ബഷീറിന്റെ ‘ഗാനകോകിലം’; പീർ മുഹമ്മദിനെ ഓർക്കുമ്പോൾ

peer-mohammed
അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ്.
SHARE

പൂങ്കുയിലിന്റെ കണ്ഠമാണോ അദ്ദേഹത്തിന്? ആശ്ചര്യം  ഒളിച്ചിരിക്കുന്ന ഈ ചോദ്യത്തിന്റെ കർത്താവ് കവി വൈലോപ്പിള്ളി ശ്രീധര മേനോൻ.  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ എസ്.വി.പീർ മുഹമ്മദിന്റെ മധുര ശബ്ദം കേട്ടപ്പോഴാണ് വൈലോപ്പിള്ളിയുടെ ഈ ചോദ്യം.  കഴിഞ്ഞ ദിവസം അന്തരിച്ച പീർ മുഹമ്മദിന്റെ (78) ആലാപന സൗകുമാര്യത്തിനു തെളിവായി വൈലോപ്പിള്ളിയുടെ പ്രശംസ മാത്രം മതി. 

വൈക്കം മുഹമ്മദ് ബഷീറും ആ ശബ്ദത്തിന്റെ ആരാധകനായിരുന്നു. കേരളത്തിന്റെ ‘ഗാനകോകിലം’ എന്നാണ് പീർക്കയെ ബഷീർ വിശേഷിപ്പിച്ചത്. അതിൽ അൽപം നർമവും പ്രശംസയുമെല്ലാം അടങ്ങിയിട്ടുണ്ട്. കവിയും സാഹിത്യകാരനും ഈ വിശേഷണം നൽകിയപ്പോൾ ആസ്വാദകർ പീർ  മുഹമ്മദിന്റെ ഗാനങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കിയാണു പ്രതികരിച്ചത്. പീർ മുഹമ്മദിന്റെ പാട്ടുകളെ അവർ മനസ്സിൽ ലാളിക്കുകയും ചുണ്ടുകളിൽ തത്തിക്കളിക്കാൻ വിടുകയും ചെയ്തു. 

അദ്ദേഹത്തിന്റെ ഗാനമേളയില്ലാതെ കല്യാണം നടത്തുന്നത് മലബാറിലെ മുസ്‍ലീം തറവാട്ടുകാർ ഒരു കുറച്ചിലായി കണ്ടിരുന്നു. ഒരേ വീട്ടിൽ തന്നെ 4 തലമുറയുടെ കല്യാണങ്ങൾക്കു പാട്ടുകൾ പാടാൻ പോയകാലം, ഓരോ പുതിയ മാപ്പിളപ്പാട്ട് ആൽബങ്ങളുടെ കസെറ്റ് ഇറങ്ങുന്നതും കാത്ത് ആരാധകരുടെ കാത്തിരിപ്പ്. പീർക്കയുടെ കസെറ്റില്ലാത്ത വീടുകൾ മലബാറിൽ   ഉണ്ടായിരുന്നില്ല എന്നത് അതിശയോക്തിയാവില്ല. പടച്ചോന്റെ വരദാനമാണു  പീർക്ക എന്നും വിശേഷണം ഉണ്ടായി. കലാപാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ ജനിച്ചിട്ടും പാട്ടു പഠിക്കാതെ പാട്ടുകാരനായി. ഒരു സംഗീതോപകരണം പോലും വായിക്കാനറിയാഞ്ഞിട്ടും മാപ്പിളപ്പാട്ടുകളടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ പാടി, മിക്കതിനും ഈണമിട്ടു. 

രാജ്യത്തെ പ്രശസ്ത ഗ്രാമഫോൺ കമ്പനിയായ എച്ച്എംവി പീർ മുഹമ്മദിന് ഒൻപത് വയസ്സുള്ളപ്പോൾ പാടിച്ച് നാല് പാട്ടുകൾ വിപണിയിലിറക്കി. അനുഗ്രഹീത ശബ്ദം തന്നെയായിരുന്നു അതിനു കാരണം. രാജ്യത്തെ ചാനൽ രംഗത്ത് ദൂരദർശൻ മാത്രമുണ്ടായിരുന്ന 1976 ൽ  ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിരുന്നു അദ്ദേഹം.  ഇതൊന്നും താൻ നടത്തിയതല്ല പടച്ചോൻ നടത്തിയതാണ്, ആ അനുഗ്രഹത്തിന് നന്ദി തീർക്കാൻ ഈ ജീവിതം പോര. ഇനിയും രചിച്ച് ഈണമിട്ട്, സ്തുതിച്ച് പാടണം എന്ന അവസാന നാളിലെ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ആ പ്രതിഭയുടെ വലിയ  ദൃഷ്ടാന്തം. വയലാറിന്റെ വരികളെ ഏറെ സ്നേഹിച്ച പീർ മുഹമ്മദും ഒരു പക്ഷേ മനസ്സിൽ പാടിയിരിക്കാം. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.

peer-mohammed-2
പീർ മുഹമ്മദിന്റെ മൃതദേഹം മുഴപ്പിലങ്ങാട്ടെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം:മനോരമ

അന്ത്യം സ്വകാര്യ ആശുപത്രിയിൽ 

മുഴപ്പിലങ്ങാട് താമസിച്ചു വരികയായിരുന്ന പീർ മുഹമ്മദ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വ പുലർച്ചെ അന്തരിച്ചത്. പീർ മുഹമ്മദ് ഈണമിട്ട് പാടിയ നിരവധി മാപ്പിള പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്. അഴകേറുന്നോളേ വാ…, കാഫ്മല കണ്ട പൂങ്കാറ്റേ…, ഒട്ടകങ്ങൾ വരിവരിവരിയായ്… തുടങ്ങിയ കാലം മായ്ക്കാത്ത പാട്ടുകൾ പീർ മുഹമ്മദ് പാടിയതാണ്. 

ആലാപനത്തിലെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പ്രശസ്ത സംഗീത സംവിധായകരായ എ.ടി.ഉമ്മർ, കെ.രാഘവൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമകൾക്കു വേണ്ടിയും പിന്നണി പാടി. കെ.രാഘവൻ ഈണമിട്ട മാപ്പിള പാട്ടുകൾ കോഴിക്കോട് ആകാശവാണിയിലൂടെ ആലപിച്ചിരുന്നു. എച്ച്എംവി, കൊളംബിയ എന്നീ ഗ്രാമഫോൺ കമ്പനികളും പീർ മുഹമ്മദിന്റെ പാട്ടുകൾ പുറത്തിറക്കിയിരുന്നു. രാജ്യത്തിനകത്തും വിദേശത്തും  അനവധി വേദികളിൽ ഗാനമേള അവതരിപ്പിച്ചു. 

ജനനം തെങ്കാശിയിൽ 

തലശ്ശേരിയിലെ പി.വി.അബ്ദുൽ അസീസിന്റെയും ബൽക്കീസയുടെയും മകനായി തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് 4 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം തലശ്ശേരിയിൽ എത്തിയത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ ശ്രുതി മധുരമായി പദ്യം ചൊല്ലുകയും പാട്ടു പാടുകയും ചെയ്തിരുന്ന പീർ മുഹമ്മദിനെ പിതാവ് തലശ്ശേരി ജനതാ സംഗീത സഭയിൽ ചേർത്തു. പീർ മുഹമ്മദിന്റെ ഗാന രംഗത്തേക്കുള്ള പ്രവേശം ജനതാ സംഗീത സഭയിലൂടെയായിരുന്നു. തലശ്ശേരി മുബാറക്ക് ഹൈസ്കൂളിന്റെ കീഴിലുള്ള സുബുലുസ്സലാം യുപി സ്കൂളിന്റെ  ധനശേഖരണാർഥം 1958 ൽ മുബാറക് മൈതാനത്ത് ഗാനമത്സരം നടത്തി. ഈ മത്സരത്തിൽ നാലാം ക്ലാസുകാരനായ പീർ മുഹമ്മദും ഉണ്ടായിരുന്നു. 

അന്ന് മരത്തിൽ നിന്നു വീണു കയ്യൊടിഞ്ഞ തന്നെ പിതാവ് അബ്ദുൽ അസീസ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യാതെ മത്സര വേദിയിലേക്കു കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞിരുന്നു. മത്സരത്തിൽ പീർ പാട്ടു പാടി സമ്മാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് തന്റെ ഒടിഞ്ഞ കൈ ശരിയാക്കാൻ കളരി ഗുരുക്കളെ ഏർപ്പാടാക്കി തന്നത് മുബാറക്ക് സ്കൂളിലെ പ്രധാനാധ്യാപകൻ ഒ.മുഹമ്മദ് ആയിരുന്നു എന്നും അദ്ദേഹം ഓർത്തിരുന്നു. പിന്നീട് ഏറെ വേദികളിൽ പാടാൻ ക്ഷണം ലഭിച്ചു. 

peer-mohammed-1
പീർ മുഹമ്മദ് കുടുംബത്തോടൊപ്പം. (ഫയൽ ചിത്രം)

വലിയ ഗായക സംഘം ഉണ്ടായിരുന്ന ജനത സംഗീത സഭ മുഖേന ഏറെ വേദികൾ ലഭിച്ചതോടെ പീർ മുഹമ്മദ് പിന്നീട് ഏറെ ആരാധകരുള്ള ഗായകനായി മാറുകയായിരുന്നു. മാപ്പിളപ്പാട്ടുകൾ കഴിഞ്ഞാൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ പാടാനായിരുന്നു ഏറെ ഇഷ്ടം. 1965 മുതൽ കോഴിക്കോട് ആകാശവാണിയിലൂടെ സംഗീത സംവിധായകൻ കെ.രാഘവന്റെ ശിക്ഷണത്തിൽ മാപ്പിളപ്പാട്ടുകൾ ആലപിക്കാൻ തുടങ്ങി. 1975 ന് ശേഷം മാപ്പിളപ്പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പീർ മുഹമ്മദിന്റെ ധാരാളം ഗാനങ്ങൾ ആകാശവാണി ആസ്വാദകരിൽ എത്തിച്ചു. 

ഉച്ചസ്ഥായീ ശബ്ദമായിരുന്നു പീർ മുഹമ്മദിന്റെത്. ചെറുപ്പം തൊട്ടേയുള്ള ആ ശൈലി മാറ്റമില്ലാതെ തുടർന്നു. ഉച്ചസ്ഥായി ഭാവം മാപ്പിള പാട്ടുകളെ മനോഹരമാക്കും എന്നത് പീറിന്റെ ആലാപനത്തിലൂടെ തെളിഞ്ഞു. മാപ്പിളപ്പാട്ടിന്റെ പ്രണയ ഗായകൻ എന്നാണ് ആസ്വാദകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. കവി പി.ടി.അബ്ദുറഹിമാന്റെ ഗാനങ്ങളാണ് പീർ മുഹമ്മദ് ഏറ്റവും കൂടുതൽ പാടിയത്. കൊല്ലം ഷാഫി, കണ്ണൂർ ഉമ്മാലി തുടങ്ങിയവരുടെ കൂടെയും ഏറെ വേദികൾ പങ്കിട്ടു. മൂത്ത മകൻ നിസാം പീർ മുഹമ്മദും പിതാവിന്റെ വഴിയേ ഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 

അഴകേറുന്നോളേ വാ

‘അഴകേറുന്നോളേ വാ കാഞ്ചനാ മാല്യം ചൂടിക്കാം...’ 1970 കളിൽ പ്രായ ഭേദമന്യേ കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ച് യുവത്വത്തെ കോൾമയിർ കൊളളിച്ച, പീർ മുഹമ്മദ് പാടിയ ഈ സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ട് ഇന്നും മുതിർന്നവരുടെ ചുണ്ടുകളിൽ തത്തി കളിക്കാറുണ്ട്. ഒ.വി.അബ്ദുല്ല രചിച്ച് എ.ടി.ഉമ്മർ സംഗീത സംവിധാനം നിർവഹിച്ച ഈ പ്രണയ ഗാനം അന്നത്തെ പ്രശസ്ത ഗ്രാമഫോൺ കമ്പനിയായ കൊളംബിയ റിക്കോർഡ് ചെയ്ത് പുറത്തിറക്കി. അന്ന് ഈ ഗാനത്തിന്റെ ഒരു ലക്ഷം റിക്കോർഡുകൾ വിറ്റതിന്റെ റോയൽറ്റി തനിക്ക് കൊളംബിയ നൽകിയിരുന്നു എന്ന് പീർ മുഹമ്മദ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിലും കൂടുതൽ റിക്കോർഡുകൾ വിറ്റിട്ടുണ്ടാവാനാണ് സാധ്യതയെന്ന് പീർ മുഹമ്മദിന്റെ ആരാധകർ വിശ്വസിച്ചിരുന്നു കാരണം മാപ്പിള പാട്ടുകൾ സംഗീത ആസ്വാദകരിൽ അത്രയേറെ സ്വാധീനം ചെലുത്തിയ കാലമായിരുന്നു അത്. ജാതി മത ഭേദമന്യേ വീടുകൾ, കല്യാണ സദസ്സുകൾ, സമ്മേളനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം പീർ മുഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ അലയടിച്ചിരുന്നു.

peer-mohammed-3
പീർ മുഹമ്മദ് യൗവന കാലഘട്ടത്തിൽ. (ഫയൽ ചിത്രം)

‘കാഫ്മല കണ്ട പൂങ്കാറ്റേ...’,  ‘അനർഘ മുത്തുമാല...’, ‘ഒട്ടകങ്ങൾ വരിവരിവരിയായ്...’, ‘പൂമകളാണേ ഹുസ്നൂൽ ജമാൽ...’,  ‘പടവാള് മിഴിയുള്ളോളേ...’  എന്നിങ്ങനെ പീർ മുഹമ്മദിന്റെ ശബ്ദത്തിൽ റിക്കോർഡുകൾ പുറത്തിറങ്ങിയതോടെ മാപ്പിളപാട്ടിനോടൊപ്പം അദ്ദേഹവും ജനകീയനാവുകയായിരുന്നു.

സുജാതയും പി.വസന്തയും കൂടെ പാടിയ വിടരുന്ന മൊട്ടുകൾ, ബദറുൽ മുനീർ ഹുസനൂൽ ജമാൽ എന്നീ ഗാനങ്ങളും ശൈലജ, കല്യാണി മേനോൻ എന്നിവരുടെ കൂടെ പാടിയ കർബല തുടങ്ങിയ റിക്കോർഡുകളും ഓഡിയോ കസെറ്റുകളും എവിഎം കമ്പനി പുറത്തിറക്കിയിരുന്നു.

നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയ്ക്ക് വേണ്ടിയാണ് പീർ മുഹമ്മദ് ആദ്യമായി പിന്നണി പാടിയത്. ബിച്ചു തിരുമല എഴുതി എ.ടി.ഉമ്മർ ഈണമിട്ട ‘കോടി ചെന്താമരപ്പൂ  വിരിയിക്കും പീലി കണ്ണാൽ...’ എന്നു തുടങ്ങുന്ന ഗാന രംഗത്ത് അത്തർ വിൽപനക്കാരനായ കഥാപാത്രമായി അഭിനയിച്ചതു മാമുക്കോയ ആണ്. പിന്നീട് തേൻ തുള്ളി എന്ന ചിത്രത്തിൽ കെ.രാഘവൻ ഈണമിട്ട ‘മൊഹിയദ്ദീൻ മാല...’ എന്ന ഗാനവും പാടി. സുറുമയും സിന്ദൂരവും എന്ന ചിത്രത്തിനു വേണ്ടി പൂവച്ചൽ ഖാദർ രചിച്ച് എ.ടി.ഉമ്മർ ഈണമിട്ട ഗാനം പാടിയെങ്കിലും പടം പുറത്തിറങ്ങിയില്ല.

മാപ്പിളപ്പാട്ടിന്റെ തനതു ശൈലിയിൽ പ്രണയ ഭാവങ്ങൾ സന്നിവേശിപ്പിച്ച ഈ കലാകാരൻ ശാരീരിക അവശതകൾക്ക് ഇടയിലും സ്റ്റേജ് പരിപാടികൾ നടത്തിയിരുന്നു. പ്രായത്തിന്റെ അവശതകൾ ഉള്ളപ്പോഴും പാടാൻ ക്ഷണിക്കുന്നവരെ നിരാശരാക്കിയില്ല അദ്ദേഹം. വേദികളിൽ ഇരുന്നു പാടേണ്ടി വന്നപ്പോഴും അദ്ദേഹത്തിന്റെ ആലാപനത്തിന് ലഭിച്ച കയ്യടികൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല.

peer-mohammed-4
പീർ മുഹമ്മദ് ഡോ.കെ.ജെ.യേശുദാസ്, എ.ടി.ഉമ്മർ എന്നിവരോടൊപ്പം. (ഫയൽ ചിത്രം)

എപ്പോഴും പാടിക്കൊണ്ടിരുന്ന കുട്ടി 

എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന കുട്ടിയായാണ് പീർ മുഹമ്മദിനെ ബാല്യകാലത്ത് അടുപ്പമുള്ളവർ നിരീക്ഷിച്ചിരുന്നത്. മുഹമ്മദ് റഫിയുടെ ആരാധകനായിരുന്ന പീർ മുഹമ്മദ് തലശ്ശേരി  ജനത സംഗീത സഭയുടെ വേദികളിൽ കൂടുതലായും പാടിയിരുന്നത് റഫിയുടെ ഗാനങ്ങളായിരുന്നു. കവിതയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പീർ മുഹമ്മദ് വയലാറിന്റെയും ആരാധകനായിരുന്നു. വയലാറിന്റെ സിനിമാ ഗാനങ്ങൾ ആലപിക്കാനും പ്രത്യേകം താൽപര്യമെടുത്തിരുന്നു പീർ മുഹമ്മദ്. മാപ്പിള പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനു ശേഷം മോയിൻ കുട്ടി വൈദ്യരുടെ ഇശലുകളിലായിരുന്നു ഏറെ ഇഷ്ടം.

തമിഴ് ശീലുകൾ 

തമിഴ് നാട്ടിൽ ജനിച്ച പീർ മുഹമ്മദിന് ആലാപനത്തിലെ തമിഴ് ശൈലിയും വശമായിരുന്നു. തമിഴ് ശൈലിയും മലബാർ മാപ്പിള ശൈലിയും സംയോജിപ്പിച്ച ഗാന രീതി പരീക്ഷിച്ച് വിജയിച്ച കലാകാരന്മായിരുന്നു അദ്ദേഹം. വേദികളിൽ തമിഴ് ഭക്തി ഗാനങ്ങളും പാടിയിരുന്നു. മാപ്പിള പാട്ടിനു പുറമേ നാടോടി പാട്ടുകളും ഇഷ്ടപ്പെട്ടു. തമിഴ് നാടൻ പാട്ടുകളുടെ ശീലുകൾ മനോഹരമായി സന്നിവേശിപ്പിച്ച ഗാനങ്ങളും അദ്ദേഹത്തിന്റെ ആലാപന ശൈലിക്ക് വേറിട്ട ഭാവം നൽകി. മാപ്പിള കലാരംഗത്ത് മാത്രമല്ല സംഗീത ലോകത്തിനാകെയും മനോഹര ആലാപന ശൈലി നൽകിയ പ്രതിഭയാണ് പീർ മുഹമ്മദ് എന്ന അതുല്യ കലാകാരൻ.

peer-mohammed-5
അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ്.

പുരസ്കാര നിറവിൽ 

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്, മോയിൻ കുട്ടി വൈദ്യർ പുരസ്കാരം കേരള മാപ്പിള കലാ കേന്ദ്രം പുരസ്കാരം, ഓൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് എന്നിവ പീർ മുഹമ്മദിനു  ലഭിച്ചിട്ടുണ്ട്. 

പ്രശസ്തമായ 10 ഗാനങ്ങൾ

പീർ മുഹമ്മദിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ചിലത്, 

 

അഴകേറുന്നോളേ വാ... 

കാഫ്മല കണ്ട പൂങ്കാറ്റേ... 

ഒട്ടകങ്ങൾ വരിവരി വരിയായ് ...

പടവാള് മിഴിയുള്ളോളേ ...

അനർഘ മുത്തുമാല...

പൂമകളാണേ ഹുസനൂൽ...

പുറപ്പെട്ട ബുജാഹിൽ...

മുല്ലമലരിന്റെ...

മഴവിൽ വിരിഞ്ഞല്ലോ...

ഹേമന്തരാവിൽ...

കൊച്ചോമലേ...

കടിപിടികൂടേണ്ട...

ഇലാഹീയാസുബ്ഹാ

ആരംഭ സെബീത്താന്റെ...

തടകിമണത്ത

English Summary: Memories of singer Peer Mohammed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA