ തിയറ്ററിൽത്തന്നെ കാണേണ്ടതാണ്. യുവാക്കളെ ലക്ഷ്യമിട്ടു ചെയ്ത കോക്കാൻ, ആക്‌ഷനും പാട്ടും മേളക്കൊഴുപ്പും ഇഷ്ടപ്പെടുന്നവർക്കെല്ലാം രണ്ടരമണിക്കൂർ സ്വയം മറന്ന് ആസ്വദിക്കാനുതകുന്ന ചേരുവകൾ നിറഞ്ഞ ഒരു മാസ് മസാല പടമാണ്.

English Summary:

Anchakkallakokkan Movie Review; Starring Chemban Vinod and Megha Thomas

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com