വേട്ടക്കാർക്കു പിന്നാലെ ഒരു നായാട്ട്; ‘പോച്ചർ’ റിവ്യൂ
Poacher Review
Mail This Article
തൊണ്ണൂറുകളിൽ കേരളത്തിൽ ഉണ്ടായിരുന്ന ആനക്കൊമ്പ് വേട്ടയ്ക്കു ശേഷം 2015 ലാണ്, ഇരുപത്തെട്ടോളം ആനകളെ തൃശൂരിലും മറ്റു പലയിടങ്ങളിലുമായി കൊന്നൊടുക്കുകയും ആനക്കൊമ്പ് കടത്തുകയും ചെയ്തു എന്ന് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തത് . ഇത് വനംവകുപ്പിനും സർക്കാരിനും ഉണ്ടാക്കിയ മാനഹാനി ചെറുതല്ല. അന്വേഷണത്തിനൊടുവിൽ കിലോക്കണക്കിന് ആനക്കൊമ്പാണ് അന്ന് പിടിച്ചെടുത്തത്. കൊന്നൊടുക്കിയ ആനകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലും.
റിച്ചി മെഹ്ത സംവിധാനം ചെയ്ത "പോച്ചർ" എന്ന വെബ് സീരീസ് കൈകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. എട്ട് എപ്പിസോഡുകളിലായി ചിത്രീകരിച്ചിരിക്കുന്ന സീരീസ് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആനക്കൊമ്പ് വേട്ടയ്ക്കെതിരെ ഒരു കൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന പോരാട്ടമാണ് "പോച്ചർ" . ആനക്കൊമ്പ് വേട്ടയെപ്പറ്റി അറിയുന്നതോടെ മാല എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥയോട് (നിമിഷ സജയൻ) സീനിയർ ഉദ്യോഗസ്ഥനായ നീൽ (ദിബ്യേന്തു ഭട്ടാചാര്യ) തന്റെ ടീമിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുന്നു. തന്റെ സുഹൃത്ത്, ഹാക്കറും എൻജിഒക്കൊപ്പം പ്രവർത്തിക്കുന്നയാളുമായ അലനെ (റോഷൻ മാത്യു) മാല കൂടെ കൂട്ടുന്നു. അവരുടെ അന്വേഷണങ്ങളിലൂടെ ആനക്കൊമ്പ് വേട്ടയുടെ ചുരുളഴിയുന്നു.
Read more at: പാളിപ്പോയ ബയോപിക്; ‘സാം ബഹദൂർ’ റിവ്യു
ശ്രദ്ധേയമായ ഡൽഹി ക്രൈമിന്റെ സംവിധായകൻ കൂടിയാണ് റിച്ചി മെഹ്ത. അതേ സംവിധാന മികവ് ഇവിടെയും കാണാം. ആലിയ ഭട്ടാണ് സീരീസിന്റെ സഹനിർമാതാവ്. ഉയർന്ന നിലവാരമുള്ള പ്രൊഡക്‌ഷൻ തന്നെയാണ് സീരീസിന്റെ ഹൈലൈറ്റ്. റിയലിസ്റ്റിക്കായ ചിത്രീകരണ രീതി കൊണ്ട് വിഷയത്തിന്റെ പ്രാധാന്യം ഊട്ടി ഉറപ്പിക്കാൻ സീരീസിന് കഴിയുന്നുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി ചിത്രീകരിച്ച പരമ്പരയിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി തുടങ്ങിയ നിരവധി ഭാഷകൾ വന്നു പോകുന്നുണ്ട്. ഇത് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്നു. മലയാളികളായ റോഷനും നിമിഷയും മറ്റു കഥാപാത്രങ്ങളും മലയാളത്തിൽ ആണ് സംസാരിക്കുന്നത്. മേൽ ഉദ്യോഗസ്ഥനായ നീൽ, മറ്റു ഉദ്യോഗസ്ഥന്മാർ എന്നിവർ ഇതര ഭാഷകളിൽ സംസാരിക്കുകയും അവിടെയൊക്കെ മലയാളം സബ്ടൈറ്റിലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ സബ്ടൈറ്റിലുകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തതിന്റെ പ്രശ്നം സീരീസിൽ ഉടനീളം ഉണ്ട്. പലതും യാന്ത്രികമായ വിവർത്തനം മാത്രമാണ്. ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇറങ്ങുന്ന പല അന്യഭാഷാ ചിത്രങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഓഡിയോയിൽ മലയാളത്തെ പൂർണമായും ഒഴിവാക്കുകയും സബ് ടൈറ്റിലുകളിൽ ഇത്തരം അശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്. പല സന്ദർഭങ്ങളിലും കഥാപാത്രങ്ങളുടെ വികാരങ്ങളും സ്വഭാവവും സംഭാഷണങ്ങളോട് ചേരുന്നവയല്ല.
പല രംഗങ്ങളിലും അച്ചടി ഭാഷയിൽ സംസാരിക്കേണ്ടി വരുന്നുണ്ട് മലയാളികളായ കഥാപാത്രങ്ങൾക്ക്. ഒരുപക്ഷേ സംവിധായകൻ എഴുതിയ ഒറിജിനൽ സ്ക്രിപ്റ്റ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ വന്ന പിഴവാകാം. അത് സീരീസിന്റെ ആസ്വാദനത്തെ ബാധിക്കുന്നുമുണ്ട്. മലയാളികൾ അല്ലാത്ത പ്രേക്ഷകർ സീരീസ് മലയാളത്തിൽ (ഇംഗ്ലിഷ് സബ്ടൈറ്റിലുകളോടെ) തന്നെ കണ്ടില്ലെങ്കിൽ നിരവധി തെറ്റിദ്ധാരണകൾക്ക് അത് ഇടയുണ്ടാക്കും. ഇപ്പോഴും ഒടിടി പ്ലാറ്റ്ഫോമുകൾ പ്രാദേശിക സബ്ടൈറ്റിലുകളെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തത് ഗുരുതരമായ പ്രശ്നമാണ്. പ്രത്യേകിച്ചും രാജ്യാന്തര നിലവാരത്തിൽ വിവിധ ഭാഷകളാൽ സമ്പന്നമായ ഒരു സീരിസിൽ.
ആനക്കൊമ്പ് വേട്ടയുടെ ക്രൂരത ചിത്രീകരിക്കുന്നതിൽ സംവിധായകൻ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. വളരെ റിയലിസ്റ്റിക് ആയിത്തന്നെ അതിൽ സ്ക്രീനിൽ കാണാം. ആനക്കൊമ്പ് ഊരിയെടുത്ത ഒരു ആനയുടെ ജഡം സീരീസിന്റെ തുടക്കം മുതൽ തന്നെ ഉണ്ട്. അത് ജീർണിച്ച് അസ്ഥികൂടമായി മാറുന്നത് പ്രേക്ഷകനെ കാണിച്ചുകൊണ്ടാണ് പരമ്പര അവസാനിക്കുന്നത്. ആ കാലയളവിൽ വേട്ടയ്ക്കെതിരെ പൊരുതാൻ അവർക്ക് കഴിഞ്ഞു എന്നു കൂടി അവിടെ പറഞ്ഞു വെക്കുന്നു.
നിമിഷ, റോഷൻ എന്നിവർക്ക് പുറമേ കനി കുസൃതി, മാല പാർവതി തുടങ്ങിയവരും മലയാളത്തിൽ നിന്നുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് റോഷന്റെ അഭിനയ മികവാണ്. നാളിതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി, ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ അതേ സൂക്ഷ്മതയോടെ കൂടി റോഷൻ പെർഫോം ചെയ്യുന്നുണ്ട്. സീരീസിന്റെ തുടക്കത്തിലെ ഹാക്കറിൽനിന്ന്, അന്വേഷണത്തിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തുമ്പോൾ അയാൾ പൂർണമായും ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ്. ആ പരിണാമം വളരെ മികവോടുകൂടി റോഷൻ കൈകാര്യം ചെയ്തു.
നീലിനെ അവതരിപ്പിച്ച ദിബ്യേന്ദു ഭട്ടാചാര്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശ്രദ്ധേയമായ പല ഇന്ത്യൻ വെബ് സീരീസുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡിൽ അഭിനയിച്ച അങ്കിത് മാധവും ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സീരിസിൽ ഉണ്ട്. എന്നാൽ അദ്ദേഹത്തിൻറെ സംഭാഷണങ്ങൾ പലതും വിവർത്തനത്തിലെ പ്രശ്നം മൂലം യാന്ത്രികമായി അനുഭവപ്പെട്ടു. മാലയെ അവതരിപ്പിച്ച നിമിഷ, അവരുടെ ആന്തരിക സംഘർഷങ്ങളേയും പോരാട്ടത്തെയും പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായ വികാര വ്യതിയാനങ്ങൾ വന്നു പോകുന്ന കഥാപാത്രമാണ് മാല.
വളരെയധികം ഗവേഷണം നടത്തിയാണ് സീരീസ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. അതിൽ സംവിധായകൻ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. മികച്ച ഇൻട്രോയും സീരീസിന് ഉണ്ട്. അതിന്റെ വിഷ്വലൈസേഷനും മ്യൂസിക്കും എടുത്തു പറയേണ്ടതാണ്. ഡൽഹി ക്രൈമിന്റെ ഛായാഗ്രഹണം നിർവഹിച്ച ജൊഹാൻ ഹൂർലിൻ എയ്ഡ് തന്നെയാണ് പോച്ചറിനെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.
കാടിനുള്ളിലെ മനുഷ്യന്റെ ക്രൂരതയെ ചിത്രീകരിക്കുമ്പോൾത്തന്നെ പ്രകൃതിയുടെ മനോഹാരിതയെയും അദ്ദേഹം ഒപ്പിയെടുക്കുന്നു. മനുഷ്യനെയും അവന്റെ നായാട്ടിനെയും വിവിധ രംഗങ്ങളിലായി വിഭിന്നമായ രീതികളിൽ സീരീസിൽ കാണാനാകും. വാർപ്പ് മാതൃകകളിൽ ഒതുങ്ങാത്ത നറേറ്റിവ് ടെക്നിക്കുകളാണ് പോച്ചറിലുള്ളത്. പൂർണമായും മലയാളത്തിലല്ലെങ്കിലും നാളിതുവരെ മലയാള ഭാഷയിൽ ഇറങ്ങിയ വെബ് സീരീസുകളിൽ നിന്നും ആഖ്യാന ശൈലിയിലും പ്രൊഡക്‌ഷൻ ക്വാളിറ്റിയിലും ഒരുപാട് ഉയരത്തിലാണ് പോച്ചർ. സംഭാഷണങ്ങളിൽ കൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ ഒരു പടി മുകളിലേക്ക് സീരീസിന് എത്താൻ കഴിയുമായിരുന്നു.