ADVERTISEMENT

ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുെടയും വിവാഹത്തലേന്നുള്ള ആഘോഷത്തിനിടയിലെ ജീവയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നാട്ടുകാരെ മുഴുവൻ അറിയിച്ചിട്ടും ഉറ്റസുഹൃത്തായ തന്നോട് വിവാഹക്കാര്യം പറയുന്നത് കല്യാണത്തിനു മൂന്നു ദിവസം മുൻപാണെന്ന് ജീവ പറയുന്നു. ജിപിയുടെ ഉറ്റ സുഹൃത്താണ് ജീവ. ജീവയെ നേരിട്ട് കല്യാണം ക്ഷണിക്കണം എന്നായിരുന്നു ജിപിയുടെ ആഗ്രഹം. എന്നാൽ രണ്ടുപേരുടെയും തിരക്കുകൾ കാരണം നേരിട്ട് കാണാൻ കഴിയാതെ ഒടുവിൽ കല്യാണത്തിന്റെ തലേദിവസം ആണ് തന്നെ ഫോണിൽ വിളിച്ച് കല്യാണം ആയി എന്ന് പറഞ്ഞതെന്ന് ജീവ പറയുന്നു. ഗോപിക നേരിട്ട് ക്ഷണിച്ചതുമില്ല എങ്കിലും ഉറ്റ സുഹൃത്തുക്കൾ തമ്മിൽ കല്യാണം വിളിയുടെ ആവശ്യമില്ലെന്നും അവരുടെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചുണ്ടാകുന്നവരാണ് യഥാർഥ സുഹൃത്തുക്കളെന്നും ജീവ പറഞ്ഞു. ജിപിയുടെയും ഗോപികയുടെയും സംഗീത് ചടങ്ങിനെത്തിയ ജീവ, വേദിയിൽ വച്ചാണ് ജിപി വിവാഹം നേരിട്ട് ക്ഷണിക്കാൻ നടന്ന രസകരമായ കഥ പങ്കുവച്ചത്. വേദിയിലെത്തിയ ജിപിയും ജീവയെ ട്രോളാൻ മറന്നില്ല.  

‘‘ഗോവിന്ദ് പത്മസൂര്യയെ പരിചയപ്പെടാൻ വളരെ വർഷങ്ങൾക്ക് മുൻപ് ഒരു അവസരം ഉണ്ടായി.  എന്തെന്ന് അറിയില്ല, ഞങ്ങളുടെ നിഷ്കളങ്കത്തമാണോ തമ്മിൽ അടുപ്പിച്ചത് എന്ന് അറിയില്ല.  ഞങ്ങൾ പരിചയപ്പെട്ട ദിവസം മുതൽ ഇടയ്ക്കിടെ കാണുമ്പോഴൊക്കെ ഞാൻ ചോദിക്കാറുണ്ട് ജിപി, എന്നാണു കല്യാണം. കുറെ തവണ ചോദിച്ചിട്ടുണ്ടെങ്കിലും എപ്പോഴും ഒരു ഒഴിഞ്ഞു മാറ്റം ആയിരുന്നു. അങ്ങനെ കുറെ നാളുകൾക്ക് ശേഷം ജിപി എന്നെ വിളിക്കുകയാണ്. ‘‘എടാ നീ എവിടെയാണ്?’’ ഞാൻ പറഞ്ഞു, ‘‘അസർബൈജാനിലാണ്, എന്താണ് കാര്യം?.  ജിപി പറഞ്ഞു, ‘‘എനിക്ക് നിന്നെ നേരിട്ട് ഒന്ന് കാണണം ഒരു കാര്യം സംസാരിക്കാനുണ്ട്’’.  ഞാൻ ചോദിച്ചു, ‘‘എന്താണ് കാര്യം ഫോണിൽ കൂടി പറഞ്ഞുകൂടേ ?’’ ജിപി പറഞ്ഞു ഇല്ലെടാ നേരിട്ട് പറയാം.  അങ്ങനെ ഞാൻ നാട്ടിൽ വന്നപ്പോൾ ജിപിയെ വിളിച്ചു. അപ്പോൾ അവൻ പറഞ്ഞു എടാ, ഞാൻ ഇപ്പൊ അത്യാവശ്യമായി പട്ടാമ്പി വന്നിരിക്കുകയാണ്. പിന്നെ ഒരിക്കൽ വിളിച്ചപ്പോൾ ഹൈദരാബാദിൽ ആണ്. അല്ലെങ്കിൽ മുംബൈയിൽ ആണ്. അങ്ങനെ അവൻ പലസ്ഥലത്ത് ഓടി നടക്കുകയാണ്.  ഞാൻ നാട്ടിൽ വരുമ്പോൾ ജിപി നാട്ടിൽനിന്നു പോകും, ജിപി നാട്ടിൽ വരുമ്പോ ഞാൻ ഉണ്ടാകില്ല. അങ്ങനെ ഞാൻ ഞാൻ വളരെ വിഷമത്തോട് കൂടി പറയുകയാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ വിവാഹനിശ്ചയം ഏറ്റവും ഒടുവിൽ അറിഞ്ഞ കൂട്ടുകാരൻ ആണ് ഞാൻ.  

അങ്ങനെ ഞാൻ ഒരു ദിവസം ഞാൻ കോഴിക്കോട് വഴി പോകുമ്പോൾ പട്ടാമ്പിയിൽ ജിപിയുടെ വീട്ടിൽ  ഇറങ്ങാം, അവിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം എന്ന് തീരുമാനിച്ചു. ജിപി രാവിലെ ഭക്ഷണം കഴിക്കാതെ എന്നെ കാത്തിരിക്കുകയാണ്. പക്ഷേ ഗൂഗിൾ മാപ്പ് വിശ്വസിച്ച് പോയ ഞാൻ പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്റർ മുന്നിലായിപ്പോയി. ജിപിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ ചോദിച്ചു, നീ എങ്ങോട്ടാ?. ഞാൻ പറഞ്ഞു, ‘‘കോഴിക്കോട് പോവുകയാണ്’’. എന്നാൽ നമുക്ക് മറ്റന്നാൾ കോഴിക്കോട് കാണാമെന്ന് ജിപി പറഞ്ഞു. എന്റെ കൂടെയുള്ള സുഹൃത്ത് ചോദിച്ചു ‘ജിപി ചേട്ടൻ കുറെ നാളായി വിളിക്കുന്നല്ലോ. എന്തോ കാര്യമുണ്ട്.’  ഞാൻ പറഞ്ഞു, ഏതായാലും വൈകിട്ട് ജിപി കോഴിക്കോട് വരും അവിടെ വച്ച് കാണാെമന്ന്.  

