വിടപറഞ്ഞകന്ന പ്രണയിനിക്കു മംഗളം നേരാന്‍ തൂലിക ചലിപ്പിച്ച ശ്രീകുമാരൻ തമ്പി; പ്രണയത്തിന്റെ നീറ്റൽ അവശേഷിപ്പിക്കുന്നു ഇന്നുമാ വരികള്‍

sreekumaran-thampi-literature
SHARE

‘ആ വരികളെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു...’ എത്ര തലമുറകളുടെ അനുരാഗ തന്ത്രികളിൽ ശ്രുതി മീട്ടിയുണർത്തിയ പാട്ടിന്റെ നിത്യയൗവനം, ശ്രീകുമാരൻ തമ്പിയെപ്പറ്റി പറഞ്ഞ വാക്കുകൾ... പറഞ്ഞതോ, മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഏഴുതവണ നേടിയ, അനശ്വരനായ ഗിരീഷ് പുത്തഞ്ചേരി! ശരിയാണ്, മലയാളിയുടെ നെഞ്ചകം പ്രണയഭരിതമാക്കുന്നതിൽ ആ തൂലികയിങ്ങനെ എത്ര കാലമായി, അനുസ്യൂതം ചലിച്ചു കൊണ്ടേയിരിക്കുന്നു.

പ്രണയത്തിന്റെ ഒരായിരം  ഭാവങ്ങളെങ്കിലും ശ്രീകുമാരൻ തമ്പിയുടെ കൽപനയിൽ വിടർന്ന് മലയാള ഹൃദയങ്ങളിൽ ഈണങ്ങളായി പെയ്തിറങ്ങിയിട്ടുണ്ട്. അവയിൽത്തന്നെ പ്രണയത്തിന്റെ പ്രത്യയശാസ്ത്രം പോലും പുനർനിർവചിക്കപ്പെടുന്ന എത്രയോ എണ്ണം കാലത്തിന്റെ ഇടനാഴിയിൽ കാതോരം ചേർന്നിങ്ങനെ ഇന്നും ഒഴുകിപ്പരക്കുന്നു! എന്തനുഭവങ്ങളെയാണോ പ്രണയം സമ്മാനിക്കുന്നത്, അതിന്റെ നേർ വിപരീതമാണ് പലപ്പോഴും പ്രണയഭംഗം കരുതിവച്ചിട്ടുണ്ടാവുക. 18 ാം വയസ്സിൽത്തന്നെ പ്രണയഗാനമെഴുതിയ ശ്രീകുമാരൻ തമ്പി പക്ഷേ, പ്രണയഭംഗത്തിന്റെ നീറ്റലിൽ നാലരപ്പതിറ്റാണ്ടു മുമ്പ് കുറിച്ച ആ വരികൾ വല്ലാതെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു! വിടപറഞ്ഞകലുന്ന പ്രണയിനിക്ക് ഉള്ളറിഞ്ഞ് അനുഗ്രഹാശിസ്സുകൾ നൽകാൻ കഴിയുക...!! 

ആ മുറിവിന്റെ നീറ്റലിലേക്ക് കേൾവിക്കാരനെയും കൂടെക്കൂട്ടാനാവുക...

എഴുത്തു വഴിയിൽ എന്ത്, എങ്ങനെ എന്നതിനപ്പുറം എന്തും എങ്ങനെയും എന്നതിലേക്ക് ആ വഴക്കം നീണ്ടപ്പോൾ മലയാള ഗാനശാഖ എത്ര പെട്ടെന്നാണ് സമ്പന്നമായത്!

‘മംഗളം നേരുന്നു ഞാൻ മനസ്വിനീ....’ ക്യാംപസിടങ്ങളിലെ തണൽ പെയ്ത വാകമരച്ചോട്ടിലേക്ക്, ഒതുങ്ങിയ പടിക്കെട്ടുകളിൽ ഒട്ടും ഒതുക്കമില്ലാതെ പാഞ്ഞ പകൽ ചേരലുകളിലേക്ക്, വെളുത്ത കവിളിലെ ആ കറുത്ത മറുകിൽ വിടർന്ന ചേലു കണ്ടു നെയ്ത പകൽ കിനാവുകളിലേക്ക്..... വെറുതെ, കാലമിങ്ങനെ കോറിയിട്ട ഭൂതകാലത്തിന്റെ വീണുടഞ്ഞ പച്ചപ്പിൽ ഓർമകളിങ്ങനെ വട്ടമിട്ടു മറയുന്നു. കണ്ണീരിന്റെ നനവുമായി വയലിനിൽ വരഞ്ഞു വീഴുന്ന നീളൻ ബിറ്റിനെ അനുധാവനം ചെയ്താണ് ദാസേട്ടന്റെ ആ പതിഞ്ഞ സ്വരം ഒഴുകി വരുന്നത്. സ്വന്തമാക്കുന്നതു മാത്രമല്ല, നന്മ കാംക്ഷിക്കുന്നതും പ്രണയമാണെന്ന് ഒരു തലമുറയെ പറഞ്ഞു പഠിപ്പിച്ച, പ്രപഞ്ചം പ്രണയഭരിതമാണെന്നതിൽ തർക്കമില്ലാത്ത ശ്രീകുമാരൻ തമ്പിയുടെ വരികൾ! 

ഏറെ വൈകാരിക മുഹൂർത്തങ്ങളെ അണിയിച്ചൊരുക്കിയ 'ഹൃദയം ഒരു ക്ഷേത്രം' എന്ന സിനിമയ്ക്കായി 1976 ൽ കുറിക്കപ്പെട്ടതായിരുന്നു ആ വരികൾ. കാലത്തിന്റെ കുസൃതിയിൽ ആസ്വാദനം പോലും പുതുശൈലികൾക്കായി വഴിമാറിയെങ്കിലും പിന്നെയും എത്ര തലമുറകൾ പാടിയുഴിയുന്നു ആ കാവ്യാത്മക ദാർശനികതയെ! കേൾവിയിടങ്ങളിൽ വല്ലാതെ നോവൂറുന്നുവെങ്കിലും പ്രണയത്തിന്റെയൊരു മാന്ത്രികത വരികളിൽ തുളുമ്പുമ്പോൾ ഗാനം എത്ര ഹൃദ്യമാവുന്നു.

പ്രേമയുടെയും രമേശിന്റെയും പ്രണയം കലർപ്പില്ലാത്തതായിരുന്നു. സകല ചര്യകളെയും ഒപ്പം കൂട്ടി മുന്നോട്ടു പോകുന്ന അവരുടെ പ്രണയത്തിന് പക്ഷേ സാഹചര്യങ്ങളെ മറികടക്കാനുള്ള കരുത്തില്ലായിരുന്നു. ഒടുവിൽ പ്രേമയ്ക്ക് മറ്റൊരാളുടെ ഭാര്യയാകേണ്ടി വന്നു. ദുഃഖത്തീയിൽ വെന്തുരുകുന്ന രമേശിന് ജീവനിൽ അലിഞ്ഞു ചേർന്ന പ്രണയിനിയെ മറക്കാനാവുന്നില്ല. തന്നെ ജീവനു തുല്യം സ്നേഹിച്ച പ്രേമയുടെ നിസ്സഹായതയിൽ ഒരു വാക്കു കൊണ്ടു പോലും പഴിക്കാതെ അവളുടെ നന്മയെ ആഗ്രഹിക്കാനേ ആ വ്യഥിത ഹൃദയത്തിന് അപ്പോഴാവുന്നുള്ളൂ. കഥയൊരുക്കിയവർ പറഞ്ഞു കൊടുത്ത സന്ദർഭത്തിന് യോജിച്ച വരികൾ കുറിക്കാൻ ഇതേ മാനസിക സംഘർഷങ്ങളുടെ തോൾ ചേർന്നുനടന്നിട്ടുള്ള കവിക്ക് അന്ന് ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല എന്നതായിരുന്നു സത്യം! 

നാലരപ്പതിറ്റാണ്ടിനപ്പുറം പ്രണയത്തിന്റെ ആഴവും വേർപെടലിന്റെ വേദനയും കാണിക്കാൻ കുറിച്ച ആ വരികൾ - ‘അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനിൽ പിരിഞ്ഞു പോയ് നീ എങ്കിലും....’ ഇന്നും ആസ്വാദക മനസ്സുകളിൽ കോരിയിടുന്ന ഒരു വിങ്ങലുണ്ട്. ഒരിക്കലെങ്കിലും പാതിയിൽ പറിച്ചെറിയപ്പെട്ട പ്രണയത്തിന്റെ നീറ്റൽ അനുഭവിച്ചിട്ടുള്ളവർക്ക് ഓരോ കേൾവിയിലും അതിങ്ങനെ തികട്ടും.

എവിടെയാണെങ്കിലും തന്നെ പിരിഞ്ഞ പ്രണയിനിക്ക് എന്നും നന്മകളുണ്ടാവണമെന്ന ചിന്ത എന്തെന്തു ധാരണകളെയാണ് തിരുത്തിക്കുറിച്ചത്. അകന്നുപോയെങ്കിലും തന്റെ പ്രിയപ്പെട്ടവളുടെ സങ്കൽപങ്ങളിൽ എന്നും ഏഴു വർണങ്ങളും വിടരണം. ആ ജീവിതപ്പൊൻമണിവീണയിൽ എന്നുമുണരേണ്ടത് സുന്ദര സ്വരധാരയാവണം...

എഴുത്തിൽ തർപ്പണം ചെയ്ത കവിഹൃദയത്തിലെ നിസ്വാർത്ഥകാമുകനിൽ നിരാശയുടെ വേലിയേറ്റമല്ല, മറിച്ച് ആഗ്രഹങ്ങളെ... പ്രതീക്ഷകളെ... ഇഷ്ടങ്ങളെ ചേർത്തു പിടിച്ചുള്ള ഒരു സാന്ത്വനപ്പെടൽ തന്നെ! 

ഒപ്പം പഠിച്ച പ്രണയിനി വിട പറഞ്ഞകന്നതിന്റെ മുറിപ്പാടുകൾ ഹൃദയ കോണിൽ അവശേഷിക്കെ കുറിക്കപ്പെട്ട വരികളിൽ അതിഭാവുകത്വത്തിന് ഇടമില്ലല്ലോ! കേൾവിയിടങ്ങൾ പൂക്കുമ്പോൾ പ്രണയത്തിന്റെ വളപ്പൊട്ടുകൾ വീണു ചിതറിയ ഭൂതകാലം ഓർമത്താളുകളിൽ നിഴൽചിത്രമൊരുക്കുന്നു... 

മോഹഭംഗത്തിന്റെ തീച്ചൂളയിൽ വീണു പിടയുന്ന കാമുകന്റെ വേദനയെ അപ്പാടെ ഒളിപ്പിച്ചുവയ്ക്കാൻ പക്ഷേ പ്രണയത്തിന്റെ പ്രവാചകനാവുന്നില്ല. ‘നിറയുമീ ദുഃഖത്തിൻ ചുടു നെടുവീർപ്പുകൾ നിൻ മുന്നിൽ തെന്നലായ് ഒഴുകട്ടെ...’ - ചരണത്തിന്റെ തുടക്കത്തിൽ ഒന്നു പിടഞ്ഞിരുന്നുവെങ്കിലും പെട്ടെന്നു സംയമനം പാലിച്ച തൂലിക പഴയ ഒഴുക്കിലേക്കുതന്നെ തിരികെ വരുകയാണ്.

കഥയാവശ്യപ്പെട്ട ഗദ്ഗദം മാത്രമല്ല ആ വരികളിലെ നെടുവീർപ്പിന്റെ പിന്നിലെന്ന് കവിയെ അടുത്തറിയുന്നവർക്കറിയാം. പക്ഷേ കേൾവിക്കാരനിലേക്കും ആ വിഷാദത്തെ പടർത്തി വിടാൻ കവി അത്ര ഒരുക്കമല്ല! വരാൻ പോകുന്ന ദാമ്പത്യം സുന്ദരമായിരിക്കണമെന്നും അവിടെ ആനന്ദ മുകുളങ്ങൾ ജനിക്കട്ടെയെന്നും അനുഗ്രഹിച്ച് വരികൾ അവസാനിപ്പിക്കുമ്പോൾ കേൾവിക്കാരനിലും ഉയരുകയായി, അറിയാതെ ഒരു ദീർഘനിശ്വാസം. ഒപ്പം നടക്കുമ്പോൾ ഓർമകളും പിടഞ്ഞു വീണത് എത്ര വട്ടം!

മുറിവേൽപിക്കുന്നതു പോലെ അതുണക്കുന്നതും കാലത്തിന്റെ ഒരു തമാശ തന്നെ. ഉറഞ്ഞ രാവുകളെ തട്ടിയുണർത്തി ആകാശ മേലാപ്പിലെ വെള്ളിമേഘക്കീറിൽ പിന്നെയും പകൽ വാലിട്ടു കണ്ണെഴുതി. എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ള നായികയായി  ഹൃദയസരസ്സിൽ പ്രണയപുഷ്പം വിടരുമ്പോൾ എഴുത്തു വഴിയിലും വസന്തത്തിന്റെ വരവായി...

മലയാളിയുടെ പ്രണയ ചിന്തകളിൽ മഴവില്ലിന്റെ ചാരുത പടർത്തിയ ആ എഴുത്തഴകിനെത്തന്നെ തന്റെ സിനിമയ്ക്ക് പാട്ടെഴുതാൻ ചുമതലപ്പെടുത്തുമ്പോൾ മെരിലാൻഡ് സുബ്രഹ്മണ്യം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ‘കാട്ടുമല്ലിക’യിലെ മുഴുവൻ ഗാനങ്ങളും തമ്പിക്കു തന്നെ നൽകി അരങ്ങേറ്റം കുറിപ്പിച്ച ആ നിർമാതാവിന് എങ്ങനെ തെറ്റുപറ്റാൻ? ചിട്ടപ്പെടുത്തുന്നതോ, ഈണത്തിൽ കൊരുത്ത ഒരു യുഗം തന്നെ മലയാളത്തിനു സമ്മാനിച്ച ദേവരാജൻ മാസ്റ്ററാണ്. മുമ്പിൽ വച്ച വരികളിൽ മാസ്റ്ററിന്റെ കണ്ണുകൾ ഈണം പരതുമ്പോൾ തമ്പിയുടെ നെഞ്ചിടിപ്പിനും ആക്കം കൂടുതലായിരുന്നോ? ഇണങ്ങിയും പിണങ്ങിയും വീണ്ടുമിണങ്ങിയും നീങ്ങുന്ന ബന്ധമല്ലേ! തമ്പിയുടെ ചിന്തകളിൽ മാസ്റ്ററിനൊപ്പമുള്ള ആദ്യാനുഭവമൊന്നു പാളി വീണു. ഒരുമിച്ചുള്ള ആദ്യ സംരംഭമായ ‘ചിത്രമേള’യ്ക്കായി കുറിച്ച ഗാനങ്ങളിൽ ‘അപസ്വരങ്ങൾ...’ എന്ന ഗാനമായിരുന്നു ആദ്യമായി ഈണമിടാനായി മാസ്റ്ററിന്റെ കയ്യിലെത്തിയത്. ‘ആദ്യമേ അപസ്വരങ്ങളാണല്ലോ!’ ഒരിഷ്ടക്കേടിലെന്നവണ്ണം മാസ്റ്റർ പറഞ്ഞ വാക്കുകൾ തമ്പി മറന്നിട്ടില്ല. 

മധ്യമാവതിയിൽ ഈണം ചിട്ടപ്പെടുത്തിയ മാസ്റ്റർ ഓർക്കസ്ട്രേഷന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു. പ്രത്യേകിച്ചും ആദ്യം മുതൽ അവസാനം വരെ വയലിനിൽ വിഷാദത്തെ വിളക്കിച്ചേർക്കുന്ന നീളൻ ബിറ്റുകൾ തന്നെ ഉപയോഗിച്ചപ്പോൾ വാക്കുകൾക്കുമപ്പുറത്തേക്ക് ഭാവത്തെയെത്തിക്കുന്നതിൽ മാസ്റ്റർ വിജയിച്ചു.

ഉള്ളുതൊട്ട പ്രണയത്തിന്റെ ചൂടും ചൂരുമുണരുന്ന ആ വാഗ്ഭംഗിയെ ഏതുകാലത്തിനാണ് പുറന്തള്ളാനാവുക! ഇനിയെത്ര തലമുറകളുടെ പ്രണയ വഴിത്താരകളിൽക്കൂടി വെളിച്ചം വിതറാൻ പോന്ന വരികൾ! ഓരോ കേൾവിയിലും ഉറവയിടുന്നത് അദ്ഭുതമാണ്... എഴുത്തഴകിന്റെ മാന്ത്രികതയോ, മങ്ങിയ ഓർമച്ചിത്രങ്ങളിൽ നിറം വീഴുന്നതോ.... കാരണം എന്തായാലും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA