ADVERTISEMENT

സിജു വിൽസണെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’.  സമകാലീന പ്രാധാന്യമുള്ള വിഷയങ്ങൾ ഗൗരവം ഒട്ടും ചോരാതെ നർമത്തിന്റെ മേമ്പൊടിയോടെ പ്രേംലാൽ ഈ ചിത്രത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. ഭക്തിയും മിത്തുകളും ചർച്ചാവിഷയമാകുന്ന കേരളത്തിൽ ഏറെ പ്രസക്തമായ വിഷയം തന്നെയാണ് സിനിമയുടെ പ്രമേയം.

അക്ഷയ സെന്റർ ഉടമയായ സനോജിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.  കലമ്പാസുരൻ എന്ന കഥാപാത്രത്തിന്റെ ഐതിഹ്യം പേറുന്ന ഗ്രാമമാണ് കലമ്പേരി.  മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങൾ വെള്ളത്തിനായി ആശ്രയിക്കുന്നത് അടുത്തുള്ള പാറമടയെയാണ്. അതിസാഹസികമായ രീതിയിലാണ് ഗ്രാമവാസികൾ വെള്ളമെടുക്കുന്നത്.  അടുത്തിടെ പാറക്കെട്ടിൽ വെള്ളമെടുക്കാൻ പോയ ഒരു സ്ത്രീ മരിച്ചത് ഗ്രാമവാസികളെ ഓട്ടൊന്നുമല്ല ഭയപ്പെടുത്തിയത്. ഗ്രാമവാസികൾക്കു വെള്ളമെത്തിക്കാൻ അമ്പിളി എന്ന പഞ്ചായത്ത് മെംബർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.  പക്ഷേ ഒരു സുപ്രഭാതത്തിൽ ഇതിഹാസ കഥാപത്രമായ കലമ്പാസുരന്റെ കാലടികൾ കലമ്പപാറയിൽ പ്രത്യക്ഷമാവുന്നതോടെ ആ ഗ്രാമത്തിന്റെ ജാതകവും മാറി മറിയുകയാണ്. ഭക്തിയും യുക്തിയും തമ്മിലുള്ള സംഘർഷം നടക്കുന്നതിനിടെ കലമ്പാസുരനെ മുൻനിർത്തി സ്വാർഥലാഭവുമായി ചിലർ ഗൂഢപദ്ധതികൾ മെനയുന്നത് മാത്രം ആരും അറിഞ്ഞില്ല.

സിജു വിത്സന്റെ ഇരുത്തം വന്ന അഭിനയമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. എന്തിനും ഏതിനും ഗ്രാമവാസികൾ ആശ്രയിക്കുന്ന സനോജ് എന്ന ചെറുപ്പക്കാരനായി സിജു വിത്സൺ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.  ഇരിങ്ങാലക്കുട സ്വദേശിനിയായ കൃഷ്ണേന്ദു എ. മേനോൻ എന്ന പുതുമുഖമാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ഷൈനി എന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് കൃഷ്ണേന്ദു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.  പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളില്‍ കൃഷ്ണേന്ദു അഭിനയിച്ചിട്ടുണ്ട്.  പി.പി. കുഞ്ഞികൃഷ്ണൻ റിസോർട് ഉടമയായി ഗംഭീര പ്രകടനം കാഴ്ചവച്ചു.  നിഷാ സാരംഗ് ആണ് അമ്പിളി മെംബർ ആയി അഭിനയിച്ചത്.  വിജയകുമാർ, ലാലി പി.എം., ജിബിൻ ഗോപിനാഥ്‌, മുത്തുമണി, ജോലി ചിറയത്ത്, അച്യുതാനന്ദൻ, അന്തരിച്ച ഹരീഷ് പേങ്ങൻ തുടങ്ങിയവരാണ് ചിത്രത്തെ സജീവമാക്കുന്ന മറ്റു താരങ്ങൾ.

കാലിക പ്രാധാന്യമുള്ള വലിയൊരു വിഷയമാണ് സജീവ് പാഴൂർ, പഞ്ചവത്സര പദ്ധതിയുടെ  തിരക്കഥയിൽ ചർച്ച ചെയ്യുന്നത്.  ഭക്തിയും വിശ്വാസവും വേരുറച്ച കേരളത്തിൽ രാഷ്ട്രീയം പോലും മതത്തിന്റെ പിടിയിലമരുന്ന കാഴ്ചയാണ് കാണുന്നത്. മിത്തും സത്യവും തമ്മിൽ തിരിച്ചറിയാതെ അന്ധവിശ്വാസത്തിന്റെ പിടിയിലമരുന്ന കേരള ജനതയ്ക്ക് നല്ലൊരു പാഠ്യവിഷയമാണ് ഈ സിനിമയുടെ കഥാതന്തു. തിരക്കഥയുടെ ഗൗരവം ഒട്ടും ചോരാതെ നർമ്മത്തിൽ ചാലിച്ച് നല്ലൊരു ആക്ഷേപഹാസ്യചിത്രം ഒരുക്കാൻ പി.ജി. പ്രേംലാലിനു കഴിഞ്ഞിട്ടുണ്ട്. പസംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍ ആണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആൽബിയും എഡിറ്റർ കിരൺ ദാസുമാണ്.

മിത്തും വിശ്വാസവും തുറന്ന ചർച്ചയ്ക്ക് വിധേയമാകുന്ന ഇന്നത്തെ സമൂഹത്തിൽ അന്ധവിശ്വാസം എങ്ങനെയാണ് വേരുപിടിക്കുന്നതെന്ന് തുറന്നുകാട്ടുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായ നിരവധി ഗൗരവതരമായ കാര്യങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് പ്രേക്ഷകന് മുന്നിലെത്തിക്കാൻ അണിയറപ്രവർത്തകർ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. അന്ധവിശ്വാസങ്ങൾക്ക് നേരെ തുറന്നുപിടിച്ച കണ്ണാടിയായ ‘പഞ്ചവത്സര പദ്ധതി’ കേരളത്തിലെ എല്ലാത്തരം പ്രേക്ഷകരും തിയറ്ററിൽ പോയി തന്നെ കാണേണ്ട സിനിമയാണ്.

English Summary:

Panchavalsara Padhathi Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com