ADVERTISEMENT

നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് സീസൺ ഫൈവ് വിജയിയുമായ അഖിൽ മാരാർ.  പൊലീസുകാർ വിനായകനോട് കാണിച്ചത് മാനനഷ്ടത്തിന് കേസുകൊടുക്കാവുന്ന പ്രവൃത്തിയാണെന്നു അഖിൽ മാരാർ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന്റെ അനുവാദമില്ലാതെ ഒരു ഭാഗം മാത്രം ന്യായീകരിക്കുന്ന രീതിയിൽ വിഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ട കേരളാ പൊലീസിന്റെ രീതി ഒട്ടും അംഗീകരിക്കാൻ കഴിയില്ല.  വിഡിയോയിൽ വിനായകൻ മോശമായി പെരുമാറുന്നത് കാണുന്നില്ല. കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനിൽ ചെന്നാലും സാധാരണക്കാരോട് മോശമായി പെരുമാറുന്ന പൊലീസുകാർ ഉണ്ട്.  പലപ്പോഴും വിനായകൻ എതിർത്ത് സംസാരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വിനായകനോട് ചേർന്ന് നിൽക്കാനാണ് തന്റെ തീരുമാനമെന്ന് അഖിൽ മാരാർ പറയുന്നു.

‘‘പലപ്പോഴും വിനായകനെതിരെ പല സ്റ്റേറ്റ്മെന്റും നടത്തിയിട്ടുള്ള ആളാണ് ഞാൻ. മുൻപ് ഒരു സ്ത്രീയുടെ മീ ടൂ പരാതി വന്നപ്പോഴും, ഉമ്മൻചാണ്ടി സാറിനെ ആക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹം ഒരു പരാമർശം നടത്തിയപ്പോഴും ഞാൻ വിനായകനെതിരെ സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ എനിക്ക് എന്റേതായ അഭിപ്രായം പറയണം എന്നുള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. ഈ വിഷയത്തിൽ ശരി തെറ്റുകളെ വിലയിരുത്തൽ അല്ല ഇത് എന്റേതായിട്ടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനം ആയിട്ട് കണ്ടാൽ മതി.  എന്റെ അടുത്ത് പലരും ചോദിക്കാറുണ്ട് രാഷ്ട്രീയ പ്രവർത്തനം തിരഞ്ഞെടുക്കുന്ന സമയത്ത് ഏത് പാർട്ടിയിൽ പ്രവർത്തിക്കുമെന്ന്. ഞാനിനി ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും എന്റെ എതിർ രാഷ്ട്രീയ പാർട്ടിക്കാരൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അത് ഞാൻ ശരിയെന്ന് തന്നെ പറയും. 

ഈ ലോകത്ത് മനുഷ്യൻ തെറ്റ് മാത്രം ചെയ്യുമെന്ന് വിശ്വസിക്കുകയും അല്ലെങ്കിൽ ഒരാളെ അന്ധമായിട്ടു എതിർക്കണം എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളല്ല ഞാൻ.  ശരികളെ ശരികളായും തെറ്റുകളെ തെറ്റുകളായും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം വിനായകന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് അത് എന്തുതന്നെ ആകട്ടെ, പക്ഷേ പൊലീസ് എന്താണ് ഇവിടെ ചെയ്തത്? പൊലീസ് ചെയ്തത് പൊലീസിന്റെ ഭാഗം ന്യായീകരിക്കാൻ എന്നോണം മുൻകൂർ ആയി നടത്തിയ ജാമ്യം എന്നപോലെ അവർ ഒരു വിഡിയോ പുറത്തുവിടുന്നു. നമ്മളെല്ലാവരും ഒരു സുപ്രഭാതത്തിൽ കാണുന്നത് പൊലീസ് സ്റ്റേഷനിൽ വന്ന് മോശം ഭാഷയിൽ വിനായകൻ സംസാരിക്കുന്നതാണ്. മോശം ഭാഷ ഒന്നും ഞാൻ നോക്കിയിട്ട് കണ്ടില്ല, പക്ഷേ മാധ്യമങ്ങൾ അങ്ങനെയാണ് എഴുതി കണ്ടത്. 

വലിയ രീതിയിൽ പ്രതികരണം നടത്തുന്ന വിനായകനെ നമ്മൾ കാണുകയാണ്. സ്വാഭാവികമായിട്ടും വിനായകൻ പ്രശ്നക്കാരനാണ്, വിനായകൻ കുഴപ്പക്കാരനാണ്, വിനായകൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് മയക്കുമരുന്ന്  അടിമയാണ്, ലഹരിക്ക് അടിമയാണ് അങ്ങനെയുള്ള പലതരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹത്തിന് മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തന്നെ പൊലീസ് തന്റെ ഭാഗം ന്യായീകരിച്ച് വിജയിക്കുകയാണ് ഇവിടെ. സ്റ്റേഷനിൽ വന്ന വിനായകൻ കാണിച്ചത് തെമ്മാടിത്തരമാണ്,  കണ്ടോളൂ ഇയാൾ ഒരു വളരെ മോശപ്പെട്ട വെറുക്കപ്പെട്ട ആളാണ് എന്ന് നമ്മുടെ മുന്നിൽ കാണിക്കാൻ ശ്രമിക്കുന്നത് പൊലീസാണ്. തലമുടി നീട്ടി വളർത്തിയതിന്റെ പേരിൽ ഒരു ദലിതനെ തല്ലിക്കൊന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുള്ള ഈ നാട്ടിൽ, വരാപ്പുഴയിൽ പേര് മാറി ശ്രീജിത്ത് എന്ന പേരുള്ള ഒരു ദലിതനെ  അടിച്ചു കൊന്ന കേരള പൊലീസ് ഉള്ള നമ്മുടെ നാട്ടിൽ, പരാതി പറയാൻ വന്ന രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന ഒരു പട്ടാളക്കാരനെ അതിക്രൂരമായി മർദിച്ച ശേഷം അത് മറച്ചുവെച്ച കേരള പൊലീസിന്റെ ഉദ്യോഗസ്ഥന്മാരുള്ള നമ്മുടെ നാട്ടിൽ, പല വിധത്തിലും പലരീതിയിലും പലരെയും ഇന്നും അധികാരത്തിന്റെ ലാത്തി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊലീസ് ഇന്ന് സോഷ്യൽ മീഡിയയുടെ ഒരു ശക്തിയിൽ നിസ്സഹായതയാൽ പലപ്പോഴും തങ്ങളുടെ പഴമയുടെ അധികാരം ഉപയോഗിക്കാൻ കഴിയാതെ അസഹിഷ്ണു കൊണ്ടിരിക്കുന്ന ഒരുപാട് ഉദ്യോഗസ്ഥന്മാരുള്ള നമ്മുടെ നാട്ടിൽ, വിനായകൻ ഇവർക്കെതിരെ മോശമായ അഭിപ്രായം നടത്തിയെങ്കിൽ അതിന്റെ റിയാക്‌ഷൻ രണ്ടും നമുക്ക് അറിയണം.  

അതായത് ഒരു ആക്‌ഷനുള്ള റിയാക്‌ഷൻ ആണ് വിനായക നടത്തിയതെങ്കിൽ ആക്‌ഷൻ വിഡിയോ എവിടെ? ഇവിടെ നമ്മളിൽ ഒരാൾ നാളെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നാൽ അവിടെ പരാതിക്ക് ഒരു റെസിപ്റ്റ് പോലും നൽകാത്ത കേരള പൊലീസിന്റെ പല പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്ന ഈ നാട്ടിൽ അവിടെ ചെന്ന് ഉദ്യോഗസ്ഥൻ പറയുന്നത് റെക്കോർഡ് ചെയ്ത് പുറത്ത് വിടാനുള്ള പെർമിഷൻ അവർ നിങ്ങൾക്ക് തരുമെങ്കിൽ ഇവർ ചെയ്തത് ശരിയെന്ന് ഞാൻ പറയും. നാളെ മുതൽ കേരള പൊലീസുമായി ബന്ധപ്പെട്ട് ഓരോ സാധാരണക്കാരനും നടത്തിക്കൊണ്ടിരിക്കുന്ന ഇടപാടുകൾ അവൻ പൊലീസ് ഉദ്യോഗസ്ഥന്റെ പെർമിഷനോടുകൂടി ആ പൊലീസുകാരൻ എന്തൊക്കെ പറഞ്ഞു എന്ന് വിഡിയോ ഷൂട്ട് ചെയ്ത് പുറത്ത് വിടുന്നതിൽ കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥന്മാർക്കും എതിർപ്പില്ല എന്നുണ്ടെങ്കിൽ ഈ വിഡിയോയോട്  ഞാനും അനുകൂലിക്കാം.  

അതല്ലാത്തടത്തോളം കാലം നിങ്ങൾ നിങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ഒരു മനുഷ്യന്റെ പെർമിഷൻ ഇല്ലാതെ അയാളോട് നിങ്ങൾ എന്താണ് കാണിച്ചത്. ഉദ്യോഗസ്ഥന്മാർ അയാളോട്  എന്താണ് സംസാരിച്ചതെന്നും അദ്ദേഹത്തെ ഏത് രീതിയിൽ ഒക്കെയാണ് വിഷമിപ്പിച്ചതെന്നും എന്തുകൊണ്ട് അയാൾക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടായെന്നും അയാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ വീഡിയോ ഷൂട്ട് ചെയ്ത് ഇട്ടുവെന്നും അറിയണം.  ഒരു വ്യക്തിയുടെ പെർമിഷൻ ഇല്ലാതെ അയാളെ പൊതുമധ്യത്തിൽ മോശക്കാരനാക്കുന്ന ഒരു സമീപനമാണ് ഇത്.  മാനസാഷ്ട കേസ് ഫയൽ ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ അത് ചെയ്യാവുന്ന ഒരു കാര്യമാണ്. ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു നടൻ സ്വന്തം സമുദായത്തിലെ വ്യക്തികൾക്ക് എത്രത്തോളം കരുത്ത് പകർന്നു കൊടുക്കാമോ അത്രത്തോളം കരുത്ത് പകർന്നു കൊടുത്തിട്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് വിനായകൻ.  

വ്യക്തിയെന്ന നിലയിൽ പലപ്പോഴും എതിർക്കപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും എനിക്ക് വളരെ ആദരവുള്ള ഒരു വ്യക്തിയാണ് വിനായകൻ. ഈ വിഷയത്തിൽ വിനായകൻ ഒരു തെറ്റുകാരനാണെന്ന് എനിക്ക് തോന്നുന്നില്ല, എന്ന് മാത്രമല്ല കേരള പൊലീസിലെ ഉദ്യോഗസ്ഥന്മാർ കാണിച്ച പ്രവൃത്തിയോട് എനിക്ക് ഒരു രീതിയിലും യോജിപ്പില്ല.  കേരള പൊലീസിലെ ഉദ്യോഗസ്ഥന്മാർ തന്നോട് മോശമായി പെരുമാറി എന്ന് വിനായകൻ നാളെ ഒരു പ്രസ്താവന കൊടുത്താൽ വിനായകൻ ഞങ്ങളോടും  മോശമായി പെരുമാറിയിട്ടുണ്ട് ഞങ്ങൾക്ക് റെക്കോർഡ് ഉണ്ട് എന്ന് പറഞ്ഞിട്ട് അതിനുശേഷം നിങ്ങൾ ഈ വിഡിയോ കാണിച്ചുവെങ്കിൽ അതൊരു മര്യാദ ആയിരുന്നു. പക്ഷേ നിങ്ങൾ അങ്ങനെയല്ല ചെയ്തത്. അടുത്തിടെ ഇന്ത്യയിൽ സൂപ്പർ ഹിറ്റ് ആയ ‘ജയിലർ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുഴുവൻ അഭിമാനമായ ഒരു നടനെ അയാൾക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങളുടെ പേരിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള ലക്ഷ്യത്തോടുകൂടി വിഡിയോ പുറത്തുവിടുകയാണ് നിങ്ങൾ ചെയ്തത്.  

ആ വീഡിയോ കാണുമ്പോൾ തന്നെ നമുക്കറിയാം ഒരിക്കലും മീഡിയ  എടുത്ത വിഡിയോ അല്ല. നിങ്ങളിൽ ഒരാൾ തന്നെ എടുത്ത വിഡിയോ ആണ്.  ഇനിമുതൽ കേരള പൊലീസ് ഒരു സാധാരണക്കാരനോട് ഇടപെടുന്ന എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യാൻ സാധാരണക്കാരനും അനുവാദം ഉണ്ടായിരിക്കണം. അല്ലാതെ ക്യാമറയും കൊണ്ട് നടന്ന് ആൾക്കാരുടെ മുന്നിൽ നല്ലപിള്ള ചമയുന്ന പൊലീസുകാരെ നമുക്ക് വലിയ താല്പര്യമില്ല. എപ്പോൾ ഈ ക്യാമറ കട്ട് ആവുന്നോ അപ്പോൾ ഇവരുടെ ഗുണം മാറുന്നത് എങ്ങനെയാണെന്ന് പല സ്റ്റേഷനിലും പല രീതിയിലും പോയി പല ഇടപാടുകളും നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിക്കറിയാം. ഒരുപാട് നല്ല മനുഷ്യരും ഒരുപാട് സാമൂഹ്യ സേവനം ചെയ്യുന്ന നല്ല പൊലീസുകാരും ഉദ്യോഗസ്ഥന്മാരും ഉള്ളതുപോലെ തന്നെ ഒരുപാട് ക്രിമിനൽ മൈൻഡ് ഉള്ള കാക്കിയിട്ട പൊലീസ് ഉദ്യോഗസ്ഥന്മാർ നമ്മുടെ നാട്ടിലുണ്ട്.  ഇത്തരം ന്യായീകരണത്തിലകങ്ങളായി പൊലീസുകാർ മാറാൻ പാടില്ലായിരുന്നു.  

ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ അപമാനിച്ചു കാണിച്ചുകൊണ്ട് ഞങ്ങൾ വലിയ ആൾക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി ഈ കാണിച്ച രീതിയോട് ഒരു രീതിയിലും യോജിപ്പില്ല. ഈ രീതിയോട് നൂറ് ശതമാനം യോജിക്കാൻ ഒറ്റ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി. നാളെ മുതൽ ഏത് വ്യക്തി അവിടെ വന്ന് പരാതി പറയുന്നുവോ അവൻ പൊലീസുമായി ഇടപെടുമ്പോൾ അത് മുഴുവൻ റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ അവനും കൊടുക്കണം. എന്ന് പറഞ്ഞുകൊണ്ട് ഈ വിഷയത്തിൽ വിനായകന്റെ ഭാഗത്തോട് ചേർന്ന് നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.  അനുകൂലിക്കുന്നവർക്ക് അനുകൂലിക്കാം എതിർക്കേണ്ടവർക്ക് എതിർക്കാം. രണ്ടായാലും എന്നെ സംബന്ധിച്ച് ഇതാണ് എന്റെ നിലപാട്.’’– അഖിൽ മാരാർ പറഞ്ഞു.

English Summary:

Akhil Marar support Vinayakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com