'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ'; ഗായിക ഫാനി ചോദിക്കുന്നു

SHARE

സംഗീതത്തിന്റെ കൈപിടിച്ച് ഫാനി ചെന്നെത്തുന്നിടത്തെല്ലാം അവളെ ചേർത്തുപിടിക്കാൻ നിരവധി പേരുണ്ട്. കാരണം അവളുടെ സംഗീതം തൊടുന്നത് അവരുടെ ആത്മാവിനെയാണ്. ഫാനിയുടെ പാട്ടിൽ ഭക്തിയുണ്ട്... പ്രാർത്ഥനയുണ്ട്.... അകക്കണ്ണിന്റെ തെളിച്ചമുണ്ട്.  

പ്രവാസി മലയാളികളായ ജോസിന്റെയും കുഞ്ഞുമോളുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഫാനി. മസ്ക്കത്തിൽ നടന്ന യുണൈറ്റഡ് ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പ് എന്ന റിയാലിറ്റി ഷോയിൽ വിജയി ആയതോടെയാണ് ഫാനിയുടെ സംഗീത ജീവിതം തുടങ്ങുന്നത്. അതുവരെ, വീട്ടിലും സ്ഥിരം പോകാറുള്ള പള്ളിയിലും മാത്രം പാടിയിരുന്ന ഫാനി, പിന്നീട് വലിയ സദസുകളിൽ പാടാൻ തുടങ്ങി.

ജനിച്ചപ്പോൾ‍ ഫാനിക്ക് കണ്ണിന് പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ കുഞ്ഞുമോൾ പറയുന്നു. "നാലഞ്ചു വയസ് ആയപ്പോഴാണ് അമ്മ എന്നു വിളിച്ചു തുടങ്ങുന്നത്. ഇരട്ടക്കുട്ടികളായിരുന്നു. മറ്റേ ആൾക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഫാനിയുടെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് തിരിച്ചറിയുന്നത്. അപ്പോൾ ചികിത്സ നടത്തിയെങ്കിലും കാഴ്ച ലഭിച്ചില്ല," കുഞ്ഞുമോൾ പറഞ്ഞു. 

"എട്ടു വയസിലാണ് സ്കൂളിൽ ചേർത്തത്. കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈൻഡ് സ്കൂളിലാണ് ഫാനി പഠിച്ചത്. ബോർഡിങ്ങിൽ നിന്നായിരുന്നു പഠനം. ഏഴാം ക്ലാസു വരെ അവിടെ പഠിച്ചു. ഹൈസ്കൂൾ അൽപം ദൂരെയായിരുന്നു. അവിടെ ബോർഡിങ് ഇല്ല. ബസിൽ പോയി പഠിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട്, ഫാനിയെ ഞങ്ങൾ മസ്ക്കത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഞങ്ങൾക്കു രണ്ടുപേർക്കും അവിടെയായിരുന്നു ജോലി," ഫാനിയുടെ പാഠനം പാതിവഴിയിൽ നിറുത്തേണ്ടി വന്ന സാഹചര്യം കുഞ്ഞുമോൾ പങ്കുവച്ചു. 

fani

ഫാനിയുടെ ഉള്ളിൽ സംഗീതമുണ്ടെന്ന് തിരിച്ചറിഞ്ഞത് മസ്കത്തിൽ വച്ചായിരുന്നെന്ന് കുഞ്ഞുമോൾ പറയുന്നു. "വീട്ടിൽ സന്ധ്യാപ്രാർത്ഥനയ്ക്കു പാട്ടു പാടുമ്പോൾ ഫാനിയും കൂടെ പാടും. എനിക്കത് കേൾക്കാം. ഞങ്ങൾ പാട്ടു നിറുത്തിയാൽ അവളും നിറുത്തും. ഇവളുടെ മനസിൽ ഈണമുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. എന്നാൽ, ഒരു പാട്ടു പാടാമോ എന്നു ചോദിച്ചാൽ പാടില്ല. മസ്ക്കത്തിൽ വന്നതിനുശേഷം ഞാനും അവളും മാത്രം ഉള്ളപ്പോൾ ഞാൻ എന്തെങ്കിലും സൂത്രപ്പണികൾ ചെയ്ത് അവളെക്കൊണ്ട് പാടിക്കും. വേറെ ആരും ഇല്ലാത്ത സമയങ്ങളിൽ എനിക്ക് പാട്ടുകൾ പാടിത്തരും. നന്നായി പാടുന്നുണ്ടല്ലോ എന്നു മനസിൽ തോന്നിയിരുന്നു. പിന്നെപ്പിന്നെ, ആരെങ്കിലും വന്നു കഴിയുമ്പോൾ പാട്ടു പാടാൻ പറഞ്ഞാൽ പാടാനൊക്കെ തുടങ്ങി. പതിയെ, പള്ളിയിലും പാടാനുള്ള ആത്മവിശ്വാസം അവൾക്കു വന്നു. അതൊരു വഴിത്തിരിവായി," കുഞ്ഞുമോൾ ഓർത്തെടുത്തു.  

ഫാനിയെ വലിയ സദസിലേക്ക് എത്തിച്ചത് യുണൈറ്റഡ് ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പ് എന്ന സംഗീതമത്സരമായിരുന്നു. "പള്ളിയിൽ ഫാനി പാടുന്നതുകൊണ്ട് എല്ലാവരും അവൾ ഈ മത്സരത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധിച്ചു. അവളും സമ്മതിച്ചു. അന്നു ടെലിവിഷനിൽ പാട്ടിന്റെ റിയാലിറ്റി ഷോ വരുന്നുണ്ടായിരുന്നു. ഫാനിക്ക് വളരെയേറെ ഇഷ്ടമുള്ള പരിപാടിയായിരുന്നു അത്. ആ ഇഷ്ടം ഉള്ളതുകൊണ്ട് ഒരു പൊതു ഇടത്തിൽ പാടാൻ ഫാനിക്ക് പ്രശ്നം തോന്നിയില്ല. അങ്ങനെ ആദ്യമായി വലിയൊരു വേദിയിൽ ഫാനി പാടി. എല്ലാവരെയും വിസ്മയിപ്പിച്ച് ആ സംഗീതമത്സരത്തിൽ ഫാനി ഒന്നാം സമ്മാനം നേടി. വലിയൊരു നിമിഷമായിരുന്നു അത്," കുഞ്ഞുമോളുടെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം. 

സംഗീതമത്സരത്തിൽ വിജയി ആയപ്പോൾ ഫാനിയുടെ ഇരട്ടസഹോദരി ഒരു കീബോർഡ് അവൾക്കു സമ്മാനിച്ചു. അതുവരെ പാട്ടുകൾ ടെലിവിഷനിലും ഫോണിലും കേട്ടു പഠിച്ചിരുന്ന ഫാനിക്ക് കീബോർഡ് പുതിയ ഒരു ലോകം തുറന്നിട്ടു. മുഴുവൻ സമയവും പാട്ടിനൊപ്പം മാത്രമായി. പതിയെ കീബോർഡിലെ സ്വിച്ചുകളെല്ലാം അവൾക്ക് മനഃപാഠമായി. ടെലിവിഷനിലോ യുട്യൂബിലോ കേൾക്കുന്ന പാട്ടുകളും പശ്ചാത്തലസംഗീതവും അവൾ കീബോർഡിൽ വായിക്കും. ആരും പ്രത്യേകം പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല അതൊന്നും.

fani-and-family

"കീബോർഡ് എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും അതിലെ സ്വിച്ചുകളെക്കുറിച്ചും ഒരു ദിവസം പറഞ്ഞുകൊടുത്തിരുന്നു. അടുത്ത ദിവസം മുതൽ മുഴുവൻ സമയവും ഫാനി കീബോർഡിൽ കുത്തിപ്പിടിച്ച് ഇരിക്കുന്നതാണ് കണ്ടത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾ കീബോർഡിൽ ചില നോട്ടുകൾ വായിക്കാൻ തുടങ്ങി. അതിൽ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മ്യൂസിക്കിന് അനുസരിച്ച് പാട്ടുകളും പാടിത്തുടങ്ങി," ഫാനിയുടെ പിതാവ് ജോസ് പറഞ്ഞു.  

"ഇപ്പോൾ അവൾക്കെല്ലാം കീബോർഡാണ്. ടെലിവിഷനിലോ യുട്യൂബിലോ കേൾക്കുന്ന പാട്ടുകളും പശ്ചാത്തലസംഗീതവും അവൾ കീബോർഡിൽ വായിക്കും. ആരും പ്രത്യേകം പഠിപ്പിച്ചു കൊടുക്കാതെയാണ് അവൾ ഇതെല്ലാം ചെയ്യുന്നത്. ഞങ്ങൾക്ക് ആർക്കും സംഗീതവുമായി ഒരു ബന്ധം പോലുമില്ല. എന്തെങ്കിലും പറഞ്ഞുകൊടുക്കാനും അറിയില്ല. ഫാനി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യുന്നതു കാണുമ്പോൾ അത്ഭുതമാണ്," ജോസ് പറയുന്നു. 

കൺവെൻഷനുകളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും ഫാനി ഇപ്പോൾ സജീവഗായികയാണ്. പ്രശസ്ത ആരാധനാ ഗായകരായ ഡോ.ബ്ലെസൻ മേമനയുടെ പാട്ടുകളും പഴ്സിസ് ജോണിന്റെ പാട്ടുകളുമാണ് ഏറെ ഇഷ്ടം. മണിക്കൂറുകളോളം അവരുടെ പാട്ടുകൾ ഫാനി കേട്ടിരിക്കും. കൺവെൻഷനുകളിലെ സംഗീത ശുശ്രൂഷകളിൽ ഫാനി സ്ഥിരം സാന്നിധ്യമാണെങ്കിലും, മുടങ്ങിപ്പോയ ഫാനിയുടെ പഠനം വീണ്ടും തുടങ്ങണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ഒപ്പം സംഗീതവും അവളെ പഠിപ്പിക്കണം. അതു മാത്രമാണ് ഇനി ഇവരുടെ സ്വപ്നവും ജീവിതവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA