ADVERTISEMENT

ഇന്ത്യ എന്നാല്‍ എത്ര വലിപ്പമുണ്ട്? ഭൂപടത്തില്‍ കാണുന്ന സംസ്ഥാനങ്ങള്‍ക്കും അപ്പുറം ഇന്ത്യയുടെ ഭാഗമായി കടലില്‍ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ലക്ഷദ്വീപ്, ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്‌ എല്ലാം ഒന്നിച്ചതാണ് നമ്മുടെ രാജ്യം. ദ്വീപുകളുടെ സൗന്ദര്യം ആസ്വദിക്കാനും അവിടുത്തെ സംസ്കാരങ്ങളെക്കുറിച്ചു പഠിക്കാനും വിദേശികളും സ്വദേശികളുമായ എത്ര പേരാണ് ഓരോ വര്‍ഷവും ഈ ദ്വീപുകളില്‍ എത്തുന്നത്. ഇത്തരം ഒരു യാത്രയില്‍ ഈ ദ്വീപുകളില്‍ ഒന്നില്‍ അതി മാരകമായ ഒരു പകര്‍ച്ചവ്യാധി പകര്‍ന്നു പിടിച്ചാല്‍ എന്താകും അവസ്ഥ ? നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘കാലാപാനി’ എന്ന വെബ്‌ സീരീസ് ഇങ്ങനെയൊരു വിഷയമാണ് സംസാരിക്കുന്നത്. 

ഒരു നാടിനോട് പ്രകൃതി അതിന്റെ ക്രൂരതയുടെ അങ്ങേയറ്റം പ്രകടമാക്കുന്നത് എപ്പോഴായിരിക്കും ? എല്ലായ്പ്പോഴും എന്ന പോലെ സഹനത്തിന്റെ അവസാനം തന്നെയാകാം. ആൻഡമാൻ ദ്വീപിൽ വർഷങ്ങൾക്കു ശേഷം ആ മഹാമാരി പടർന്നു കയറുകയാണ്. അതിന്റെ ആദ്യ സൂചനകൾ ഡോക്ടർ സൗദാമിനിക്കു ലഭിക്കുന്നുണ്ടെങ്കിലും അവർ അതിൽ ഗവേഷണത്തിൽ ആണ് ഉള്ളതെങ്കിലും അതിന്റെ അപകടകരമായ സാഹചര്യം തന്റെ സ്റ്റേറ്റിന്റെ അഡ്മിറലിനു മുന്നിൽ സമർപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. വർഷങ്ങൾക്കു മുൻപ് അതെ പകർച്ചവ്യാധിയിൽ പെട്ട് വെറും ഏഴ് പേരാണ് മരിച്ചത് എന്ന കണക്കും വർഷങ്ങൾക്കിപ്പുറം അതിനെ നിസ്സാരമാക്കി കാണാൻ അധികാരി വർഗം ഉപയോഗിക്കുന്നുണ്ട്. പക്ഷേ അതൊരു തുടക്കം മാത്രമാകുന്നു. എല്ലാ വർഷവും ദ്വീപിൽ അര ലക്ഷത്തോളം പേര് പല നാടുകളിൽ നിന്നായി എത്തിച്ചേർന്ന് ആഘോഷിക്കപ്പെടുന്ന ഉത്സവം തുടങ്ങാൻ പോകുന്നു. പലയിടങ്ങളിൽ നിന്നായി ജനങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഇനി എന്താണ് ദ്വീപിന്റെ അവസ്ഥ?

അതിജീവിക്കാൻ വേണ്ടിയുള്ള ഓട്ടങ്ങളാണ് കാലാപാനി കാണിച്ചു തരുന്നത്. പടർന്നു പിടിച്ചാൽ പത്തു ദിവസത്തിനകം മരണപ്പെടുന്ന ഒരുതരം രോഗമാണ് ദ്വീപിനെ കാർന്നു തുടങ്ങുന്നത്. തങ്ങളുടെ പ്രിയപ്പെട്ട പലരും വ്യാധിയുടെ ഇരകൾ ആക്കപ്പെടുന്ന മനുഷ്യരുടെ സങ്കടങ്ങൾ കൂടിയാണ് ഈ കഥയുടനീളം.  ദ്വീപിലെ ഗോത്ര വിഭാഗമായ ഒറാക്ക എന്തോ ഒരു കാരണത്താൽ പകർച്ച വ്യാധിക്ക് ഇരയാകുന്നില്ല. അവർക്കു മാത്രം അറിയുന്ന ഒരു ഒറ്റമൂലി കണ്ടെത്തിയാൽ ദ്വീപ് മുഴുവൻ ആയിരങ്ങൾ അസുഖ ബാധിതരാകുന്ന പ്രശ്നത്തെ വേരോടെ പറിച്ചു മാറ്റാം. അതിനു വേണ്ടി സൗദാമിനിയുടെ അസിസ്റ്റന്റ് റിതു ശ്രമിക്കുന്നുണ്ട്, ഒപ്പം പലയിടങ്ങളിലായി പലവിധ പ്രശ്നങ്ങളിൽ പെട്ട് അവസാനം ഒത്തു ചേരാൻ വിധിക്കപ്പെട്ട മനുഷ്യരും. 

kaala-paani-review-2
കാലാപാനി വെബ് സീരിസിൽനിന്നും

പോരാട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഡോക്ടർ സൗദാമിനി സത്യങ്ങൾ പകുതിയും കണ്ടെത്തി മരണത്തിലേയ്ക്ക് വീണു പോകുന്നു. ആറ്റം എന്ന കമ്പനിയുടെ രഹസ്യാത്മകമായ ഒരു പ്രൊജക്റ്റ് ആണ് വർഷങ്ങൾക്കു ശേഷം മഹാമാരിയെ വിളിച്ചു വരുത്തിയത് എന്ന സത്യം അധികം ആരും മനസിലാക്കുന്നില്ലെങ്കിലും എസിപി കേതൻ മനസ്സിലാക്കാകുന്നുണ്ട്. പക്ഷേ അയാൾക്ക് ജനങ്ങളുടെ ജീവനേക്കാൾ വലുത് സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിൽ മാത്രമാണ്. എങ്കിലും എന്തുകൊണ്ടോ കേതനെ വെറുക്കാൻ പലപ്പോഴും കഴിയില്ല എന്നതാണ് സത്യം. 

‘കാലാപാനി’ എന്നാൽ കറുത്ത ജലം എന്ന് തന്നെയാണ് അർഥം. ദ്വീപിനെ ചുറ്റുന്ന തടാകത്തിൽ കലർന്ന അതീവ മാരകമായ ബാക്ടീരിയയുടെ വിഷം കറുപ്പിച്ച അതെ ജലമാണ് ദ്വീപിലുള്ള ആളുകൾ കുടിക്കാനും ഉപയോഗിക്കുന്നത്. അത് എത്തിക്കുന്നതാവട്ടെ ആറ്റം എന്ന കമ്പനിയും. വളരെ വിസ്തൃതമായ ഒരു ഇടമാണ് സീരിസിൽ ഉള്ള ദ്വീപും അവിടുത്തെ കാടും നാടും നിറഞ്ഞ അന്തരീക്ഷവും. പൗരാണികമായ നാടിന്റെ പ്രത്യേകതകളെ നവയുഗം ഇല്ലായ്മ ചെയ്യുന്നത് വികസനത്തിന്റെ പേരിലാണ്. അവർ പുതിയത് ഓരോന്നും വീണ്ടും വീണ്ടും വെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കും. ശരിയാണ്, വികസനം ഇല്ലാതെ എല്ലായ്പ്പോഴും പഴയ കാലത്തിൽ ജീവിച്ചാൽ മതിയോ? റോഡുകൾക്ക് അത് തന്നെ വേണം, ആശുപത്രികൾക്ക് അതും. പക്ഷേ പുരോഗമനം ഒരിടത്ത് നടക്കുമ്പോൾ തകർക്കപ്പെടുന്ന മറ്റൊരു വശമുണ്ട്. ചിലപ്പോൾ അത് ഒരു പ്രദേശമാകാം, ഒരു സമൂഹമാകാം, കാട് ആകാം, ഒരു ഗോത്രമാകാം. പുരോഗമന ജീവികൾക്ക് വേണ്ടി ബലിയാക്കപ്പെടുന്നവർ കൂടിയാണ് ഗോത്ര വിഭാഗം എന്നും ഇതിൽ രാഷ്ട്രീയ പ്രമുഖർ പറയുന്നുണ്ട്. വോട്ടില്ലാത്ത കാട്ടിൽ തന്നെ ജീവിക്കുന്ന മനുഷ്യർ അവരുടെ എണ്ണം എത്രയായാലും അവർ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവുകൾ ഇല്ല. അവർ ജീവിച്ചിരിക്കേണ്ടത് ആരുടേയും ആവശ്യവുമില്ല. അപ്പോൾ നഗരവാസികൾക്ക് വേണ്ടി വേണമെങ്കിൽ അത്തരമൊരു ഗോത്രം തന്നെ ഇല്ലാതായാലും കുഴപ്പമില്ല എന്ന ചിന്തകൾ ഇന്ന് സ്വാഭാവികമാക്കപ്പെട്ടിരിക്കുന്നു. 

kaala-paani-actors
കാലാപാനി വെബ് സീരിസിൽനിന്നും

വളരെ മികച്ച ക്വളിറ്റിയിൽ തന്നെ നിർമിക്കപ്പെട്ട കാലാപാനി അപൂർണമായി തന്നെയാണ് നിർത്തുന്നത്. രണ്ടാമതൊരു സീസൺ പ്രതീക്ഷിക്കുന്നുമുണ്ട്. മഹാ രോഗത്തിനെതിരെ പോരാടുന്നവർക്ക് ഒരുപാട് വഴികളുണ്ട് എന്നാൽ അധികാരവും സ്വത്തും ഉള്ളവർക്ക് വേണ്ടത് എളുപ്പവഴിയിലൂടെയുള്ള യാത്രകളാണ്. അതിൽ ഏതാണ് വിജയിക്കുക എന്നത് രണ്ടാം സീസണിൽ നിന്ന് മാത്രമേ അറിയാനാകൂ. ശുക്രൻത് ഗോയൽ, രാധിക മെഹ്‌റോത്ര, ആരുഷി ശർമ്മ ,ആമേ വാഗ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. അഡ്മിറൽ സിബ്രാൻ എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകൻ അഷുതോഷ് ഗൊവാരിക്കർ ഗംഭീര പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.  

ഔദ്യോഗികമായി രണ്ടാമതൊരു സീസൺ വാർത്ത ഇതുവരെ പുറത്തു വന്നിട്ടില്ല. വളരെ കൃത്യമായ ഒരു സ്റ്റോറി ലൈനും ഒതുക്കി നിർത്തിയ തിരക്കഥയും മികച്ച മേക്കിങ് മികവും കാലാ പാനിയെ ഗംഭീരമാക്കുന്നുണ്ട്. കോൾഡ് സീൻസ് പലയിടത്തും അനുഭവപ്പെടുമെങ്കിലും തൊട്ടടുത്ത നിമിഷത്തെ ഞെട്ടിക്കുന്ന ഒരു നിമിഷത്തിലേക്കുള്ള ഒരു പ്രതലമായി അതിനെ ഒരുക്കിയിട്ടതാണ്. അത് തന്നെയാണ് അതിന്റെ ഭംഗിയും. ആറ്റം എന്ന ബിസിനസ് പ്രസ്ഥാനത്തിന്റെ ഉടമയായ സ്വസ്തി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട പൂർണിമ ഇന്ദ്രജിത്ത് ഒരു പാൻ ഇന്ത്യൻ നടിയായി മാറുകയാണ്. ഒരേ സമയം ശക്തവും ഇമോഷനലുമായ രംഗങ്ങൾ അവരുടെ കയ്യിൽ ഇപ്പോഴും ഭദ്രമാണെന്ന് സ്വസ്തി ഓർമിപ്പിക്കുന്നു. മലയാളത്തിലേയ്ക്ക് കരുത്തുറ്റ വേഷങ്ങളുമായി പൂർണിമ മടങ്ങി വരുമെന്ന് തന്നെ കരുതാം. 

English Summary:

‘Kaala Paani’: A Well Mounted Thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com