ജീവിതത്തിലെ ആദ്യ അവാർഡ് അച്ഛനിൽ നിന്നും ഏറ്റുവാങ്ങി അർജുൻ അശോകൻ; വിഡിയോ

Mail This Article
സിനിമാ ജീവിതത്തിലെ ആദ്യത്തെ അവാർഡ് അച്ഛനിൽ നിന്നും ഏറ്റുവാങ്ങി നടൻ അർജുൻ അശോകൻ. മഴവിൽ മനോരമയും താരസംഘടനയായ ‘അമ്മ’യും ചേർന്ന് നടത്തിയ മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2023 ൽ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർടെയ്നർ പുരസ്കാരം നേടിയത് യുവതാരവും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ആണ്. അവാർഡ് അർജുൻ അശോകൻ സ്വന്തം അച്ഛനിൽ നിന്നാണ് ഏറ്റുവാങ്ങിയത്.
ജീവിതത്തിലെ ആദ്യ അവാർഡ് സ്വന്തം അച്ഛനിൽ നിന്ന് തന്നെ ഏറ്റുവാങ്ങാൻ കഴിഞ്ഞതിന് സന്തോഷമുണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു. മകന്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡ് തനിക്കു തന്നെ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനി തന്റെ ഏറ്റവും വലിയ ആഗ്രഹം മകനിൽ നിന്നൊരു അവാർഡ് ഏറ്റുവാങ്ങുന്നതാണെന്നും ഹരിശ്രീ അശോകൻ പറഞ്ഞു
‘‘എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടുന്ന അവാർഡ് ആണ് ഇത്. അപ്പോൾ ലാലേട്ടൻ പറഞ്ഞതുപോലെ അമ്മയുടെ ആദ്യ ചുംബനം പോലെയിരിക്കും എനിക്ക് ഈ അവാർഡ്. ഇത് ഞാൻ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കും. ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് മഴവിൽ മനോരമയോടും ‘അമ്മ’ അസോസിയേഷനോടും ആണ്. ‘അമ്മ’ സംഘടിപ്പിക്കുന്ന ഷോയിൽ അച്ഛന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ കഴിഞ്ഞു ഒരുപാട് സന്തോഷമുണ്ട്. ആദ്യമായി അച്ഛനോട് അമ്മയോടും ദൈവത്തിനോട് നന്ദി പറയുന്നു. സൗബിക്ക, അസിക്ക തുടങ്ങി എല്ലാവരോടും പ്രേക്ഷകരോടും നന്ദി പറയുന്നു.’’–അർജുൻ അശോകൻ പറഞ്ഞു.
‘‘അർജുന് ആദ്യമായി കിട്ടുന്ന ഒരു അവാർഡ് ആണ്. അത് ഞാൻ തന്നെ അവന് കൊടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അവന്റെ സിനിമകൾ നന്നായി നന്നായി എന്ന് ഓരോരുത്തർ വിളിച്ചു പറയുമ്പോൾ അതിലേറെ സന്തോഷമാണ്. എനിക്ക് ഏറ്റവും വലിയ ഒരു ആഗ്രഹം ഇനിയുള്ളത് ഇവന്റെ കയ്യിൽ നിന്നും ഒരു അവാർഡ് വാങ്ങണം എന്നുള്ളതാണ്.’’– ഹരിശ്രീ അശോകൻ പറഞ്ഞു.