ADVERTISEMENT

പെണ്ണിന്‍റെ പ്രണയ വിചാരങ്ങള്‍  ഒരു പാട്ടിലാവുമ്പോള്‍ അതിന്‍റെ താളമൊന്നു വേറെയാണ്. ആണിനെയും പെണ്ണിനെയും ആകര്‍ഷിക്കുന്ന ഒരു  കൗതുകം വരും ആ പാട്ടില്‍. അത്രമേല്‍ തീവ്രമായി അവളത് പറയുന്ന പാട്ടുകൾ ഇന്നു കുറവാണ്. പക്ഷേ, സ്ത്രീപക്ഷ സിനിമകള്‍ വരുമ്പോഴും സ്ത്രീപക്ഷ പാട്ടുകള്‍ നമുക്കധികമില്ല. അത്തരത്തില്‍ ഒരു പാട്ടെന്നു പൊട്ടു കുത്താവുന്നൊരു ഗാനമാണ് ഉറുമിയില്‍ കൈതപ്രമെഴുതിയ ചിന്നിചിന്നിമിന്നിതിളങ്ങുന്ന വാരോളികണ്ണെനക്ക്..

യൗവനത്തിന്‍റെ ത്രസിപ്പിക്കുന്ന ഒരു ഈണത്തിലേക്കാണ് സംഗീത സംവിധായകന്‍ ദീപക്ദേവ് വരികള്‍ ക്ഷണിച്ചത്. ആ ഈണത്തിലേക്കു  ലളിതമനോഹരമായി കൈതപ്രം പെണ്ണിന്‍റെ പ്രണയമോഹങ്ങളെ പകര്‍ത്തിയപ്പോള്‍ പീലി വിരിച്ചാടുന്ന ഒരു മയിലിന്‍റെ ചന്തമായി പാട്ടിന്. ഇത്തിരി കുറുമ്പും കുസൃതിയുമുളള ആ ഗാനം മഞ‌്ജരിയുടെ സ്വരഭംഗിയില്‍ ശൃംഗാര നൃത്തമാടി പിന്നെ.

വടക്കേ മലബാറിലെ പഴമയുടെ മധുരമുള്ള വാക്കുകള്‍ കൊണ്ടു കൈതപ്രമൊരുക്കിയ മായാജാലം പാട്ടില്‍ ഒരു പുതിയ അനുഭവമായി. 16ാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. അതിനാല്‍ പഴയ കണ്ണൂര്‍ ഭാഷയാണ് പാട്ടിലുള്ളത്. കണ്ണൂരുകാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരി രസകരമായ വാക്കുകളാല്‍ നായികയുടെ വികാരവിചാരങ്ങള്‍ കോറിയിടുന്നു. സംഗീതസംവിധാനം ചെയ്ത ദീപക്‌ദേവിനും മഞ്ജരിക്കും പരിചിതമാണ് കണ്ണൂര്‍ ഭാഷ. ആ നാട്ടു ഭാഷയോടുള്ള സ്‌നേഹം പകരുന്ന  തെളിച്ചം കൂടി ഈ പാട്ടിലുണ്ട്. വാരൊളി കണ്ണ്, (മനോഹരമായ കണ്ണ്) അയലൂതി പെണ്ണുങ്ങള്‍ (അയല്‍വക്കത്തെ പെണ്ണുങ്ങള്‍), പൂത്ത കണക്കനെ, അമ്പാത്തോര്, ആണുങ്ങ, പെണ്ണുങ്ങ, പൂരം പൊടി പാറീറ്റും, പൂരക്കളി ആറീറ്റൂം എന്നിങ്ങനെയുള്ള വാക്കുകള്‍ പാട്ടിന് അഴകേറ്റുന്നു.

അതിസുന്ദരിയായൊരു രാജകുമാരി അനുരാഗിണി കൂടിയാവുമ്പോഴോ? സ്വര്‍ണത്തിനു സുഗന്ധം ചാര്‍ത്തിയ പോലെ അവളാകെ മിന്നിത്തിളങ്ങില്ലേ? ഒരു വസന്തകാലത്തെയോര്‍മ്മിപ്പിക്കുന്നവള്‍. നിത്യാമേനോന്‍ മനോഹരമാക്കിയ ചിറയ്ക്കല്‍ ബാല. വടക്കേ മലബാറിലെ ഒരു നാട്ടു രാജ്യത്തെ ഇളമുറതമ്പുരാട്ടിയായ ചിറയ്ക്കല്‍ ബാല. ചരിത്രത്തില്‍ കാല്‍പനികത മുക്കിയെടുത്ത ഉറുമി എന്ന സിനിമയിലെ നായികമാരിലൊരാള്‍ . സിരകളിൽ രാജരക്തത്തിന്‍റെ വീറവള്‍ക്കുണ്ടെങ്കിലും അന്നനടയാണ് ശീലം. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ജീവനും മാനവും കാത്ത ചെറുപ്പക്കാരനോട് പ്രണയം തോന്നുക സ്വാഭാവികം. പോരാളിയാണെങ്കിലും ഇത്തിരി തമാശയും  കുസൃതിയുമൊക്കെയുള്ള ആ പടത്തലവനോട് ഇഷ്ടം കൂടുമ്പോള്‍ പ്രണയനദിയിലേക്ക് മുന്‍ പിന്‍ നോക്കാതെ ഒഴുകുന്നു ബാല.

പ്രഭുദേവ അവതരിപ്പിച്ച നാഗപട്ടണം വവ്വാലി എന്ന കഥാപാത്രത്തോടാണ് പ്രേമം. തമിഴ് മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള വീരൻ. പോരാളിയെങ്കിലും  തമാശകളികൾ ഏറെയുണ്ട് വവ്വാലിയിൽ. അപ്രതീക്ഷിതമായ ആദ്യ സമാഗമത്തില്‍ തന്നെ പക്ഷേ അവള്‍ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നുണ്ട്. ചോടുകള്‍ നന്നായെങ്കിലും മനസ്സൊന്നുറയ്ക്കാനുണ്ടിവിടെ എന്ന് ചൂണ്ടു വിരലിനറ്റത്ത് അവനെ തളച്ചിടുന്നു അവള്‍. പിന്നെ പിന്നെ തികഞ്ഞ അനുരാഗിണിയായി പ്രിയനായകനോട് അവളതു പറയുന്നു.

പ്രണയമെഴുതിയ കണ്ണുകൊണ്ടു ഞാന്‍ നോക്കിയാല്‍ പൂവരശ് പൂത്തപോലൊരു ചേലാണെന്നാണ് അവളുടെ പക്ഷം. പടനായകനാണെന്നു കരുതി വാളെടുത്ത് വീശണ്ട എന്റെ നോട്ടത്തില്‍ അതൊരു മുരിക്കിന്‍ പൂ മാത്രമെന്നും അവളുടെ യൗവനം ചിരിക്കുന്നു. പെണ്‍നോട്ടത്തിന്റെ ഇന്ദ്രജാലത്തെക്കുറിച്ച് എന്ത് മനോഹരമായാണ് കൈതപ്രം പറയുന്നത്. കവികള്‍ക്ക് പാടിയാല്‍ മതിവരാത്ത ഒരു വിഷയമാണത്. 'അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല' (തച്ചോളി അമ്പു) എന്നു യൂസഫലി കേച്ചേരിയും 'വമ്പെഴും നിന്റെ പുരികക്കൊടിയുടെ അമ്പ് കൊണ്ട് ഞരമ്പുകള്‍ കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞു പോയ് '(നീലക്കുയില്‍ ) എന്നും പി. ഭാസ്‌ക്കരന്‍ മാഷും പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.

ചിന്നി  ചിന്നി മിന്നിത്തെളങ്ങുന്ന വാരൊളി കണ്ണെനക്ക്

പൂവരശ് പൂത്ത കണക്കാനെയഞ്ചുന്ന ചേലനക്ക്

നടനട അന്ന നട കണ്ടാല്‍ തെയ്യം മുടിയഴിക്കും

നോക്ക് വെളളിക്കിണ്ണം തുള്ളിത്തുളുമ്പും ചേല്

തന്നെ കണ്ടാല്‍ തെയ്യം വരെ മുടിയഴിച്ച് കൂടെ പോരുമെന്ന് അവള്‍ക്കുറപ്പാണ്.

നായിക മുന്‍കയ്യെടുക്കുന്ന പ്രണയത്തില്‍ സ്വന്തം  ഗുണഗണങ്ങള്‍ അവള്‍ തന്നെ  നിരത്തി വയ്ക്കുകയാണ്. കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാര്‍ കണ്ട് കൊതിക്കുമെന്നും സാമൂതിരി കോലോത്തെയാണുങ്ങള്‍ മുല്ലപ്പൂവാസനയേറ്റു മയങ്ങുമെന്നും അവള്‍ ഊറ്റം കൊള്ളുന്നു. മാത്രവുമല്ല ഈ സുന്ദരിയെ വാലിട്ടു കണ്ണെഴുതിക്കാന്‍ കാര്‍മുകില്‍ വരെ ഓടിവരും. ഇങ്ങനെയൊക്കെയുള്ള എന്നെ കണ്ടില്ലെന്ന് നടിക്കാന്‍ നിനക്കാവില്ലെന്ന് സാരം.

'പൂവമ്പന്റെ കൊലച്ച് വച്ചൊരു കരിമ്പ് വില്ലൊത്ത പടത്തലവാ

വാളെടുത്ത് വിശല്ലെ ഞാനത് മുരിക്കിൻ പൂവാക്കും' എന്നാണ് പ്രണയിനി രാജകുമാരി പടത്തലവനോടു പറയുന്നത്.  

രാജാവിന്റെ അരുമ മകളായതിനാല്‍ കുസൃതി വിട്ടൊഴിഞ്ഞിട്ടില്ല നായികയ്ക്ക്. അതവളുടെ പാട്ടിലുമുണ്ട്.

എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടിയിട്ടും

മിണ്ടിയില്ല നീ എന്നിട്ടും നീ എന്തെ ഹും...

ഇത്രയൊക്കെയായിട്ടും നിനക്കെന്താണ് സംശയം ബാക്കി എന്നാണ് ധ്വനി. പരസ്പരം ഇഷ്ടമാണെന്ന സൂചനയുണ്ടെങ്കിലും അതു പറഞ്ഞുറപ്പിക്കാന്‍ അവള്‍ക്കു തിടുക്കമുണ്ട്, പ്രണയം നല്‍കുന്ന തന്റേടവുമുണ്ട്.

ഈ സന്ദര്‍ഭത്തിലേക്കായി  വേറെയൊരു ഗാനമാണ് കൈതപ്രം എഴുതിയിരുന്നത്. വടക്കേ മലബാറിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ ഭാഷ കൂടി വരണമെന്ന് ആവശ്യപ്പെട്ടതിനനുസരിച്ച് വീണ്ടും മാറ്റിയെഴുതി. തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനിലിരുന്നെഴുതിയ ഗാനമാണ് ഇത്. ട്യൂണിനനുസരിച്ച് പെട്ടന്നു തന്നെ വരികള്‍ മനസ്സിലേക്കെത്തിയെന്ന് അദ്ദേഹം പറയുന്നു. അത് സംവിധായകനും സംഗീത സംവിധായകനും ഓക്കെയാക്കുകയും ചെയ്തു. വ്യത്യസ്തമായ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉറുമിയുടെ തമിഴ് റീമേക്കിനായി വൈരമുത്തുവാണ് വരികള്‍ എഴുതിയത്. വൈരമുത്തു തന്നെ വിളിച്ച് 'സര്‍ ഇതിലൊന്നും മാറ്റം വരുത്താനില്ല, ഈ വാക്കുകള്‍ ഒക്കെതന്നെയാണ് തമിഴിലും ഉപയോഗിക്കുന്നത് എന്നറിയിച്ചു.' വ്യത്യസ്തമായ പാട്ടിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

നിത്യാമേനോനും പ്രഭുദേവയും ഒന്നിക്കുന്ന ഗാനം മനോഹരമായ ദൃശ്യാനുഭൂതി കൂടി പകരുന്നുണ്ട്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 2011ലാണ് ബിഗ് ബജറ്റ് ചിത്രമായ ഉറുമി പുറത്തിറങ്ങിയത്. പൃഥ്വിരാജായിരുന്നു പ്രധാന വേഷം ചെയ്തത്. പ്രഭുദേവ, നിത്യാമേനോന്‍, ജെനീലിയ ഡിസൂസ, ജഗതി ശ്രീകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മറ്റൊരു നായികയായ ജെനീലിയയുടെ അറക്കല്‍ ആയിഷ അഗ്നി നാളം പോലെ ജ്വലിച്ചപ്പോള്‍ ചന്ദ്രരശ്മിപോലെ തെളിഞ്ഞു ചിറക്കലെ ബാല എന്ന പ്രണയിനി. കേരളത്തിലെ പോര്‍ച്ച്ഗീസ് അധിനിവേശവും തുടര്‍ന്നുണ്ടാവുന്ന ക്രൂരതകള്‍ക്കെതിരെ തദ്ദേശവാസികളുടെ ചെറുത്തു നില്‍പ്പുമാണ് സിനിമ പ്രമേയം. ചരിത്രം ഏറെക്കുറെ വീരപുരുഷനാക്കിയ വാസ്‌കോഡാഗാമയുടെ മറ്റൊരു മുഖമാണ് ചിത്രത്തില്‍ കാണുന്നത്. ഗാമയുടെ ക്രൂരതക്കെതിരെ പ്രതികാരദാഹത്തോടെ പൊന്നുറുമിയും പണിയിച്ച് കാത്തിരിക്കുകയാണ് ചിറക്കല്‍ കേളുനായരും (പൃഥ്വിരാജ്) ചങ്ങാതിയായ വവ്വാലിയും(പ്രഭുദേവ).

വളരെ സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങള്‍ക്കിടെ രസകരമായ വിരുന്നാവുന്നു വവ്വാലിയുടെയും ചിറക്കല്‍ ബാലയുടെയും പ്രണയ സല്ലാപം നിറഞ്ഞ പാട്ട് . ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെല്ലാം ഒരേ നാട്ടുകാരായതിന്റെ ഭംഗി ആ പാട്ടിനുണ്ടെന്ന് കൈതപ്രം പറയും. ഭാഷ പ്രയോഗമൊക്ക ഗാനത്തിന്റെ അണിയറക്കാര്‍ക്ക് നന്നായി അറിയാം, പാട്ട് മനോഹരമാവാന്‍ അതും ഒരു ഘടകമായി. പ്രണയത്തിന്റെ കൊഞ്ചലും യൗവനത്തിന്റെ മോഹങ്ങളും തുടിക്കുന്ന പാട്ടിന് എന്നെന്നും പതിനാറഴകാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com