ഇതെന്താ ‘കുട്ടി എൻസൈക്ലോപീഡിയ’യോ? കണ്ണു തള്ളി മുകേഷും നവ്യാ നായരും; മുട്ട് മടക്കി റിമി ടോമി

Mail This Article
ആകാശത്തിനു കീഴിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, ബഹിരാകാശത്തുള്ള കാര്യങ്ങളെക്കുറിച്ചും സർഗ ബിജോയ് എന്ന കൊച്ചു മിടുക്കിക്ക് നല്ല അറിവാണ്. ആ അറിവിനു മുന്നിൽ അദ്ഭുതപ്പെട്ടു നിന്നു മുകേഷും നവ്യാ നായരും. കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് ഗായിക റിമി ടോമിയും മുട്ടു മടക്കി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കിടിലം’ റിയാലിറ്റി ഷോയിലാണ് തന്റെ അറിവ് പങ്കു വച്ച് കോട്ടയം സ്വദേശിനി സർഗ കഴിവു തെളിയിച്ചത്.
ചോദ്യങ്ങൾക്കെല്ലാം മണി മണി പോലെ ഉത്തരം പറയുന്ന സർഗ ബിജോയ് എന്ന കൊച്ചു മിടുക്കിക്ക് കുഞ്ഞുപ്രായത്തിൽ അറിഞ്ഞിരിക്കേണ്ടതിനെക്കാൾ ഏറെ കാര്യങ്ങൾ അറിയാം. പഠിക്കാനും അത് ഓർമയിൽ സൂക്ഷിക്കാനും അസാമാന്യ കഴിവുള്ള സർഗ തന്റെ ഓർമ ശക്തിയും അറിവും പങ്കുവയ്ക്കുന്നതിനായാണ് കിടിലം വേദിയിൽ എത്തിയത്.
തുടക്കം കെമിക്കൽ എലമെന്റ്സ് ഏതൊക്കെയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു. മുകേഷ് ചോദ്യം ചോദിക്കേണ്ട താമസം, ഹൈഡ്രജൻ, ഹീലിയം , ലിഥിയം എന്ന ക്രമത്തിൽ നൂറിലേറെ വരുന്ന കെമിക്കൽ എലെമെന്റുകൾ ഒന്നൊന്നായി സർഗ പറഞ്ഞു തീർത്തു. കേട്ടിരുന്ന ജഡ്ജസിന്റെ മുഖത്തും കാണികളുടെ മുഖത്തും ഒരേ സമയം അദ്ഭുതം വിരിഞ്ഞു.
അടുത്ത അവസരം നവ്യാ നായരുടേത് ആയിരുന്നു. പ്രശസ്തരായ വ്യക്തികളെയും അവരുടെ കൃതികളെയും കുറിച്ച് ചോദിച്ചപ്പോൾ, ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷിസ് മുതൽ ഇ.എം.ഫോർസ്റ്ററിന്റെ എ പാസ്സേജ് ടു ഇന്ത്യ വരെയുള്ള പുസ്തകങ്ങളുടെ നിര സർഗ പങ്കുവച്ചു. റിമി ടോമി ഗ്രഹങ്ങളെയും കുള്ളൻ ഗ്രഹങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ, ഒന്നിനു പുറകെ ഒന്നായി 8 ഗ്രഹങ്ങളുടെയും 5 കുള്ളൻ ഗ്രഹങ്ങളുടെയും പേര് സർഗ പറഞ്ഞു.
ലോകത്തിലെ മരുഭൂമികളെക്കുറിച്ചുള്ള നവ്യയുടെ ചോദ്യത്തിനും വിവിധങ്ങളായ തുമ്പികളെക്കുറിച്ചുള്ള മുകേഷിന്റെ ചോദ്യത്തിനും സർഗ ആവേശത്തോടെ ഉത്തരം നൽകി. തുടർന്ന് ശരീരത്തിലെ അൻപതോളം ആന്തരിക അവയങ്ങളെയും ഇന്ത്യയുടെ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും നിരതെറ്റാതെ സർഗ പരിചയപ്പെടുത്തി. ഇത്രയും ആയപ്പോഴേക്കും സർഗയുടെ അറിവിനു മുന്നിൽ ജഡ്ജ്മാർ ‘ഫ്ലാറ്റായി!’