ADVERTISEMENT

ഒരേസമയം നാല് സിനിമകൾ ഒടിടി റിലീസിനെത്തുക, അഭിനേതാക്കളുടെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്ന കാര്യങ്ങളിലൊന്നാണിത്. അങ്ങനെയൊരു നേട്ടത്തിലൂടെയാണ് നടി അനുമോൾ കടന്നുപോകുന്നത്. വനിത ദിനത്തിൽ ഈ അപൂർവത സംഭവിച്ചുവെന്നതും അനുമോളെ സംബന്ധിച്ചടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ പ്രാധാന്യം കുറഞ്ഞുവരുന്ന സിനിമാ ഇൻഡസ്ട്രിയിൽ ഇത്തരം കാഴ്ചകൾ വിരളമാണ്. അനുമോൾ പ്രധാന വേഷങ്ങളിെലത്തുന്ന പത്മിനി, ടു മെൻ, ഉടലാഴം, റാണി എന്നീ സിനിമകളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം തന്നെ നടി പ്രധാന വേഷത്തിലെത്തുന്ന ഹാർട്ട് ബീറ്റ് എന്ന വെബ് സീരിസും ഹോട്ട്സ്റ്റാറിലൂടെ മാർച്ച് എട്ട് മുതല്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും സിനിമാ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അനുമോൾ. അവതാരകയായി അരങ്ങേറ്റം കുറിച്ച നടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, ഉടലാഴം തുടങ്ങിയ എന്നിവ പ്രധാന സിനിമകൾ. ഇപ്പോൾ തമിഴ് വെബ് സീരിസുകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിലും തന്റെ പ്രേക്ഷകരെ കണ്ടെത്തിക്കഴിഞ്ഞു.

അനുമോളുടേതായി വനിത ദിനത്തിൽ ഒടിടിയിലൂടെ റിലീസ് ചെയ്ത സിനിമകൾ പരിചയപ്പെടാം:

പത്മിനി: സി സ്പേസ് (ഒടിടി പ്ലാറ്റ്‌ഫോം)

വിഖ്യാത ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം പറയുന്ന സിനിമ. ടി.കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്‍റെ ബാനറില്‍ ടി.കെ ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്മിനിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ്.  വയനാട്ടിലെ കര്‍ഷകരുടെ ജീവിതദുരന്തം പകര്‍ത്തിയ പൃഥ്വിരാജ് ചിത്രം 'പകല്‍', പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'മരിച്ചവരുടെ കടല്‍' എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചിട്ടുള്ള സുസ്മേഷ് ചന്ത്രോത്തിന്‍റെ ആദ്യ സംവിധാനസംരംഭവുമാണ് പത്മിനി. 

1940 മുതല്‍ 1969 വരെയുള്ള ഇരുപത്തിയൊമ്പത് വര്‍ഷത്തെ കേരളത്തിലെയും മദിരാശിയിലേയും പത്മിനിയുടെ ജീവിതമാണ് പത്മിനി എന്ന സിനിമയിലൂടെ പറയുന്നത്. പഴയകാലഘട്ടത്തെ  അതേപടി പകര്‍ത്തിയിട്ടുള്ള പത്മിനി പോയകാല കേരളീയജീവിതത്തിന്‍റെ സാമൂഹികചിത്രവും പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുന്നു.

ടു മെൻ: സി സ്പേസ് (ഒടിടി പ്ലാറ്റ്‌ഫോം)

 മലയാളസിനിമയിൽ ആദ്യമായി ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന റോഡ് മൂവിയാണ് ടു മെൻ. സംവിധായകൻ എം.എ. നിഷാദ്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിർമിക്കുന്നത് ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ്.

ഉടലാഴം: സി സ്പേസ് (ഒടിടി പ്ലാറ്റ്‌ഫോം)

‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'ഉടലാഴം'. കേരള രാജ്യാന്തര ചലച്ചിത്രമേള, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

റാണി: മനോരമ മാക്സ് (ഒടിടി പ്ലാറ്റ്‌ഫോം)

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, പതിനെട്ടാംപടി എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ നിയതി, അശ്വിൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വളരെ  കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ ഉദ്ദ്വേഗജനകമായ കഥ പറയുന്നു.

ഹാർട്ട് ബീറ്റ്: ഹോട്ട്സ്റ്റാർ

മെഡിക്കൽ രംഗം പശ്ചാത്തലമാക്കി ഒരുക്കുന്ന തമിഴ് വെബ് സീരിസ് ആണ് ഹാർട്ട് ബീറ്റ്. അനുമോൾ, ദീപ ബാലു, യോഗലക്ഷ്മി, തപ, ചാരുകേഷ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

English Summary:

Anumol's four different movies released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com