ADVERTISEMENT

മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസം ഒടിടി റിലീസിനെത്തിയത്. രജിഷ വിജയൻ–പ്രിയ വാരിയർ ചിത്രം കൊള്ള, വടിവേലു–ഫഹദ് ഫാസിൽ ചിത്രം മാമന്നൻ, ഇംഗ്ലിഷ് ചിത്രം കോവിനന്റ് എന്നിവയാണ് ജൂലൈ അവസാന വാരം ഒടിടി റിലീസിനെത്തിയ സിനിമകൾ. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' മനോരമ മാക്സിലൂടെ കഴിഞ്ഞ ആഴ്ച റിലീസിനെത്തി. നവ്യ നായർ–സൈജു കുറുപ്പ് ചിത്രം ‘ജാനകി ജാനേ’, അനുരാഗം എന്നിവയാണ് ജൂലൈ ആദ്യവാരം ഒടിടി റിലീസിനെത്തിയ മലയാള സിനിമകൾ. തമിഴിൽ നിന്നും വീരൻ, ഗുഡ്നൈറ്റ്, പോർ തൊഴിൽ എന്നീ സിനിമകളും ഈ മാസം റിലീസ് ചെയ്തു. മലയാള ചിത്രം നെയ്മർ ഓഗസ്റ്റ് എട്ടിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

കൊള്ള: ജൂലൈ 27: മനോരമ മാക്സ്

രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ 'കൊള്ള' ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത 'ഹൈസ്റ്റ്' കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം, ആവേശഭരിതമായ ഒരു ത്രില്ലറാണ്. ഒരു ചെറിയ നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ട് ചെറുപ്പകാരികളും, അവരുടെ  അപ്രതീക്ഷിത നീക്കങ്ങളുമാണ് ചിത്രത്തിന്റെ കഥയെ  മുന്നോട്ട് നയിക്കുന്നത്.  സൂപ്പർഹിറ്റ് എഴുത്തുകാരായ ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസീം ജലാൽ - നെൽസൺ ജോസഫ് എന്നിവരുടേതാണ് തിരക്കഥ. സുരാജ് വർമയാണ് സംവിധായകൻ.  വിനയ് ഫോർട്ട്, അലൻസിയർ ലോപ്പസ്, ജിയോ ബേബി, ഡെയ്ൻ ഡേവിസ് തുടങ്ങി ഒരു പറ്റം ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.  പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്.

മാമന്നൻ: ജൂലൈ 27: നെറ്റ്ഫ്ലിക്സ്

വടിവേലുവിനെ പ്രധാന കഥാപാത്രമാക്കി മാരി സെൽവരാജ് ഒരുക്കിയ ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഉദയ്നിധി സ്റ്റാലിനും പ്രധാനവേഷത്തിലുണ്ട്. കീർത്തി സുരേഷ് ആണ് നായിക.

ദ് കോവിനന്റ്: ജൂലൈ 25: ആമസോൺ പ്രൈം

ജേക് ഈലെൻഹാൾ, ഡാർ സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൈ റിച്ചി ഒരുക്കിയ ആക്‌ഷൻ ത്രില്ലർ. ജോൺ കിന്‍ലി എന്ന പട്ടാളക്കാരന്റെയും അദ്ദേഹത്തിന്റെ അഫ്ഗാൻ ഇന്റർപ്രേറ്റേറ്ററായ അഹമ്മദിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്: ജൂലൈ 14: മനോരമ മാക്സ്

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം കൂടിയാണിത്. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്

ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിങും, സംവിധാനവും നിര്‍വഹിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു.

അനുരാഗം: ജൂലൈ 7: എച്ച് ആർ ഒടിടി

അശ്വിൻ ജോസ്, ഗൗരി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം. പുതിയ ഒടിടി പ്ലാറ്റ്ഫോമായ എച്ച് ആർ ഒടിടിയിലൂടെയാകും ചിത്രം റിലീസിനെത്തുക. ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി,  ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ബ്ലൈൻഡ്: ജൂലൈ 7: ജിയോ സിനിമ

സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്ലൈൻഡ് എന്ന ചിത്രം ജൂലൈ ഏഴ് മുതൽ ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യുന്നു. ഇതേപേരിൽ 2011 ൽ റിലീസ് ചെയ്ത കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്. ഷോമി മഖിജയാണ് സംവിധാനം.

ദ് പോപ്സ് എക്സോസിസ്റ്റ്: ജൂലൈ 7: നെറ്റ്‌ഫ്ലിക്സ്

വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റിന്റെ കഥ പറയുന്ന ചിത്രത്തിൽ റസൽ ക്രോ നായകനായി എത്തുന്നു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികൻ ഗബ്രിയേലെ അമോർത്തിന്റെ കഥയാണ് പറയുന്നത്. 

ജാനകി ജാനേ: ജൂലൈ 11: ഹോട്ട്സ്റ്റാർ

സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ഫാമിലി എന്റർടെയ്നർ. അനീഷ് ഉപാസനയാണ് സംവിധാനം. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

ഗുഡ്നൈറ്റ്: ജൂലൈ 3: ഹോട്ട്സ്റ്റാർ

കെ. മണികണ്ഠൻ, മീത രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനായക് ചന്ദ്രശേഖരൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. മോഹൻ എന്ന യുവാവിന് കൂർക്കം വലി മൂലം ഉണ്ടാകുന്ന ജീവിത പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

പോർ തൊഴിൽ: ജൂലൈ 21 : സോണി ലിവ്

ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം. വിഘ്നേശ് രാജയാണ് സംവിധാനം. ചിത്രം ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ നേടിയിരുന്നു.

English Summary: July OTT Releases: List of Upcoming Movies and TV Shows to Stream in July 2023 on OTT Platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com