ADVERTISEMENT

രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു. തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. 

‘‘സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത്, ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളില്‍ത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം, ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല.

എന്നെ അടുത്ത് അറിയാത്ത, എന്നോടു സ്നേഹമുള്ള കൂട്ടുകാർ ഉണ്ട്. ഞാന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും. ഇപ്പോള്‍ വേണ്ട, സമയം ആകുമ്പോള്‍ നല്ല ആലോചന വരികയാണെങ്കില്‍ നോക്കണമെന്നു പറയുന്നവരുണ്ട്. ഇന്നും ചില  സുഹൃത്തുക്കള്‍ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ച് മാറുകയാണു ചെയ്യുന്നത്.

ഏട്ടൻ പോയിട്ട് ഏഴു മാസമായി. ആത്മാവിനു സത്യമുണ്ടെങ്കിൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. സ്വന്തം വീട് സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു. വീടിന്റെ വയറിങ് നടക്കുകയാണ്. ഉടൻ പൂർത്തീകരിച്ചു തരും എന്നാണ് അവർ പറയുന്നത്. ആ വീട് ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ ആത്മാവിനു മോക്ഷം കിട്ടുക.’’–രേണുവിന്റെ വാക്കുകൾ.

അതേസമയം, അമ്മയുടെ രണ്ടാം വിവാഹം സംബന്ധിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് സുധിയുടെ മൂത്ത മകൻ കിച്ചു പ്രതികരിച്ചു. ‘‘അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ. അമ്മയുടെ ഇഷ്ടം ആണ്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. ഞങ്ങള്‍ ഇപ്പോള്‍ നല്ല സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നത്.’’–കിച്ചു പറഞ്ഞു.

English Summary:

Kollam Sudhi's wife Renu opens up about rumors that she is entering into a second marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com