ADVERTISEMENT

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോൾ മറ്റുള്ളവർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്ന് സജ്ന പറയുന്നു. കുടുംബം പോലെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തിൽ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നും സജ്‌ന വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.

‘‘കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്.

ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സാ​ഹചര്യമാണ്. വിഷമമുണ്ട്. ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായി കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് ഞാൻ നിന്നിരുന്നത് ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു. 

അയാൾ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പുറകിൽ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാൻ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാൻ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പെട്ടെന്ന് ഞാൻ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാൻ അയാളോട് അവിടെനിന്നു പോകാൻ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. ഞാൻ കുറേ കരഞ്ഞു. 

ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്. എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. ഞങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ വന്നെന്നൊന്നും കരുതരുത്. ഞങ്ങൾ തമ്മിൽ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലർ പറയുന്നുണ്ട്. അത് ഇപ്പോൾ വരുന്ന ചില റീൽസ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേർപിരിയലിൽ ഷിയാസിന് യാതൊരു ബന്ധവും ഇല്ല. ഷിയാസിനെ ഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വിഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. ഫിറോസ് ചില വിഡിയോ ഇടുന്നുണ്ടല്ലോ എന്താണ് കാരണം എന്നൊക്കെ. ഞാൻ ഇക്കയെ വിളിച്ചു പറഞ്ഞു, ‘‘ഇക്ക നമ്മൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. അതുകൊണ്ട് ആളുകളെക്കൊണ്ടു മോശം പറയിക്കുന്ന രീതിയിൽ പെരുമാറരുതെന്ന്’’. 

വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേ​ദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്. 

വീട്ടിൽ ഇപ്പോൾ ഉമ്മയും മക്കളും മാത്രം. ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ എന്നത്. ഞങ്ങള്‍ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ടു പേരുടെയും പേരിലാണ്. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങൾ‌ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ തന്നെയാണ്. ഒന്നുകിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കും.’’–സജ്ന പറയുന്നു. 

ആദ്യ വിവാഹം പരാജയപ്പെട്ടതിനു ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. സജ്ന സീരിയൽ അഭിനയവുമായും സജീവമായിരുന്നു.

English Summary:

Bigg Boss malayalam fame Sajna Firoz announced her divorce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com