ADVERTISEMENT

വിവാഹവിശേഷങ്ങളും പുതിയ ജീവിതത്തിലെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവച്ച് ബിഗ് ബോസ് സീസൺ 4 മത്സരാർഥിയായിരുന്ന ശാലിനി നായർ. ദിലീപ് ആണ് ശാലിനിയുടെ വരൻ. വിവാഹത്തെ തുടർന്ന് നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശാലിനി നേരിടേണ്ടി വന്നത്. ‘‘ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ? എന്നതായിരുന്നു ഇതിൽ പലതും. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ  മറുപടി നല്‍കുകയാണ് ശാലിനി.

ശാലിനിയുടെ വാക്കുകൾ: ബിഗ് ബോസിനു ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളിൽ ഒന്ന് ഈ ജീവിതം. എങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും തുറന്നു പറയുവാൻ ബിഗ് ബോസ് ഷോയിലൂടെ അവസരമൊരുക്കി തന്നു. ഇന്നു എന്നേക്കാൾ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്.

കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേൾക്കാൻ ഇടയുള്ളതൊന്നിനും ചെവി കൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാൻ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്.

വിവാഹവിശേഷങ്ങൾ ചോദിക്കുന്നതിൽ കൂടുതൽ കേട്ടത്,, ‘‘ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ? ’’എന്നതായിരുന്നു. സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളിൽ ഒന്ന് മാത്രം; അങ്ങനെയാണ് ഞാനതിനെ കണ്ടത്. ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ വിവാഹിതനല്ലാത്ത ഒരാൾ മുന്നോട്ട് വരുമോ; ഇനി വന്നാൽ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങൾ സാധാരണ സമൂഹത്തിൽ പലർക്കും ഉണ്ടാവുന്നതാണ്.

സംരക്ഷിക്കാമെന്ന് വാക്കുകൊടുക്കുവാനും അപലയോട് സഹതാപം പങ്കുവയ്ക്കുവാനും നിരവധി പേർ മുന്നോട്ട് വന്നേക്കാം. കയത്തിൽ താണു പോവുമ്പോൾ കൈ തന്ന് ചേർത്ത് നിർത്തുവാൻ കഴിയുന്നവനാണ് പുരുഷൻ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ 'എന്റെ ഭാര്യ' എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയുന്നു. ഒരു വർഷം മുൻപ് ചാനൽ പരിപാടിയിൽ ‘‘ശാലിനി ഇനി മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുമോ’’ പ്രതീക്ഷകളൊന്നും ഉറപ്പുതരാതെ മുന്നോട്ടൊഴുകിയ ജീവിതത്തിൽ നിന്ന് ഇന്ന് ഈ കുടുംബം എന്നെ ചേർത്ത് നിർത്തുന്നു. ദൈവത്തിന് നന്ദി

എന്റെ ജീവിതവും ഒരു പൊളിച്ചെഴുത്താവട്ടെ. എവിടെയോ വായിച്ച ഒരു വാചകമുണ്ട്, ‘‘ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടതിനെ മറ്റൊരാൾക്ക്‌ മനോഹരമായി സംരക്ഷിക്കുവാൻ കഴിയും’’, ശരിയാണ്, ആ സുരക്ഷിതത്വം ഞാൻ അനുഭവിക്കുന്നു.’’

ശാലിനിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. തൃശൂർ വരവൂർ സ്വദേശിയാണ് ദിലീപ്.  ജോലിയുമായി ബന്ധപ്പെട്ടു ദീർഘകാലമായി ഖത്തറിലാണ് അദ്ദേഹം. 

English Summary:

Big Boss Fame Shalini Nair Talk About Her Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com