ഓർമകളെ പരിമളംകൊണ്ടു പൊതിയുന്ന പാട്ടുകാരൻ

spb-madhuvasudevan
SHARE

കഴിഞ്ഞവർഷം തമിഴ് നാട്ടിലെ തെക്കു കിഴക്കൻ ജില്ലകളിൽ എവിടെയോ കോവിഡിൽ മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ടുപേരുടെ മരണത്തെപ്പറ്റി വ്യത്യസ്തമായ ഒരു വിവരണം സമൂഹമാധ്യമത്തിൽ ഞാനും ശ്രദ്ധിച്ചിരുന്നു. മിഠായിക്കമ്പനിയിൽ പണിയെടുത്തിരുന്ന പുരുഷനും തയ്യൽതൊഴിലാളിയായ സ്ത്രീയും മരണത്തെ സ്വയം സ്വീകരിച്ചതാണെന്ന തരത്തിൽ പ്രാദേശികവാർത്തകൾ വന്നതായും അതിൽ സൂചന കണ്ടു. ഏതാണ്ട് സമാനസ്വഭാവം പുലർത്തിയ ഈ രണ്ടു പെടുമരണങ്ങളും നടന്ന സെപ്റ്റംബർ ഇരുപത്തിയഞ്ചാംതീയതി നമുക്കും മറക്കാൻ കഴിയില്ല. അന്നല്ലേ വിശ്വഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യം ഭൂമിയിൽനിന്നു വിടപറഞ്ഞുപോയതും! സ്വാഭാവികമായും അന്നേദിവസം സംഭവിച്ച ഈ ആത്മാഹുതികളെപ്പറ്റി ആർക്കും സന്ദേഹമുണ്ടാകും. ഏതായാലും ആരാധ്യനായ ഗായകനെ മരണത്തിൽ അനുഗമിച്ച ആ സാധുമനുഷ്യരുടെ ആത്മദുഃഖവും സംഘർഷങ്ങളും പ്രാദേശികതലത്തിലല്ലാതെ അധികം ചർച്ചചെയ്യപ്പെട്ടില്ല, ആഘോഷിക്കപ്പെട്ടില്ല. കേവലം കൗതുകവാർത്തയായി നാട്ടുപത്രങ്ങളുടെ ഉൾപ്പേജിൽ ഒതുങ്ങിപ്പോയെങ്കിലും അവരുടെ ജീവത്യാഗത്തിൽ അനുതാപംകൊള്ളാൻ ആരുമേ ഉണ്ടാകാതെയിരുന്നില്ല. അതിനുള്ള തെളിവുകളിൽ ഒരെണ്ണം  ഇവിടെ ഇങ്ങനെ ഞാനും അടയാളപ്പെടുത്തി വച്ചോട്ടെ. 

മുകളിൽ ഉദ്ധരിച്ച ദുരന്തം സത്യമാകാനുള്ള സാധ്യതയെപ്പറ്റി പുതുക്കോട്ടയിലെ അധ്യാപക സുഹൃത്തുമായി ഞാൻ സംസാരിച്ചു. കലയോടും കലാകാരന്മാരോടും തീവ്രമായ വൈകാരികബന്ധം പുലർത്തുന്ന തമിഴകത്തെ സാധാരണക്കാരുടെ മനോഭാവത്തെ അദ്ദേഹവും സ്ഥിരീകരിച്ചു.  എനിക്കുമറിയാം, നമ്മൾ ഓരോരുത്തരും ഉയിരോടെയിരിക്കുന്നതിൽ ചില അർഥങ്ങളുണ്ടെന്നും ജീവിതം പൊടുന്നനേ വരണ്ടുപോകുമ്പോൾ ഹൃദയത്തിൽ സാന്ത്വനത്തിന്റെ തെളിനീരുറവകൾ ഉയിർപ്പിക്കുവാൻ ചില പാട്ടുകളെ ആശ്രയിച്ചുപോകുമെന്നുംകൂടി. ഈ നിരയിൽ വരുന്ന നൂറുനൂറു ഗാനങ്ങൾ തന്നിട്ടുള്ള എസ്പിബി അവശേഷിപ്പിക്കുന്ന ശൂന്യതയെ വേഗത്തിൽ ഉൾക്കൊള്ളാൻ സാധിക്കാത്തവരുടെ സംഖ്യ വളരെ വലുതാണ്. അവരിൽ ചിലർക്കെങ്കിലും പിന്നീടുള്ള ഭൂവാസം ഒട്ടൊക്കെ ദുസ്സഹമാകുന്നുണ്ട്. ചിലർ മനസുകൊണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം  മഹാപ്രസ്ഥാനത്തിനു പുറപ്പെട്ടുപോകുന്നു. ഇത്തരം മനോഭാവങ്ങളെ വിലയിരുത്താൻ നമ്മൾ യുക്തി പ്രയോഗിക്കുന്നതുപോലും അയുക്തിയാണെന്നേ ഞാൻ പറയൂ. അത്രമേൽ സ്നേഹം എസ്പിബി അർഹിക്കുന്നുണ്ട്. ഒരു വർഷക്കാലം കടന്നുപോയിട്ടും ഇളയരാജ വിതുമ്പിയതുപോലെ ഓരോ ആരാധകനും ഇന്നും ഉള്ളാലേ അദ്ദേഹത്തോടു ചോദിക്കുന്നു- 'ഗന്ധർവ ഉലകത്തിക്കാക പാടർത്ക്കാക പോയിട്ടായാ? '

എസ്പിബി പരിചയപ്പെടുത്തിയ ഗാനശൈലി എന്തുകൊണ്ടും വേറിട്ടതായിരിക്കുന്നു. അതിനുള്ളിൽ ചരിത്രപരമായ ഒരു തുടർച്ച എന്നും ഞാൻ അനുഭവിച്ചിട്ടുണ്ട്. എസ്പിബിയുടെ ചലച്ചിത്ര സംഗീതപാരമ്പര്യത്തിനു പുറകേപോയാൽ തീർച്ചയായും നമ്മൾ തമിഴിലെ പഴയ സിനിമാസംഗീതത്തിൽ ചെന്നെത്തും. ഇതുപക്ഷേ എല്ലാ സിനിമാ ഗായകർക്കും ബാധകമാകുന്ന തത്ത്വമല്ല. ഉദാഹരണമായി കെ.ജെ.യേശുദാസിന്റെ സംഗീതത്തിലൂടെ പിന്നിലേക്കു നടന്നാൽ നമ്മൾ ടി.കെ.ഗോവിന്ദറാവുവിലോ വൈക്കം മണിയിലോ ബി.എ.ചിദംബരനാഥിലോ എ.എം. രാജയിലോ പി.ബി. ശ്രീനിവാസിലോ കമുകറ പുരുഷോത്തമനിലോ കെ.പി. ഉദയഭാനുവിനുവിലോ ചെന്നുകയറില്ല. യേശുദാസിന്റെ സിനിമാസംഗീതം ഏതെങ്കിലും നിശ്ചിത ഗാനമാർഗത്തിൽനിന്നും രൂപംകൊള്ളുന്നതല്ല. അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഗീതത്തിൽപോലും ഗുരുനാഥന്മാരായ കെ.എസ്.കുമാരസ്വാമി അയ്യരോ ശെമ്മങ്കുടി ശ്രീനിവാസ അയ്യരോ  വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യരോ കല്യാണസുന്ദരമോ പ്രത്യക്ഷത്തിൽ കടന്നുവരുന്നില്ല. ആർ.എൽ.വി.കോളേജോ സ്വാതിതിരുനാൾ അക്കാദമിയോ അതിൽ ശൈലീപരമായ മേൽക്കോയ്മ ചെലുത്തുന്നില്ല. എന്നാൽ ഇതിനു വിപരീതമായി തമിഴിലെ സിനിമാഗാനപൈതൃകം എസ്പിബിയെ വളരെയധികം സ്വാധീനിച്ചിട്ടുള്ളതായി ഞാൻ മനസിലാക്കുന്നു. അദ്ദേഹം പാടിക്കൂട്ടിയവയിലെല്ലാം ഇതു കേൾക്കാൻ കഴിയുന്നുണ്ട്.

തമിഴകത്തെ ഗായകപ്രമാണിമാരായിരുന്ന എം.കെ.ത്യാഗരാജ ഭാഗവതർ, പി.യു. ചിന്നപ്പ, ദണ്ഡപാണി ദേശികർ, ടി. ആർ.  മഹാലിംഗം, ടി.എം. സൗന്ദരരാജൻ,  ശീർകാഴി ഗോവിന്ദരരാജൻ എന്നിവരിലൂടെ തഴച്ചുവളർന്ന തമിഴ് ചലച്ചിത്ര ഗാനശാഖയെ എസ്പിബി പിന്നെയും മുന്നോട്ടു നയിച്ചു. മുൻഗാമികൾക്കു സമൂഹത്തിൽ കിട്ടിയ താരത്തിളക്കവും സൗഭാഗങ്ങളും ജനസമ്മതിയും എസ് പിബിക്കും തരമായി. സത്യത്തിൽ മേല്പറഞ്ഞ എല്ലാവരുംതന്നെ അവരുടെ സംഗീതവ്യക്‌തിത്വം നിലനിർത്തിക്കിട്ടാൻ ജീവിതകാലം മുഴുവൻ വളരെയധികം ക്ലേശിച്ചിരുന്നു. കാരണം കർണാടക സംഗീതസംഗീത പാരമ്പര്യത്തിൽ ആസ്വാദനരുചികൾ വളർത്തിയെടുത്ത ആസ്വാദകരെ ചലച്ചിത്ര സംഗീതത്തിലേക്കു വിളിച്ചുകൊണ്ടുവരാൻ ഒട്ടും എളുപ്പമായിരുന്നില്ല. കർണാടക സംഗീതത്തിനും സിനിമാസംഗീതത്തിനും ഇടയിൽ കുലീനമായ സമന്വയം സ്ഥാപിച്ചുകൊണ്ട് പാപനാശം ശിവൻ കടന്നുവന്നതോടെ ശാസ്ത്രീയ  സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സിനിമാഗായകർക്കും ഒരു പീഠം  നിർമിച്ചുകിട്ടി. എത്രയോ വർഷങ്ങൾക്കുശേഷം 'ശങ്കരാഭരണ'ത്തിനുവേണ്ടി  പാടിയ ജനപ്രിയ ഗാനങ്ങളിലൂടെ എസ് പിബിയും അതിൽ ചെന്നിരുന്നു. പാരമ്പര്യവാദികൾ ഇതിനെ വകവച്ചുകൊടുത്തില്ലെങ്കിലെന്ത് എസ്പിബിയുടെ ആരാധകർ ഈ പാട്ടുകളെ ആഘോഷമാക്കി മാറ്റി. പുതിയൊരു പ്രതിച്ഛായയിൽ അദ്ദേഹം സംഗീതമണ്ഡലത്തിൽ വിളങ്ങി. 

എസ്പിബി പാടിത്തുടങ്ങുമ്പോൾ സിനിമാസംഗീതത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഗായകർ കുറച്ചെങ്കിലും സാങ്കേതികജ്ഞാനം സംഗീതത്തിൽ നേടിയിരിക്കണം എന്ന നിർബന്ധം പുലർന്നിരുന്നു. സംഗീതസംവിധായകർ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ ഗായകനു സാധിക്കണം. അതിനെ പുനരവതരിപ്പിക്കാൻ കഴിയണം. ഇതിലപ്പുറം സംഗീതപാഠങ്ങൾ  പഠിക്കേണ്ടതുണ്ടെന്ന്  എസ്പിബിയും പറഞ്ഞിട്ടില്ല. എന്നിട്ടും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരെക്കാൾ മികച്ചതരത്തിൽ പാടാൻ അദേഹത്തിനു സാധിച്ചു. അതിന്റെ രഹസ്യം തേടിച്ചെല്ലുമ്പോൾ എസ്പിബിയുടെതന്നെ വാക്കുകൾ അതിനുള്ള ഉത്തരം തരും -  'ശ്രുതി ശുദ്ധമായിരിക്കണം. ലയത്തിൽ ജാഗ്രതവേണം. ഭാവബോധം സർവപ്രധാനം. ഇവ പാലിക്കുമെങ്കിൽ ആർക്കും  പാട്ടുകാരനാകാൻ കഴിയും. ശബ്ദഗുണം സംഗീതത്തിൽ അത്ര  പ്രധാന ഘടകമല്ല. മേൽപ്പറഞ്ഞ മൂന്നു ഘടകങ്ങളും ഒത്തുവന്നാൽ പാട്ടിൽ സ്വീറ്റ്നെസ് താനേ  വന്നുകൊള്ളും'. ഇത്രയും ഉപദേശം നൽകിയശേഷം എസ്പിബി ഒരു വാക്യംകൂടി ചേർത്തു- 'സംഗീതജ്ഞാനത്തേക്കാൾ ഇമോഷൻകൊടുത്തു പാടാനുള്ള കഴിവാണ് ഗായകർക്കു വേണ്ടത് '. 'ഈ കഴിവ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണോ' എന്ന ചോദ്യത്തിനു കൊടുത്ത മറുപടി  ഒരു കുസൃതിച്ചിരിയിൽ മറഞ്ഞുകിടന്നു.

ശാസ്ത്രീയ സംഗീത സംസ്കാരത്തെ ഏറെ ഉൾക്കൊണ്ടിരുന്നതായി എസ്പിബിയുടെ പാട്ടുകൾ നിറയേ തെളിവുകൾ നൽകുന്നു. ദക്ഷിണ സംഗീതത്തെ നിലനിർത്തുവാൻ കഠിനമായി ശ്രമിച്ച പിതാവിനോടുള്ള ആദരവും അഭിമാനവും അദ്ദേഹം പാട്ടുകളിൽ നിലനിർത്തി. ഒരിക്കൽ കുടുംബമിത്രം ചെലുത്തിയ സമ്മർദത്തിനു  വഴങ്ങി ദിണ്ഡിക്കലിൽ നടന്ന ഒരു പൊതുചടങ്ങിൽ എസ്പിബി സംബന്ധിച്ചു. പാട്ടുമത്സരത്തിൽ ഒന്നാംസമ്മാനം നേടിയ ഏഴു വയസുകാരനെ അനുമോദിക്കുന്നതിനിടയിൽ അദ്ദേഹം വെറുതേ ചോദിച്ചു, 'നിനക്ക് ആരെപ്പോലെ പാടാനാണ് ആഗ്രഹം?' കുട്ടി എടുത്തടിച്ചതുപോലെ പ്രതികരിച്ചു - 'എനിക്ക്  ശങ്കരശാസ്ത്രികളെപ്പോലെ പാടണം'. എസ് പിബി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചപ്പോൾ അവൻ കഥയറിയാതെ മിഴിച്ചുനിന്നു. അന്നേരം വേദിയിലേക്ക് ഒരാൾ ഓടിക്കയറിവന്നു, എസ് പിബിയുടെ കാലിൽ തൊട്ടുതൊഴുതു- 'സാർ ഞാൻ ഈ പയ്യനുടെ അപ്പയാണ്. ഇവിടെ അടുത്തുള്ള അമ്മൻകോവിലിൽ നാഗസ്വരം വായിക്കുന്നയാളാണ്. പയ്യനെ അരിയക്കുടി രാമാനുജ അയ്യങ്കാരെപ്പോലെ ഒരു വലിയ പാട്ടുകാരനാക്കാനാണ് ജീവിതത്തിലെ ഏറ്റവും വലിയ ആശ. അതുകൊണ്ട് അങ്ങാണ് യഥാർഥ ശങ്കരശാസ്ത്രികൾ എന്നകാര്യം ഞാൻ ഇതുവരെ ഇവനോടു പറഞ്ഞിട്ടില്ല. മന്നിച്ചിടണം'. ഇതുകേട്ട് വികാരഭരിതനായ എസ്പിബി 'അതങ്ങനെതന്നെയിരുന്നോട്ടെ' എന്നുപറഞ്ഞുകൊണ്ട്, ഭാവിയിൽ ശങ്കരശാസ്ത്രികളെക്കാളും വലിയ സംഗീതജ്ഞനാകാനുള്ള അനുഗ്രഹവും ആശീർവാദവും ആ കൊച്ചു ഗായകനു നൽകി.

ഇതിനോടു  സമാനത പുലർത്തുന്ന മറ്റൊരു സംഭവംകൂടി ഓർമിക്കട്ടെ. മലേഷ്യയിൽ ഗാനമേള അവതരിപ്പിക്കാൻ എത്തിച്ചേർന്ന എസ് പിബിയെ അന്നാട്ടിൽ താമസിക്കുന്ന ഒരു ധനാഢ്യൻ നിർബന്ധപൂർവം സ്വന്തം കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പതിറ്റാണ്ടുകൾക്കുമുമ്പേ മധുരയിൽനിന്നു കുടുംബത്തോടെ മലേഷ്യയിലേക്കു കൂറുമാറിയ വർത്തക പ്രമാണിയുടെ അപ്പ എസ്പിബിയുടെ വലിയ ആരാധകനായിരുന്നു. അദ്ദേഹം എസ്പിബിയെ കലശം നൽകി സ്വീകരിച്ചു. ഉപചാരങ്ങൾക്കുശേഷം അവർ മുകളിലെ നിലയിലേക്കു കയറി. അവിടെ ഒരു വേദി അലങ്കരിച്ചുവച്ചിരുന്നു. വയലിൻവാദകനും മൃദംഗവാദകനും ഘടംവാദകനും തയ്യാറായി നിൽപ്പുണ്ട്. എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാൻ കഴിയുന്നതിനുമുമ്പേ എസ്പിബിയെ പട്ടുവിരിച്ച വേദിയിൽ ഇരുത്തിക്കഴിഞ്ഞു! എസ്പിബിയുടെ കച്ചേരികേൾക്കാൻ പ്രമാണിയുടെ അപ്പയും ബന്ധുമിത്രങ്ങളും മുന്നിൽ വന്നിരുന്നു. എന്തു ചെയ്യുമെന്നറിയാതെ കുഴഞ്ഞുപോയ എസ്പിബി ചെറുപ്പത്തിൽ പിതാവിൽനിന്നു വീണുകിട്ടിയ ഏതാനും തുക്കടകൾകൊണ്ട് അരമണിക്കൂർ പിടിച്ചുനിന്നു. എല്ലാവരും രസിച്ചുവെങ്കിലും എസ്പിബി അതിനെ ശുദ്ധസംഗീതത്തോടുള്ള അനാദരവായി മനസിൽ കരുതി. അതുകൊണ്ടാകാം അവർ സാദരം നീട്ടിപ്പിടിച്ച വിലയേറിയ  പാരിതോഷികങ്ങളിൽ ഒന്നെങ്കിലും എടുക്കാൻ അദ്ദേഹം തയാറായില്ല. ഒരിക്കൽ അവസരം വന്നപ്പോൾ ഇക്കാര്യം വിഖ്യാത കർണാടക സംഗീതജ്ഞനായ വോലേതി വെങ്കടേശ്വരലുവിനോടും എസ്പിബി പറഞ്ഞു. അതിനുള്ള പ്രതികരണം ഇങ്ങനെയായിരുന്നു - 'ഞങ്ങളൊക്കെ എത്രയോ കാലമായി സംഗീതക്കച്ചേരികൾ ചെയ്യുന്നു. പക്ഷേ ജനങ്ങളുടെ മനസിൽ ഭാഗവതരുടെ പദവി ഇപ്പോഴും നിങ്ങൾക്കാണ്'. ഈ മറുപടി കേട്ടതിനുശേഷം ഒരിക്കൽപോലും പൊതുവേദിയിൽ ശാസ്ത്രീയ കീർത്തനങ്ങൾ പാടാൻ എസ്പിബി വഴങ്ങിക്കൊടുത്തിട്ടില്ല.  

കർണാടക സംഗീതത്തിൽ മാത്രമല്ല ഹിന്ദുസ്താനി രാഗങ്ങളിലും എസ്പിബി പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഹിന്ദുസ്താനി രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ എത്രയോ ബോളിവുഡ് ഗാനങ്ങൾ അതിനുള്ള തെളിവായി ജീവിക്കുന്നു. ഇതു  വ്യക്തമാക്കാൻവേണ്ടിമാത്രം എസ്പിബി പാടിയ ചില ഹിന്ദി ഗാനങ്ങളുടെയും അവയിൽ ഉപയോഗിച്ചിട്ടുള്ള രാഗങ്ങളുടെയും ചെറിയൊരു സൂചിക നൽകുന്നു.

പഹ് ലാ   പഹ് ലാ പ്യാർ ഹേ- ഭൈരവി

ദിൽ ദീവാനാ- പഹാഡി

 

തേരേ മേരേ ബീച് മേം- ശിവരഞ്ജനി

 

മേരേ ജീവൻ സാഥീ- കീരവാണി

 

ആതേ ജാതേ- മാജ് ഖമാജ്

 

യേ മൌസം കാ ജാദൂ- ഖമാജ്

 

ഹം ബനേ തും ബനേ- ബിലാവൽ

 

ഹം തും ദോനോം ജബ് മിൽ ജായേംഗേ- മിശ്ര ഭൈരവി

 

ദീദീ തേരാ ദേവർ ദീവാനാ- പീലൂ

 

ദേഖാ ഹേ പഹ് ലീ ബാർ- ദർബാരി

 

ജിയേ തോ ജിയേ- ഗോരഖ് കല്യാൺ

ലോകത്തിനു മഹത്തരങ്ങളായ സംഭാവനകൾ നൽകിയിട്ടുള്ള കലാഗോപുരങ്ങൾ തകർന്നുവീഴുമ്പോൾ സ്വാഭാവികമായും ആസ്വാദകരിൽ വലിയ ആഘാതങ്ങളുണ്ടാകും. എല്ലാം അവസാനിച്ചുപോയല്ലോ എന്ന വ്യഥയും വിഭ്രമവും ഉണ്ടാകും. സത്യത്തിൽ അത്രയും സങ്കുചിതവും വൈകാരികവുമാകാൻ പാടില്ല നമ്മുടെ സഹൃദയത്വവും ആസ്വാദനവും. കലാകാരനെക്കാൾ കലതന്നെയാണ് വലുതും വിശിഷ്ടവും. കലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തനിയേ  മുന്നോട്ടുകൊണ്ടുപോകാൻ ആർക്കും സാധിക്കുകയില്ല. പാട്ടുപ്രേമികളിൽ ഈ വിവേകം അനിവാര്യമായും ജനിച്ചുവളരണം. കാരണം ഏതു സാഹചര്യത്തിലും സംഗീതം നിലനിൽക്കേണ്ടതുണ്ട്. എത്ര  തലമുറകൾ വന്നു പാടിക്കഴിഞ്ഞാലും സംഗീതം പിന്നെയും ബാക്കി നിൽക്കണം. അതുകൊണ്ട് എസ്പിബിയുടെ അസാന്നിധ്യം ഹൃദയത്തിൽ കോറുന്ന വേദന, പുതിയ ഗായകരെ സഹർഷം സ്വീകരിക്കാൻ തടസമാകരുത്! എസ്പിബി ഉയർത്തിപ്പിടിച്ച സംഗീതമധുരവും  ഭാവചാരുതകളും പുതുതലമുറയിലെ പ്രതിഭാശാലികളായ പാട്ടുകാരിലൂടെ ഭാവിയിലും പീലിത്തിരകളുയർത്തി നിൽക്കട്ടെ. അതിലൂടെ സമൃദ്ധമായിരിക്കട്ടെ നമ്മുടെ ഗാനലോകങ്ങൾ. എസ്പിബിക്കു നൽകാൻ ഇതിനെക്കാൾ മനോഹരമായ മറ്റൊരു ശ്രദ്ധാഞ്ജലി നമ്മുടെ പക്കലുണ്ടോ?

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA