തീരുമാനമായി; ‘പ്രേമലു’ ഏപ്രിൽ 12 മുതൽ ഹോട്ട്സ്റ്റാറിൽ

Mail This Article
12 കോടി രൂപ മുടക്കി 100 കോടി ക്ലബ്ബിലടക്കം ഇടം നേടിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നിര്‍മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.
തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കലക്‌ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്‌ട് ചെയ്തു. 135 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.