അന്ന് വൈകിട്ട് പരിപാടി കഴിഞ്ഞു ഞാൻ ജിപി യെ വിളിക്കുന്നു, പക്ഷേ എടുത്തില്ല. മൂന്നു പ്രാവശ്യം വിളിച്ചു എടുത്തില്ല. ഒടുവിൽ ജിപി വിഡിയോ കാൾ ചെയ്തപ്പോൾ ഒരു പ്രോഗ്രാമിൽ ആയതു കാരണം ഞാൻ കട്ട് ചെയ്തു. അങ്ങനെ ഞാൻ കോഴിക്കോട് ഒരു പബ്ലിക് പരിപാടിയുടെ അവതാരകനായി നിൽക്കുകയാണ്. സ്റ്റേജിൽ കയറാൻ നിൽക്കുമ്പോൾ ജിപി വിളിക്കുന്നു. എന്തായാലും എടുത്തേക്കാം എന്ന് വിചാരിച്ചു ഞാൻ എടുത്തു. ജിപി ചോദിച്ചു, ‘‘എടാ നീ എവിടെയാ?’’. ഞാൻ പറഞ്ഞു ഞാൻ ഒരു ഇവന്റിന് കയറാൻ നിൽക്കുവാ, അത്യാവശ്യകാര്യമാണോ.  അത്യാവശ്യമാണെന്ന് ജിപി പറഞ്ഞു. ഞാൻ ചോദിച്ചു ‘എന്താ പറ’, ജിപി പറഞ്ഞു "എടാ എന്റെ കല്യാണമാണ്".  ഞാൻ ഞെട്ടി.  പെട്ടെന്ന് സ്റ്റേജിൽ കയറാൻ ഡയറക്ടർ പറഞ്ഞു, കോൾ കട്ട് ചെയ്ത് ഞാൻ കയറി.  അന്ന് എങ്ങനെ ഞാൻ സംയമനം പാലിച്ചെന്ന് അറിയില്ല കാരണം എന്റെ വായിൽ നിന്ന് ഈ വാർത്ത പുറത്തു പോകുമോ എന്ന് അറിയില്ല. പക്ഷേ ആരാണ് കുട്ടി എന്ന് എനിക്ക് അറിയില്ല, എന്നാണു കല്യാണം എന്ന് അറിയില്ല, ആകെ എന്റെ കയ്യിൽ ഉള്ള ഒറ്റ ന്യൂസ് ജിപി പറഞ്ഞ കല്യാണക്കാര്യം മാത്രം. എന്നിട്ട് ഇവൻ എന്നോട് പറഞ്ഞത് നീ എന്റെ കല്യാണത്തിനും എൻഗേജ്മെന്റിനും ഹൽദിക്കും സംഗീതിനും വരണം എന്ന്. ചക്കിക്കൊത്ത ചങ്കരൻ ആണ് ഗോപിക. ഇന്ന് ഈ നിമിഷം വരെ എന്നെ അവൾ കല്യാണം വിളിച്ചിട്ടില്ല. രണ്ടു ദിവസം മുൻപ് എന്നെ കല്യാണത്തിന് വിളിച്ച ജിപിക്കും ഗോപികയ്ക്കും എല്ലാ ആശംസകളും നേരുന്നു.’’–ജീവയുടെ വാക്കുകൾ.

jeeva-gp-haldi-aparna5

ഇതിനു ജിപിയുടെ മറുപടി: ‘‘ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോള്‍, കഴിവതും എല്ലവരെയും നേരിട്ട് പോയി ക്ഷണിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.  ഇപ്പോള്‍ ഇവിടെ ഇരിക്കുന്ന പല കൂട്ടുകാരെയും ഞാൻ നേരിട്ട് പോയിട്ടാണ് വിളിച്ചത്. സ്വാഭാവികമായിട്ടും ജീവയോട് നേരിട്ട് പറയണം എന്നുണ്ടായിരുന്നു.  ജീവയെ വിളിച്ചപ്പോ അവൻ  വിദേശത്താണ്.  ഞാൻ പറഞ്ഞു അതൊന്നും പ്രശ്നമല്ല ഞാൻ നേരിട്ടെ പറയൂ. കല്യാണം തീരുമാനിച്ച് രണ്ടാഴ്‌ച കഴിഞ്ഞപ്പോ ഞാനും വിദേശത്തേക്കു പോകാൻ തീരുമാനിച്ചു.  പക്ഷേ എനിക്ക് തിരക്കായി. ഹൈദരാബാദിൽ ഷൂട്ടിങ്ങിനു പോയി.  കല്യാണത്തിന് മൂന്നാഴ്ച ബാക്കി ഉള്ളപ്പോ വിനോദ് പറഞ്ഞു, ജിപി ഇനി ജീവയോട് മാത്രമേ പറയാൻ ബാക്കി ഉള്ളൂ എന്ത് ചെയ്യും.  

ഞാൻ പറഞ്ഞു കുഴപ്പമില്ല നേരിട്ട് തന്നെ പറയാം. അവസാനം രണ്ടാഴ്‌ച ബാക്കി ഉള്ളപ്പോ ഞാൻ വിളിച്ചപ്പോ ജീവ പറഞ്ഞു, ‘‘എടാ ഞാൻ മാരിയറ്റിൽ ഉണ്ട്’’.  ഞാൻ നേരേ മാരിയറ്റിലേക്ക് വച്ചുപിടിച്ചു.  പക്ഷോ അവിടെ ചെന്ന് വിളിച്ചപ്പോ അവൻ പറയുവാ ഞാൻ മാരിയറ്റിൽ ഉണ്ടായിരുന്നു. അതും കഴിഞ്ഞ് ഒരാഴ്ച് മാത്രം ബാക്കി ഉള്ളപ്പോ വിനോദേട്ടൻ വീണ്ടും പറഞ്ഞു,  ജീവയോട് മാത്രം പറഞ്ഞിട്ടില്ലട്ടോ ഞാൻ അപ്പോഴും പറഞ്ഞു എനിക്ക് നേരിട്ട് പറയണം. ഞാൻ ജീവയെ വിളിച്ചു. അപ്പൊ അവൻ പറഞ്ഞു, ‘‘അളിയാ നമ്മൾ കുറെ നാളായി കാണാൻ ശ്രമിക്കുന്നു ഇന്ന് കണ്ടു കളയാം’’.  ഞാൻ വിനോദേട്ടനോട് പറഞ്ഞു കണ്ടോ, അവന് എന്താണ് കാര്യം എന്നുപോലും അറിയില്ല ചെല്ലാൻ പറഞ്ഞേക്കുവാ.  ഞാൻ ചോദിച്ചു എടാ നീ എവിടെയാ, അവൻ പറഞ്ഞു ദുബായിൽ.  

jeeva-gp-haldi-aparna

ഇതിങ്ങനെ പോയി പോയി അവസാനം മൂന്നു ദിവസം മാത്രം ബാക്കി ഉള്ളപ്പോ ഞാൻ ജീവയെ വിളിച്ചു,  ‘‘എടാ ഒരു കാര്യം പറയാനുണ്ട്’’ എന്ന് പറഞ്ഞു. അപ്പോൾ ജീവ എടാ ഞാൻ കാലിക്കറ്റ് പോകുന്നുണ്ട് പട്ടാമ്പിയിൽ വരാം. പക്ഷേ അന്നും ജീവയെ കാണാൻ പറ്റിയില്ല.  ഒടുവിൽ വിനോദ് ഏട്ടൻ പറഞ്ഞു, ഉണ്ണി ഇനിയും വിളിച്ചില്ലെങ്കിൽ മോശം ആണ് കേട്ടോ. അപ്പോൾ ഞാൻ പറഞ്ഞു നമുക്ക് വിഡിയോ കോൾ വിളിക്കാം, എന്റെ കൂട്ടുകാരൻ അല്ലെ അവൻ അവനെ നേരിട്ട് പോയി ക്ഷണിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ വിഡിയോ കാൾ വിളിച്ചപ്പോ അവൻ കട്ട് ചെയ്തു. ഗോപിക എന്നോട് പറഞ്ഞു, ചേട്ടാ ജീവ ചേട്ടൻ എന്റെയും ഫ്രണ്ട് ആണ് ഞാനും വിളിച്ചിട്ടില്ല.  ഞാൻ പറഞ്ഞു നീ പേടിക്കണ്ട ഞാൻ വിളിച്ചോളാം. ഒടുവിൽ ജീവ കോഴിക്കോട് പരിപാടിക്ക് കയറാൻ നിൽക്കുമ്പോ ആണ് ഞാൻ ഫോൺ വിളിക്കുന്നത്. എടാ എന്റെ കല്യാണമാണ് നീ വരണം എന്ന് മാത്രം പറയാനേ കഴിഞ്ഞുള്ളു. ഗോപിക അവനെ വിളിക്കാത്തത് കാര്യമായി. അല്ലെങ്കിൽ ഇതിൽ ഞാൻ ഒറ്റക്കായി പോയേനെ.’’ 

ജനുവരി 28നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്നത്.

English Summary:

Jeeva's funny speech at Govind Padmasoorya's Haldi function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com