ബാബറി മസ്ജിദും വാത്സല്യത്തിലെ ആ പാട്ടും തമ്മിലെന്ത്? കൈതപ്രം പറയുന്നു

alayum-kattin-song
SHARE

1992 ഡിസംബര്‍ ആറ്

കാതങ്ങള്‍ക്കപ്പുറം ബാബറി മസ്ജിദ് തകര്‍ക്കാന്‍ തയാറെടുപ്പുകൾ നടക്കുമ്പോൾ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ ഷൊര്‍ണൂരിലെ വീട്ടിലും ചില മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ചില ചര്‍ച്ചകളുടെയും പദ്ധതികളുടെയും തിരക്കിലായിരുന്നു ആ വീടും. ഒടുവില്‍  ഇന്ത്യ മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ആ വീട്ടിലും ഹൃദയം തേങ്ങുന്നൊരു നൊമ്പരഗാനം മുഴങ്ങി. ഭാരതത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ ദിനത്തിന് മലയാള സിനിമാസംഗീതത്തിന്റെ ചരിത്രത്തിലും ഒരിടമുണ്ട്. മലയാളത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ പിറവി ആ ദിവസമായിരുന്നു. 

ബാബറി മസ്ജിദിന്റെ തകർച്ചയിൽ നിന്നുകൊണ്ട് ഗാനമെഴുതുമ്പോൾ എങ്ങനെയാണ് വരികളിൽ ആ വേദന നിറയാതിരിക്കുക? കഥാപാത്രത്തിന്റെ മാനസിക സഞ്ചാരങ്ങളില്‍ നില്‍ക്കുമ്പോഴും ആ ഗാനം അതിനുമപ്പുറം സഞ്ചരിച്ചു. ആസ്വാദകര്‍ക്കത് സന്ദര്‍ഭത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന ഗാനം മാത്രമായിരുന്നു. പക്ഷേ എഴുത്തുകാരനത് സ്വന്തം ഹൃദയത്തിനേറ്റ മുറിവിന്റെ അക്ഷരങ്ങള്‍ കൂടിയായിരുന്നു. ഈ കഥ കേള്‍ക്കുമ്പോള്‍ നമ്മളും കണ്ടെത്തും, നമ്മള്‍ അറിയാതെ പോയ പാട്ടിലെ അദൃശ്യമായ ആ ലോകം. 

"അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി

ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി

രാമായണം കേള്‍ക്കാതെയായ്

പൊന്‍മൈനകള്‍ മിണ്ടാതെയായ്"

ജീവിതത്തിന്റെ കണക്കു പുസ്തകത്തിലെ കൂട്ടിക്കുറയ്ക്കലുകളൊക്കെ തെറ്റിയ 'വാത്സല്യ'ത്തിലെ മേലേടത്ത് രാഘവന്‍ നായര്‍. നല്‍കിയ സ്നേഹത്തിന്റെ കണക്കുകളൊക്കെ ദൈവത്തിന്റെ കണക്കു പുസ്തകത്തിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ആ വല്യേട്ടന്‍ പടി ഇറങ്ങുകയാണ്. ശോകമൂകമായ അന്തരീക്ഷം. എങ്ങുനിന്നോ ഒഴുകി വരുന്ന ഗാനത്തില്‍ കണ്ണീരിന്റെ നനവും സ്നേഹ വാത്സല്യങ്ങളുടെ നൈര്‍മല്യവും ഉണ്ട്. ലോഹിതദാസും കൊച്ചിന്‍ ഹനീഫയും സന്ദര്‍ഭം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ എല്ലാവരും നിശബ്ദരായി ഇരുന്നു. 

രാഘവന്‍നായരുടെ ഉള്ളുപിടയുന്ന വേദനയ്ക്കൊപ്പം ലോകം ആ നിമിഷം മറ്റൊരു പൊട്ടിത്തെറിയിലായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. എന്തൊക്കെയാണോ ഇനി സംഭവിക്കുക? നെഞ്ചുനീറുന്ന അവസ്ഥയിലായി എല്ലാവരും. രാവിലെ മുതല്‍ തുടങ്ങിയ പാട്ടൊരുക്കത്തിന് ഇടവേള നല്‍കി ആകാശവാണിയിലെ ഉച്ചവാര്‍ത്തയ്ക്കായി എല്ലാവരും കാതോര്‍ത്തു. അതുവരെ മുഴങ്ങികേട്ട കളിചിരികള്‍ എങ്ങോ പോയ് മറഞ്ഞു. പുറത്തേക്കു വരുന്ന ഓരോ വാര്‍ത്തയും ലോഹിതദാസിനെ അസ്വസ്ഥനാക്കി. കൊച്ചിന്‍ ഹനീഫ ഇന്നിനി കമ്പോസിങ്ങ് വേണോ എന്ന ചിന്തയിലേക്കുപോലും എത്തി. തിരക്കിനിടയില്‍ മദ്രാസില്‍ നിന്നും എസ്.പി വെങ്കിടേഷ് ഓടി എത്തിയതാണ്. പണികള്‍ നടക്കട്ടെ... ലോഹിതദാസ് ഒരു സിഗരറ്റ് പുകച്ച് വീടിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയില്‍ പറഞ്ഞു. 

എസ്.പി.വെങ്കിടേഷ് കണ്ണടച്ച് ഒന്നു ധ്യാനിച്ചു. പതിവു തെറ്റിയ്ക്കണ്ട, ട്യൂണ്‍ തന്നെ ആദ്യം വരട്ടെ എന്ന മട്ടില്‍ കൈതപ്രവും തയാറായി ഇരുന്നു. അച്യുതന്‍നായരും ഭാരതത്തിന്റെ തേങ്ങുന്ന ആത്മാവുമൊക്കെ എസ്പിവിയില്‍ മിന്നി മറഞ്ഞു. കണ്ണീരാറ്റിലേക്ക് പിന്നെയും മുങ്ങി താഴുന്നപോലെ... ഗിറ്റാറിന്റെ തന്ത്രികള്‍ക്കുപോലും വല്ലാത്ത മൂകത. എസ്പിവി മൂളി തുടങ്ങി. കാറ്റുപോലും നിശബ്ദമായ അന്തരീക്ഷം. എന്തോ ലോഹിതദാസിന്റെയും മനസ്സു വല്ലാതെ വിങ്ങി. സങ്കടവും ഭീതിയുമൊക്കെ തളംകെട്ടി നിന്ന ആ വീട്ടില്‍ എസ്.പി. വെങ്കിടേഷിന്റെ താളം നിറഞ്ഞു. 'ഈ ട്യൂണ്‍ ഓക്കയാണോ സര്‍?' എസ്പിവി വിനയാന്വീതനായി ചോദിച്ചു. ലോഹിതദാസ് കൊച്ചിന്‍ ഹനീഫയെ നോക്കി. 'ഇതുമതി... ഇതുതന്നെയാണ് വേണ്ടത്' കൊച്ചിന്‍ ഹനീഫ തീര്‍ത്തു പറഞ്ഞു. 

ആ സംഗീതം കൂടി നിറയുമ്പോള്‍ എന്തൊരു വിങ്ങലാണിത്... കൈതപ്രം നിശബ്ദനാണ്. ആ നിശബ്ദതയില്‍ നിന്ന് ഉള്ളിലെ ആത്മസംഘര്‍ഷങ്ങള്‍ അക്ഷരങ്ങളാക്കി. അലയും കാറ്റിന്‍ ഹൃദയമെന്നെഴുതുമ്പോള്‍ അതില്‍ അച്യുതന്‍നായരുടെ ഹൃദയവേദനയ്ക്കൊപ്പം മുറിവേറ്റ ഭാരതത്തിന്റെ സ്പന്ദനങ്ങളുമുണ്ടായിരുന്നു. അലയും കാറ്റിന്‍ ഹൃദയം, രാമായണം കേള്‍ക്കാതെയായി, പൊന്‍മൈനകള്‍ മിണ്ടാതെയായി. വൈദേഹി പോകയായി, രാമരാജധാനി വീണ്ടും ശൂന്യമായ്, വിമൂകമായ് സരയൂനദി എന്നിങ്ങനെയുള്ള വരികളില്‍ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്കും അപ്പുറം ചില രാഷ്ട്രീയവും എഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങളുമുണ്ടായിരുന്നു. കൈതപ്രത്തിനു മാത്രം അറിയുന്ന ഒരു മാന്ത്രികതയാണത്. പാട്ടെഴുതിയ ശേഷം കൈതപ്രം വരികള്‍ വായിക്കുമ്പോള്‍ കേട്ടിരുന്ന എല്ലാ കണ്ണുകളും ഈറനണിഞ്ഞു.

'അപ്രതീക്ഷിതമായ ആ സംഭവം വലിയ ഞെട്ടലാണ് ഞങ്ങള്‍ക്കെല്ലാം ഉണ്ടാക്കിയത്. പകച്ചുനിന്നു പോയി. പാട്ടിന്റെ സന്ദര്‍ഭവും മാനസികാവസ്ഥയുമെല്ലാം ഒത്തുചേര്‍ന്നു വന്നപോലെ. ഹൃദയം വല്ലാതെ വേദനിച്ചിരുന്നാണ് ഞാനാ പാട്ടെഴുതിയത്,' കൈതപ്രം ആ ദിവസത്തെ ഓര്‍ത്തെടുത്തു. 'കൈതപ്രത്തിന്റെ എഴുത്തിലെ വേഗത എപ്പോഴും അടുത്തറിഞ്ഞ ഒരാളാണു ഞാന്‍. പക്ഷേ വാത്സല്യത്തിലെ പാട്ടുകള്‍ എത്ര ലളിതമായി എത്ര വേഗത്തിലാണ് അദ്ദേഹം എഴുതിയത്. ഒരു വാക്കുപോലും പിന്നെ മാറ്റേണ്ടി വന്നില്ല.' എസ്.പി. വെങ്കിടേഷ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA