ADVERTISEMENT

ഡോക്യുഫിക്‌ഷന്‍ എന്ന വാക്ക് പല സിനിമാ പ്രേക്ഷകര്‍ക്കും അത്ര പരിചിതമല്ല. ഡോക്യുമെന്ററി എന്ന് കേട്ടറിവുണ്ടെങ്കിലും ചിലതൊക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ ആസ്വാദനശീലങ്ങളുടെ പരിധിയില്‍ ഒരു കാലത്തും അതിനു വലിയ സ്ഥാനമുണ്ടായിട്ടില്ല. അക്കാദമിക് തലങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പരിശ്രമങ്ങളായിരുന്നു പല ഡോക്യുമെന്ററികളും. പലതും ഒരേ അച്ചില്‍ വാര്‍ത്തവയായിരുന്നു.

ഡോക്യുഫിക്‌ഷനില്‍ വസ്തുതകളും കഥാംശവും കൃത്യമായ അളവില്‍ സമന്വയിപ്പിച്ച ഒരു സര്‍ഗാത്മക പരിസരം ദൃശ്യമാണെങ്കിലും അതില്‍ ഭാവനയ്ക്ക് കാര്യമായ സ്വാധീനമൊന്നുമില്ല. വസ്തുതകള്‍ കാണികളുടെ ഉളളിലേക്ക് കടത്തി വിടാനുളള ഒരു ടൂള്‍ എന്ന നിലയില്‍ മാത്രമാണ് അതിന് കഥനസ്വഭാവം നല്‍കുന്നത്. ഉദാഹരണത്തിന്, ഒരാളുടെ ജീവിതം പറയുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെടുന്ന രസകരമായ സംഭവങ്ങളില്‍ ചിലത് ഡമ്മി ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെ സിനിമാറ്റിക് സീനുകളെ അനുസ്മരിപ്പിക്കും വിധം അവതരിപ്പിക്കുന്നു. സംവേദനം കൂടുതല്‍ ഫലപ്രദമാക്കുക എന്നതില്‍ കവിഞ്ഞ് സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യമെടുക്കാന്‍ സംവിധായകന് ഒരു പരിധിക്കപ്പുറം അനുവാദമില്ല. എന്നാല്‍ ഈ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ഡോക്യുഫിക്‌ഷന്‍ എന്ന വിഭാഗത്തെ സൗന്ദര്യാത്മകമായി എങ്ങനെ പ്രോജ്ജ്വലിപ്പിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുന്നു നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന കറി ആന്‍ഡ് സയനൈഡ്.

മികച്ച നോണ്‍ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കിയ ക്രിസ്‌റ്റോ ടോമിയാണ് കറി ആന്‍ഡ് സയനൈഡിന്റെ സംവിധായകന്‍. വേള്‍ഡ് വൈഡ് ട്രെന്‍ഡിങ് ആയ ഈ ഡോക്യുഫിക്‌ഷന്‍ റേറ്റിങ്ങില്‍ പല സിനിമകളെയും വെബ്‌ സീരീസുകളെയും മറികടന്നിരിക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം. അത് എന്തു തന്നെയായാലും മേക്കിങ്ങില്‍ ചരിത്രപരമായ വഴിത്തിരിവ് എന്ന വിശേഷണം തന്നെ അര്‍ഹിക്കുന്നു ഈ ഡിഎഫ്.

ഇന്ത്യയില്‍ ഇതിനു മുന്‍പ് ആരും ചിന്തിക്കാത്ത വഴികളിലുടെയാണ് ക്രിസ്‌റ്റോയുടെ സഞ്ചാരം. ഫീച്ചര്‍ ഫിലിമിന്റെയും ഡോക്യുമെന്ററികളുടെയും ഘടകങ്ങളില്‍ ചിലത് കൃത്യമായി ബ്ലെന്‍ഡ് ചെയ്യപ്പെടുന്ന ഒന്നാണ് സാധാരണ ഗതിയില്‍ ഡിഎഫുകള്‍. എന്നാല്‍ ഒരു കഥാചിത്രത്തെ അനുസ്മരിപ്പിക്കുന്ന ആഖ്യാനത്തികവ് കൊണ്ട് ഒരു തരം മാജിക്കല്‍ ഫീല്‍ സൃഷ്ടിക്കുകയാണ് സംവിധായകനായ ക്രിസ്‌റ്റോ.

ടെക്‌നിക്കല്‍ പെര്‍ഫക്‌ഷന്‍ പ്ലസ് ഏസ്‌തെറ്റിക് ബ്രില്യന്‍സ്

സാധാരണഗതിയില്‍ ഡോക്യുമെന്ററികളില്‍ സാങ്കേതിക പൂർണത എന്നത് സംഭവിക്കാറില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് പൂര്‍ണമായും സൂക്ഷിച്ചുകൊണ്ടാണ് ക്രിസ്‌റ്റോ ഇത് ഒരുക്കിയിട്ടുളളത്. റെഡ് അലക്‌സ പോലുളള അത്യന്താധുനിക ക്യാമറകള്‍ ഉപയോഗിക്കുകയും ഫിലിം എഡിറ്റിങ്ങിന്റെ സര്‍വസാധ്യതകളും വിനിയോഗിക്കുകയും ഡിഐ അടക്കമുളള പോസ്റ്റ് പ്രൊഡക്‌ഷന്‍ സംവിധാനങ്ങള്‍ സൗന്ദര്യാത്മകമായി പ്രയോജനപ്പെടുത്തുകയും ചെയ്ത ഈ കറി ആന്‍ഡ് സയനൈഡ് സാങ്കേതിക മേന്മയില്‍ പുലര്‍ത്തുന്ന ഔന്നത്യം വരുംകാലത്തിന് ഒരു പാഠ്യവിഷയമാണ്.

ടെക്‌നിക്കല്‍ പെര്‍ഫക്‌ഷന്‍ ഡോക്യുമെന്ററികള്‍ക്ക് അന്യമല്ല എന്ന തിരിച്ചറിവും അതിലുപരി ഒരു ന്യൂജനറേഷന്‍ ഫീച്ചര്‍ ഫിലിമിന് ഉപയോഗിക്കപ്പെടുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഡോക്യുമെന്ററി നിര്‍മിക്കുക എന്ന സാഹസിക പരീക്ഷണവും ക്രിസ്‌റ്റോ ഫലപ്രദമായി നിര്‍വഹിച്ചിരിക്കുന്നു. മൂന്നു തരം വിഷ്വല്‍സ് ഇന്റകട്ട് ചെയ്താണ് കഥ പറയുന്നത്. ഒന്ന്, സംഭവം നടന്ന കാലഘട്ടത്തില്‍ ദൃശ്യമാധ്യമങ്ങള്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍. ഫ്രെയിം മെഷര്‍മെന്റിലെയും കളര്‍ടോണിലെയും വ്യത്യാസം കൊണ്ട് ഇത് പ്രത്യേകം തിരിച്ചറിയാം. 

രണ്ട്, ജോളിയുടെ ബന്ധുക്കളും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരും അവരുടെ അനുഭവങ്ങള്‍ പറയുന്ന ദൃശ്യങ്ങള്‍. മൂന്ന്, നടന്ന സംഭവങ്ങളുടെ ഹൈലൈറ്റ്‌സ് ഡമ്മി ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി മുഖം വെളിപ്പെടുത്താത്ത വിധത്തില്‍ അവതരിപ്പിക്കുന്ന വിഷ്വല്‍സ്. മൂഡ് ക്രിയേഷന് മുന്‍തൂക്കം നല്‍കിക്കൊണ്ട് നിര്‍വഹിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ മാസ്‌കിങ്, സില്‍ ഔട്ട്, ഫേഡ് എന്നീ സങ്കേതങ്ങളെ ആശ്രയിക്കുന്നു. വ്യത്യസ്ത ലൈറ്റിങ്ങിലും കളര്‍സ്‌കീമിലും ഷൂട്ട് ചെയ്ത, പ്രഫഷനല്‍ ലുക്ക് ഇല്ലാത്ത സ്‌റ്റോക്ക് ഷോട്ടുകള്‍ക്ക് കളര്‍ ഗ്രേഡിങ്ങിലുടെ യൂണിഫോമിറ്റി നല്‍കാന്‍ ശ്രമിച്ചതും കൗതുകകരമായി. ഫ്‌ളാറ്റ് ലൈറ്റിങ്ങിനെ ആശ്രയിക്കുന്ന ഇതര ഡിഎഫുകളില്‍ നിന്ന് വിഭിന്നമായി മൂഡ് ഫൊട്ടോഗ്രഫിയും മൂഡ് ലൈറ്റിങ്ങും സ്വീകരിച്ചതും ശ്രദ്ധേയമായി.

ജോളി ജോസഫും രെഞ്ജിയും
ജോളി ജോസഫും രെഞ്ജിയും

ആധികാരികതയുടെ ആഴങ്ങള്‍

വസ്തുതാപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട കൃത്യതയും ആധികാരികതയും ഉറപ്പു വരുത്താനായി ഒരു റിസര്‍ച്ച് വിങ്ങിന്റെ തന്നെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു ക്രിസ്‌റ്റോ. ജോളിയുടെ കുടുംബാംഗങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നിയമ വിദഗ്ധരും ജേണലിസ്റ്റുകളും ആക്ടിവിസ്റ്റും സൈക്കോളജിസ്റ്റും ഉള്‍പ്പെടെുളളവരുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി, കേവലം കഥാകഥനം  എന്നതിനപ്പുറം ഡോക്യുഫിക്‌ഷന്റെ ആധികാരികതയും ശാസ്ത്രീയതയും ഉറപ്പു വരുത്തുന്നു.

ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷന്‍, ആധികാരികത എന്നിവ കഴിഞ്ഞാല്‍ ഒരു ഡിഎഫിനെ സമുന്നതമാക്കുന്നത് അതിന്റെ ആസ്വാദനക്ഷമതയാണ്. ഡോക്യുമെന്ററികളിലെ സഹജമായ വിരസത ഒഴിവാക്കാന്‍ ഇടയ്ക്ക് തുന്നിച്ചേര്‍ക്കുന്ന ഏതാനും സീനുകളുടെ കൂമ്പാരം എന്ന തലത്തിലേക്ക് തരംതാഴ്ന്നു പോയിരുന്നു ഇടക്കാലത്ത് പുറത്തിറങ്ങിയ പല ഡിഎഫുകളും. എന്നാല്‍ ക്രിസ്റ്റി ഇവിടെ ഒരു വിഗ്രഹഭഞ്ജകന്റെ റോള്‍ എടുത്തണിഞ്ഞിരിക്കുന്നു.

അതീവ രസകരവും ഉദ്വേഗപൂര്‍ണവുമായ ഒരു കഥാചിത്രം ഒരുക്കുന്ന അതേ പാറ്റേണിലും സംവേദനക്ഷമതയിലുമാണ് ആഖ്യാനം നിര്‍ഹിച്ചിട്ടുളളത്. അതിനായി അദ്ദേഹം സ്വീകരിച്ച സമീപനമാണ് ശ്രദ്ധേയം. ഫീച്ചര്‍ ഫിലിമുകള്‍ തിരക്കഥ എന്ന അടിസ്ഥാന ഘടകത്തെ ആശ്രയിച്ചാണ് ഒരുക്കുന്നത്. ഡോക്യുമെന്ററികള്‍ക്ക് കൃത്യമായ തിരക്കഥ പ്രായോഗികമല്ല, ആവശ്യവുമില്ല. പ്രത്യേകിച്ചും ഒരു കൊലപാതക കേസ് പ്രതിപാദിക്കുന്ന സന്ദര്‍ഭത്തില്‍. അടിസ്ഥാനപരമായ ഒരു രൂപരേഖ മുന്‍നിര്‍ത്തി ഡി.എഫിന് കൃത്യമായ ഒരു ഘടനയും ഒഴുക്കും ഉണ്ടാക്കുക എന്ന ഏകദേശ ധാരണയാണ് അവലംബം. പിന്നീടുളള വഴിത്തിരിവുകളെല്ലാം സംഭവിക്കുന്നത് അനുഭവങ്ങള്‍ വിവരിക്കുന്നവരുടെ വാക്കുകളിലുടെയാണ്. കേവലം ബൈറ്റ്‌സും കമന്റുകളുമല്ല അവര്‍ നിര്‍വഹിക്കുന്നത്. ഒരു കഥ പറയും പോലെ തങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ അതിന്റെ വൈകാരികമായ ആരോഹണാവരോഹണങ്ങളിലുടെ വിശദമായ വിവരിക്കുകയാണ്.

curry-and-cyanide-jolly-joseph-case-trailer

ഡീറ്റെയ്‌ലിങ്ങിന്റെ സാധ്യതകളാണ് ഇവിടെ തെളിഞ്ഞു വരുന്നത്. സൂക്ഷ്മവിശദാംശങ്ങളോടെയാണ് അനുഭവകഥനം. അടുക്കോടെയും ചിട്ടയോടെയും ഇത് കൃത്യമായി സന്നിവേശിപ്പിക്കാന്‍ ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. ജോളിയുടെ മകന്‍ മുതല്‍ ബന്ധുക്കള്‍ വരെ ഇതില്‍ കടന്നു വരുന്നു. അവര്‍ ഇടയ്ക്ക് രോഷാകുലരാവുന്നു. പൊട്ടിക്കരയുന്നു. പൊട്ടിത്തെറിക്കുന്നു. കഥാചിത്രങ്ങളില്‍ കഥാപാത്രങ്ങളായ നടീനടന്‍മാര്‍ അഭിനയിക്കുമ്പോള്‍ ഇവിടെ യഥാർഥ സംഭവത്തില്‍ ഭാഗഭാക്കായ പച്ചമനുഷ്യര്‍ തങ്ങളുടെ യഥാതഥമായ വേദനകള്‍ പങ്കു വയ്ക്കുന്നു. സ്വാഭാവികമായും അത് കാണികളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു.

റിയല്‍ ലൈഫിന്റെ വിശ്വസനീയതയും സ്വാഭാവികതയും ഏത് സിനിമയെക്കാളും ഫലപ്രദമായി കഥാകഥനം എന്ന ദൗത്യം നിര്‍വഹിക്കുന്നു. ഒരു കാലത്ത് കഥകള്‍, നോവലുകള്‍ എന്നിങ്ങനെ സര്‍ഗാത്മക കൃതികളേക്കാള്‍ അനുഭവക്കുറിപ്പുകളും ആത്മകഥകളും സാഹിത്യവിപണി കയ്യടക്കിയത് ഓര്‍ക്കുക. സമാനമായ ഒരു തരംഗം ദൃശ്യമാധ്യമ രംഗത്തും സംഭവിക്കാന്‍ ഒരുങ്ങുന്നു എന്നതിന്റെ തുടക്കമാണ് കറി ആന്‍ഡ് സയനൈഡ്. വീരപ്പന്റെ ജീവിതം ഉള്‍പ്പെടെ പല കേസുകളും ഉടന്‍ പ്രീമിയര്‍ ചെയ്യപ്പെടുമെന്ന് അറിയുന്നു.

ഒരു മണിക്കുര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുളള കറി ആന്‍ഡ് സയനൈഡ് പ്രസക്തമാകുന്നത് ആദ്യന്തം കണ്ണെടുക്കാതെ ശ്വാസം പിടിച്ചിരുന്ന് കാണാന്‍ പ്രേരിപ്പിക്കും വിധം ആകാംക്ഷയും രസനീയതയും നിലനിര്‍ത്തുന്നു എന്നതിലാണ്. ഡോക്യൂമെന്ററി പോലെ ഒരു മാധ്യമത്തില്‍ ഇത് അനായാസമല്ല. ഒരു നദി ഒഴുകും പോലെ അത്ര അനര്‍ഗളമാണ് ആഖ്യാനം.

കഥാകഥനത്തിന്റെ നൈരന്തര്യം, കാലഗണന എന്നിവയെല്ലാം കൃത്യമായി പാലിക്കപ്പെടണം. പ്രസ്താവനകളിൽ കടന്നു കൂടാനിടയുളള ആവര്‍ത്തനങ്ങള്‍ എഡിറ്റിങ്ങില്‍ ഒഴിവാക്കണം. ഓരോരുത്തരുടെയും പ്രസ്താവനകള്‍ തമ്മില്‍ മാലയില്‍ മുത്തുകള്‍ തുന്നിച്ചേര്‍ക്കും പോലെ കണ്ണിമുറിയാതെ കൂട്ടിച്ചേര്‍ക്കണം. മികച്ച ഇഴയടുപ്പം വേണം.

തിരക്കഥ, എഡിറ്റിങ് എന്നീ ഘടകങ്ങളുടെയും അനുഭവ കഥനം നിര്‍വഹിക്കുന്നവരുടെയും എത്ര പിന്‍തുണയുണ്ടെങ്കിലും മികച്ച മാധ്യമബോധവും സമുന്നതമായ ധാരണയുമുള്ള ഒരു സംവിധായകന് മാത്രമേ ഈ തരത്തില്‍ സുഘടിതവും (വെല്‍ കണ്‍സ്ട്രക്ടഡ്) സൗന്ദര്യാത്മകവുമായ ഒരു ഡോക്യുഫിക്‌ഷന്‍ രൂപപ്പെടുത്താന്‍ കഴിയൂ. ഫീച്ചര്‍ സിനിമയും ഡോക്യൂഫിക്‌ഷനും തമ്മിലുള്ള അതിരുകള്‍ മായ്ക്കും വിധം അത്ര പുര്‍ണ്ണതയോടെയും ആസ്വാദനക്ഷമതയോടെയുമാണ് സംവിധായകന്‍ ഓരോ ദൃശ്യവും തുന്നിച്ചേര്‍ത്തിട്ടുളളത്.

ചിത്രത്തില്‍ ചില വാഹനങ്ങളുടെ പാസിങ് ഷോട്ടുകളും ലാന്‍ഡ് സ്‌കേപ്പുകളും വീടുകളും മറ്റും ചിത്രീകരിക്കുമ്പോള്‍ ഫ്രെയിം കോംപോസിഷനിലും മറ്റും സിനിമാറ്റിക് ക്വാളിറ്റി നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നു.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ രാജ്യത്തെ ഏറ്റവും ഉന്നതമായ ഫിലിം സ്‌കൂളില്‍ നിന്നുളള പരിശീലനത്തിനൊപ്പം സഹജമായ പ്രതിഭയും ക്രിസ്റ്റിയെ തുണയ്ക്കുന്നുവെന്ന് പറയാം. നമ്മുടെ നാട്ടിലെ പൂര്‍വമാതൃകകളെ പാടെ തച്ചുടച്ച് പാശ്ചാത്യ ഡോക്യുഫിക്‌ഷനുകളുടെ പരിചരണരീതി അവലംബിക്കുകയും അതേസമയം ആരെയും അനുകരിക്കാതെ തനത് ശൈലിയില്‍ ആവിഷ്‌കാരം നിര്‍വഹിക്കുകയും ചെയ്തു എന്നതാണ് കറി ആന്‍ഡ് സയനൈഡിന്റെ മേന്മ.

നിയതമായ ഒരു തിരക്കഥയുടെ പിന്‍ബലം ഇല്ലാതിരുന്നിട്ടും ആഖ്യാനത്തിൽ പരമാവധി വ്യക്തത കൊണ്ടുവരാന്‍ സംവിധായകന് കഴിഞ്ഞു. ജോളി എന്ന സ്ത്രീ ചെയ്ത ഓരോ കൊലപാതകത്തിനും അവരെ പ്രേരിപ്പിച്ച വ്യത്യസ്തമായ മാനസിക നിലപാട് കാര്യകാരണങ്ങള്‍ സഹിതം സമർഥിക്കാന്‍ കഴിയുന്നുണ്ട്. അടിസ്ഥാനപരമായി കുറ്റവാസനയുള്ള ഒരാളാണ് താനെന്ന് അന്തിമഘട്ടത്തില്‍ അവര്‍ തുറന്ന് സമ്മതിക്കുന്നുമുണ്ട്.

ക്ലാസ് ടച്ചുളള ഡോക്യുഫിക്‌ഷന്‍

വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നവരെ ഏകോപിപ്പിച്ച് ഇത്തരമൊരു ദൃശ്യാനുഭവം രുപപ്പെടുത്തുക എന്നത് അത്യധ്വാനം ആവശ്യമുളള കാര്യമാണ്. സംഘാടനത്തിലെ മികവും എടുത്തു പറയാതെ വയ്യ. സാധാരണ ഗതിയില്‍ ആളുകള്‍ മറന്നു തുടങ്ങിയ ഒരു സംഭവം വീണ്ടും ജനമധ്യത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യത്തിന് കൊലയാളിയുടെ ബന്ധുക്കളും മറ്റും സഹകരിച്ചെന്നു വരില്ല. എന്നാല്‍ ജോളിയുടെ മകന്‍ ഉള്‍പ്പെടെയുളളവരെ അണിനിരത്തി ചിത്രീകരിക്കുന്നതില്‍ കാണിച്ച മിടുക്ക് ഡിഎഫിനെ കൂടുതല്‍ വൈകാരികവും വിശ്വസനീയവുമാക്കുന്നു. 

ബാലന്‍സിങ്ങാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ജോളിയാണ് ഈ കൊലപാതക പരമ്പരകളുടെ ആസൂത്രക എന്ന് സ്ഥാപിക്കുമ്പോഴും ജോളിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദമുഖങ്ങള്‍ കൂടി ചേര്‍ത്ത് പ്രതിഭാഗത്തിനു പറയാനുളളതും കൃത്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒരു ചലച്ചിത്രത്തിന്റെ സംവേദനക്ഷമതയ്‌ക്കൊപ്പം വസ്തുതാപരതയുടെ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാതെ, രണ്ടിനോടും നീതി പുലര്‍ത്തിക്കൊണ്ട് മികച്ച ഉള്ളടക്കം ഒരുക്കി ആഗോളശ്രദ്ധ നേടുക എന്നത് ചില്ലറക്കാര്യമല്ല. സിനിമകളും വെബ് സീരീസുകളും അരങ്ങ് വാഴുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടെ ഒരു ഡിഎഫ് ലോകമെങ്ങുമുള്ള വിവിധ അഭിരുചിക്കാരായ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.

സിനിമകളെ അപേക്ഷിച്ച് താരതമ്യേന നിര്‍മാണച്ചെലവ് കുറവാണെങ്കിലും ഒരു അൾട്രാ മോഡേണ്‍ സിനിമ നിര്‍മിക്കും വിധമുളള സാങ്കേതിക വിദഗ്ധരെ അണിനിരത്തി തന്നെയാണ് ക്രിസ്‌റ്റോ ഈ മേഖലയിലെ തന്റെ കന്നിപരീക്ഷണം ഒരുക്കിയിട്ടുളളത്. കറി ആന്‍ഡ് സയനൈഡിന്റെ വിജയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, വരും കാലങ്ങളില്‍ ധാരാളം കുറ്റാന്വേഷണ കഥകളും മറ്റ് അനുഭവകഥനങ്ങളും ഇതേ പാറ്റേണില്‍ ഡോക്യുഫിക്‌ഷനായേക്കാം.

ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റത്തിന് ഇത് കാരണമായിത്തീരാം. സിനിമ ഡീറ്റയിലിങ്ങിന്റെ കലയാണെന്ന് കുറസോവയും ബർഗ്‌മാനും സത്യജിത്ത് റേയും മുതല്‍ നമ്മുടെ കെ.ജി.ജോര്‍ജും ദിലീഷ് പോത്തനും വരെ കാണിച്ചു തന്നു. സൂക്ഷ്മവിശദാംശങ്ങളുടെയും കൃത്യതയുടെയും പേരില്‍ ആഘോഷിക്കപ്പെട്ട പോത്തേട്ടന്‍ ബ്രില്യന്‍സ് പോലെ ഒരു തരം പ്രതിഭാസ്പര്‍ശം മറ്റൊരു മീഡിയത്തിലൂടെ ക്രിസ്‌റ്റോയും നമ്മെ അനുഭവിപ്പിക്കുന്നു. ആത്യന്തിക വിശകലനത്തില്‍ സിനിമയ്ക്ക് സമാനമായ അനുഭവം പ്രദാനം ചെയ്യുന്ന ക്ലാസ് ടച്ചുളള ഡോക്യുഫിക്‌ഷന്‍ തന്നെയാണ് കറി ആന്‍ഡ് സയനൈഡ്.

English Summary:

Curry and Cyanide among top 10 movies on Netflix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com