എഴുത്തും വായനയും അറിയില്ല! പക്ഷേ ഈ തെരുവുഗായകന്റെ പാട്ടുകൾ കേട്ടത് കോടിക്കണക്കിനു പേർ; ആരാണ് സെയ്ൻ സഹൂർ?

sain-zahoor
SHARE

2015 നവംബർ 22ന് ബ്രിട്ടനിലെ ബർമിങ്ഹാമിലുള്ള ഗ്രാൻഡ് സിംഫണി ഹാളിൽ ഏഷ്യൻ ആർട്സ് ഏജൻസിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ഒരു സംഗീതോത്സവം നടന്നു. സാധാരണ ഈ സംഗീതപരിപാടിയുടെ കാണികളിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാകും. എന്നാൽ ഈ പതിവ് തെറ്റിക്കുന്ന കാഴ്ചകൾക്കാണ് ഗ്രാൻഡ് സിംഫണി ഹാൾ സാക്ഷ്യം വഹിച്ചത്. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെ തന്നെയും അതിരുകൾ മായ്ച്ചുകളഞ്ഞുകൊണ്ട് കാണികൾ ആ വേദിയിലേക്ക് ഒഴുകിയെത്തി. 'സെയ്ൻ സഹൂർ' എന്ന ഒറ്റ പേരാണ് ഈ കാണികളെ ആ വേദിയിലേക്കെത്തിച്ചത്. 

കാത്തിരിപ്പിന് വിരാമമിട്ട് ആ മുഖം വേദിയിൽ പ്രത്യക്ഷപ്പെട്ടു. കറുത്ത ടർബൻ, കൺമഷി എഴുതിയ കണ്ണുകൾ, തീക്ഷ്ണഭാവം സ്ഫുരിക്കുന്ന നോട്ടങ്ങൾ, ഉളിവച്ച് ചെത്തിമിനുക്കിയതുപോലെയുള്ള മുഖം, കഴുത്തിൽ പലവർണങ്ങളിലുള്ള മാലകൾ, തിളക്കമുള്ള വേഷം, കാലുകളിൽ ചിലങ്ക... കൈകളിൽ വിചിത്രമായ സംഗീതോപകരണവും പിടിച്ച് ആകാശത്തേക്ക് ഉറ്റു നോക്കുന്ന സഹൂരിന്റെ രൂപവും ഭാവങ്ങളും കാണികളെ അമ്പരപ്പിച്ചു. അൽപനേരത്തെ നിശബ്ദത... കാലിലെ ചിലങ്കയിൽ പതിയെ താളം പിടിച്ച്, കയ്യിലെ ഏക്താരയിൽ (സൂഫികൾ ഉപയോഗിക്കുന്ന സംഗീതോപകരണം) ഈണമിട്ടു കൊണ്ട് സഹൂർ പാടിത്തുടങ്ങി. 

ഉച്ചസ്ഥായിയിൽ വിള്ളൽ വീഴുന്ന സഹൂറിന്റെ ശബ്ദം നാലു ദിക്കുകളെയും പ്രകമ്പനം കൊള്ളിച്ചു കൊണ്ടു മുഴങ്ങി... ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന ആ സംഗീതത്തിൽ ദേശങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതായി. സഹൂറിന്റെ നൃത്തച്ചുവടുകൾക്കൊപ്പം കാണികളും ചുവടു വച്ചു... മാസ്മരികമായ അനുഭവത്തിൽ മണിക്കൂറുകൾ നിമിഷങ്ങളെപ്പോലെ കുതറിയോടി. സൂഫി സംഗീതത്തിലെ രത്നങ്ങളും മുത്തുകളുമായിരുന്നു സഹൂർ അവിടെ അവതരിപ്പിച്ചത്. സഹൂറിന്റെ ശബ്ദവും ആലാപനവും ചിലരുടെ കണ്ണുകൾ ഈറനണിയിച്ചു... ചിലർ ഏതോ മായിക ലോകത്തെത്തിയവരെപ്പോലെ അദ്ഭുതം പൂണ്ടു. പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിൽ നിന്നുള്ള നിരക്ഷരനായ ആ തെരുവുഗായകൻ എങ്ങനെയാണ് ഒരു മ്യൂസിക് ഡിസ്ക് പോലും ഇറക്കാതെ ബി ബി സിയുടെ ഏഷ്യ പസഫിക് റീജീയണിലെ ഏറ്റവും നല്ല ശബ്ദത്തിനുള്ള പുരസ്കാരം നേടിയതെന്ന് ആ സംഗീതാരാധകർക്കു മുമ്പിൽ അനാവൃതമാക്കപ്പെടുകയായിരുന്നു. സെയ്ൻ സഹൂർ... അത് ഒരു പേരല്ല... സൂഫി സംഗീതത്തിന്റെ കടലാണ്. 

ആരാണ് സെയ്ൻ സഹൂർ? 

1947ൽ പഞ്ചാബ് പ്രവിശ്യയിലുള്ള ഒക്കാറ ജില്ലയിലെ സുലൈമാൻകീ എന്ന പ്രവിശ്യയിൽ ആയിരുന്നു സെയ്ൻ സഹൂർ ജനിച്ചത്. 'സെയ്ൻ' എന്നത് ഒരു ബഹുമതിയും മതപരമായ ഒരു പദവിയുമാണ്. കൊച്ചു സഹൂർ ജനിച്ചത് തീർത്തും ദരിദ്രമായ ഒരു കർഷക കുടുംബത്തിലായിരുന്നു. നിരക്ഷരരായിരുന്നു മാതാപിതാക്കൾ. ആറു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു സഹൂർ. സൂഫി പാരമ്പര്യത്തിൽ വളർന്ന സഹൂർ സ്കൂളിൽ പോയില്ല. സഹൂറിന് ഏഴു വയസായപ്പോൾ ഒരു അത്ഭുതം ഉണ്ടായി. തുടർച്ചയായി ഒരു സ്വപ്നം സഹൂർ കാണാൻ തുടങ്ങി. സ്വപ്നങ്ങളിൽ ഒരു കൈ പ്രത്യക്ഷപ്പെടുന്നു... ആ കൈ ചൂണ്ടിക്കാണിക്കുന്നത് ഒരു ദർഗയിലേക്കാണ്. സുസ്മേരവദനനായ ഒരു വ്യക്തി, തന്നെ ദർഗയിലേക്ക് മാടി വിളിക്കുന്നു. കൊച്ചു സഹൂർ ഈ സ്വപ്നം അന്ന് ആരുമായും പങ്കുവച്ചില്ലെങ്കിലും സംഗീതത്തോടും ഗാനാലാപനത്തോടും ആഭിമുഖം വളർത്താൻ ഇതു കാരണമായി. 

ചെറിയ ഗാനങ്ങൾ, പദ്യശകലങ്ങൾ, നാടോടിപ്പാട്ടുകൾ എല്ലാം സഹൂർ പാടിത്തുടങ്ങി. നാളുകൾ കടന്നുപോകവെ, തന്റെ ലക്ഷ്യം വ്യത്യസ്തമാണെന്നും തന്റെ തട്ടകം തെരുവുകളാണെന്നും സഹൂർ തിരിച്ചറിഞ്ഞു. വീട് വിട്ടിറങ്ങിയ സഹൂറിന്റെ യാത്ര സിന്ധിലേയും പഞ്ചാബിലേയും ചെറിയ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും നീണ്ടു. അനന്തമായ യാത്രകൾ ഏതെങ്കിലും ദർഗകളിലാകും അവസാനിക്കുക. അപരിചിതമായ തെരുവകളിലൂടെ സഹൂർ അലഞ്ഞു. ചന്തമുക്കുകളിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കയ്യിലെ ഏക്താര മീട്ടി സഹൂർ പാടി. ഉച്ചത്തിൽ മാന്ത്രിക ആവേശത്തോടു കൂടി പാടുന്ന ഫക്കീറിനെ ആളുകൾ അദ്ഭുതത്തോടെ നോക്കി. ആ ആലാപനത്തിന്റെ വശ്യതയിൽ അവർ സ്വയം മറന്നു. പേരു പോലും അറിയാത്ത ആ പാടും ഫക്കീറിനെ തേടി ആളുകളെത്താൻ തുടങ്ങി. സഹൂർ എവിടെ പാടിയാലും ആ തെരുവകൾ കാണികളെക്കൊണ്ടു നിറയും. 

സ്വപ്നത്തിലെ മനുഷ്യൻ നേരിൽ വന്നപ്പോൾ

അനന്തമായ യാത്രകളും ലക്ഷ്യമില്ലാത്ത അന്വേഷണങ്ങളുമായി മുന്നേറുന്നതിനിടെ സഹൂർ പാകിസ്ഥാനിലെ ഉച് ഷരീഫ് പട്ടണത്തിലെത്തി. അവിടെ ഒരു ദർഗയിൽ നിന്ന് തന്നെ ഒരാൾ കൈകാട്ടി വിളിക്കുന്നതുപോലെ സഹൂറിന് അനുഭവപ്പെട്ടു. ആ കൈകൾ സഹൂർ തിരിച്ചറിഞ്ഞു. സ്വപ്നത്തിൽ കാണാറുള്ള അതേ കൈകൾ! ആ മനുഷ്യനെ പിന്തുടർന്ന് സഹൂർ എത്തിയത്, പ്രശസ്ത സൂഫി ബുലേഷായുടെ പേരിലുള്ള ദര്‍ഗയില്‍! എന്നാൽ ആ മനുഷ്യനെ പിന്നെ കണ്ടില്ലെന്ന് സഹൂർ പറയുന്നു. ഉച് ഷരീഫിലെ ദർഗയിലെ താമസം സഹൂറിന്റെ ജീവിതം മാറ്റി മറിച്ചു. അവിടെ വച്ചാണ് പ്രശസ്ത സംഗീതജ്ഞന്‍ റാവുങ്ക അലിയെ സഹൂർ കണ്ടുമുട്ടുന്നത്. പട്യാല ഖരാനയുടെ അനിഷേധ്യ വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ റാവുങ്ക അലിയുടെ ശിഷ്യനാകാനുള്ള ഭാഗ്യം സഹൂറിന് ലഭിച്ചു.  

എഴുത്തും വായനയും അറിയാത്തതിനാല്‍ റാവുങ്ക അലി പറഞ്ഞുകൊടുക്കുന്ന പദ്യങ്ങളും കീര്‍ത്തനങ്ങളുമെല്ലാം സഹൂർ കേട്ടു പഠിക്കുകയായിരുന്നു. ഓരോ പദങ്ങളുടെ സൃഷ്ടികര്‍ത്താവ് ആരെന്നും അതിന്റെ അര്‍ഥവും വ്യാപ്തിയും രൂപവും ഭാവവും എന്താണെന്നും മനസില്‍ പതിപ്പിച്ചുകൊണ്ടായിരുന്നു സഹൂറിന്റെ പഠനകാലം മുന്നോട്ടു പോയത്. ഏതു പദ്യങ്ങളും ഒരിക്കൽ കേട്ടാൽ തന്നെ സഹൂറിനത് മനഃപാഠമാകും. ആരെയും അമ്പരപ്പിക്കുന്ന ഓർമശക്തിയായിരുന്നു സഹൂറിന്. ഉച് ഷരീഫിൽ വച്ച് റാവുങ്ക അലിയെപ്പോലെ നിരവധി സംഗീതജ്ഞരുമായി സഹൂർ അടുത്തിടപെഴുകി. അവരിൽ നിന്നും പലതരം ആലാപനശൈലികൾ പഠിച്ചു. ബുല്ലേഹ് ഷാ, മുഹമ്മദ് ഖദ്രി, ഷാ ബഡഖ്ഷി തുടങ്ങിയ സൂഫിവര്യന്മാരുടെ കൃതികൾ ഹൃദിസ്ഥമാക്കി. ഉച് ഷരീഫിൽ നിന്ന് ലഭിച്ച അറിവുകളും സംഗീതവുമായി, തെരുവകൾ വേദികളാക്കി സഹൂർ വീണ്ടും യാത്ര തുടർന്നു. 

പ്രശസ്തിയിലേക്ക് സഹൂറിന്റെ വളർച്ച 

സഹൂറിന്റെ പേര് പാകിസ്ഥാനിലെ സംഗീതപ്രേമികൾക്കിടയിൽ ചർച്ചയാകാൻ അധികകാലം വേണ്ടി വന്നില്ല. പാണ്ഡിത്യവും പ്രതിഭയും സമ്മേളിച്ച ആ തെരുവുഗായകൻ ഏവർക്കും പ്രിയങ്കരനായി. 1989 ല്‍ തന്റെ 42ാമത്തെ വയസില്‍ 'ഓള്‍ പാകിസ്ഥാന്‍ മ്യൂസിക് കോണ്‍ഫറന്‍സി'ല്‍ കച്ചേരി നടത്തുന്നതിനായി സഹൂറിനെ ക്ഷണിക്കപ്പെട്ടു. അതുവരെ തെരുവുകളും ദർഗകളുമായിരുന്നു സഹൂറിന്റെ സംഗീതത്തിനു വേദികളായത്. എന്നാൽ 1989ലെ കറാച്ചിയിലെ ആ വേദി സഹൂറിന്റെ സംഗീതയാത്രയിൽ‍ നാഴികക്കല്ലായി. സംഗീതപ്രേമികളുടെ നാവില്‍ സഹൂറിന്റെ നാമം ഒരിക്കലും വിട്ടൊഴിഞ്ഞതുമില്ല. സഹൂറിന്റെ പേര് പരാമർശിക്കാതെ പാകിസ്ഥാനിലെ നാടോടിസംഗീതം, സൂഫി സംഗീതം, മിസ്റ്റ്കി സൂഫിസം തുടങ്ങിയ വയെക്കുറിച്ചുള്ള ചർച്ചകൾ അപൂർണമാണെന്ന അവസ്ഥയിലേക്കെത്തി. പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നിട്ടും അതുവരെ നയിച്ചിരുന്ന തന്റെ ജീവിത രീതികളിൽ നിന്ന് അല്‍പം പോലും വ്യതിചലിക്കാന്‍ സഹൂര്‍ തയാറായിരുന്നില്ല. എല്ലാ രാത്രികളിലും ദര്‍ഗകളുടെ ഏകാന്തമായ അന്തരീക്ഷത്തില്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച് സഹൂർ ആരാധകരെ വിസ്മയിപ്പിച്ചു.  

ബിബിസി വോയ്സ് ഓഫ് ദ ഇയർ

ഒരു മ്യൂസിക് റെക്കോർഡ് പോലും ഇറക്കാതെ തന്നെ സഹൂറിന്റെ സംഗീതം ജനലക്ഷങ്ങളിലേക്കെത്തി. ഈ പ്രശസ്തിയാണ് 2006ൽ ഏഷ്യൻ പസഫിക് റീജണിലെ ഏറ്റവും മികച്ച ശബ്ദമായി സെയ്ൻ സഹൂറിനെ തിരഞ്ഞെടുക്കുന്നതിലേക്ക് ബിബിസിയെ നയിച്ചത്. ഒരു മ്യൂസിക് ആൽബത്തിന്റെ പേരിൽ നാമനിർദേശം ചെയ്യപ്പെട്ടായിരുന്നില്ല സഹൂറിനെ പുരസ്കാരത്തിനായി പരിഗണിച്ചത്. സഹൂറിനെക്കുറിച്ചു വായ്മൊഴിയായി വന്ന അഭിപ്രായങ്ങളും പ്രശംസകളും പുരസ്കാര നിർണയ കമ്മിറ്റി കണക്കിലെടുക്കുകയായിരുന്നു. അങ്ങനെ 2006ലെ ബിബിസി വോയ്സ് ഓഫ് ദി ഇയറായി സഹൂർ തിരഞ്ഞെടുക്കപ്പെട്ടു. അതിപ്രശസ്ത മത്സരത്തില്‍  റണ്ണറപ്പ് ആയത് പാകിസ്ഥാനിലെ തന്നെ ഖവാലി വിദഗ്ധനായ ഫൈസ് അലി ഫായിസ് ആയിരുന്നു. ഇന്ത്യാക്കാരി സുശീല രാമനും ഈ മത്സരത്തില്‍ പ്രത്യേക പരാമര്‍ശം നേടി. ബിബിസിയും റേഡിയോ 3യുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഈ പരിപാടി 2002 മുതൽ 2008 വരെയാണ് നടന്നത്. 

2006ൽ ഏറ്റവും നല്ല ശബ്ദമായി സഹൂറിനെ തിരഞ്ഞെടുത്തതോടു കൂടി വലിയൊരു വിപ്ലവകരമായ മാറ്റം സഹൂറിന്റെ ജീവിതത്തിൽ ഉണ്ടായി. ആദ്യമായി സഹൂറിന്റെ ശബ്ദം ഒരു മ്യൂസിക് ആൽബത്തിനു വേണ്ടി റെക്കോർഡ് ചെയ്യപ്പെട്ടു. മറ്റീല റെക്കോർഡ്സ് പുറത്തിറക്കിയ മ്യൂസിക് ആൽബത്തിന്റെ പേര് 'ആവാസേ' (Awazay) എന്നായിരുന്നു. ഈ ആൽബം പാകിസ്ഥാനിൽ വമ്പൻ ഹിറ്റായി. യുവജനങ്ങൾക്കിടയിൽ തരംഗമായിരുന്നു അതിലെ ഗാനങ്ങൾ. 2007ലെ ഖുദാ കേ ലിയേ എന്ന സിനിമയ്ക്കുവേണ്ടി മ്യൂസിക് ട്രാക്കുകൾ ഒരുക്കുന്നതിൽ സഹൂറും പങ്കാളിയായി. സൂഫി സമൂഹത്തിന്റെ പരിശുദ്ധിയിൽ ആകുല ചിത്തനായിരുന്ന യാഥാസ്ഥിതികനായ ഒരു വ്യക്തി തന്നെയായിരുന്നു സഹൂർ എങ്കിലും സൂഫി സംഗീതത്തിന്റെ പരിശുദ്ധിക്ക് കോട്ടം വരാതെ പാശ്ചാത്യ സംഗീതവുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പില്ലായിരുന്നു. ഇത് സഹൂറിന്റെ പിന്നീടുള്ള സംഗീതയാത്രയെ എളുപ്പമാക്കി. 

ഹിറ്റാക്കിയത് കോക്ക് സ്റ്റുഡിയോ

സഹൂറിന് സംഗീതം ജന്മസിദ്ധമാണെങ്കിലും അതിനെ പുതിയ കാലത്തിന്റെ വേഗത്തിനൊപ്പം ചേർക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് കോക്ക് എന്റർപ്രൈസസിന്റെ ഫ്രാഞ്ചസി ആയി പാകിസ്ഥാനിൽ ആരംഭിച്ച കോക്ക് സ്റ്റുഡിയോ (Coke Studio) ആയിരുന്നു. അലി ഹംസ, റൊഹൈൽ ഹയാത്ത്, സൊഹൈബ് ഖാസി എന്നീ മൂന്നു യുവാക്കളാണ് പാകിസ്ഥാനിലെ കോക്ക് സ്റ്റുഡിയോയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 2008ൽ ആരംഭിച്ച കോക്ക് സ്റ്റുഡിയോ സെയിൻ സഹൂറിന് നന്നായി പിന്തുണച്ചു. സഹൂറിന്റെ പല പ്രശസ്ത ഗാനങ്ങളും റെക്കോർഡു ചെയ്ത് പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത് കോക്ക് സ്റ്റുഡിയോ ആയിരുന്നു. സഹൂർ ആലപിച്ച അല്ലാഹൂ, ആജാ ആർദി, ദീദ ലഗീബിനാ, തൂമ്പാ തുടങ്ങിയ ഗാനങ്ങൾ ആഗോള ഹിറ്റുകൾ ആയി മാറി. ഇന്ത്യയിൽ തന്നെ സഹൂറിന് ഇത്രയും പ്രചാരവും , പ്രസിദ്ധിയും നേടാൻ സാധിച്ചത് കോക്ക് സ്റ്റുഡിയോയുടെ വിഡിയോകളിലൂടെയാണ്. 

സഹൂറിന്റെ പ്രിയപ്പെട്ട 'ഏക്താര'

സെയ്ൻ സഹൂറിന്റെ ഏറ്റവും പ്രീയപ്പെട്ട വാദ്യോപകരണം ഏക്താരയാണ്. ഏക്താര എന്നത് ഒറ്റ കമ്പി മാത്രമുള്ള ഒരു സംഗീത ഉപകരണമാണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ചില പ്രത്യേക പ്രവിശ്യകളിലുള്ള നാടോടി സംഗീതജ്ഞരുടെ പ്രിയപ്പെട്ട ഉപകരണമാണിത്. വർണനൂലുകൾ കൊണ്ട് അതിമനോഹരമായ കൈപ്പണികൾ ചെയ്തു അലങ്കരിക്കപ്പെട്ട ഏക്താരയാണ് സഹൂറിന്റെ കയ്യിലുള്ളത്. പാട്ടു പാടി ചുവടു വച്ച് സഹൂർ കറങ്ങുമ്പോൾ കയ്യിലെ ഏക്താരയിലെ അലങ്കാരങ്ങളും സഹൂറിനൊപ്പം നൃത്തം ചെയ്യും. വർണാഭമാണ് ആ കാഴ്ച! ഏക്താര എപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ തന്നെ കാണും. ആ ശരീരത്തിന്റെ തന്നെ ഭാഗമാണോ എന്നു തോന്നിപ്പിക്കും വിധം അത്രമേൽ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് വർണനൂലുകൾ കെട്ടിയ ആ ഏക്താര. 

തീവ്രവാദസംഘടനകളുടെ ഭീഷണി

പാകിസ്ഥാനിൽ ഏറ്റവും അപകടകരമായ പ്രൊഫഷനാണ് കലാരംഗം. സംഗീതജ്ഞരായതിന്റെ പേരില്‍ മാത്രം വധിക്കപ്പെട്ടവരുണ്ട് അവിടെ. അതിപ്രശസ്തനായ സൂഫി സംഗീതജ്ഞൻ അംജത് സാബ്രി 2016 ജൂൺ 22–ാം തീയതി കറാച്ചിയിൽ വച്ച് വധിക്കപ്പെട്ടു. മതവെറിയന്മാർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് പാകിസ്ഥാനി സംഗീത ലോകത്ത് വളരെ നടുക്കമുണ്ടാക്കിയ ഒരു വാർത്തയായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പല തീവ്രവാദ സംഘടനകളിൽ നിന്നും കഠിനമായ അധിക്ഷേപങ്ങളും ബഹിഷ്കരണങ്ങളും ഭീഷണികളും സഹൂറും നേരിടുന്നുണ്ട്. എന്നാൽ സാർവദേശീകമായ സ്നേഹത്തിന്റെ പ്രതിഫലനമാണ് സഹൂറിന് സൂഫി സംഗീതം. സൂഫിസത്തോട് ആഭിമുഖ്യം പുലർത്തുന്നവരെ ശത്രുക്കളെപ്പോലെയാണ് മതമൗലികവാദികൾ കാണുന്നത്. പാകിസ്ഥാനിലെ സൂഫി ദർഗകളും ദേവാലയങ്ങളും പലപ്പോഴും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ലോകസമാധാനത്തിനായി നിലകൊള്ളുന്ന സൂഫിസം മതമൗലികവാദികളുടെ കണ്ണിലെ കരടാണ്. ഇവയെല്ലാം അതിജീവിച്ചാണ് സംഗീതജ്ഞരും സൂഫി ഗായകരും ഖവാലി ഗായകരും പാകിസ്ഥാനിൽ ജീവിക്കുന്നത്. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം! എങ്കിലും സംഗീതമില്ലാതെയുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് ആലോചിക്കാൻ പോലും കഴിയില്ല. സഹൂറും അവരിലൊരാളാണ്. സാർവത്രിക നന്മയുടെ സന്ദേശം മുറുക്കെപ്പിടിച്ച്, സംഗീതത്തിൽ മനസുറപ്പിച്ച് അചഞ്ചലം മുന്നോട്ടു പോകുകയാണ് സെയ്ൻ സഹൂർ.  

73ലും ചടുലമായ സംഗീത ജീവിതം

സൂഫി സംഗീതത്തിലെ സൂഫി ആശയങ്ങൾ പല അഭിമുഖങ്ങളിലും സഹൂർ കൃത്യതയോടെ പങ്കുവച്ചിട്ടുണ്ട്. അതൊന്നും ഒരു നിരക്ഷരന്റെയോ തെരുവിൽ അന്തിയുറങ്ങുന്ന ലോകപരിചയമില്ലാത്ത, സുഹൃദ്്വലയങ്ങൾ ഇല്ലാത്ത, അൽപജ്ഞാനിയുടെ പുലമ്പൽ ആയിരുന്നില്ല. സഹൂറിന്റെ പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ്. സഹൂറിന് തുല്യം സഹൂർ മാത്രമേ ഉള്ളൂ. സഹൂറിന് ഇപ്പോൾ 73 വയസുണ്ട്. എങ്കിലും പ്രായത്തിന്റെ തളർച്ചകൾ അദ്ദേഹത്തെ ബാധിച്ചിട്ടേയില്ല. സഹൂറിന്റെ നൃത്തവും ഭാഷയും സംഗീതാലാപനവും ഇന്നും ചടുലമാണ്. ഇനിയും ദീർഘകാലം അദ്ദേഹം ജീവിച്ചിരിക്കണമെന്നാണ് സംഗീതപ്രേമികളുടെ പ്രാർത്ഥന. ഈ ലോകത്തിനു തന്നെ ഒരു പുതിയ പരിണാമം ഉണ്ടാക്കികൊടുത്ത്, ഗാനങ്ങൾക്ക് തന്നെ പുതിയ സുഖവും ആശ്വാസവും പകർന്നു, സഹൂർ എന്നും എക്കാലവും പ്രേക്ഷകരുടെ മനസിൽ ഉണ്ടായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA