15 വർഷത്തെ സൗഹൃദം, പ്രണയം തുറന്ന് പറഞ്ഞപ്പോൾ ‘നോ’ പറഞ്ഞു: പ്രണയകഥ പങ്കുവച്ച് ഹരിത

Mail This Article
മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ വിനായകുമായുള്ള വിവാഹം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ബാല്യകാല സുഹൃത്താണ് വരൻ, വർഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്, ഇരു കുടുംബങ്ങളുമായും വർഷങ്ങളുടെ പരിചയമുണ്ട്. അതിനാൽ തന്നെ ഹരിതയുടെയും വിനായകിന്റെയും പ്രണയവിവാഹമായിരുന്നു എന്ന സംശയമായിരുന്നു പ്രേക്ഷകർക്കെല്ലാം. ഹരിത തന്നെ ആ ചോദ്യത്തിനുള്ള ഉത്തരവുമായി വന്നിരിക്കുകയാണ്.

‘‘എന്നെ സംബന്ധിച്ചിടത്തോളം ഇത് തീർത്തും അറേഞ്ച്ഡ് ആയ ഒരു വിവാഹമാണ്. അതിനു പല കാരണങ്ങളുണ്ട്. വർഷങ്ങളുടെ പരിചയവും സൗഹൃദവും ഒക്കെ ഉണ്ടായിരുന്നു എങ്കിലും വിവാഹം എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് മുന്നോട്ട് ഒരുമിച്ചു യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.’’– ഹരിത പറയുന്നു.
എന്നാൽ തന്നെ സംബന്ധിച്ച് ഇതൊരു പ്രണയ വിവാഹം തന്നെയാണെന്നാണ് വിനായക് പറയുന്നത്. ഹരിതയോടുള്ള നീണ്ട കാലത്തെ സൗഹൃദത്തിനു ശേഷം വിനായക് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കേട്ടപ്പോൾ തന്നെ ആ പ്രൊപ്പോസൽ വേണ്ടെന്നു വച്ച് നോ പറയുകയും സുഹൃത്തുക്കളായി തുടരാൻ താൽപര്യപ്പെടുകയുമാണ് ഹരിത ചെയ്തത്.
‘‘15 വർഷത്തെ സൗഹൃദമാണ് ഞങ്ങൾക്കിടയിലുള്ളത്. അത്രയും പരിചയം കുടുംബങ്ങൾക്കിടയിലും ഉണ്ട്. ചെറുപ്പം മുതൽ ഞങ്ങൾ വിവാഹിതരായി കാണണം എന്ന ആഗ്രഹം മാതാപിതാക്കൾ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഞങ്ങൾ സുഹൃത്തുക്കളായി മുന്നോട്ട് പോയി. 15–ാം ഫ്രണ്ട്ഷിപ്പ് ആനിവേഴ്‌സറിക്ക്, അന്നെന്റെ പിറന്നാൾ കൂടി ആയിരുന്നു, വിനായക് എനിക്ക് 15 സമ്മാനപ്പൊതികൾ തന്നു. കൂട്ടത്തിൽ ഒരു ഡയറിയും. ഞങ്ങൾ ഒരുമിച്ചുള്ള ചെറുപ്പം മുതലുള്ള ഫോട്ടോകൾ, നല്ല കുറിപ്പുകൾ എല്ലാം അടങ്ങിയ ഒന്നായിരുന്നു സമ്മാനമായ ആ ഡയറി. ആ സമ്മാനത്തിനൊടുവിലാണ് വിനായക് പ്രണയം തുറന്ന് പറയുന്നതും പ്രൊപ്പോസ് ചെയ്യുന്നതും. എന്നാൽ കേട്ട ഉടൻ ഞാൻ ‘നോ’ പറഞ്ഞു.’’–ഹരിത പറയുന്നു.

നല്ല സുഹൃത്തുക്കളായി തുടരുന്നതിനായാണ് ഹരിത നോ പറഞ്ഞത്. എന്നാൽ പിന്നീട്, വീട്ടുകാരും ഇതേ കാര്യം ആവശ്യപ്പെട്ടു.കാലങ്ങളായി പരിചയമുള്ള വ്യക്തിയാണ്, കുടുംബമാണ്. പരസ്പരം നന്നായി മനസിലാക്കിയവരാണ്. ഇഷ്ടാനിഷ്ടങ്ങളും ലക്ഷ്യങ്ങളുമെല്ലാം അറിയാം തുടങ്ങിയ കാര്യങ്ങളെല്ലാം വീട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ ഒന്നരപതിറ്റാണ്ടായി ഉള്ള സൗഹൃദം വിവാഹത്തിലൂടെ കൂടുതൽ ശക്തമാക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് ഒരിക്കൽ ഒരുപാട് സ്നേഹത്തോടെ വേണ്ടെന്നു പറഞ്ഞ വിനായകിന്റെ പ്രണയം ഹരിത സ്വീകരിച്ചതും വിവാഹത്തിൽ എത്തിയതും.
സ്വസ്ഥവും സമാധാനപരവുമായി ജീവിക്കണം എന്നതാണ് ഈ നിമിഷം ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും അത് പോലെ കരിയറിൽ ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് എത്താൻ കഴിയണമെന്ന പ്രാർത്ഥനമാത്രമാണുള്ളതെന്നും ഹരിത നായർ പറയുന്നു. മിനിസ്‌ക്രീനിൽ ഒട്ടേറെ സീരിയലുകളിൽ നായികാപ്രാധാന്യമുള്ള വേഷത്തിലൂടെയെത്തിയ ഹരിത കുടുംബ സദസുകളുടെ പ്രിയങ്കരിയാണ്.