ADVERTISEMENT

പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസിലെ സൈക്കോ ബാലചന്ദ്രൻ എന്ന എന്റെ കഥാപാത്രം ആരാണ്, അയാളുടെ സ്വഭാവമെന്താണ് എന്നൊക്കെ എഴുത്തുകാരനായ ദീപു പ്രദീപ് കഥ തീരുമാനിക്കും മുൻപേ തിട്ടപ്പെടുത്തിയിരുന്നതാണ്. ഒരു സൈക്കോ എന്നതിൽ ഉപരി അയാളൊരു ബുദ്ധിമാനാണ്. എല്ലാവരെയും പറ്റിക്കാനും കുസൃതികളൊപ്പിക്കാനും ഏറെ താൽപര്യമുള്ളയാൾ. ഈ വേഷത്തെക്കുറിച്ചു പറഞ്ഞപ്പോൾ ആകെ എനിക്കു സ്വന്തമായുണ്ടായിരുന്നത് എന്റെ മീശ മാത്രമാണ്. ചെവിയിലെ പൂവും നെറ്റിയിലെ കുറിയും ഒരു മറുകുമെല്ലാം നൽകി ആ കഥാപാത്രത്തിന്റെ സ്റ്റൈൽ പരുവപ്പെടുത്തിയത് ദീപുവും സംവിധായകൻ പ്രവീണും മേക്കപ്പ് മാൻ അമലും ചേർന്നാണ്. 

നേരിട്ടു രംഗത്തില്ലാത്ത സീനുകളിൽ പോലും കക്ഷിയെക്കുറിച്ചു മറ്റു കഥാപാത്രങ്ങൾ സംസാരിക്കുന്നു എന്നതാണു മറ്റൊരു പ്രത്യേകത. സീരിസിൽ ഏറ്റവും ചിരി പടർത്തിയ സീനാണ് ബാലചന്ദ്രൻ സിഗ്നൽ നൽകുന്ന സീൻ. കാമുകനെത്തിയെന്ന് അറിയിക്കാൻ കാമുകിക്കു സിഗ്‌നൽ നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ബാലചന്ദ്രൻ പൊട്ടിച്ചത് ചിരിയുടെ അമിട്ടായിരുന്നെന്ന് ആ സീൻ കണ്ട എല്ലാവരും പറഞ്ഞു. 

ഗുണ്ട് എറിയുന്ന രംഗം ചിത്രീകരിക്കുകയാണ്. വൻ ഗുണ്ട് കയ്യിലുണ്ട്. നല്ല അസ്സൽ തിരിയും. അതിനു തീ കൊളുത്തണം. ഷൂട്ടിങ്ങിനു പതിവിൽ നിന്നു മാറി കൂടുതൽ ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. രാവിലെ മുതൽ അഭിനയിച്ച് ഞാൻ മൊത്തത്തിൽ ഒരു സൈക്കോ മൂഡിലാണെന്നു കാണിക്കാൻ അസ്വാഭാവിക ചിരിയൊക്കെ പാസാക്കി ഇങ്ങനെ നിൽക്കുകയാണ്. ഗുണ്ട് കയ്യിലെടുത്തുള്ള ആക്ഷനൊക്കെ കണ്ടപ്പോൾ സെറ്റിലുള്ള ചിലരെങ്കിലും ഒരടി പിന്നിലേക്കു നിന്നു. ഇവനിനി ശരിക്കും സൈക്കോ ആയി ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് എറിയുമോ എന്നു കരുതിക്കാണും.

തിരി കത്തിത്തീരും മുൻപേ കൃത്യമായി ജനലിലൂടെ എറിയണം. ജനൽപ്പാളിയാണെങ്കിൽ ചെറുതും. ആദ്യ 2 തവണയെറിഞ്ഞത് പാളിപ്പോയി. ചുറ്റുമുള്ളവർ ആശ്വാസത്തോടെ നെടുവീർപ്പെട്ടു. മൂന്നാമത്തെ ടേക്കാണ്. തുടരെ രണ്ടു സിക്സർ കിട്ടിയ ബോളറെപ്പോലെ ഞാൻ നിൽക്കുകയാണ്. അതിന്റെ പിരിമുറുക്കം എനിക്കുണ്ട്.

മൂന്നാമത്തെ ടേക്കിൽ ഗുണ്ട് കൃത്യമായി ജനലിലൂടെ വീട്ടിലെത്തി. കൃത്യസമയത്ത് സ്ഫോടനം! ഏറു വീണപ്പോൾ ചിലരെങ്കിലും ചെവി പൊത്തി. ഒരനക്കവും ഇല്ല, സംവിധായകൻ ഒകെയും കട്ടും പറഞ്ഞു. എല്ലാവരും എന്നെ നോക്കി.

ഗുണ്ടിന്റെ തിരി മാത്രമായിരുന്നു ഒറിജിനൽ, ലൈറ്റുകൾ ഉപയോഗിച്ചു നടത്തിയ ഗിമിക്കായിരുന്നു സ്ഫോടനം പോലെ തോന്നിപ്പിച്ചത്. ചിത്രീകരണത്തിന് ഉപയോഗിച്ച ഗുണ്ടിൽ ആകെയുണ്ടായിരുന്നതു ചകിരി മാത്രം. ശരിക്കും ഗുണ്ട്, ഞാൻ എറിയാനോ? പിന്നെ....

English Summary:

Aju Varghese about Psycho Balachandran character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com