കാറോടിക്കവെ ഭരതൻ ഈണം മൂളി, കേട്ടമാത്രയിൽ‍ കൈതപ്രം എഴുതി; താഴ്‌വാരത്തിലെ ഏകഗാനം പിറന്നത് ആ യാത്രയിൽ

bharathan-kaithapram
SHARE

ഉത്രാളിക്കാവിനരികിലെ തീവണ്ടിപ്പാതയിലൂടെ നടക്കുമ്പോഴാണ് ഭരതന്‍, താഴ്‌വാരത്തിലെ ഈണം കൈതപ്രത്തിനു മൂളിക്കൊടുത്തത്. തന്നന്നാ താനാതനനാനാ.... മുൻപിലെ അനന്തമായ വഴിയിലിലേക്കു നോക്കിയപ്പോള്‍ കൈതപ്രത്തിന്റെ മനസ്സിലേക്കും വരികളൊഴുകിയെത്തി.

കണ്ണെത്താ ദൂരെ മറു തീരം..

മറുതീരത്തെ കോണില്‍ സംക്രമം..

തിമിലക്കൈത്താളം കാവില്‍ കൊണ്ടാടും മേളം

ചിറ്റാരം കാറ്റില്‍ മര്‍മ്മരം...

പാട്ടിനു താളം പിടിച്ചൊരു കാറ്റ് കാവിനെ വലം വയ്ക്കുമ്പോള്‍ കവി പല്ലവി പാടിത്തീര്‍ത്തു. ഭരതനും മനസു നിറഞ്ഞു. ‘താഴ്‌വാരം’ എന്ന ചിത്രത്തിലേക്കുള്ള വരിയും ഈണവും അവിടെ പിറന്നുവെന്നു പറയുന്നു കൈതപ്രം.

''പല്ലവിയായി, നാളെ മദ്രാസില്‍ കാണാമെന്നു പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ എന്റെ തിരുവണ്ണൂരെ വീട്ടിലേക്കു തിരിച്ചു. വഴിയാകെ ഞങ്ങളിങ്ങനെ ഓരോന്നു പാടിക്കൊണ്ടിരുന്നു. ഡ്രൈവു ചെയ്തു കൊണ്ടു ഭരതേട്ടന്‍ ഈണം പാടും അപ്പോള്‍ തന്നെ ഞാന്‍ വരികളെഴുതും. താനാന്ന താനനനാന്ന താനാനാന താനാന... ഭരതേട്ടൻ ഈണത്തിൽ മൂളുമ്പോൾ ഞാനും വളരെ ആസ്വദിച്ചെഴുതി. കൂരാറ്റകളിക്കിളി മൂടും വെള്ളിമുളം കൂട്ടിന്‍മേലെ ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്‍മേലെ.. ഇടവത്തിന്നരമണിയിളകിന നേരം പുലരും നേരത്ത് കവിളത്തൊരു മറുകും കുത്തി കുളിരാടാനുണരെടി പൂവെ...

വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, തിരൂര്‍ കടന്ന് കോഴിക്കോടെത്തുമ്പോഴേക്കും പാട്ട് റെഡിയായി. അതു തുടങ്ങുന്നത് ഒരു സാക്‌സഫോണിന്റെ ബിറ്റാണ്. പിറ്റേദിവസം ഞങ്ങളൊരുമിച്ചു ട്രെയിനില്‍ മദ്രാസിലേക്കു പോയി. പാട്ടിനു പശ്ചാത്തല സംഗീതമൊരുക്കിയത് രാജാമണിയാണ്. ദാസേട്ടന്‍ ബെംഗലുരുവിൽ നിന്നും വന്നു പാടി മനോഹരമാക്കി. ഭരതേട്ടന്റെ ബേസ് ശബ്ദമാണ്. അതേ ശൈലിയില്‍ തന്നെ ദാസേട്ടനും പാടി. ആകെയൊരു പാട്ടേ താഴ്‌വാരത്തിലുള്ളൂ. അത് എല്ലാവര്‍ക്കും ഇഷ്ടമായി'' വളരെ ഹൃദ്യമായ ആ പാട്ടോര്‍മ്മയില്‍ കൈതപ്രം പുഞ്ചിരിച്ചു.

ഭരതന്റെ ഏറെ പ്രശസ്തമായ താഴ്‌വാരം സിനിമയും അതിലെ നിത്യഹരിത ഗാനമായ കണ്ണെത്താ ദൂരവും സിനിമാ പ്രേക്ഷകരും എന്നും നെഞ്ചോടു ചേര്‍ത്തു വച്ചു. വീരാളിക്കോലം കെട്ടിയ നായാടികളുറയുന്നേരം കടമ്പിലക്കൈകളില്‍ നിലാവിന്റെ പാരാവാരം.. കരിവീരക്കൊമ്പിലിരുന്നിനി താളിയോല താളം തട്ടെടി മലമേട്ടില്‍ നിറപറ വഴിയണ മലഹരികള്‍ പാടെടി കിളിയേ... വരികളില്‍ നിറയുന്ന ഭാവനാലോകത്തിൽ മതിമറന്നു പാടുമ്പോഴും ആരും പറയും കൈതപ്രത്തിന്റെ പാട്ടെന്ന്. പ്രകൃതിയും നാടും ഉത്സവങ്ങളും വർണിക്കുമ്പോൾ ആ തൂലികക്കെന്നും ഉണർവാണല്ലോ. ചേലൊത്ത വാക്കുകളൊരുക്കുന്ന കാഴ്ചപ്പൂരം കാതിനും മനസിനും കുളിരാവുന്നു. വർഷങ്ങളെത്ര കഴിഞ്ഞിട്ടും ഈ പാട്ടിനോടുള്ള ഇഷ്ടം പറയുന്നവരെ കൈതപ്രം കണ്ടുമുട്ടുന്നതും വെറുതെയല്ല.

1990ലാണ് താഴ്‌വാരം പുറത്തിറങ്ങുന്നത്. എംടിയുടെ തിരക്കഥയും ‌‌‌‌‌‌‌ഭരതന്റെ സംവിധാന മികവും കൊണ്ട് പ്രശസ്തമായ താഴ്‌വാരം റിലീസായി 30 വര്‍ഷത്തിനു ശേഷവും പുതുമ കാത്തുവയ്ക്കുന്നു. എന്തൊക്കെയോ നിഗൂഢതകളുറങ്ങുന്ന പോലെ നിശബ്ദമായ ആ താഴ്‌വാരത്തെയും നാലോ അഞ്ചോ കഥാപാത്രങ്ങൾ നിറഞ്ഞാടിയ കഥയും ഒരിക്കൽ കണ്ടവർ മറക്കാനിടയില്ല. താഴ്‌വാരത്തിലെത്തുന്ന മോഹന്‍ലാലിന്റെ ബാലനെന്ന നായക കഥാപാത്രവും വില്ലനായ രാഘവനെന്ന സലീം ഘോഷും രാത്രിയും പകലും പോലെ ജീവിതത്തിന്റെ രണ്ട് മുഖങ്ങള്‍ വെളിപ്പെടുത്തുന്നു. കൊല്ലാനായിട്ട് അവനും ചാകാതിരിക്കാന്‍ ഞാനും ശ്രമിക്കുമെന്ന് നായകന്‍ പറയുന്നു. ഭാര്യയെ കൊന്ന് ജീവിതം നശിപ്പിച്ചവനോട് പ്രതികാരം ചെയ്യാനാണ് ബാലൻ താഴ്‌വാരത്തിലെത്തുന്നത്. 

ശങ്കരാടി, സുമലത, അഞ്ജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൗനമുറങ്ങുന്ന നീണ്ട ചെമ്മണ്‍ പാതയും വയലേലയുമൊക്കെ വരാനിരിക്കുന്ന എന്തോ ഒരു ദുരന്തത്തെ പറയാതെ പറയുന്ന കഥാപാത്രങ്ങളെ പോലെ ഭരതന്റെ ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നു. നായകന്റെ പ്രണയം പറയുന്ന പാട്ട് ചിത്രീകരണവും ഭരതൻ സ്പർശത്തിൽ ഏറെ സുന്ദരമായിട്ടുണ്ട്. കൂടുതല്‍ കഥാപാത്രങ്ങളുടെ തിക്കും തിരക്കുമില്ലാതെ ജീവിതത്തിന്റെ പ്രയാണം എം ടി രേഖപ്പെടുത്തുമ്പോള്‍ പുതുതലമുറ പ്രേക്ഷകര്‍ക്കും കയ്യടിക്കാതിരിക്കാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA