ADVERTISEMENT

‘നേര്’ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വ. വിജയമോഹന്റെ പിന്നാലെ നടക്കുന്ന ജൂനിയർ വക്കീലിനെ ആരും മറന്നിട്ടുണ്ടാകില്ല.  ശ്യാമാംബരം എന്ന സീരിയലിലെ നായികയായ ഹരിത ജി. നായർ ആണ് നേരിലെ ആ കുട്ടി വക്കീൽ.  നേരിന്റെ എഡിറ്റർ വിനായകിന്റെ ഭാര്യയാണ് ഹരിത.  ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മനസ്സിലെപ്പോഴും കനവായി കൊണ്ടുനടന്ന അഭിനയമോഹത്തിനു ജീവൻ വച്ചത്. ഫഹദ് ഫാസിലിന്റെ കാർബൺ ആണ് ഹരിത അഭിനയിച്ച ആദ്യചിത്രം. തുടർന്ന് റിയാലിറ്റി ഷോകളിലും സീരിയലുകളിലും തിരക്കുള്ള താരമായി മാറി. ശ്യാമാംബരത്തിലെ കറുത്തകുട്ടിയുടെ വേഷത്തിലേക്ക് എന്തുകൊണ്ട് വെളുത്ത നടിയായ ഹരിതയെ കാസ്റ്റ് ചെയ്തു എന്നതാണ് ഹരിത അടുത്തിടെ നേരിട്ട വിമർശനം. ഒരു കഥാപാത്രം ചെയ്യുമ്പോൾ കലാകാരൻ വെളുത്തതാണോ കറുത്തതാണോ എന്ന് നോക്കേണ്ട കാര്യമുണ്ടോ?  കഥാപാത്രത്തിന്റെ അഭിനയ ശേഷിയല്ലേ നിറമാണോ നോക്കേണ്ടത് എന്നാണ് ഹരിതയ്ക്ക് ചോദിക്കാനുള്ളത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ ഹരിത ജി നായർ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

നഴ്സിൽ നിന്ന് നായികയിലേക്ക് 

കുഞ്ഞിലെ മുതലേ അഭിനയം ഇഷ്ടമായിരുന്നു. അഞ്ചു വയസ്സുള്ളപ്പോൾ കുറച്ച് നൃത്തം പഠിച്ചിട്ടുണ്ട് അന്നുമുതൽ നൃത്തത്തോടും വല്ലാത്ത ഇഷ്ടമാണ്. പിന്നീട് നൃത്ത പഠനം നിർത്തിയെങ്കിലും ഞാൻ ടിവിയിൽ ഒക്കെ കണ്ട് എപ്പോഴും ഡാൻസ് ചെയ്യുമായിരുന്നു. അതിനുശേഷം ഇഷ്ടം അഭിനയത്തോടായി മാറി. ആ ഒരു ഇഷ്ടം മനസ്സിലുള്ളത് കൊണ്ട് പ്ലസ് ടു കഴിഞ്ഞപ്പോൾ കലാമണ്ഡലത്തിൽ പഠിക്കാൻ വിടുമോ എന്ന് അച്ഛനോട് ചോദിച്ചു. പക്ഷേ അച്ഛൻ പറഞ്ഞു നീ പഠിച്ച്  ഒരു ജോലി കിട്ടി കഴിഞ്ഞതിനുശേഷം ഇഷ്ടമുള്ള കാര്യത്തിന് ഇറങ്ങിക്കോളൂ എന്ന് അങ്ങനെയാണ് ഒരു ജോലി എളുപ്പം കിട്ടാൻ വേണ്ടി ഞാൻ നഴ്സിങ് പഠിച്ചത്. ഞാൻ ബിഎസ്‌സി നഴ്സ് ആണ്. ബിഎസ്‌സി നേഴ്സിങ് കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തു. 

haritha-neru-movie

പക്ഷേ അപ്പോഴും എനിക്ക് ഇഷ്ടം ഡാൻസിനോടും അഭിനയത്തിനോടും ഒക്കെ ആയിരുന്നു. പഠിക്കുമ്പോൾ ഹോസ്പിറ്റലിൽ ഡാൻസ് മറ്റ് കലാപരിപാടികളിൽ എല്ലാം പങ്കെടുക്കുമായിരുന്നു. ഞാനിതിലൊക്കെ പങ്കെടുക്കുന്നത് അവിടെയുള്ള എന്റെ ഒരു സീനിയർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹമാണ് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എന്നോട് പറഞ്ഞത്. ഞാൻ ബെംഗളൂരിൽ ജോലി ചെയ്യുന്ന സമയത്ത് ആണ് റിയാലിറ്റി ഷോയിലേക്ക് അപേക്ഷ അയച്ചത്. ജോലി രാജിവച്ച് നാട്ടിലേക്ക് വരാൻ തീരുമാനിച്ചു.  നാട്ടിലേക്ക് വരാൻ ഇരുന്ന സമയത്ത് തന്നെയാണ് റിയാലിറ്റി ഷോയിൽ നിന്നും വിളി  വരുന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനുശേഷമാണ് എനിക്ക് സീരിയലിലേക്ക് അവസരം ലഭിച്ചത്. 

haritha-g-nair-3

കസ്തൂരിമാനിൽ തുടക്കം 

കസ്തൂരിമാൻ ആയിരുന്നു എന്റെ ആദ്യത്തെ സീരിയൽ.  ഒരു കരിയർന്ന നിലയിൽ എനിക്ക് നഴ്സിങ് അല്ല ഇഷ്ടം എനിക്കിഷ്ടം കലാരംഗം തന്നെയാണ്.  കസ്തൂരിമാൻ കഴിഞ്ഞ് ഉണ്ണിമായ എന്ന ഒരു ഹൊറർ സീരിയലിലാണ് അഭിനയിച്ചത്. അതിൽ കുറച്ചു നാളേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം മറ്റൊരു ചാനലിൽ തിങ്കൾക്കലമാൻ എന്നൊരു സീരിയലിൽ അഭിനയിച്ചു. അതിലെ നായിക കഥാപാത്രമായിരുന്നു.  ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അതിലും നായിക കഥാപാത്രമാണ്.

ആദ്യത്തെ സിനിമ കാർബൺ 

കാർബൺ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഫഹദ് ഫാസിൽ നായകനായി വേണു സാർ സംവിധാനം ചെയ്ത സിനിമയാണ് അത്. ശരിക്കും പറഞ്ഞാൽ റിയാലിറ്റി ഷോയ്ക്കും മുൻപ് തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്നത് ആ സിനിമയ്ക്ക് വേണ്ടിയായിരുന്നു. എനിക്ക് നൃത്തം ഒക്കെ ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് അച്ഛന്റെ ഒരു സുഹൃത്താണ് ആ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. ചെറിയ റോൾ ആയിരുന്നു ഒരു ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ.  ഷറഫുദ്ദീൻ എന്ന നടന്റെ നായികയായി ഒരു പാട്ട് സീനിൽ വരുന്ന കഥാപാത്രമാണ്. അതിനുശേഷം ആണ് റിയാലിറ്റി ഷോയും കസ്തൂരി മാനും ഒക്കെ വരുന്നത്. ഒരു പക്കാ നാടൻ പ്രേമം എന്നൊരു സിനിമയിൽ പിന്നീട് അഭിനയിച്ചിരുന്നു. അതിനുശേഷം സീരിയലിൽ തിരക്കായി.  ഇപ്പോൾ ‘നേര്’ എന്ന സിനിമയിലും അഭിനയിച്ചു.  

haritha-neru

ജീത്തു ജോസഫിന്റെ സ്വന്തം എഡിറ്റർ എന്റെയും 

എന്റെ ഭർത്താവ് വിനായകൻ  ആണ് നേര് എന്ന സിനിമയുടെ എഡിറ്റർ. ദൃശ്യം 2,  കൂമൻ,  ട്വൽത്ത് മാൻ തുടങ്ങി ജിത്തു സാറിന്റെ കുറെ സിനിമകൾ വിനായകൻ ആണ് എഡിറ്റ് ചെയ്തിട്ടുള്ളത്. കുറേക്കാലമായ ജിത്തു സാറിന്റെ പടങ്ങൾ വിനായകാണ് ചെയ്യുന്നത്. വിനായകനെ കാണാൻ ഞാൻ വല്ലപ്പോഴും ചെല്ലുമ്പോൾ അവിടെ ജീത്തു സാർ ഉണ്ടാകും അവിടെ. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടുകയും സൗഹൃദമാവുകയും ചെയ്തിരുന്നു. ജീത്തു സാർ സീരിയലിലും ഒക്കെ ഉള്ള താരങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം കൊടുക്കാറുണ്ട്. നേരിലെ ഈ കഥാപാത്രത്തെക്കുറിച്ച് ചർച്ച വന്നപ്പോൾ ഈ കഥാപാത്രം ഹരിതയെ കൊണ്ട് ചെയ്യിച്ചാൽ നന്നാകുമോ എന്ന് ഒരു സജഷൻ വന്നു.  സാറിനും അത് താല്പര്യമായിരുന്നു അങ്ങനെയാണ് നേരിലേക്ക് എന്നെ വിളിച്ചത്. ഞങ്ങളുടെ കല്യാണത്തിന് മുമ്പാണ്  നേരിന്റെ ഷൂട്ട് നടന്നത്.

haritha-vinayak
വിനായകിനൊപ്പം ഹരിത

ലാലേട്ടന്റെ കണ്ടത് ഒരു സിനിമാറ്റിക് എക്സ്പീരിയൻസ്

വിനായകിന്റെ സുഹൃത്തായതുകൊണ്ട് എന്നെ നേരത്തെ തന്നെ മോഹൻലാൽ സാറിന് അറിയാമായിരുന്നു. എന്റെ വിനായകന്റെയും വിവാഹ ബന്ധത്തെക്കുറിച്ച് പറഞ്ഞാൽ വിനായകന് അതൊരു ലവ് മാര്യേജും എനിക്ക് അറേഞ്ച് മാര്യേജും ആയിരുന്നു. ഞങ്ങൾ കുഞ്ഞിലെ മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.  കുടുംബങ്ങൾ തമ്മിൽ വളരെ നല്ല അടുപ്പമായിരുന്നു ഞങ്ങൾ വിവാഹ പ്രായമായപ്പോൾ വീട്ടുകാർ ആലോചിച്ചതാണ് ഇവരെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ എന്താണെന്ന്. ദൃശ്യം ടുവിന്റെ സെറ്റിൽ ഒക്കെ വെച്ച് ലാലേട്ടൻ വിനായകനെ കളിയാക്കുമായിരുന്നു. വിനായകന്റെ ആകെയുള്ള ഒരു സുഹൃത്ത് ഞാനാണ്. എന്നെ വച്ച് ലാലേട്ടൻ വിനായകനെ ടീസ് ചെയ്തു കൊണ്ടിരിക്കും. ഒരിക്കൽ എന്റെ ഒരു പിറന്നാളിന് ലാലേട്ടൻ ഫോൺ വിളിച്ച് എനിക്കൊരു സർപ്രൈസ് തന്നിരുന്നു.  

haitha-mohanlal

ലാലേട്ടന്റെ വീട്ടിലെ സീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഞാൻ നേരിൽ ജോയിൻ ചെയ്യുന്നത്. ജഗദീഷ് ചേട്ടനും ലാലേട്ടനും ഞാൻ ചായ കൊടുക്കുന്ന സീനാണ് ഞാൻ ആദ്യം അഭിനയിച്ചത്. ശാന്തി ചേച്ചിയും ആ സീരിയലിൽ ഉണ്ട്. ഞാൻ മേക്കപ്പ് ചെയ്തിട്ട് ഇരിക്കുമ്പോൾ ലാലേട്ടൻ വന്നു എന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ പുറത്തു നോക്കിയപ്പോൾ ഒരു ചെറിയ മഴ പെയ്യുന്നുണ്ട്. ലാലേട്ടന്റെ കാർ വന്നു നിന്നു, ലാലേട്ടൻ ഇറങ്ങി നടക്കുന്നു   ഒരാൾ ലാലേട്ടന് കുട  പിടിച്ചു കൊടുക്കുന്നു. തോള്  ചരിഞ്ഞു  ഒരാൾ നടന്നു പോകുന്നതാണ് ഞാൻ ആദ്യമായി കാണുന്നത്. ഫിലിമിന്റെ രീതിയിൽ പറയുകയാണെങ്കിൽ ലാലേട്ടന്റെ ബാക്ക് ഷോട്ട് ആണ് ഞാൻ കണ്ടത്. അദ്ദേഹം ഒരു വെള്ള ഷർട്ട് ആണ് ഇട്ടിരുന്നത്.  ചരിഞ്ഞു നടന്നു പോകുന്ന ആളിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് ലാലേട്ടനാണ്. ശരിക്കും അദ്ദേഹത്തെ കണ്ടത് ഒരു സിനിമ കാണുന്നതുപോലെ ആയിരുന്നു.  

haritha-mohanlal-

ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് എനിക്ക് കിട്ടുന്നത്.  അദ്ദേഹം നടന്ന് കാരവാനിലേക്ക് കയറിപ്പോയി.  പിന്നീട് ഞങ്ങളുടെ ഷോട്ടിന്റെ നേരത്ത് അദ്ദേഹം ആ വീടിന്റെ വരാന്തയിൽ ഇരിക്കുകയാണ്. അസോസിയേറ്റ്സ്  പറഞ്ഞു ഇത് ഹരിത.  അദ്ദേഹം പറഞ്ഞു ‘എനിക്കറിയാം എനിക്കറിയാം’. പിന്നീട് 10-17 ദിവസം അദ്ദേഹത്തോടൊപ്പം ഷൂട്ടിങ് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അതിന്റെ ഷൂട്ട്.  സീരിയലിന്റെ കമ്മിറ്റ്മെന്റ് ഉള്ളതുകൊണ്ട് ഞാൻ എപ്പോഴും തിരുവനന്തപുരത്ത് ഉണ്ടാകാറുണ്ട്.  നേരിന്റെ ഷൂട്ട് തിരുവനന്തപുരത്ത് തന്നെ ആയതുകൊണ്ടാണ് എനിക്ക് ആ സിനിമ ചെയ്യാൻ കഴിഞ്ഞത്. എന്തോ ദൈവാനുഗ്രഹം പോലെ എനിക്ക് സീരിയലിന്റെ ദിവസങ്ങളും സിനിമയുടെ ഷൂട്ടിങ് ദിവസവും ക്ലാഷ് വന്നില്ല.  അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.  

haritha-g-nair-mohanlal

എന്നും രാവിലെ സീരിയലിന്റെ ചിത്രീകരണത്തിനു പോകുന്നതുപോലെ നേരിന്റെ ഷൂട്ടിങ്ങിനും പോയി അദ്ദേഹത്തോടൊപ്പം അഭിനയിച്ച് തിരിച്ചുവരും.  പക്ഷേ ഇപ്പോൾ ഓർക്കുമ്പോഴാണ് എത്ര വലിയ നടനോടൊപ്പം ആണ് ഞാൻ സ്ക്രീൻ ഷെയർ ചെയ്തത് എന്ന് എനിക്ക് ഓർമ വരുന്നത്.  വലിയ സന്തോഷമാണ് നേരിനെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്നത്.  ഇത്രയും വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നല്ലോ അത് എന്ന് ഇപ്പോൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഓരോ മുഖഭാവം മാറുന്നതും അടുത്തുനിന്ന് കണ്ട് ആസ്വദിച്ചിട്ടുണ്ട്.. അദ്ദേഹം കഥാപാത്രമായി മാറുന്നത് കണ്ട് വിസ്മയിച്ച് നിൽക്കാനേ നമുക്ക് കഴിയൂ. ഞങ്ങളെല്ലാവരും കൂടി സെറ്റിൽ ഇരുന്നു സംസാരിക്കുകയായിരിക്കും സിദ്ദിക്ക, പ്രിയാമണി ചേച്ചി, ജഗദീഷേട്ടൻ എല്ലാവരും കൂടിയിരുന്ന്  വർത്തമാനം പറയുമ്പോൾ ലാലേട്ടൻ അതുവഴി ഇതുവഴി ഓടിച്ചാടി നടന്ന് എല്ലാവരോടും സംസാരിച്ചുകൊണ്ട് നടക്കുകയായിരിക്കും.  

haritha-mohanlal

ഇടയ്ക്ക് അദ്ദേഹത്തെ കുറിച്ചുള്ള ട്രോളുകളും ന്യൂസുകളും ഒക്കെ വായിച്ച് എല്ലാവരെയും കാണിക്കും, പൊട്ടിച്ചിരിക്കും, എന്നെയും കാണിച്ചിട്ടുണ്ട്. വിനായക്  ആയിട്ട് നല്ല അടുപ്പമുള്ളതുകൊണ്ട് അവനെ സെറ്റിലേക്ക് വിളിപ്പിക്കും.  എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടിയിരുന്ന സംസാരിക്കും.  പെട്ടെന്നായിരിക്കും ഷോട്ട് റെഡി എന്ന് പറയുന്നത് ആ നിമിഷത്തിൽ തന്നെ അദ്ദേഹം കഥാപാത്രമായി മാറിയിട്ടുണ്ടാകും. സീരിയലിന്റെ ബാക്കി ഷൂട്ട് ഉള്ളതുകൊണ്ട് എനിക്ക് നേര് കഴിഞ്ഞപ്പോൾ പ്രമോഷൻ പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്റർവ്യൂ ഒന്നും കൊടുക്കാൻ പറ്റിയില്ല.  ബാക്കി എല്ലാവരും എന്നെ വിളിക്കുന്നുണ്ടായിരുന്നു എല്ലാവരും പ്രമോഷൻ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് തിരക്കായി പോയി.  ആ കാര്യങ്ങളൊക്കെ ഒരുപാട് മിസ്സായി പോയി.   

ഹരിത ജി. നായർ, വിനായക്
ഹരിത ജി. നായർ, വിനായക്

അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചപ്പോൾ 

വിനായകും ഞാനുമായുള്ള വിവാഹവാർത്തകൾ എല്ലാവരും വായിച്ചിട്ടുള്ളതാണ്.  ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. വീട്ടുകാർ വിവാഹാലോചന തുടങ്ങിയപ്പോൾ എന്നെ ആലോചിച്ചാലോ എന്ന് വിനായകിന്റെ അച്ഛനും അമ്മയും ചോദിച്ചു. കേട്ടപ്പോ അയ്യേ അവളോ എന്നാണ് അവൻ ചോദിച്ചത്. അവൻ എന്നോട് വന്നു ചോദിച്ചു.  എനിക്ക് അത് ഒട്ടും സമ്മതമായിരുന്നില്ല. കുഞ്ഞിലേ മുതൽ ഉള്ള എന്റെ അടുത്ത സുഹൃത്താണ് അവൻ, വിവാഹം കഴിയുമ്പോ ബന്ധം മാറുമല്ലോ പിന്നെയും സുഹൃത്ത് ആയി ഇരിക്കാൻ പറ്റുമോ എന്ന ചിന്തയായിരുന്നു. പക്ഷേ എല്ലാവരും നിർബന്ധിച്ചപ്പോ അവന് അങ്ങനെ ഒരു താല്പര്യം വന്നു തുടങ്ങി. ഒടുവിൽ ഞാനും സമ്മതിച്ചു. ചില അടുത്ത സുഹൃത്തുക്കൾക്ക് തമ്മിൽ  വിവാഹത്തിലേക്ക് എത്താൻ എളുപ്പമായിരിക്കും. പക്ഷേ ഞങ്ങൾക്ക് വിവാഹത്തിലേക്ക് എത്താൻ ബുദ്ധിമുട്ട് ആയിരുന്നു. എന്തായാലും  ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല. ഞങ്ങളുടെ ജോലി ഇത്തരത്തിൽ ആയതുകൊണ്ട് വീട്ടിൽ ഒരുമിച്ച് ഉണ്ടാവുക അപൂർവമാണ്. എന്റെ വർക്ക് കഴിയുമ്പോൾ ഞാൻ അവന്റെ അടുത്തേക്കോ അവനു ഒഴിവ് കിട്ടുമ്പോൾ എന്റടുത്തേക്കോ വരും.

ശ്യാമാംബരത്തിലെ നായിക 

ശ്യാമാംബരം എന്നൊരു സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. കുറച്ച് ഇരുണ്ട നിറമുള്ള ഒരു കുട്ടിയുടെ കഥയാണ് പറയുന്നത്. അതിനു വേണ്ടി എല്ലാ ദിവസവും രാവിലെ കറുത്ത മേക്കപ്പ് ഇട്ട് ആണ് അഭിനയിക്കുന്നത്. ഒരു സിനിമയുടെ ചർച്ച നടക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുന്നതുകൊണ്ട് ഡേറ്റ് കൊടുക്കാൻ പറ്റുന്നില്ല. മാസത്തിൽ 20 ദിവസവും തിരുവനന്തപുരത്ത് ഷൂട്ടിൽ ആയിരിക്കും. ബാക്കി ഉള്ള ദിവസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റില്ല. ഒരു സിനിമ വന്നാൽ ചെയ്തോളൂ എന്ന് പറയുന്ന ടീം ആണ് ശ്യാമാംമ്പരത്തിന്റേത്. അതുകൊണ്ടാണ് ‘നേര്’ ചെയ്യാൻ കഴിഞ്ഞത്.

haritha-g-nair-333

നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തരുത്.

കലാമണ്ഡലം സത്യഭാമ വംശീയാധിക്ഷേപം നടത്തിയ സംഭവം വന്നപ്പോൾ എനിക്കെതിരെയും കുറെ സൈബർ ആക്രമണം ഉണ്ടായി. എന്തിനാണ് വെളുത്ത ഒരാളെ കറുത്തവൾ ആയി അഭിനയിപ്പിച്ചത് എന്നാണ് പലരും ചോദിച്ചത്. എനിക്ക് ആ കഥാപത്രം ചെയ്യാൻ കഴിയും എന്നുള്ളതുകൊണ്ടാണ് എന്നെ അവർ സമീപിച്ചത്. ഒരു കഥാപാത്രം ചെയ്യുമ്പോൾ കലാകാരൻ വെളുത്തതാണോ കറുത്തതാണോ എന്ന് നോക്കേണ്ട കാര്യമുണ്ടോ?  ഈ സീരിയലിലേക്ക് ആളെ തിരഞ്ഞെടുത്തപ്പോൾ ആദ്യം തന്നെ പറഞ്ഞിരുന്നത് നിറമല്ല കഴിവാണ് പ്രധാനം എന്നാണ്. ഈ വിഷയം വന്നപ്പോൾ അവർ അത് തന്നെ വീണ്ടും പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന്റെ കമന്റിൽ ആളുകൾ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്.  

എന്തുകൊണ്ട് കറുത്ത കുട്ടിയെ ഈ കഥാപാത്രത്തിലേക്ക് വിളിച്ചില്ല വെളുത്തവളെ വിളിച്ചു എന്നാണ് ചോദിക്കുന്നത്. ഈ പറയുന്നതും നിറത്തിന്റെ പേരിൽ അധിക്ഷേപം ആണെന്നാണ് ഞാൻ കരുതുന്നത്. എന്നിലേക്ക് ഈ കഥാപാത്രം വന്നപ്പോൾ എന്റെ നിറം എന്തുമായിക്കോട്ടെ കഴിവും ആത്മവിശ്വാസവും ആണ് വേണ്ടത് എന്നാണ് പറഞ്ഞത്.  എന്നിലുള്ള വിശ്വാസത്തിൽ ആണ് അവർ എനിക്ക് ഇത് തന്നത്. കമന്റിൽ ചിലർ പറയുന്നു ഹരിത ശരിക്കും കറുപ്പാണ് ലൊക്കേഷനിൽ വച്ച് കണ്ടിട്ടുണ്ട് എന്ന്. ചിലർ പറയുന്നു വെളുപ്പാണ്, എന്തിനാണ് വെളുത്ത നടിയെ എടുത്തത് എന്ന്. ചിലർ എന്റെ അച്ഛനെയും അമ്മേയെയും വരെ കുറ്റം പറയുകയാണ്. അച്ഛന്റെയും അമ്മയുടെയും നിറം വച്ച് എന്റെ നിറം എന്താണെന്ന് ഒക്കെ അവർ ചർച്ച ചെയ്യുകയാണ്.  

എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. എല്ലാ ദിവസവും മണിക്കൂറുകൾ ഇരുന്ന് മേക്കപ്പ് ഇട്ട് രാത്രി ഒൻപതര വരെ അഭിനയിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ മേക്കപ്പ് ദേഹം മുഴുവൻ ഇട്ടിട്ട് എന്റെ തൊലിയുടെ നിറം മാറി, ഇപ്പോൾ എന്റെ പഴയ നിറം തിരിച്ചു കിട്ടാനുള്ള ചികിത്സ ചെയ്യുകയാണ്. അങ്ങനെ ഉള്ള കുറെ കാര്യങ്ങളിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്.  മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ജോലി വെളുപ്പിക്കൽ മാത്രമല്ല ഒരു കഥാപാത്രത്തിലേക്കുള്ള മേക്കോവർ ആണ്. നിറം ഏതായാലും ഏത് കഥാപാത്രവും ചെയ്യാൻ ഒരു കലാകാരിക്ക് കഴിയണം. കഴിവില്ലെങ്കിൽ മാറ്റി നിർത്തുന്നതിൽ തെറ്റില്ല. പക്ഷേ നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്താൻ പാടില്ല.  കലാമണ്ഡലം സത്യഭാമ പറഞ്ഞത് ഒട്ടും ശരിയായില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കലാകാരന്റെ കലയെ ആണ് കാണേണ്ടത് നിറമല്ല.

English Summary:

Chat with Haritha G Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com