അതിസമർഥമായി ഒളിപ്പിക്കപ്പെട്ട ആ മരണം; ‘ജാനേജാൻ’ റിവ്യു
Jaane Jaan Review

Mail This Article
കെയ്‌കോ ഹിഗാഷിനോയുടെ നോവൽ ദ് ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ് 2005 ലാണ് പുറത്തിറങ്ങുന്നത്. കെയ്‌കോയുടെ ഏറ്റവും കൂടുതൽ പ്രശസ്തമായതും വിറ്റഴിക്കപ്പെട്ടതുമായ കൃതിയും അത് തന്നെയായിരിക്കണം. വളരെ കൃത്യമായി പദ്ധതിയിട്ട ഒരു മരണത്തിന്റെ നിഗൂഢ അനുഭവമാണ് ആ കൃതി എന്ന് തന്നെ പറയാം. ഈ പുസ്തകത്തെ മുൻ നിർത്തി നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. സമാനമായ പേരിൽ തന്നെ ചൈനയിൽ നിന്നും ഒരു സിനിമ ഇറങ്ങിയിരുന്നു. മലയാളത്തില്‍ വന്നാൽ ജിത്തു ജോസഫിന്റെ ‘ദൃശ്യം’ ഇതേ കഥാ തന്തുവാണെന്ന് ചിലർ പറയുകയുണ്ടായി. പുതിയതായി റിലീസ് ചെയ്യപ്പെട്ട ജാനേജാൻ എന്ന കരീനാ കപൂർ ചിത്രവും ഇതേ പുസ്തകത്തെ മുൻനിർത്തിയാണ് എടുക്കപ്പെട്ടിരിക്കുന്നത്.
ഒരു മരണം സംഭവിക്കുന്നത് പലപ്പോഴും മുൻകൂട്ടിയുള്ള പദ്ധതി പ്രകാരം ആയിരിക്കണമെന്നില്ല. ആകസ്മികമായ ഒരു അപകടം കൂടിയായിരിക്കും അത്. അജിത് മായയെ അന്വേഷിച്ച് വരുമ്പോഴും അയാൾ അവളെ അന്വേഷിച്ച് അവൾ താമസിക്കുന്ന വീട്ടിൽ എത്തുമ്പോഴും ഒന്നും ആ മരണം ഉറപ്പാക്കപ്പെട്ടിരുന്നില്ല. പൊലീസ് ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ള ഒരു വളരെ ക്രൂരനായ നേർവഴിക്ക് നടക്കാത്ത ഒരുവനാണ് അജിത്. പ്രണയിച്ചു വിവാഹം കഴിച്ച പെൺകുട്ടിയെ ബാറിൽ കാബറേ ചെയ്യാൻ വിട്ടു കൊടുത്തതുൾപ്പെടെ നിയമപരമായും സാമൂഹികമായും ഏറ്റവും വൃത്തികെട്ട വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരുവൻ. അയാളെ തിരഞ്ഞു ആദ്യം തന്നെ പൊലീസ് എത്തുന്നുമുണ്ട്. ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ള കള്ളനെ കണ്ടെത്താൻ എത്തുന്ന പൊലീസ് ഓഫീസറായി വിജയ് വർമ്മ വേഷമിടുന്നു. സ്വന്തം മകളെയും വിറ്റു പണം വാങ്ങാൻ കാത്തിരിക്കുന്ന പിതാവിന്റെ വാചകത്തിലാണ് മായ അയാളെ കൊലപ്പെടുത്തുന്നത്.

ഒരു ഇൻവെസ്റ്റിഗേഷൻ കഥയുടെ പല വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർക്ക് പ്രിയം അതിന്റെ അന്ത്യം തന്നെയാണ്. ആരായിരിക്കും കൊലപാതകം ചെയ്തത് എന്ന് കുറ്റാന്വേഷകനൊപ്പം കാഴ്ചക്കാരും സഞ്ചരിക്കുമ്പോൾ കിട്ടുന്നൊരു ത്രിൽ മറ്റൊന്നാണ്. ജാനേജാൻ ആദ്യം തന്നെ കൊലപാതകി ആരാണെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുന്നുണ്ട്. ഇവിടെ കൊലപാതകം നടത്തിയത് ആൾ പിടിക്കപ്പെടുമോ, പൊലീസ് അയാളുടെ അടുത്തേയ്ക്ക് എപ്രകാരമാണ് എത്തുക എന്നതാണ് പ്രധാനം. കൊലപാതകിയായ ഒരു സ്ത്രീയും അവരുടെ മകളും, അവരുടെ ഫ്‌ളാറ്റിന്റെ തൊട്ടടുത്ത് താമസിക്കുന്ന നരേൻ എന്ന അതിവിദഗ്ദ്ധനായ കണക്കു പ്രഫസറും ഏതൊക്കെ വിധത്തിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിന്നും വഴി മാറി നടക്കുന്നത് എന്നതാണ് ജാനേജാൻ നൽകുന്ന ത്രില്ലിങ് എലമെന്റ്.
സിനിമയിൽ എടുത്തു പറയേണ്ട കഥാപാത്രമാണ് നരേൻ എന്ന കണക്കു പ്രഫസർ. കണക്കിനോട് അത്രമേൽ ആഴത്തിലുള്ള പ്രണയം സൂക്ഷിക്കുന്ന അയാൾ ജീവിതം മുഴുവൻ അതിനായി ഉഴിഞ്ഞു വച്ചിരിക്കുന്നു. നരേന് മായയോട് അവളോട് വെളിപ്പെടുത്താത്ത പ്രേമമുണ്ട്. മായയെ കാണാൻ വേണ്ടി മാത്രം അയാൾ എന്നും അവൾ ജോലി ചെയ്യുന്ന കഫെറ്റേറിയയിൽ നിന്നും ഭക്ഷണം വാങ്ങാറുണ്ട്. അജിത്തിന്റെ കൊലപാതകത്തിൽ നരേന്റെ പങ്കാണ് ചിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട് പോകുന്നത്. ‘‘ഇതിലും വലുത് ചാടിക്കടന്നവൻ ആണ് ഈ കെ.കെ. ജോസഫ്’’ എന്നും പറയുന്നത് പോലെ ദൃശ്യം കണ്ടതിനാൽത്തന്നെ മലയാളികൾക്ക് ജാനേജാൻ ഉദ്ദേശിച്ച ഒരു അനുഭവമാകാൻ വഴിയില്ല. പക്ഷേ അതെ ആശയത്തിന്റെ തീർത്തും വ്യത്യസ്തമായൊരു വഴിയിലൂടെ ഇത് സഞ്ചരിക്കുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ ഏകാന്തതയും കണക്കിലുള്ള അയാളുടെ അഗാധമായ അറിവും ഒരു കൊലപാതകത്തെ മൂടി വയ്ക്കാൻ ശ്രമിക്കുന്നതിൽ അയാളെ വിജയിപ്പിക്കുന്നുണ്ട്. അറിയാതെ ചെയ്തു പോയ ഒരു കൊലപാതകത്തെ മൂടി വയ്ക്കാൻ മായ ശ്രമിക്കുന്നതിന്റെ മറ്റൊരു വേര്ഷനാണിത്. അന്വേഷണ ഉദ്യോഗസ്ഥനായ കരൺ മായയുടെ പിന്നാലെയുണ്ട്. അജിത്തിന്റെ കൊലപാതകത്തിലെ ആകെയുള്ള ഒരേയൊരു സസ്‌പെക്ട് അവൾ മാത്രമാണ്. സാഹചര്യത്തെളിവുകൾ അങ്ങനെ പറയുന്നുണ്ടെങ്കിലും സംശയത്തെ അജിത്തിന്റെ ഇരുണ്ട മറ്റു ഭൂത കാലങ്ങളിലേയ്ക്ക് ഒന്നും കൊണ്ട് പോകുന്നില്ല. അയാൾ ആദ്യമായി വിറ്റു കളഞ്ഞ സ്ത്രീയല്ല മായ, അയാൾ ആദ്യമായി ചതിച്ച സ്ത്രീയുമല്ല അവൾ. എല്ലാക്കാലത്തും അജിത് തുടർന്നുകൊണ്ടിരുന്ന മനുഷ്യത്വ രഹിതമായ പ്രവൃത്തിയുടെ ഒരു ഇര മാത്രമാണ് അവൾ. അതുകൊണ്ടു തന്നെ സംശയക്കണ്ണുകളുടെ മുന്നിൽ ഒരുപാട് മനുഷ്യരെ നിർത്താമായിരുന്നു.
എന്നാൽ സിനിമ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരു കൊലപാതകത്തെ എങ്ങനെ അതി വിദഗ്ദമായി മറച്ചു പിടിക്കാം എന്നിടത്താണ്. വർഷങ്ങൾക്കു ശേഷം കരീന കപൂറിന്റെ ശ്രദ്ധേയമായ വേഷമായി ജാനേജാനിലെ മായ മാറുന്നുണ്ട്. പ്രായപൂർത്തിയായ മകളുടെ അമ്മ വേഷത്തിലാണ് അവർ വീണ്ടുമെത്തിയത്. കണക്കിൽ ഭ്രാന്തനായ നരേൻ ആയ ജയദീപ് അഹ്‌ലാവത്ത് അതിനയിച്ചിരിക്കുന്നു, ഒപ്പം മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ കരൺ ആയി വിജയ് വർമയും. പുസ്തകത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചു തന്നെയാണ് ജാനേജാൻ സംവിധായകനായ സുജോയ് ഘോഷ് ഒരുക്കിയിരിക്കുന്നത്