മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി പ്രസീത; ഏറ്റെടുത്ത് പ്രേക്ഷകരും
Mail This Article
സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനെത്തിയ നടി പ്രസീത മേനോന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മകനോടൊപ്പമുള്ള ചിത്രമാണ് പ്രസീത ഫെയ്സ്‌ബുക്കിൽ പങ്കുവച്ചത്. ഏറെ കാലത്തിനു ശേഷം പ്രസീത പങ്കുവച്ച കുടുംബ ചിത്രം ആരാധകരും ഏറ്റെടുത്തു. ഏകദേശം ഇരുപതിനായിരത്തിനു മുകളിൽ ആളുകളാണ് പ്രസീതയുടെ ചിത്രം ലൈക് ചെയ്തത്.
‘‘കൊച്ചിയിൽ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ എന്റെ മകൻ അർണവ് പകർത്തിയ ചിത്രം’’. മകനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രസീത കുറിച്ചു.
ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ കോമഡി താരങ്ങൾക്കൊപ്പം ഹാസ്യവേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പ്രസീത മേനോൻ. ആണുങ്ങൾ അടക്കി വാണിരുന്ന ഹാസ്യരംഗത്തെ അപൂർവം ചില വനിതാ മിമിക്രി താരങ്ങളിൽ ഒരാളായിരുന്നു പ്രസീത.
‘മൂന്നാം മുറ’ എന്ന ചിത്രത്തിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രസീത മുതിർന്ന ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങൾ എടുത്തു പറയത്തക്കതാണ്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ പ്രസീത ടെലിവിഷൻ രംഗത്തും ശ്രദ്ധനേടി.
കോമഡി വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ തിരക്കേറിയ അഭിഭാഷകയാണ് പ്രസീത. കോർപ്പറേറ്റ് കമ്പനിയിലെ ലീഗൽ മാനേജറായി ജോലി ചെയ്യുകയാണ് താരം.