ADVERTISEMENT

ദൂരദർശൻ കാലം മുതൽ ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചനാണ് കിഷോർ പീതാംബരൻ. രണ്ടു പതിറ്റാണ്ടിലേറെയായി സീരിയൽ രംഗത്തു തിളങ്ങി നിൽക്കുന്ന കിഷോർ ഇക്കാലയളവിൽ നേടാത്ത പുരസ്കാരങ്ങളില്ല. അഭിനയത്തെ ഗൗരവമായി സമീപിക്കുമ്പോഴും അതൊരു ജീവിതമാർഗമാണെന്നു പറയാൻ കിഷോറിനു മടിയില്ല. അഭിനയിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ വണ്ടി ഓടിച്ചോ തടി പിടിച്ചോ ജീവിക്കും എന്നതായിരുന്നു കിഷോറിന്റെ മനോഭാവം. ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസമായിരുന്നു ആ മനോഭാവത്തിനു കരുത്ത് പകർന്നത്. പക്ഷേ, അപ്രതീക്ഷിതമായെത്തിയ അസുഖങ്ങൾ കിഷോറിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചു. രോഗാവസ്ഥയെക്കുറിച്ചും അഭിനയജീവിതത്തിൽ അതു വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനസു തുറന്ന് കിഷോർ പീതാംബരൻ മനോരമ ഓൺലൈനിൽ. 

അഭിനയത്തിന്റെ 23 വർഷങ്ങൾ

ജീവിതമാർഗം എന്ന നിലയിലാണ് അഭിനയത്തിൽ എത്തിപ്പെട്ടത്. പ്രഫഷനൽ നാടകം കളിച്ചത് കലയെ ഉദ്ധരിക്കാൻ മാത്രമല്ല, ജീവിക്കാൻ കൂടെയാണ്. അതിൽ നിന്നാണ് സീരിയൽ രംഗത്തെത്തിയത്. അതിൽ അത്യാവശ്യം വർക്കുകൾ വന്നു കൊണ്ടിരുന്നു. അതിൽ സജീവമായപ്പോൾ മറ്റു അവസരങ്ങളൊന്നും ഉണ്ടായില്ല. അപ്പോഴേക്കും കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി എന്റെ തോളിലായി. പിന്നെ, അതിൽ തന്നെ തുടർന്നു. ഞാൻ ചെയ്തിട്ടുള്ള വേഷങ്ങൾ കൊള്ളാമെന്നു പ്രേക്ഷകർക്കു തോന്നിയതിന്റെ തെളിവാണ് 23 വർഷങ്ങൾ നീണ്ട എന്റെ കരിയർ. ഞാൻ ചെയ്യുന്നത് ഇഷ്ടപ്പെടുന്നതു കൊണ്ടായിരിക്കുമല്ലോ എന്നെത്തേടി വീണ്ടും സീരിയലുകൾ വന്നത്. അതിൽ തൃപ്തനാണോ എന്നു ചോദിച്ചാൽ, കാശു കിട്ടുന്നതിനുസരിച്ച് ജീവിക്കുന്നതിൽ തൃപ്തനല്ല. വർക്ക് ഇപ്പോൾ കുറവാണ്. വർക്ക് കുറഞ്ഞപ്പോൾ സംതൃപ്തിയും കുറഞ്ഞു. നമ്മുടെ ആവശ്യങ്ങൾ നടന്നു പോകുമ്പോഴാണല്ലോ തൃപ്തിയുണ്ടാകുന്നത്. 

 

വീണു പോയപ്പോൾ ചേർത്തു പിടിച്ചവർ

കിടപ്പിലായ സമയത്ത് സഹായിച്ചത് മിനിസ്ക്രീൻ താരങ്ങളുടെ സംഘടനയായ ആത്മയാണ് സഹായിച്ചത്. ഇൻഡസ്ട്രിയിൽ നിന്നും പലരും സഹായിച്ചു. സുഹൃത്തുക്കളെക്കാൾ ഒട്ടും പ്രതീക്ഷിക്കാത്ത പലരുമാണ് സഹായത്തിനെത്തിയത്. എനിക്കു നേരിട്ട് അറിയാത്തവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം പേരൊന്നും ഇല്ല. കൈവിരലിൽ എണ്ണാവുന്നവർ മാത്രം. ധാരാളം സുഹൃത്തുക്കളുണ്ടെന്ന് അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. വയ്യായ്ക വന്നപ്പോൾ അവരെല്ലാവരും വിട്ടു പോകുന്നത് ഞാൻ കണ്ടു. ഇപ്പോഴും അവരെന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഒരിക്കലും അവരുടെ കുറ്റം കൊണ്ടല്ല അങ്ങനെയൊക്കെ സംഭവിച്ചത്. ഞാൻ ആക്ടീവ് ആകാതെ വരുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണ്. കുറച്ചു ദിവസമൊക്കെ ആരെങ്കിലും വിളിക്കും. പതിയെ അതു കുറയും. അവർക്കും അവരുടെ ജീവിതമുണ്ടല്ലോ. അതിന്റെ പിറകെയുള്ള ഓട്ടത്തിലാകും അവർ. 

ആരോഗ്യമായിരുന്നു എന്റെ ആത്മവിശ്വാസം

രോഗാവസ്ഥയെ ഉൾക്കൊള്ളാൻ പൂർണമായും എനിക്കു കഴിഞ്ഞിട്ടില്ല. നോൺ ആൽക്കഹോളിക് ലിവർ ഡിസീസിന്റെ രൂപത്തിലാണ് ആദ്യ ആഘാതം സംഭവിച്ചത്. അതിന്റെ ചികിത്സയിലിരിക്കെ തലച്ചോറിന്റെ പിൻഭാഗത്തുള്ള പീയൂഷ ഗ്രന്ഥിയിൽ ഒരു മുഴ കണ്ടെത്തി. കടുത്ത പ്രമേഹ രോഗവും കരൾ രോഗവും ഉള്ളതിനാൽ ആ മുഴ നീക്കം ചെയ്യുന്നത് എളുപ്പമല്ല. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ്. ആരോഗ്യമുള്ള ശരീരം എനിക്കു ജീവിതത്തിൽ വലിയൊരു ബലമായിരുന്നു. ഞാനെപ്പോഴും പറയാറുണ്ട്, അഭിനയിക്കാൻ അവസരം ഇല്ലെങ്കിലും കുഴപ്പമില്ല. എന്തെങ്കിലുമൊക്കെ ജോലി ചെയ്തു ഞാൻ ജീവിക്കും. അതിനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. വണ്ടി ഓടിക്കുകയോ തടി പിടിക്കാൻ പോവുകയോ ചെയ്യാൻ എനിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. എന്റെ ശരീരത്തിൽ കടുത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു. അതു പെട്ടെന്നു പോകുമ്പോൾ ഇനി എന്തു ചെയ്യും എന്നൊരു ചോദ്യം ഉയരുമല്ലോ! ആ അവസ്ഥയെ ഞാൻ ഇതുവരെ അതിജീവിച്ചിട്ടില്ല. പക്ഷേ, അതൊരു സത്യമാണ്. എല്ലാവർക്കുമുണ്ടാകും ഇങ്ങനെ ചില അവസ്ഥകൾ. എന്റെ ജീവിതത്തിൽ പെട്ടെന്നാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അതുകൊണ്ട്, ഞാനൊന്നു വീണു പോയി. സ്റ്റിറോയ്ഡ്സിന്റെ ബലത്തിലാണ് ഞാൻ ജീവിച്ചു പോകുന്നത്. ഒരു മാസത്തെ മരുന്നു തന്നെ വലിയൊരു തുകയാകും. 

kishore-peethambaran3

മരുന്നുകൾ ഒഴിവാക്കാനാകില്ല

കുടുംബത്തിന്റെ ഒരേയൊരു വരുമാന സ്രോതസ് ഞാനായിരുന്നു. ഞാൻ വീണപ്പോൾ എനിക്കു ബലം തന്നത് എന്റെ കുടുംബമാണ്. അങ്ങനെയൊരു ഭാഗ്യം എനിക്കു കിട്ടി. ഈ രോഗാവസ്ഥ എനിക്കിപ്പോൾ ശീലമായി. രാവിലെ അഞ്ചു മണിക്ക് തൈറോയ്ഡിനുള്ള മരുന്നു കഴിച്ചാണ് ദിവസം തുടങ്ങുന്നത്. ആറിന് സ്റ്റിറോയ്ഡിന്റെ ആദ്യ ഡോസ് എടുക്കണം. ഏഴരയ്ക്ക് വീണ്ടും മരുന്ന്. പിന്നെ ഇൻസുലിൻ. ഒരു ദിവസം നാലഞ്ചു നേരം ഇൻസുലിനുണ്ട്. വൈകുന്നേരം പത്തര മണി വരെ പല ഇടവേളകളിൽ മരുന്നുകളുണ്ട്. കുത്തി കുത്തി വയറു മുഴുവൻ വേദനയാണ്. ഒരു ദിവസം അഞ്ചു പ്രാവശ്യം കുത്തണം. അങ്ങനെ നാലര വർഷമായി തുടരുന്നു. ഇനി അങ്ങനെയാണ് ജീവിതം. ആയാസമുള്ള സീനുകളൊന്നും സീരിയലിൽ ഇല്ലാത്തതുകൊണ്ട് അഭിനയിക്കാൻ പോകുന്നുണ്ട്. മരുന്നുകൾ കൊണ്ടു പോകണം, സമയത്തിനു കഴിക്കണം എന്നേയുള്ളൂ. ഒരു കാര്യം മാത്രമാണ് പ്രൊഡക്‌ഷനോടു അഭ്യർഥിക്കാറുള്ളത്. രാത്രി ഒൻപതു മണിയോടെയെങ്കിലും ഫ്രീയാക്കണം. പിന്നെ, ഇപ്പോൾ അധികം വർക്കുകളുമില്ല. മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ജോലിയുള്ളത്. 

മകനും അഭിനയത്തിലേക്ക്

kishore-peethambaran-wife

മകൻ കാളിദാസൻ ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ട്. എന്റെ കൂടെ വരുന്നതു കണ്ടാണ് അവനെയും അഭിനയിക്കാൻ വിളിച്ചത്. സിനിമ കിട്ടുന്നതാണ് നല്ലത്. സീരിയലുകൾ കൂടുതൽ ചെയ്താൽ ചിലപ്പോൾ സിനിമയിൽ അവസരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാകും. നിലനിൽപ്പ് വേണമെങ്കിൽ സിനിമ തന്നെ വേണം. എന്നു വേണമെങ്കിലും നമുക്ക് ആ സിനിമ ഇട്ടു കാണാം. ഇടുക്കിയിലെ കറന്റ് പോയാൽ ആ ദിവസത്തെ സീരിയൽ പോയി. ഇപ്പോൾ യുട്യൂബ് ഉള്ളതുകൊണ്ട് പിന്നെയും കാണാം. ഞാനൊക്കെ അഭിനയിച്ച സീരിയലുകൾ ഒന്നും ഇപ്പോൾ കാണാൻ പോലും ഇല്ല. കാളിദാസ് കോഴ്സൊക്കെ കഴിഞ്ഞു നിൽക്കുകയാണ്. ആ ഗ്യാപ്പിലാണ് ഇപ്പോൾ സീരിയൽ ചെയ്യുന്നത്. 

 

വിധിയിലല്ല, ശാസ്ത്രത്തിലാണ് വിശ്വാസം

kishore-peethambaran-family

പീയൂഷഗ്രന്ഥിയിലെ മുഴ ഇനിയും വളർന്നാൽ എന്റെ കാഴ്ച നഷ്ടപ്പെടും. കണ്ണിലേക്കുള്ള നാഡികളെ ഈ മുഴ ഞെരുക്കുന്നതാണ് കാഴ്ചയെ ബാധിക്കുക. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പതുക്കെ വരാം, പെട്ടെന്നു വരാം. അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. പിന്നെ, ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ഡോക്ടർമാരിൽ വിശ്വസിക്കുന്നു. അതിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിധി എന്നു പറയാൻ ഞാൻ തയാറല്ല. എന്താണെങ്കിലും വരട്ടെ! സാമ്പത്തികം ഉണ്ടെങ്കിൽ കുറെയൊക്കെ രക്ഷപ്പെട്ടു പോകാം. അതില്ലാത്തതിന്റെ പേടി മനസിലുണ്ട്. അതുകൊണ്ട്, ഞാനിപ്പോൾ അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാറില്ല. അഭിനയിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. അത്ര മാത്രം!

English Summary:

Chat with actor Kishore Peethambaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com