ADVERTISEMENT

ആത്മഹത്യ ചെയ്ത നടി രഞ്ജുഷ മേനോൻ അവസാന നാളുകളില്‍ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് വിഷാദവും ഒറ്റപ്പെടലും. ഫെയ്സ്‌ബുക് ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഫെയ്സ്‌ബുക് പോസ്റ്റുകളിൽ വിഷാദത്തിന്റെ സൂചന നൽകിയിരുന്നെങ്കിലും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നിറയെ സന്തോഷം നിറഞ്ഞ പോസ്റ്റുകളും റീൽസ് വിഡിയോയും ആയിരുന്നു. അതുകൊണ്ടുതന്നെ രഞ്ജുഷ എന്തിനിങ്ങനെ ചെയ്തു എന്നറിയാതെ കുഴങ്ങുകയാണ് സഹപ്രവർത്തകർ. പിറന്നാൾ ആശംസ പറയേണ്ട ദിവസം ആദരാഞ്ജലി അർപ്പിക്കേണ്ടിവന്നതിന്റെ നോവിലാണ് രഞ്ജുഷയുടെ പ്രിയ സുഹൃത്തുക്കളും സഹതാരങ്ങളും.

രഞ്ജുഷ ഫെയ്സ്ബുക്കിൽ അവസാനമായി പങ്കുവച്ച പോസ്റ്റിലും സങ്കടങ്ങളുടെ സൂചനകൾ നൽകിയിരുന്നു. ആ പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്. ‘‘തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര് ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മൾ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേൽ തൊട്ടോ? തെങ്ങിന്റെ ഓലമ്മേൽ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാൽ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകൾ നിങ്ങളെ ഇൻസൽട്ട് ചെയ്യുമ്പോൾ നിങ്ങൾക്കു വേദനിക്കുന്നതുകൊണ്ടാണ് അവർ വീണ്ടും അത് ചെയ്യുന്നത്. നിങ്ങൾ അതിനെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവർക്കു തോന്നിയാൽ അവരാ പണി നിർത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഹ്യൂമന്‍ നേച്ചർ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്.’’

മറ്റു പോസ്റ്റുകളിലെ വാചകങ്ങൾ ഇങ്ങനെ, ‘‘ചിലരുടെ വാക്കുകളിൽ സ്നേഹം ഉണ്ടെന്നു കരുതി ഹൃദയത്തിൽ സ്നേഹം ഉണ്ടാകണം എന്നില്ല.  ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാൾ ചില കണക്കുപറച്ചിലുകൾ നമ്മൾ കേൾക്കേണ്ടിവരും.’’

‘‘ഉറക്കം മാത്രമാണ് എനിക്ക് സമാധാനം തരുന്നത്. കാരണം ഉറങ്ങുമ്പോൾ എനിക്ക് ദുഃഖമില്ല, കോപമില്ല, ഒറ്റപ്പെടലില്ല, ഒന്നുമില്ല. വിശ്വാസം നേടാൻ വർഷങ്ങൾ വേണ്ടിവരും. എന്നാൽ അത് ഇല്ലാതെയാകാൻ സെക്കൻഡുകൾ മതി, പിന്നെ ഒരിക്കലും  തുന്നിച്ചേർക്കാൻ കഴിഞ്ഞെന്നുവരില്ല.’’ ഇങ്ങനെ പോകുന്നു നടി രഞ്ജുഷ മേനോൻ അവസാനമായി പങ്കുവച്ച പോസ്റ്റുകൾ. എന്നാൽ  ഇൻസ്റ്റഗ്രാമിൽ നടി ശ്രീദേവി അനിൽ പങ്കുവച്ച റീൽസുകളാണ് ഒടുവിൽ ഷെയർ ചെയ്തിരിക്കുന്നത്. ശ്രീദേവി അനിലും രഞ്ജുഷയും ഒരുമിച്ചു ചെയ്ത രസകരമായ റീൽസ് ആണ് അവയെല്ലാം.

രണ്ടു ദിവസം മുൻപ് സീരിയൽ സെറ്റിൽനിന്ന് പോകുമ്പോഴും രഞ്ജുഷ ഉല്ലാസവതിയായാണ് കാണപ്പെട്ടതെന്ന് ‘ആനന്ദരാഗം’ എന്ന സീരിയലിന്റെ അണിയറപ്രവർത്തകർ പറയുന്നു. സെറ്റിൽ രഞ്ജുഷ സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്. എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്ന രഞ്ജുഷയെ ദുഃഖിതയായി കണ്ടിട്ടേയില്ല എന്നാണു സഹപ്രവർത്തകർ പറയുന്നത്. രഞ്ജുഷയുടെ പിറന്നാളായിരുന്നു. ‘ഇന്ന് അടിച്ചുപൊളിച്ച് ആഘോഷിക്കണം’ എന്നൊക്കെ പറഞ്ഞിട്ടാണ് സെറ്റിൽ നിന്ന് പോയത്. ഇടയ്ക്കിടെ ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന രഞ്ജുഷ രണ്ടു ദിവസം മുൻപ് സെറ്റിൽ തലകറങ്ങി വീണിരുന്നു. സമയമായിട്ടും സെറ്റിൽ എത്താതിരുന്നതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ വിളിച്ച് അന്വേഷിച്ചത്. ശ്വാസം മുട്ടലുണ്ടായി കിടക്കുകയായിരിക്കും എന്നാണു കരുതിയതെന്നു സഹപ്രവർത്തകർ പറയുന്നു.

നടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മരണ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പങ്കാളി മനോജ് വർമയ്ക്കൊപ്പം തിരുവനന്തപുരം കരിയത്തുള്ള ഫ്‌ളാറ്റിലാണ് രഞ്ജുഷ താമസിച്ചിരുന്നത്. കൊച്ചി സ്വദേശിനിയായ രഞ്ജുഷയ്ക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളുണ്ട്. രഞ്ജുഷ അഭിനയത്തിന്റെ തിരക്കിലായതിനാൽ മകൾ നടിയുടെ അമ്മയുടെ സംരക്ഷണയിലാണ്. ഇംഗ്ലിഷിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷമാണ് രഞ്ജുഷ അഭിനയത്തിൽ സജീവമാകുന്നത്. മികച്ച നർത്തകി കൂടിയായ താരം  ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.

English Summary:

Serial Actress Renjusha Menon's Last Social Media Post Goes Viral After Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com