ജന്മനാടിനു വേണ്ടി പാടി സിനിമയിലെത്തിയ ഗായകൻ

p-jayachandran-main
SHARE

മലയാളികൾക്ക്  പ്രപഞ്ചസമത്വസംഗീതവും   സ്വർഗ്ഗീയാനുഭൂതികളുടെ  മധുസാഗരവുമാണ് ജയചന്ദ്രൻ. ദൈവദേശീയരെന്നു കരുതുന്ന നാം ഇപ്പോൾ  വാട്സാപ്പിലും ഫേസ്ബുക്കിലും ‘എന്തൊരു ദുരിതകാലമാണിത്?’, ‘ഈ കൊറോണ  തീരുന്നില്ലല്ലോ!! ', 'കേരളത്തിൽ നെൽവയലുകൾ  കുറഞ്ഞു, നാളെ എങ്ങനെ ജീവിക്കും? ', 'കാലാവസ്ഥ മാറി', 'ആളുകൾക്ക് പഴയ സ്നേഹമില്ല' എന്നുമെല്ലാം വേവലാതിപ്പെടുന്നു. ഒരു സങ്കൽപ്പധ്യാനത്തിൽ ഈ പരാതികളെല്ലാം ദൈവസമക്ഷം നിരത്തിയാൽ മറുപടി ഇങ്ങനെയായിരിക്കാം: 

'നിങ്ങളുടെ സങ്കടങ്ങളെല്ലാം മറക്കാനായി  കഴിഞ്ഞ 55 വർഷങ്ങളായി   ജയചന്ദ്രന്റെ അനന്യമായ  അദ്‌ഭുതസ്വരത്തെയും കാലാന്തരേ മാധുര്യമേറുന്ന ആ സ്വരനാളിയെയും സൂര്യചന്ദ്രതാരാദികളെപ്പോലെ ഒരു പോറൽ പോലുമേൽപ്പിക്കാതെ ഞാൻ ജ്വലിപ്പിച്ചു നിർത്തിയില്ലേ? വേദനിക്കാതെ കേട്ടാശ്വസിപ്പിൻ '. ഒരു കുളിർകാറ്റു പോലെ എന്നും താങ്ങും തണലുമായ ശബ്ദം. പ്രകൃതിയിലെ ഒരു പ്രഭാവം പോലെ സ്വാഭാവികമായ സ്വര-ഭാവപ്രകാശന-ആലാപനശൈലിയാണ് ജയചന്ദ്രന്റേത്. 'ഒരു പൂവ് വിരിയും പോലെയോ', 

'കടലലകൾ ഉയർന്നുതാഴും' പോലെയോ അനുഭവതരളിതമായ ദിവ്യാനുഭൂതി. ആ  ഭാവഗീതങ്ങൾ  മലയാളിയുടെ ഹൃദയത്തെ വികാരസാന്ദ്രമാക്കുകയും അതിന്റെ ആഴങ്ങളിൽ അഭൗമമായ തരംഗങ്ങളുയർത്തുകയും ചെയ്യുന്നു.   മലയാളിയുടെ  ജീവിതമൂഹൂർത്തങ്ങളിലെ വിവിധ  മാനസികാവസ്ഥകളിൽ,  അന്താരാത്മാവിൽ ഭാവനാതീതമായ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന അനനുകരണീയമായ  ആലാപനസംസ്കൃതിയാണത് . ജയചന്ദ്രൻ സിനിമയിലെത്തി 55 വർഷങ്ങളാവുന്നു, അദ്ദേഹം  എങ്ങനെ സിനിമയിലെത്തി?

jayachandran-old

1965 മാർച്ചിൽ  ഇരിഞ്ഞാലക്കുട  ക്രൈസ്റ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബി. എസ്. സി പൂർത്തിയാക്കി യ ജയചന്ദ്രൻ മദിരാശിയിൽ ജോലിയന്വേഷിച്ചു പോയി.  ഇന്ത്യാ-പാക് യുദ്ധത്തിന്റെ തീവ്രവേദനയിൽ അസ്വസ്ഥമായിരുന്ന കാലസന്ധി  കൂടിയായിരുന്നു അത്.  ഭാരതഭൂമിയെ പരിരക്ഷിക്കുവാനുള്ള തുക സ്വരൂപിക്കാൻ  സംഗീതജ്ഞൻ  എം.ബി. ശ്രീനിവാസന്റെ നേതൃത്വത്തിൽ മദിരാശിയിലെ സംഗീതപ്രവർത്തകർ  ഒരുമിച്ച ഒരു പരിപാടിയിൽ ദേശഭക്തിഗാനം ആലപിക്കാൻ ജയചന്ദ്രനെത്തേടി ഒരവസരം  വന്നുചേർന്നു. ജയചന്ദ്രൻ  സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ   അന്നത്തെ പ്രധാനമന്ത്രി ചാച്ചാജിയടക്കമുള്ള നവഭാരതശിൽപ്പികൾ പങ്കെടുത്ത പല ദേശീയസംഗീതപരിപാടികളിലും അംഗീകാരം നേടിയിട്ടുണ്ട്. 

എങ്കിലും, ഒരൽപ്പം ഉൾവലിയുന്ന പ്രകൃതക്കാരനായിരുന്നതു കൊണ്ട് എം. ബി. എസിന്റെ പരിപാടിയിൽ പാടണോ  വേണ്ടയോ? എന്ന ആശയക്കുഴപ്പമുണ്ടായിരുന്നത്രേ അദ്ദേഹത്തിന്. മനസ്സിന്റെ  ഒരു വശത്ത് യുദ്ധമുഖത്തുള്ള വിറങ്ങലിപ്പിക്കുന്ന ദൃശ്യങ്ങൾ, ഒടുങ്ങിത്തീരുന്ന മനുഷ്യജന്മങ്ങൾ, വിഷാദശ്രുതിയിലുള്ള കരച്ചിലുകൾ.... മറുവശത്ത് ഉദ്യോഗത്തിന്റെ സുരക്ഷിതത്വവും സാന്ത്വനസൗഖ്യവും. ഒടുവിൽ ദേശസ്നേഹിയായ അദ്ദേഹം 'തീവ്രവേദനയിൽ പിടഞ്ഞുകൊണ്ടിരിക്കുന്നവർക്ക് സംഗീതത്തിന്റെ മൃതസഞ്ജീവനി പകരാൻ' തീരുമാനിച്ചതാവാം, ആലപിച്ചത്  'ചൊട്ട മുതൽ ചുടല വരെ..' എന്നാരംഭിക്കുന്ന  "പഴശ്ശിരാജ" എന്ന ചിത്രത്തിലെ സ്വദേശാഭിമാനം തുളുമ്പുന്ന ഗാനം . ആ സദസ്സിൽ കേരളീയരായ മൂന്നു ശ്രേഷ്ഠസംഗീതസ്നേഹികളുണ്ടായിരുന്നു : ഇതിഹാസസംവിധായകൻ വിൻസെന്റ് മാഷും ചലച്ചിത്രപ്രതിഭകളായ ആർ. എസ്. പ്രഭുവും ശോഭന പരമേശ്വരൻ നായരും. 

p-jayachandran-2

ജയചന്ദ്രന്റെ വേറിട്ട ആലാപനത്തിലെ വൈകാരികതയും  കാല്പനികതയും കാവ്യാത്മകതയും അസാമാന്യമായ ഭാവപ്രകാശനവും ഭാവവ്യതിയാനങ്ങളുമൊക്കെ അവരെ അമ്പരപ്പിച്ച നവ്യാനുഭവമായിരുന്നു. സിനിമാഗായകനാകാൻ താത്‌പര്യം കാണിക്കാതിരുന്ന ജയചന്ദ്രനെ വീണ്ടും വീണ്ടും നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി മൂന്നു ഗാനങ്ങൾ പാടിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. മലയാളസിനിമാ പിന്നണിയിൽ പുതിയൊരു പുരുഷസ്വരം! "കുഞ്ഞാലിമരയ്ക്കാർ" എന്ന ചിത്രത്തിലെ 'ഒരു മുല്ലപ്പൂ മാലയുമായ്', 'ഉദിക്കുന്ന സൂര്യനെ', 'ആറ്റിനക്കരെ' എന്നിവ. ജന്മനാടിനു വേണ്ടി പാടിയ സന്ദർഭം ചലച്ചിത്രപിന്നണിഗാനാലാപനരംഗത്തേക്ക് പ്രവേശിക്കാൻ  നിമിത്തമായ    ഏക സിനിമാപിന്നണിഗായകൻ  പി. ജയചന്ദ്രനായിരിക്കാം.

നിത്യഹരിതനായകൻ പ്രേംനസീറിന്റെ 'മുഴക്ക'വും, 'പൊലിമ'യും, 'ഊന്നലും', 'ഊർജ്ജവിന്യാസഭേദങ്ങളും' ഉൾച്ചേർന്ന സംഭാഷണങ്ങൾ കേട്ടു കയ്യടിച്ച അന്നത്തെ മലയാളി സിനിമാപ്രേക്ഷകന് അതിന് ഉത്തമപ്പൊരുത്തമായ ജയചന്ദ്രനാദം വലിയൊരദ്‌ഭുതമായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഏതു കഥാസന്ദർഭത്തിനും ഗാനാഭിനേതാവിനും അനുയോജ്യമായ ബഹുലപ്രവീണനാദമായി ജയചന്ദ്രന്റേത്. 

മധു പകർന്ന (ലവ് ഇൻ കേരള), മരുഭൂമിയിൽ (ഭാര്യമാർ സൂക്ഷിക്കുക), ഇനിയും പുഴയൊഴുകും (അഗ്നിപുത്രി), മലരമ്പനറിഞ്ഞില്ല (രക്തപുഷ്പം), ഇന്ദുമുഖീ (അടിമകൾ), ചെമ്പവിഴച്ചുണ്ടിൽ (നാഴികക്കല്ല്), മകരം പോയിട്ടും (വെളുത്ത കത്രീന) തുടങ്ങിയ ഗാനങ്ങൾ പാടുമ്പോൾ 23-കാരനായ  ജയചന്ദ്രന്റെ സ്വരം 46-കാരനായ പ്രേംനസീറിനും  58-കാരനായ സത്യനും ചേർത്തുനിർത്തുന്ന ആലാപനവഴക്കം വിസ്മയകരമാണ്. 55 വർഷങ്ങൾക്കിപ്പുറം അഭിനേതാക്കളുടെ  ഏഴു തലമുറകളോടൊപ്പം  ഇണങ്ങിയൊഴുകിയ 76-കാരനായ ജയചന്ദ്രൻ  ഇപ്പോൾ 'അവൾ...എന്റെ കണ്ണായി മാറേണ്ടവൾ' എന്ന്  അനായാസം  പാടുമ്പോൾ  ‘ന്യൂജെൻ ചെക്ക’നായ അഖിൽ പ്രഭാകറിന് കിറുകൃത്യമായി ചേരുന്നു. ഏഴു തലമുറകളിലെ ചലച്ചിത്രങ്ങളോടും  പാട്ടെഴുത്തുകാരോടും സംഗീതജ്ഞരോടും സഹഗായികമാരോടും ഇതുപോലെ  ഇഴുകിച്ചേർന്ന പിന്നണിസ്വരങ്ങൾ അപൂർവമാണ്. 

നൈസർഗ്ഗികവാസനയും പാലിയം കോവിലകങ്ങളിലെ  ബാല്യകാലത്തെ സംഗീതസാന്ദ്രമായ അന്തരീക്ഷവും അനേകം മഹാസംഗീതപ്രതിഭകളുമായുള്ള അടുപ്പവും ജയചന്ദ്രനിലെ സംഗീതസ്നേഹിയെ വളർത്തിയെടുത്തു. 'ഒരു മഹാഗായകൻ എന്നല്ല, ലോകത്തിലെ ഏറ്റവും വലിയ ആസ്വാദകനാണെന്നു വിശ്വസിക്കുന്നു 'വെന്ന് ജയചന്ദ്രൻ വിനയപൂർവ്വം  പലപ്പോഴും  അഭിപ്രായപ്പെട്ടിട്ടുണ്ട് . സിനിമാസംഗീതത്തിലെ കഴിഞ്ഞ 55 വർഷങ്ങളിലും വ്യതിരിക്തമായ  സ്വരാലാപനത്തിലൂടെ ജയചന്ദ്രൻ മലയാളിയെ വിസ്മയിപ്പിച്ചു.  ജെ. സി. ഡാനിയേൽ പുരസ്‌കാരജേതാവും ചലച്ചിത്ര ഇതിഹാസവുമായ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളാണ് ജയചന്ദ്രൻ ഏറ്റവുമധികം ആലപിച്ചിട്ടുള്ളത്. പാട്ടെഴുത്തിന്റെയും പാട്ടാലാപനത്തിന്റെയും ഈ  രാജാധിരാജന്മാർ ഒരുമിച്ച ഹൃദയഗീതങ്ങൾ നമുക്ക് മറക്കാനാവുമോ? ജി. ദേവരാജൻ, കെ. രാഘവൻ, എം. എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി സ്വാമി , എം. കെ. അർജ്ജുനൻ എന്നീ ഇതിഹാസസംഗീതജ്ഞരെയാണ് ജയചന്ദ്രൻ 'മലയാളസംഗീതത്തിലെ  മാസ്‌റ്റേഴ്‌സ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.  

തോട്ടേനെ ഞാൻ, മാനത്തു കണ്ണികൾ, കല്ലോലിനീ, റംസാനിലെ, രാമൻ ശ്രീരാമൻ, ഹൃദയേശ്വരീ, സുഗന്ധീ, വർണ്ണച്ചിറകുള്ള, ഓർമ്മയുണ്ടോ മാൻകിടാവേ, കാറ്റു വന്നു, പേരാലും കുന്നിന്മേൽ, ഇളം പെണ്ണിൻ ചിരി, അക്ഷരമൊരു ഹിമബിന്ദു, കാമശാസ്ത്രമെഴുതിയ, ഉത്സവക്കൊടിയേറ്റ കേളി, കാവൽമാടം... (ദേവരാജൻ) , അനുരാഗഗാനം, മന്മഥനാം ചിത്രകാരൻ, വാസന്തസദനത്തിൻ, കുപ്പായക്കീശ മേൽ, വജ്രകുണ്ഡലം, നീലമേഘമാളികയിൽ, എങ്ങുപോയ്, വെളുത്ത വാവൊരു, പകലുകൾ വീണു...(ബാബുരാജ്), സന്ധ്യക്കെന്തിനു, സ്വാതിതിരുനാളിൻ കാമിനി, ചന്ദനത്തിൽ, ശൃംഗാരഭാവനയോ, ഹരിതകാനന, മധ്യവേനൽ, സ്വപ്നമേ, ആയിരം രാത്രി, സൗഗന്ധികങ്ങളെ, ചെമ്പകമല്ല നീ... (ദക്ഷിണാമൂർത്തി), മല്ലികപ്പൂവിൻ, നിശാസുന്ദരീ, മംഗലപ്പാല, കാറ്റിലോളങ്ങൾ, കൺകുളിർക്കെ, വെള്ളിമേഘം, പകൽ വിളക്കണയുന്നു, പൂ ചിരിച്ചൂ, മാന്മിഴിയാൽ, നനയും നിൻ മിഴിയോരം, ദൂരെ ദൂരെ, കര കാണാക്കടലിൽ… (എം. കെ. അർജ്ജുനൻ), ജീവിതമെന്നൊരു, കരിമുകിൽ കാട്ടിലെ, പൂർണ്ണേന്ദുമുഖി, ഉഷമലരുകളുടെ, നീലമലപ്പൂങ്കുയിലെ, ത്രേതായുഗത്തിലെ, ഇരുൾ നിറയും, വെള്ളിലക്കിങ്ങിണി… (കെ. രാഘവൻ) എന്നിങ്ങനെ ആയിരക്കണക്കിന് ഗാനങ്ങൾ പിറന്ന സുവർണ്ണകാലമായിരുന്നു അറുപതുകളും എഴുപതുകളും. 

'പ്രപഞ്ചസംഗീതജ്ഞനാണ് എം. എസ്. വിശ്വനാഥൻ' എന്നും 'ഈണങ്ങളുടെ ചിറകുകൾ നൽകി എന്റെ സ്വരത്തെ പറത്തിവിട്ടത് എം. എസ്. വി 'യാണെന്നും ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. എം. എസ്. വി യുടെ സംഗീതശിക്ഷണത്തിലുള്ള  സുപ്രഭാതം, തിരുവാഭരണം, അറബിക്കടലിളകി വരുന്നൂ, മലരമ്പനെഴുതിയ, അഷ്ടപദിയിലെ, സ്വർണ്ണഗോപുരനർത്തകീ ശിൽപ്പം, രാജീവനയനേ, പഞ്ചമിപ്പാലാഴി, മധുമാസം, തങ്കക്കിരീടം, ശ്രുതിമണ്ഡലം, ഞായറും തിങ്കളും മുതലായ അസംഖ്യം ഗാനങ്ങൾ ഇന്നും  നവോന്മേഷം പകരുന്നു.

രാഗം ശ്രീരാഗം, ശരതിന്ദു, കല്യാണി, പ്രഭാമയീ  (എം.  ബി. ശ്രീനിവാസൻ), കാട്ടുകുറിഞ്ഞി, വർണ്ണരഥങ്ങളിൽ, അഞ്ജനശിലയിലെ, കാലം തെളിഞ്ഞു, ദൂരെ പ്രണയകവിത, കണ്ണിൽ കണ്ണിൽ, നായിക നീ, ഇന്നല്ലേ പുഞ്ചവയൽ (ശ്യാം), ആറാട്ടു മഹോത്സവം, നീൾമിഴിത്തുമ്പിൽ, ആയിരം മാതളപ്പൂക്കൾ ( കെ. ജെ. ജോയ്), നീലമേഘങ്ങൾ, ഇന്നു രാത്രി, ഇന്ദ്രനീലാംബരം, രഘുവംശരാജ, മന്ദഹാസമധുരദളം, മാനത്തു നിന്നും, പാൽക്കുടമേന്തിയ, മധുവിധുരാവായി (എ. ടി. ഉമ്മർ), കുറുനിരയോ, മോഹം കൊണ്ടു ഞാൻ (ജോൺസൺ), ആലിലത്താലി, ഏകാകിയാം (രവീന്ദ്രൻ), കൈ വന്ന തങ്കമല്ലേ, ആരാരും കാണാതെ (വിദ്യാസാഗർ), കഥയമമ, ഞാനൊരു മലയാളി, പുഴ ചിതറി (ബിജിബാൽ), കല്ലായിക്കടവത്തെ, അവൾ എന്റെ കണ്ണായി (എം. ജയചന്ദ്രൻ)  എന്നിങ്ങനെ മലയാളിയുടെ പ്രാണനിൽ ആലേഖനം ചെയ്ത  എത്രയെത്ര  ജയചന്ദ്രഗീതങ്ങൾ !  ഇതുപോലെ അന്യഭാഷകളിലും  ആയിരക്കണക്കിന് ഭാവഗീതങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ആ ഗാനങ്ങളോരോന്നും തമിഴന്റേയും തെലുങ്കന്റേയും കന്നഡിഗന്റെയും  എല്ലാ വികാരങ്ങളും ഉൾച്ചേരുന്ന  ആത്മഗീതങ്ങളായി മാറി. 

അസാമാന്യമായ മുഴക്കവും ഭാവഗാംഭീര്യവും  വോക്കൽ റേഞ്ചുമുള്ള ഒരദ്‌ഭുതഗായകനാണ് ജയചന്ദ്രനെന്ന് ഒരാസ്വാദകനെന്ന നിലയിൽ എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അനന്യസാധാരണമായ കേൾവിജ്ഞാനം, അക്ഷരസ്ഫുടത, ഭാഷാസൗന്ദര്യം, കാവ്യചാരുത, വൈകാരികത, ആന്തരികഭാവസൗന്ദര്യം...എന്നിങ്ങനെ എത്രയോ സവിശേഷതകളുണ്ടതിൽ. മലയാളഭാഷയുടെ ഉച്ചാരണപാഠപുസ്തകമാണ് അദ്ദേഹം. കാലത്തെപ്പോലും മോഹിപ്പിച്ച ദേവസ്വരം.  'അശരീരി'ഗാനങ്ങളും ശ്ലോകങ്ങളും അനായാസം ആലപിക്കാനുള്ള അപൂർവ്വസിദ്ധി കൂടിയാണിത്. 

ദക്ഷിണാമൂർത്തിസ്വാമിയുടെ ഈണത്തിലുള്ള 'ധ്യായേ ചാരു ജടാ' (ശബരിമല ശ്രീ ധർമ്മശാസ്താ) എന്ന ശ്ലോകമാണ് ഈ ശൈലിയിലുള്ള മലയാളത്തിലെ ആദ്യ ജയചന്ദ്രഗീതം. 'ജഗദ് ഗുരു ആദിശങ്കര'നിലെ ശ്ലോകങ്ങൾ എത്ര ഭക്തിസാന്ദ്രമായാണ് ജയചന്ദ്രൻ ചൊല്ലിയിരിക്കുന്നത്? 'സകലചരാചരസൗഖ്യം വിളിച്ചോതുന്ന പ്രപഞ്ചസൗഹാർദ്ദസംഗീത'മാണ് ജയചന്ദ്രൻ. ശ്രീനാരായണഗുരുദേവന്റെ  മഹാസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രകൃതിയായ  'ശിവപ്രസാദപഞ്ചകം' ഈണമിട്ട് ലോകത്തോട് വിളംബരം ചെയ്യാൻ ദേവരാജൻ മാസ്റ്റർ തിരഞ്ഞെടുത്തത് ജയചന്ദ്രനാദത്തെയായിരുന്നു. 'ശിവശങ്കരശർവ്വശരണ്യവിഭോ..' എന്ന ആ ഗാനത്തിന് ജയചന്ദ്രൻ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടി. 

p-jayachandran-daughter

കൊറോണക്കാലത്ത് ഭക്തിഗാനങ്ങൾ ജീവിതത്തിൽ വലിയൊരാശ്വാസവും ഇവിടെ  നിലനിൽക്കാനുള്ള  ഊർജ്ജസ്രോതസ്സുകളുമാണ്. ഗാനാലാപനത്തിൽ   ജന്മജന്മാന്തരങ്ങളായി മലയാളത്തിന്റെ സുകൃതമായ  ജയചന്ദ്രന് സംഗീതമെന്നാൽ  ഈശ്വരനാണ്. വരികളോടും ഈണത്തോടുമുള്ള ഭയഭക്തിബഹുമാനവും മുതിർന്ന സംഗീതജ്ഞമാരോടുള്ള അദ്ദേഹത്തിന്റെ ആദരവും ഗുരുത്വവും ഏവർക്കും മാതൃകയാണ്. മറ്റു ഗായകരെക്കുറിച്ചു മാത്രം സംസാരിക്കാനും മറ്റുള്ളവരുടെ പാട്ടുകൾ മാത്രം പാടാനുമുള്ള ഹൃദയവിശാലത. അദ്ദേഹത്തെപ്പോലൊരു സമ്പൂർണ്ണകലാകാരൻ ഇതുവരെ ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല. ജയചന്ദ്രൻ സിനിമാപ്പാട്ടുകളെക്കാളേറെ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എന്നത് ഒരു മഹാനിയോഗമാണ്. ഒരു പുണ്യതീർത്ഥാടനത്തിന്റെ ആദ്ധ്യാത്മികദീപ്തി  പകരുന്ന  ഇവയോരോന്നും ആത്മീയാനുഭൂതിയുടെ അനുഭവസാക്ഷ്യങ്ങളാണ്. 'ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം' എന്നു പാടി ഗുരുവായൂരപ്പനെ ഉണർത്തുന്നു  ജയചന്ദ്രനാദം.  ഈ ഉത്തമഗുരുവായൂരപ്പഭക്തനെ ഉണർത്തുന്നതോ?

'….നീലനിലാവിൻ പീലികളിൽ 

നീയെന്റെ ഹൃദയം തൊട്ടുണർത്തീ 

ഇണങ്ങാനും പിണങ്ങാനും നീ മാത്രം 

എന്നെ ഉറക്കാനും ഉണർത്താനും നീ മാത്രം….'

(ഗാനം: ഞാനൊരു ഹരിമുരളി , കളഭച്ചാർത്ത്)

 മലയാളിക്ക് ജയചന്ദ്രഗീതങ്ങൾ എപ്പോഴും സംഗീതോർജ്ജത്തിന്റെ പ്രവാഹമാണ്. എന്നും പുതുപ്രതീക്ഷ നൽകി 'സുപ്രഭാതം' എന്നു പാടിയുണർത്തുന്ന ജയചന്ദ്രനാദം, 'ഒന്നിനി ശ്രുതി താഴ്ത്തി' പാടിയുറക്കുന്നു. സ്വപ്നങ്ങളുടെ വിഹായസ്സിൽ പറന്നുയരാനും ബ്രഹ്‌മാണ്ഡത്തിന്റെ ഏതു കോണിലേക്കും പ്രയാണം നടത്താനും മലയാളിയുടെ ആത്മാവിന് ജയചന്ദ്രന്റെ നിത്യഹരിതശബ്ദം  സ്വരച്ചിറകുകളേകുന്നു. 

 “You cannot call him to the court because he does not sing on request. His songs are like the songs of the birds. A cuckoo will never sing at your request. The more you plead the more silent he will become, because it will begin to wonder. You can hear my guru only when he chooses to sing. If you are that eager we shall have to go and hide behind his hut and listen secretly. If we approach him directly he might stop singing” (താൻസെൻ  ഗുരുവായ  സ്വാമി ഹരിദാസിനെപ്പറ്റി അക്ബർ ചക്രവർത്തിയോട്)

സംഗീതജീവിതത്തെപ്പോലെ  ജയചന്ദ്രന്റെ വ്യക്തിജീവിതവും മഹത്തായ  സന്ദേശങ്ങൾ നൽകുന്നു. ഏതോ ഒരു മഹാത്മാവ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്: 'ഒന്നിനോടും ആർത്തിയില്ലായ്മ, ശാന്തമായ ഭാവം, എല്ലാവരോടും ഒരേ പെരുമാറ്റരീതി, ഏതൊരു കാര്യത്തോടും പ്രഥമമായി പരിപൂർണ്ണനിസ്സംഗത, എളിമ, ആത്മചൈതന്യം എന്നിവ ശ്രേഷ്ഠമാനവന്റെ ലക്ഷണങ്ങളാണ്'. സത്യസന്ധത, ഔപചാരികതയുടെ മുഖമില്ലാത്ത അസാമാന്യലാളിത്യം, സഹജീവിസ്നേഹം, നന്മ, പ്രകൃതിസ്നേഹം, സമഭാവന, സാമൂഹികപ്രതിബദ്ധത, നിസ്വാർത്ഥത, ആത്മമയത്വം എന്നീ ഗുണങ്ങൾ ജയചന്ദ്രനെ ഒരു പ്രചോദകവ്യക്തിത്വമാക്കുന്നു. 

നാട്യങ്ങളില്ലാത്ത ആഘോഷങ്ങൾ കൊണ്ടും ജയചന്ദ്രൻ മലയാളികൾക്ക് മാതൃകയാണ്. വേദിയിലെ വലിയ ആഘോഷങ്ങൾ ഇഷ്ടമല്ലെന്ന്  ജയചന്ദ്രൻ തുറന്നുപറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, പിന്നണിഗാനാലാപനത്തിന്റെ നാൽപ്പതാം വർഷം 2005 -ൽ  മലപ്പുറത്തെ ചെറിയ  ഒരു ഗ്രാമത്തിലാണ് അദ്ദേഹം അതിലളിതമായി ആഘോഷിച്ചിരുന്നത്. 

കോവിഡ് ഭീഷണി നിലനിൽക്കുന്നതുകൊണ്ട് ഇപ്പോൾ ഒരാഘോഷവും പാടില്ലെങ്കിലും, വീട്ടിലിരുന്ന് നൂറുകണക്കിന് ജയചന്ദ്രഗീതങ്ങൾ കേട്ടുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ പിന്നണിഗാനാലാപനത്തിന്റെ അൻപത്തിയഞ്ചാം വാർഷികം ആഘോഷിക്കാം! ഇനിയും അദ്ദേഹത്തിന്റെ മനോഹരഗാനങ്ങൾ കേൾക്കാൻ പ്രാർത്ഥിച്ചുകൊണ്ട് ഹൃദയപൂർവ്വം സംഗീതമംഗളാശംസകൾ  നേരാം…

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA