ADVERTISEMENT

ഹരി തുമ ഹരോ എന്ന  പ്രശസ്ത ഗാനത്തിന് പിന്നിൽ,എം എസ് സുബ്ബലക്ഷ്മിക്ക് ഗാന്ധിജിയോടും ഗാന്ധിജിക്ക് സംഗീതത്തോടുമുള്ള ആരാധനയുടെ ഹൃദ്യമായ ഒരു കഥ പറയുവാനുണ്ട്. മീര ബായി രചിച്ച ഈ കവിത എം എസിന്റെ സ്വരമാധുരിയിൽ തന്നെ കേൾക്കണമെന്ന് ഗാന്ധിജിക്ക്  ഒരാഗ്രഹം. ആവശ്യം സുബ്ബലക്ഷ്മിയെ അറിയിച്ചു. എന്നാൽ അവർക്ക് ഈ കവിതയോ അത് ചിട്ടപ്പെടുത്തിയ രാഗമോ അറിയില്ല. എന്നാൽ, തന്റെ ആരാധനാ പാത്രമായ ആ മഹാത്മാവിന്റെ ആഗ്രഹം നിരസിക്കാനും കഴിയുമായിരുന്നില്ല. 1947 ഒക്ടോബർ  ഒന്നാം തീയതി  പോണ്ടിച്ചേരിയിലുള്ള (ഇപ്പോഴത്തെ പുതുച്ചേരി) അരബിന്ദോ ആശ്രമത്തിലെ ദിലീപ് കുമാർ, കവിത ദർബാറി കന്നഡ രാഗത്തിൽ ചിട്ട പ്പെടുത്തുകയും, മദ്രാസ് ഓൾ ഇന്ത്യ റേഡിയോയിലെ  സ്റ്റുഡിയോയിൽ വച്ച് രാത്രി 1 മണിയോടുകൂടി റെക്കോർഡിങ് പൂർത്തീകരിച്ച് ഗാന്ധിജിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു.  

 

ഗാന്ധിജിയെ പോലും  കൊതിപ്പിച്ച ആ നാദധാരയെ വർഷാവർഷം ആവോളം നുകരാൻ കേരളീയരായ നമുക്കും അവസരം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ അറന്മുളക്കു സമീപമുള്ള മാലക്കര ആനന്ദവാടി ആശ്രമത്തിലെ ഗുരുജിയുടെ ജന്മദിനത്തോടനുബന്ധിച്ചു നടത്തി വന്ന സംഗീതസഭയായിരുന്നു വേദി.എല്ലാവർഷവും എം സിന്റെ സംഗീത കച്ചേരി ഈ ആഘോഷ പരമ്പരയുടെ മാറ്റ് കൂട്ടി വന്നു.  കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സംഗീത ആസ്വാദകർ അന്നേ ദിവസം അവിടേയ്ക്കെത്തി. കൂട്ടത്തിൽ ഞങ്ങളും.ഗംഭീരമായ ആകാരഭംഗിയോടെ സുബലക്ഷ്മി സ്റ്റേജിലേക്ക് വരുമ്പോൾ തന്നെ ഹാൾ മുഴുവൻ നിശ്ശബ്ദമാകും. വേദിയിൽ ഇടത് വശത്ത് വളർത്തുമകൾ രാധയും  വലതുവശത്ത് കസേരയിൽ ചാരി സദാശിവവും ഇരിക്കും. അൽപസമയം ധ്യാനം.പിന്നെ ഒരു ശ്ലോകം. തുടർന്ന് സംഗീതത്തിന്റെ  മഹാപ്രവാഹം.ഓരോ കീർത്തനം കഴിയുമ്പോഴും നിലയ്ക്കാതെ കയ്യടി. കയ്യടി കേട്ട് സദസ്യരെ താണു തൊഴുന്ന  സംഗീത കോകിലം. ആനന്ദവാടിയെ ധാന്യമാക്കിയിരുന്ന ആ ശബ്ദം നിലച്ചിട്ടു പതിനാറ് വർഷം തികയുന്നു.

 

1916 സെപ്റ്റംബർ 16 ന് മധുരയിൽ ജനിച്ച എം സ്സിന്റെ ആദ്യകാല ജീവിതം അത്ര സുഖകരം ആയിരുന്നില്ല. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഹനുമന്ദരായ തെരുവിലെ ദേവദാസിയുടെ മകൾ.തൊട്ടടുത്ത തെരുവിൽ ഉണ്ടായിരുന്നിട്ടും  അച്ഛന്റെ താങ്ങും തണലും ഇല്ലാതെ വളർന്നവൾ. ചെറുപ്പത്തിൽ തന്നെ രണ്ടു സഹോദരിമാരെ നഷ്ടപ്പെട്ടവൾ.സുന്ദരിയായ ഒരു ദേവദാസിയായി ഏതെങ്കിലും ഒരു പണക്കാരന്റെ അകത്തളങ്ങളിൽ ഒതുങ്ങുമായിരുന്നവൾ. ഇതൊക്കെയായിരുന്നു കുഞ്ഞമ്മ എന്ന ഓമനപ്പേരുള്ള എം.എസ്.സുബ്ബലക്ഷ്മി. പക്ഷേ ഈ പ്രതികൂല സാഹചര്യങ്ങളൊന്നും ഹിമാലയത്തോളം ഉയരാൻ അവർക്ക് തടസ്സങ്ങളായില്ല.കാരണം വയലിൻ വാദനക്കാരിയായ  ഒരു അമ്മൂമ്മയും  വൈണികയായ ഒരമ്മയും അവർക്ക് ഉണ്ടായിരുന്നു. മകളുടെ സംഗീത വാസനയറിഞ്ഞ ആ 'അമ്മ വായ്‌പാട്ടിന്റെ അത്ഭുത ലോകം മകൾക്ക് മുൻപിൽ തുറന്നിട്ടു. ഒത്തിരി പരിമിതി കളോടെയാണ് ഹനുമന്ദരായ തെരുവിലെ കാറ്റും വെളിച്ചവുമില്ലാത്ത വീട്ടിൽ കുഞ്ഞു സുബ്ബലക്ഷ്മി കഴിഞ്ഞത്. 

 

അമ്പലത്തിലെ നാദസ്വരവും അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നു വന്ന ഗാനങ്ങളും തെരുവുതെണ്ടികളുടെ നാടൻപാട്ടുകളുമെല്ലാം സുബ്ബലക്ഷ്മി കാതോർത്ത് കേട്ടു."കാറ്റിനിലെ ഇളം ഗീതം" എന്ന പാട്ട് കച്ചേരികളിൽ സ്ഥിരമായി പാടാൻ കാരണം ഇതാവാം. വീടിന്റെ നാല് ചുമരുകൾക്കപ്പുറം മധുര സേതുപതി സ്കൂളിന്റെ കളിക്കളങ്ങളിലേക്ക് എത്തിപ്പെട്ട കുഞ്ഞു സുബ്ബലക്ഷ്മിയെ ആദ്യമായി പൊതു വേദിയിലെത്തിക്കാൻ സ്‌കൂൾ അധികൃതർക്ക്  നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.മടിച്ചു മടിച്ച് ആദ്യമായി സ്കൂൾ വേദിയിലെത്തിയ അവർ  അന്ന് ആലപിച്ചത് ഒരു മറാത്തി ഗാനമായിരുന്നു.  അന്ന് വേദിവിട്ട് കളിക്കളത്തിലേക്ക് ഓടാൻ തിടുക്കം കാണിച്ച സുബ്ബലക്ഷ്മി പിന്നീട് വേദികളിൽ നിന്നു വേദികളിലേക്ക് ഓടാൻ തിടുക്കം കാണിച്ചു. വാണിയ തെരുവിലെ വാസം മകൾക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ അമ്മ മകളെയുംകൂട്ടി മദ്രാസ്സിലേക്ക് പുറപ്പെട്ടു. മദ്രാസിലെ ജോർജിജു ടൗൺ ദേവദാസികളുടെയും ഗായകരുടെയും താവളമായിരുന്നു. അവിടെയാണ് സുബ്ബലക്ഷ്മി എത്തിപ്പെട്ടത്. ഭാരതനാട്യത്തിന്റെ പുകൾപെറ്റ മകൾ ബാലസരസ്വാതി.എം എൽ വസന്തകുമാരിയുടെ അമ്മ ലളിതാംഗി,വീണധനാമ്മാൾ ഒക്കെ അവിടെയുണ്ടായിരുന്നു. അവിടുത്തെ ജീവിതം സുബ്ബലക്ഷ്മിയുടെ സംഗീത വാസനയെ സടകുടഞ്ഞെഴുന്നേല്പിച്ചു. എം.ടി രാമനാഥന്റെ ഗുരു വരദാചാരി, ചെമ്പൈ, കാരക്കുടി എന്നീ മഹാത്മാക്കൾക്കു മുൻപിൽ കച്ചേരി നടത്താനുള്ള ഭാഗ്യം സുബ്ബലക്ഷ്മിക്കുണ്ടായി. കാരക്കുടി അനുമോദിച്ചു പറഞ്ഞത്രേ"കുഞ്ഞേ നിന്റെ കണ്oത്തിലൊരു വീണയുണ്ട്". അങ്ങനെ പുരുഷന്മാരുടെ കുത്തകയായായിരുന്ന സംഗീത കച്ചേരിയിൽ എം.എസ് കൈവച്ചു. 

 

മദ്രാസ് സംഗീത സഭയിൽ ആദ്യമായി കച്ചേരി നടത്തിയ പെൺകുട്ടി സുബ്ബലക്ഷ്മിയായിരുന്നു. സ്ത്രീ ആയതിനാൽ പലപ്പോഴും പക്കമേളക്കാർ സഹകരിക്കാൻ മടിച്ചു. പിന്നീട് എംഎസിന്റെ കച്ചേരികളിൽ വാദകരാവാൻ അവരൊക്കെത്തന്നെ വരി നിന്നുവെന്നുള്ളത് ചരിത്രം.തുടർന്ന് സംഗീത ലോകത്തുകൂടി ഒരു ജൈത്രയാത്രയായിരുന്നു. വിനയവും ലാളിത്യവും ഭക്തിയുമായിരുന്നു ആ വിജയത്തിന്റെ ആണിക്കല്ലുകൾ. ഒരിക്കലും തീരാത്ത പഠനം, പ്രശസ്തരായ ഗുരുക്കന്മാർ,ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് നാരായണ റാവു വ്യാസിന്റെ ശിഷ്യത്വം. ഇവയെല്ലാം എം സ്സിന്റെ പ്രതിഭയുടെ മാറ്റ് കൂട്ടികൊണ്ടിരുന്നു.എത്ര ഉയരങ്ങളിൽ പറന്നാലും സ്വന്തം സംസ്കാരത്തിന്റെ വേര് മുറിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു.സംഗീതം പരോപകാരത്തിനും രാജ്യസേവനത്തിനും വേണ്ടി ഉപയോഗിച്ചു. ദേശത്തും വിദേശത്തും ധാരാളം കച്ചേരികൾ നടത്തി. ഒരിക്കൽ മോസ്കോമിൽ വച്ചു നടന്ന ഒരു കച്ചേരി അവസാനിച്ചപ്പോൾ സദസ്സാകെ ഇളകി മറിഞ്ഞ് സുബലക്ഷ്മിയെ അനുഗമിച്ചത്ര.എഡിൻ ബർഗ് ഫെസ്റ്റിവലിൽ,യു എൻ ജനറൽ അസംബ്ലിയിൽ എലിസബത്‌ രാജ്ഞിക്കു മുന്നിൽ,ഗാന്ധിജി,നെഹ്റു,ഇന്ദിരാഗാന്ധി ഇവർക്കൊക്കെ മുന്നിൽ...അങ്ങനെ എത്രയെത്രെ കച്ചേരികൾ.

 

പദ്മവിഭൂഷൻ , കാളിദാസ സമ്മാൻ കോണാർക് സമ്മാൻ, സംഗീത നാടക അക്കാദമി അവാർഡ്, മാഗ്സസെ അവാർഡ് വിവിധ യൂണിവേഴ്സിറ്റി കളിൽനിന്നു ഡോക്ടറേറ്റ്, ഇന്ദിരാഗാന്ധി അവാർഡ് എത്രയോ അവാർഡുകൾ,സ്ഥാനമാനങ്ങൾ. ഒടുവിൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന. പക്ഷേ അതു വാങ്ങുന്നത് കാണാൻ തന്റെ സർവസ്വവുമായിരുന്ന ത്യാഗരാജ സദാശിവം ഉണ്ടായിരുന്നില്ല. അദ്ദേഹം വെറുമൊരു ഭർത്താവ് മാത്രമല്ലായിരുന്നല്ലോ എം എസിന്. സംഗീത ലോകത്ത് ഇത്ര  ചിട്ടയോടെ മുന്നേറാൻ മാർഗദർശിയായത് മറ്റാ രുമായിരുന്നില്ല.അദ്ദേഹത്തിന്റെ വേർപാട് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ വേർപാടിനു ശേഷം വേദിയിൽ നിന്ന്  ആ മഹാഗായിക പിൻവാങ്ങി.ക്രമേണ ജീവിതത്തിൽ നിന്നും. 

 

സുബ്ബലക്ഷ്മി ഒരു ഗായിക മാത്രമായിരുന്നില്ലലോ,നല്ലൊരു അഭിനേത്രി കൂടിയായിരുന്നു. 1938 ഇൽ അഭിനയിച്ച സേവാസദനം നിരൂപണവും പ്രശംസയും ഒരേപോലെ നേടിയ സിനിമയായിരുന്നു. ജി എൻ ബാലസുബ്രഹ്മണ്യവുമൊത്ത്  അവതരിപ്പിച്ച ശകുന്തളയും മീരയുമൊക്കെ കോട്ടകകൾ നിറഞ്ഞു കവിഞ്ഞ് മാസങ്ങളോളം ഓടി. സാവിത്രി എന്ന ചിത്രത്തിലെ പ്രതിഫലമുപയോഗിച്ച് തന്റെ ഭർത്താവിനായി കൽക്കിയെന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നതിനും അവർക്ക് കഴിഞ്ഞു. മീരയുടെ ഷൂട്ടിങ്  നടക്കുമ്പോൾ ആളുകൾ തടിച്ചുകൂടുമായിരുന്നു. അവർ മീരയുടെ പുനർജന്മമായി സുബ്ബലക്ഷ്മിയെ ആരാധിച്ചു. ഒരു സന്യാസിനിയുടെ ദിവ്യ തേജസ്സ് എന്നും എം എസിൽ ഉണ്ടായിരുന്നു. സംഗീതത്തിന്റെ അവതരണം ദിവ്യമായ കലയാണെന്ന് അവർ തെളിയിച്ചു. വെള്ളിത്തിരയിൽ ജനങ്ങളെ ആവാഹിച്ചെടുത്ത ആ കലാകാരിക്ക് ആഹ്ലാദിപ്പിക്കുന്ന മുഖശ്രീയുമായി രംഗത്തിരിക്കുവാൻ കഴിഞ്ഞു. ആ ഗാനം കേട്ട് പലപ്പോഴും കരച്ചിൽ വന്നിട്ടുണ്ട്. അത്രയും ഹൃദയ ദ്രവീകരണ ശക്തിയാണ് ആ നാദത്തിനുള്ളത്. 

 

സ്വയം കൈമണിയടിച്ചു പാടുന്നത് സദസ്സിന്റെ കൈയടി കേട്ട് വിനയത്തോടെ തലകുനിച്ചു തൊഴുത് വശത്തിരിക്കുന്ന സദാശിവത്തിന്റെ മുഖത്ത് നോക്കി തുടരാൻ മൗനാനുവാദം വാങ്ങുന്നത്.. ഒന്നും മറക്കാനാവുന്നില്ല.ഒപ്പം ഒരിക്കൽ കച്ചേരി കഴിഞ്ഞു പുറത്തിറങ്ങിയ അമ്മയെ ഒന്നു തൊട്ടോട്ടെ എന്നു ചോദിച്ച എന്നെ  ചേർത്തുപിടിച്ചതും മറക്കാനാവുന്നില്ല.ഒരിക്കൽ മഹാവിഷ്ണു നാരദനോട് പറഞ്ഞു "നാരദാ ഞാൻ കുടികൊള്ളുന്നത് വൈകുണ്ഡത്തിലോ യോഗികളുടെ ഹൃദയത്തിലോ സൂര്യതേജസ്സിലോ ഒന്നുമല്ല.എവിടെയാണോ എന്റെ ഭക്തർ ശ്രുതിമധുരമായി പാടുന്നത്  അവിടെയാണ്."അതേ ഭഗവാൻ കുടികൊണ്ടിരുന്ന ആ അഭൗമ സംഗീതജ്ഞ തന്റെ സ്വരം ഇവിടെ അവശേഷിപ്പിച്ചു തിരിച്ചുപോയി.ശ്രീ വെങ്കിടേശ്വര സുപ്രഭാതമായും, ഭജഗോവിന്ദമായും ഒക്കെ ആ സ്വരം നമ്മുടെ ഓരോ പ്രഭാതങ്ങളെയും  ചൈതന്യവത്താക്കികൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com