മരണമില്ലാതെ, മൈക്കൽ ജാക്സൺ

HIGHLIGHTS
  • പന്ത്രണ്ടാം ചരമ വാർഷികദിനത്തിൽ സ്മരണാഞ്ജലി
michael-jackson-madhu-vasudevan
SHARE

ഓർമയെ വിശ്വസിക്കാമെങ്കിൽ, 'ഓക്കേ'  കമ്പനി പ്രസിദ്ധീകരിച്ച ആർഎംപി റെക്കോഡിൽ  അമേരിക്കയിലെ ആദ്യകാല ബ്ലൂസ് ഗായിക സാറാ മാർട്ടിൻ പാടിയ  ഗാനത്തിൽനിന്നുള്ള വരികളാണ് – ‘ഞാൻ മരിച്ചുപോകാൻ ആശപ്പെടുന്നില്ല, സാധിക്കുകയുമില്ല. നിങ്ങൾ എന്നെ കുഴിമാടത്തിൽനിന്നും ഉയർത്തിയെടുക്കുമല്ലോ’. ഇങ്ങനെ ഒരു പ്രതീക്ഷയും വിശ്വാസവും വച്ചുപുലത്തിയ മൈക്കൽ ജാക്സൺ അൻപതാം വയസിൽതന്നെ  മരിച്ചു. മരണത്തെ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു.  അതുകൊണ്ട് കാലിഫോർണിയയിൽ 2700  ഏക്കർ പുരയിടത്തിൽ നൂറ്റെഴുപതു ലക്ഷം ഡോളർ ചെലവാക്കി ഒരു മണിമാളിക അദ്ദേഹം നിർമിച്ചു. സുരക്ഷാ ജോലിക്കുമാത്രം നൂറിലേറെ സായുധ ഭടന്മാരെ നിയമിച്ചു. ചെറിയ സുഖക്കേടുകളിൽപോലും ആധിപിടിച്ചു.  വിശ്വോത്തര  വിദഗ്ധന്മാർ മനുഷ്യസാധ്യമായ സകല ആരോഗ്യപരിചരണങ്ങളും അദ്ദേഹത്തിനു നൽകി. എന്നിട്ടും പാശ്ചാത്യ സംഗീതജ്ഞരുടെ   ശരാശരി ആയുസുപോലും പോപ്  സംഗീതത്തിലെ ഇടിമുഴക്കമായ മൈക്കൽ ജാക്സണു ലഭിച്ചില്ല. അദ്ദേഹം നേരത്തേ മരിച്ചു. പക്ഷേ  ജാക്സൺ ഉള്ളിൽ കൊണ്ടുനടന്ന മോഹം സാധിച്ചു, ഇന്നും ലോകത്തിലെ ഏറ്റവും ജനപ്രിയ ഗായകൻ മൈക്കൽ ജാക്സൺതന്നെ.

ലോകത്തെവിടെയുമുള്ള ജനപ്രിയ സംഗീതത്തെ   മൈക്കൽ ജാക്സൺ സ്വാധീനിച്ചു. ‘കാതൽ റോജാവേ’ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കേ,  ‘റിമംബർ ദി  ടൈം ‘ എത്രത്തോളം പ്രചോദനം ചെലുത്തി എന്ന യാഥാർഥ്യം എ. ആർ. റഹ്‌മാനും സമ്മതിച്ചിട്ടുണ്ട്.  തിരികേ, ആഗോളതാപനത്തിനെതിരെയുള്ള പ്രചാരണഗാനത്തിൽ സഹകരിക്കാൻ  റഹ്മാനെ  ഇതേ മൈക്കൽ ജാക്സൺ ക്ഷണിക്കുകയുമുണ്ടായി. അതു പക്ഷേ  സംഭവിച്ചില്ല. അതിനു മുന്നേ ജാക്സൺ കടന്നുപോയി. ഏതായാലും ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ലോകജനതയുമായി  സംഗീതാത്മകമായി  സംവദിക്കാൻ മൈക്കൽ ജാക്സണു സാധിച്ചു. അതിനാൽ അദ്ദേഹത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വൈവിധ്യം നിറഞ്ഞതായി. ആഗോള സംഗീത വ്യവസായത്തിന്റെ നേതൃത്വത്തിൽനിന്നും അദ്ദേഹം ഇന്നും പുറത്തായിട്ടില്ല. പതിമൂന്നു തവണ ഗ്രാമി അവാർഡ് നേടിയ  ജാക്സൺ പാടിയ ആൽബങ്ങൾ എൺപതു കോടിയിലേറേ  വിറ്റു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പരിചയപ്പെടുത്തിയ ‘മൂൺവാക്കും റോബോട്ട്’ നൃത്തവും യുവാക്കൾക്കും  കുട്ടികൾക്കുമിടയിൽ ഇന്നും ട്രെൻഡിയായി തുടരുന്നു.  അസാധാരണമായ താളബോധവും ഗ്രാവിറ്റിയെ വെല്ലുവിളിക്കുന്ന ചലനങ്ങളും കിറുകൃത്യമായ സമയബോധവും സമർപ്പിതമായ പരിശീലവുംകൊണ്ടുമാത്രം സാധിച്ചെടുത്ത ഈ വിസ്മയ സംഗീതനൃത്തം ഞാൻ ആദ്യമായി വീഡിയോയിൽ കണ്ടപ്പോൾ വിരൽനഖം മുതൽ തലമുടി നാരുവരെ   പ്രകമ്പനംകൊണ്ടുപോയി. അതേ ഉന്മാദം ഇപ്പോൾ യൂട്യൂബിൽ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകൾ ആവർത്തിച്ചുകാണുമ്പോഴും അനുഭവിക്കുന്നു.  അവയെ ആസ്വദിക്കാൻ  ജ്യോതി സ്വരൂപിണിയും ഋഷഭപ്രിയയും വകുളാഭരണവും ഗംഭീരനാട്ടയും ഹിന്ദോളവസന്തവും ആനന്ദഭൈരവിയും മിശ്രഹേമന്തും ഗൗഡസാരംഗും ദേവഗിരി ബിലാവലും ജയന്തി മൽഹാറും തിലക് കാമോദും ഒന്നും ഒരിക്കലും തടസം നിന്നിട്ടില്ല.

ജൂതകേന്ദ്രങ്ങളിലെ  കറുത്തവർഗക്കാരായ കുട്ടികളുടെ നൃത്തചുവടുകളിൽനിന്നും കടംകൊണ്ട  'മൂൺവാക് ' ഒരു നവീനനൃത്തരൂപം എന്നതിനൊപ്പം മൈക്കൽ ജാക്സണുമായി  ഗാഢബന്ധം  പുലർത്തിയ ഭാഷാപ്രയോഗവുമാണ്. സ്വന്തം ജീവിതകഥയുടെ പേരും അതുതന്നെയായിരുന്നല്ലോ. ജാക്സണെ സൂപ്പർമാൻ പദവിയിലേക്കുയർത്തിയ 1983 -ലെ  അമേരിക്കൻ ടി.വി ഷോയിൽ  ഇദംപ്രഥമമായി ‘മൂൺവാക് ‘ അവതരിപ്പിക്കപ്പെട്ടു. ഏകദേശം 470 ലക്ഷം ജനങ്ങൾ വിസ്മയത്തോടെ കണ്ടിരുന്നു. അതിലൂടെ, അതിനുമുമ്പുള്ള സംഗീതജ്ഞർ നേടിയെടുത്ത ജനപ്രിയതയെ മൈക്കൽ ജാക്സൺ മറികടന്നു.  ഇതിനെ പക്ഷേ,  പ്രേക്ഷകരുടെ  എണ്ണപ്പെരുക്കത്തെ മുൻനിർത്തിയുള്ള നിരീക്ഷണമായേ വായനക്കാർ കരുത്തേണ്ടതുള്ളു. കാരണം സംഗീതഗുണത്തിലും ഉള്ളടക്കത്തിലും ശില്പ ഭംഗിയിലും സാങ്കേതികമികവിലും ജാക്സണെ വെല്ലുന്ന സംഗീതപ്രതിഭകൾ പാശ്ചാത്യസംഗീതത്തിൽ അന്നുമുണ്ടായിരുന്നു, ഇന്നുമുണ്ട്. എങ്കിലും  ജാക്സൺ നേരിട്ട ജീവിതാനുഭവങ്ങൾ അവരേക്കാളും തീവ്രവും തീക്ഷ്ണവുമായിരുന്നു. കറുത്തവനെന്ന നിന്ദ ഒരുവശത്തു നിന്നപ്പോൾ ക്രൂരതയുടെ പ്രതിരൂപമായ പിതാവ് മറുവശത്തു നിന്നു. ഭയവും ഭീതിയുംനിറഞ്ഞ ബാല്യകാലം  കീറിയിട്ട കൊടിയ വടുക്കൾ  ആ ഗായകന്റെ ആത്മാവിലാകമാനം ഉണങ്ങാതിരുന്നു. അതിനാൽ, ലോകത്തിൽ ഒരിക്കലും ആവർത്തിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത  കലാജീവിതമായി മൈക്കൽ ജാക്സന്റെ സംഗീതം  ഉയർന്നുനിന്നപ്പോഴും അതിൽ ലഹരികൊള്ളാൻ അദ്ദേഹത്തിനു  സാധിച്ചില്ല. സൂപ്പർമാൻ പരിവേഷത്തെ ഉൾക്കൊള്ളാൻ പറ്റാത്തതരത്തിൽ വ്യക്തിത്വം സങ്കോചിച്ചുപോയിരുന്നു.  അതിൽനിന്നു  പുറത്തുകടക്കാൻവേണ്ടി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മൈക്കൽ ജാക്സൺ ആത്മാർഥമായി സഹകരിച്ചു. ഒരിക്കൽ മൈക്കൽ ജാക്സൺ പറഞ്ഞു, ‘ഭാഗ്യം  കുറഞ്ഞ കുട്ടികളെ സഹായിക്കണം എന്നു  ഞാൻ വിചാരിക്കുന്നു, യാത്രപോകാനും സിനിമ കാണാനും ഐസ്ക്രീം കഴിക്കാനും അവർക്കും ആഗ്രഹമുണ്ടാകും.  അതെല്ലാം സാധിച്ചുകൊടുക്കാൻ  കഴിയുന്നതെല്ലാം ഞാൻ ചെയ്യും’. ഇങ്ങനെ നിസ്സഹായരായ മനുഷ്യജീവികളെ എന്നപോലെ  പ്രകൃതിയെയും പ്രകൃതിയിലെ സകല ജീവജാലങ്ങളെയും ജാക്സൺ കളങ്കമില്ലാതെ   സ്നേഹിച്ചു. ജാക്സൺ വാരിക്കോരി നൽകിയ ഈ സ്നേഹം, തീപാറിയ വിവാദങ്ങളിൽ  അദ്ദേഹത്തിനു കവച-കുണ്ഡലങ്ങളായി.

മൈക്കൽ ജാക്സൺ പ്രസിദ്ധീകരിച്ച പത്തോളം സ്റ്റുഡിയോ  ആൽബങ്ങളെല്ലാം  വിജയകിരീടം ചൂടിയില്ല. കുന്നിനു കുഴിപോലെ വിജയപരാജയങ്ങൾ മാറി മാറിവന്നു.  1972 -ൽ എൽ.പി രൂപത്തിൽ എട്ടു  ഗാനങ്ങളുമായി പുറത്തുവന്ന ‘ഗോട്ട് ടു  ബി ദേർ’- ൽ തുടങ്ങി ‘ഓഫ് ദി വാൾ’ വരെയുള്ള ആൽബങ്ങൾ ജനശ്രദ്ധയിൽ പതിഞ്ഞു. അതിനു പിന്നാലെ എത്തിയ ‘ത്രില്ലർ’  ഒരു  ഇതിഹാസംതന്നെ  രചിച്ചുകളഞ്ഞു. വിപണിയിൽ വിശേഷാൽ ചലനങ്ങളുണ്ടാക്കാതെ കടന്നുപോയ  ‘ബാഡിനും ഡെയ്ഞ്ചറസി’നും പുറകേ  ഇറങ്ങിയ  ‘ഹിസ്റ്ററി’  പടുകൂറ്റൻ ഹിറ്റായി, ‘ഇൻവിസിബിൾ’ പരാജയവും.  ചില ആൽബങ്ങൾ മരണാനന്തരവും റിലീസായി. ‘ഹിറ്റ് സോങ് - ഹോൾഡ് മൈ ഹാൻഡ്,  ദി ഇമോർട്ടൽ വേൾഡ് ടൂർ, ബാഡ് 25, എക്‌സ്‌കേപ്, സ്‌ക്രീം’ തുടങ്ങിയ ആൽബങ്ങളിൽ ഏയ്കോൺ, ജസ്റ്റിൻ  ടിമ്പലേക്  തുടങ്ങിയ പുതു തലമുറഗായകരും സഹകരിച്ചു. ഈ വിശ്വഗായകനെ അടുത്തറിയാൻ സഹായിക്കുന്നു, 2009- ൽ പ്രസിദ്ധീകരിച്ച, കെനി  ഓട്ടേഗ  സംവിധാനം നിർവഹിച്ച 'മൈക്കൽ ജാക്സൺ ദിസ് ഈസ് ഇറ്റ്.'.

പോപ് സംഗീത ചക്രവർത്തിയായ മൈക്കൽ ജാക്സണെ വേദനിപ്പിച്ച സ്വകാര്യ അനുഭവങ്ങൾ ഏറെയുണ്ട്. പല സന്ദർഭങ്ങളിലും അവയെല്ലാം തുറന്നുപറയാൻ അദ്ദേഹം തയ്യാറായി. ദുരനുഭവങ്ങളിൽ നെൽസൺ മണ്ടേല, ജാക്ക് ജോൺ, മുഹമ്മദലി, ജെസി ഓൻസ്  എന്നിവരുടെ അനുഭവങ്ങളെ ജാക്സൺ പ്രതിരോധമാക്കി. നാലാം ക്‌ളാസിനപ്പുറം മൈക്കൽ ജാക്സൺ പഠിച്ചിട്ടില്ല. കൂട്ടുകാർ പള്ളിക്കൂടത്തിലിരുന്നു പഠിച്ചപ്പോൾ ജാക്സൺ റെക്കോഡിങ് സ്റ്റുഡിയോകളിലായിരുന്നു. പാർക്കുകളിൽ പോകാനോ ഫുട്ബാൾ കളിക്കാനോ അവസരം ലഭിച്ചില്ല. കുടുംബം പുലർത്താൻവേണ്ടി സംഗീതത്തിൽ  വന്നയാളാണല്ലോ ജാക്സൺ!  അങ്ങനെ ചെറിയ പ്രായത്തിലേ ‘ജാക്സൺ ഫൈവ്’ എന്ന ബാൻഡ് തുടങ്ങി. ആദ്യത്തെ  സിംഗിൾ ആൽബം പതിനൊന്നാം വയസിൽ ഇറങ്ങി, ‘ഐ വാണ്ട് യു ബാക്’.  ഇത്തിരികൂടി മുതിർന്നപ്പോൾ ‘മോ ടൗൺ’ മ്യൂസിക് ബാൻഡിൽ ഡയാന റോസ്,  ഗ്ലാഡിനേറ്റ്, ബോബി ടൈലർ, ബാരി ഗോൾഡി എന്നിവരോടൊപ്പം  അംഗമായി പ്രവർത്തിച്ചു. അന്നത്തെ പ്രമുഖ പോപ്  ഗായകരായ ജാക്കി വിത്സൺ, ജയിംസ് ബ്രൗൺ,  സാമി ഡേവിസ് എന്നിവരിൽനിന്നു  പ്രചോദനം ഉൾക്കൊണ്ട മൈക്കൽ ജാക്സൺ, ഏറെ വൈവിധ്യമുള്ളതും  ലോകത്തെവിടെയും ആസ്വദിക്കാൻ കഴിയുന്നതുമായ ആഫ്രിക്കൻ താളങ്ങളെ അടിസ്ഥാനമാക്കി ഒരു സംഗീതശൈലി വികസിപ്പിച്ചു.  അതൊരു കൊടുങ്കാറ്റായി വീശിയടിച്ചു.

പല കാരണങ്ങളാൽ ഏകദേശം പന്ത്രണ്ടു  വർഷത്തോളം സ്റ്റേജ് ഷോകളിൽനിന്നു  വിട്ടുനിന്ന മൈക്കിൾ ജാക്സൺ, അവസാനമായി നടത്തിയ  ഷോയുടെ പേര് 'ഫൈനൽ കർട്ടൻ' എന്നായിരുന്നു. അമ്പതാംവയസിൽ അവിചാരിതമായി  കർട്ടൻ വീണുപോയ  ഒരു ഷോ  എന്ന് ഈ  വിശ്വഗായകന്റെ  ജീവിതത്തെ സംഗ്രഹിക്കാം.  ഇടിമുഴക്കംപോലെ ആക്രമണോല്സുകമായ  ദൃശ്യസംഗീതം സമൂഹത്തിൽ  വൻ അലകളുയർത്തി. പാരമ്പര്യവാദികളായ നിരൂപകർ 'നിശബ്ദതയെ ബലാത്സംഗം ചെയ്യുന്ന ക്രൂര സംഗീത’മെന്നും  ‘പിശാചിന്റെ  സംഗീത’മെന്നും അതിനെ വ്യാഖ്യാനിച്ചു. പക്ഷേ അതൊന്നും ഏശിയില്ല. 1982-ൽ  എംടിവി.യിൽ മൈക്കിൾ ജാക്സൺ ഒരു അഭിമുഖം നൽകി. അതിൽ അദ്ദേഹം പറഞ്ഞു, ‘എൻറെ ഏറ്റവും വലിയ ആരാധകൻ  ഒരു നായയാണ്’. അദ്ദേഹത്തിന്റെ  സംഗീതസമിതിയിലെ ഗിത്താർവാദകനായ ഹെൻറി യുടെ  ഡാഷ്  ഇനത്തിൽപ്പെട്ട വളർത്തുനായയുടെ വികൃതികൾ  മൈക്കിൾ ജാക്സന്റെ  സംഗീതം കേട്ടാൽ മതി,  ഉടൻ  നിൽക്കും. പാട്ടിൽ ശ്രദ്ധിച്ചുകൊണ്ട് നായ  പുറപ്പെടുവിക്കുന്ന വിചിത്രങ്ങളായ  ശബ്ദത്തോളം ഹൃദ്യതയും മനോസുഖവും, തൊട്ടുമുന്നിൽ തുള്ളിയുറയുന്ന ജനലക്ഷങ്ങളിൽനിന്നു കിട്ടുന്നതല്ലെന്നും ജാക്സൺ പറഞ്ഞു വച്ചു.  ഇതുപോലെയുള്ള സങ്കീർണതകൾ നിറഞ്ഞ, വിഭ്രമാത്മക ഭാവനകളിലൂടെ കയറിയിറങ്ങി, അസാധാരണ സംഗീതകല്പനകളിൽ എത്തിച്ചേർന്ന ഗായകനായിരുന്നു, മൈക്കിൾ ജാക്സൺ. ദേശീയതകൾ വെടിഞ്ഞ്  ലോകസംഗീതത്തിൻറെ വിശാലമായ  പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ടാണ് അദ്ദേഹം  എന്നും പാടിയിട്ടുള്ളത്.  എല്ലാ തലമുറകളെയും ആകർഷിച്ച, ആവേശംകൊള്ളിച്ച, ആനന്ദിപ്പിച്ച ആ സംഗീതധ്വജം  ലോകസംഗീതശൃംഗത്തിൽ ഉയർന്നുതന്നെ നിൽക്കട്ടെ. 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA