ADVERTISEMENT

‘അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ

നിൻ ചിരി സായകമാക്കീ നിൻ പുഞ്ചിരി സായകമാക്കി....’ 

ഹൊ! ഓരോ തവണ കേൾക്കുമ്പോഴും പ്രണയ പരാഗം പടർന്നുപാറിയ ഊഷ്മള ഭൂതകാലത്തിലേക്ക് തൊടുത്തുവിട്ട സായകം കണക്കെയല്ലേ ഉള്ളു പായുന്നത്. മുഖവുരയോ വിവരണങ്ങളുടെ അകമ്പടിയോ വേണ്ടാത്ത, പാട്ടെഴുത്തു വഴിയിലെ നിത്യ നൈർമല്യമായിരുന്ന യൂസഫലി കേച്ചേരിയുടെ അഴകൊഴുകുന്ന വരികളിൽ മനസ്സുടക്കിപ്പോകാത്തത് ആരുടേതാണ്! പാട്ടിനോടൊപ്പം പ്രണയിനിയെയും നെഞ്ചോടു ചേർത്തുവയ്ക്കാൻ കൊതിച്ചു പോകുന്ന വരികൾ... 

കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരക്കോളിളക്കത്തിന്റെ ചുവടുപിടിച്ച് എംടി- ഹരിഹരൻ കൂട്ടുകെട്ടിൽ 1994ൽ പിറന്ന ചിത്രമായിരുന്നു പരിണയം. ഏറെ ശ്രദ്ധേയമായ ഇതിലെ മുഴുവൻ ഗാനങ്ങളും  കേച്ചേരിയുടെ തൂലികയിലാണ് പിറന്നത്. 

ഒരു പതിനേഴുകാരി വിധവയുടെ ചപലതയിൽ പൊട്ടി മുളയ്ക്കുന്ന പ്രണയവും അനന്തരം അനാവരണം ചെയ്യപ്പെടുന്ന സാംസ്കാരിക ജീർണതയുമാണ് സിനിമയെ ചലിപ്പിക്കുന്നത്. ഉണ്ണിമായയുടെ നഷ്ടബോധത്തെ നികത്തിയെടുക്കാനുള്ള മറുമരുന്നുമായി മാധവനെത്തുമ്പോൾ കഥ വഴിമാറുകയാണ്, ഒരു നിശ്ശബ്ദ പ്രണയത്തിലേക്ക്. ആഖ്യാന വഴിയിൽ ചില കണിശതകളെ മുറുകെ പിടിച്ചിരുന്ന എംടിക്ക് അതിസുന്ദരിയായ നായികയുടെ സൗന്ദര്യത്തെ വർണിക്കുന്ന ഒരു പാട്ടുണ്ടാവണമെന്നത് നിർബന്ധമായിരുന്നു. അതും പ്രണയമിറ്റുന്ന വാക്കുകൾ കൊണ്ടുതന്നെ ആവണമെന്ന് യൂസഫലിയെ പ്രത്യേകം പറഞ്ഞ് ചട്ടം കെട്ടുകയും ചെയ്തിരുന്നു. 

സിനിമയിൽ ഉണ്ണിമായയ്ക്കു ജീവൻ പകരുന്നത് തൊണ്ണൂറുകളിലെ മലയാളിയുടെ നായികാസങ്കൽപത്തിലേക്ക് ശാലീനതയുടെ പര്യായം പോലെ കടന്നു വന്ന മോഹിനിയാണ്. അപ്പോൾപ്പിന്നെ സൗന്ദര്യത്തിന്റെ ബ്രാഹ്മണ്യച്ചേലു പരതി കവിക്ക് ഏറെ തല പുണ്ണാക്കേണ്ടി വരുമോ? ഹൈന്ദവാചാരങ്ങളിലും പുരാണങ്ങളിലും അവഗാഹമുണ്ടായിരുന്ന യൂസഫലിക്കു മുമ്പിൽ നൂറഴകുമായി ഉണ്ണിമായയുടെ രൂപലാവണ്യം തെളിഞ്ഞു. ഒട്ടും ചോരാതെ ആ അഴകിനെ ഒപ്പിയെടുക്കാൻ കവിയുടെ എഴുതിത്തെളിഞ്ഞ പദഭംഗിക്കാവുകയും ചെയ്തു. വരികളിലഴകിന്റെ  വർണചിത്രങ്ങളിങ്ങനെ വരഞ്ഞു വീഴുമ്പോൾ ഒരു കള്ളച്ചിരിയുമായി പോയ വസന്തം തിരികെയെത്തുന്ന ഹൃദ്യാനുഭൂതിയും എത്ര അനുഭവവേദ്യമാവുകയാണ്!

മലയാളത്തിലേക്കു വരുന്നതുതന്നെ ഹിറ്റുകളെ സമ്മാനിക്കാനാണെന്നു തെളിയിച്ച ബോംബെ രവിയാണ് ഈ താരുണ്യച്ചേലിന് മാണ്ഡ് രാഗത്തിൽ  ഈണമൊരുക്കിയിരിക്കുന്നത്. യേശുദാസിന്റെ സ്വരഭംഗിയിൽ ഓരോ വരിയിലും തെളിഞ്ഞു വരുന്നതും അഴകിന്റെ  വിസ്മയക്കാഴ്ചകൾ തന്നെ! 

കളിയരങ്ങിലെ കെട്ടിയാടലുകൾക്കൊപ്പം ഉണ്ണിമായയും ഹൃദയത്തിൽ ഇടം പിടിച്ചതോടെ മാധവനു പിന്നെയെല്ലാം അനുരാഗക്കാഴ്ചകളാവുകയായിരുന്നു.  

ഉപമകൾ എത്രതന്നെ ചേർത്തുവച്ചലങ്കരിച്ചാലും പ്രണയിനിയെ വർണിക്കാൻ വാക്കുകൾ പോരാതെ വരുന്ന രസതന്ത്രം മറ്റേതു വികാരത്തിനാണുള്ളത്! വരികളിൽ അത്തരമൊരു പ്രണയ തത്വത്തെ എത്ര ഭംഗിയായാണ് യൂസഫലി അവതരിപ്പിച്ചിരിക്കുന്നത്.

പ്രണയിനി തനിക്കായി പകരുന്ന ഒരു പുഞ്ചിരി മതി ഹൃദയ ശ്രീകോവിലിൽ ആത്മഹർഷത്തിന്റെ കാഴ്ചശീവേലിയൊരുക്കാൻ. ഋതുകൽപനകൾ വച്ചുവണങ്ങുന്ന ആ പുഞ്ചിരിക്കു മുന്നിൽ മന്മഥ ശരങ്ങളൊക്കെയും നിഷ്പ്രഭമാകുമെന്ന് മാധവനു തോന്നിയത് കവിഹൃദയത്തിലെ മറയില്ലാത്ത സൗന്ദര്യാരാധന കൊണ്ടു കൂടിയാവണം.

ലക്ഷ്യം തെറ്റിയിട്ടില്ലാത്ത, നീലോൽപലവും നവമാലികയുമൊക്കെയാൽ അലംകൃതമായ മന്മഥ സായകങ്ങൾ പ്രിയപ്പെട്ടവളുടെ വശ്യമോഹന മന്ദസ്മിതത്തോട്  എങ്ങനെ കിടപിടിക്കാൻ? മോഹങ്ങളുടെ കിന്നരതന്ത്രികളിൽ ശ്രുതിയിട്ടുപെയ്തിറങ്ങുന്ന ആ മൊഴിവസന്തം ഗന്ധർവനിലും ഒരിളക്കം തീർത്തുവോ? ഏഴുസ്വരങ്ങൾക്കും മീതേ രാഗവിസ്താരം ചമയ്ക്കുന്ന തേന്മൊഴിയുടെ ചൈത്ര ചാരുതയെ വെറുതെയല്ല ഗന്ധർവൻ സാധകമാക്കിയത്. പത്തരമാറ്റിനെയും വെല്ലുന്ന തന്റെ പ്രണയിനിയുടെ കവിൾപൂവിണയുടെ കനകശോഭയിൽ സ്നേഹ മൃദുലതയുടെ തൊട്ടുരുമ്മലും ചുംബനോഷ്മളതയുടെ ലോലതയും എത്ര തരളമായാണ്  ഇണചേരുന്നത്. 

‘ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു...’

ഏഴുനിറങ്ങളും ഇതളിട്ടു പൂക്കുന്ന, വാനമേലാപ്പിൽ വിടർന്ന് ചക്രവാളം ചുംബിക്കുന്ന, മഴവില്ലിന്റെ ഐന്ദ്രജാലികതയെ ഏതു വാഗ്ഭംഗിയാൽ അണിയിച്ചൊരുക്കാൻ! വർണ വിസ്മയത്തിന്റെ ഇന്ദ്രചാപവും ദാഹിച്ചു പോവുന്നത് കാലം തനിക്കായി കരുതിവച്ച ആ കാന്തിക്കായിത്തന്നെയാണ്.

നീലിച്ച മിഴിയിണകളും മധുവൂറുന്ന അധരദളങ്ങളും കവിയുടെ കാൽപനികതകളിൽ പടർന്നുകയറുമ്പോൾ സൗന്ദര്യ സങ്കൽപങ്ങളെ താലോലിക്കുന്ന കാമുക ഹൃദയങ്ങൾ പുളകമണിയാതിരിക്കുമോ? 

‘....പനിനീർ നിൻ ചൊടിയിണയിൽ വിടർന്നു നിന്നു..’ കൊഴിഞ്ഞൊഴിയാതെ വിടർന്നു നിൽക്കുന്ന പനിനീർമലരൊത്ത അധരകാന്തി ബ്രാൻഡ് ചെയ്യപ്പെടുന്ന ഒരു സൗന്ദര്യബിംബം തന്നെ. 

‘അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ 

പുരികത്തിൻ ചുരിക തടുക്കാൻ പരിചയില്ല....’ (തച്ചോളി അമ്പു) എന്നു പാടിയ കവിക്ക് സൗന്ദര്യ ബിംബങ്ങളോട് എന്നും ഒരഭിനിവേശം തന്നെയുണ്ടായിരുന്നു. 

‘കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെയും കഥാസന്ദർഭങ്ങളെയും ഭാവനാ പരിസരമാക്കി വരികൾ മെനയുകയാണ് പാട്ടെഴുത്തിൽ കവിയുടെ നിയോഗം.’ നിരവധി ഹിറ്റുകൾ സമ്മാനിച്ച കവിക്കും മറുത്തൊരഭിപ്രായമില്ല.

ക്ലാസിക്കൽ സംഗീതത്തിന്റെ ചുവടുപിടിച്ച് ബോളിവുഡിൽ വിസ്മയങ്ങൾ തീർത്ത, ഇന്ത്യൻ സംഗീതത്തിലെ മുഗൾ - ഇ- അസം എന്ന നൗഷാദ് അലി മലയാളത്തിൽ ഒരേയൊരു സിനിമയ്ക്കേ സംഗീതം ചെയ്തിട്ടുള്ളു. തനിക്ക് താത്പര്യമില്ലാത്തതുകൊണ്ടു മാത്രം തെന്നിന്ത്യൻ അവസരങ്ങളെ ഒഴിവാക്കി വിട്ടിരുന്ന നൗഷാദിന്, എന്തുകൊണ്ടോ  കേച്ചേരിപ്പുഴയുടെ ഓളങ്ങൾക്കു മീതേ വാക്കുകൾകൊണ്ടോടമൊരുക്കുന്ന യൂസഫലി കേച്ചേരിയുടെ നിർബന്ധത്തിനു വഴങ്ങി ഒരിക്കൽ പതിവു തെറ്റിക്കേണ്ടി വന്നു. അങ്ങനെ ‘ധ്വനി’ക്കു വേണ്ടിയെഴുതിയ കേച്ചേരിയുടെ വരികൾക്ക് ബോളിവുഡ് ഇതിഹാസം ഈണം പകർന്നു... ബാക്കിയെല്ലാം ചരിത്രം. 

കേച്ചേരി പുഴയുടെ പടവുകളിൽ കൊഴിഞ്ഞു വീണ സന്ധ്യകൾ കവിയിലെ സൗന്ദര്യാരാധകനെ ഉണർത്തി വിട്ടപ്പോൾ മലയാളത്തിനെന്നും ഓമനിക്കാനൊരു പ്രണയകാവ്യം കൂടി ഉടലെടുക്കുകയായിരുന്നു. ആ വർഷത്തെ മികച്ച ഗായകനെയും മികച്ച ഗായികയെയും മികച്ച സംഗീത സംവിധായകനെയും ‘പരിണയം’ സൃഷ്ടിച്ചിരുന്നു. പക്ഷേ മികച്ച ഗാനരചയിതാവാകാൻ ‘പരിണയം’ കേച്ചേരിക്കു വഴിയൊരുക്കാതെ പോയത് ഒരു വൈപരീത്യം തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com