ADVERTISEMENT

വർഷങ്ങളെത്ര കഴിഞ്ഞാലും, തലമുറകൾ എത്ര മാറിയാലും, ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചില ഗാനങ്ങളുണ്ട്. അതൊരു പഴയ ഗാനമല്ലേ എന്നൊരു തോന്നൽ പോലും ആസ്വാദകരിൽ സൃഷ്ടിക്കാതെ സംഗീതപ്രേമികളിലേക്ക് ഒഴുകിയിറങ്ങുന്ന ഗാനങ്ങൾ. അത്തരത്തിലൊരു ഗാനമാണ് 'ബാബുൽ മൊരാ' എന്നു തുടങ്ങുന്ന ഗാനം. ബ്രിട്ടീഷുകാരാൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നവാബ് വാജിദ് അലി ഷാ എഴുതിയ കവിത ഇന്ത്യൻ സിനിമയിലെ അതികായനായ കുന്ദൻലാൽ സൈഗാൾ മുതൽ പണ്ഡിറ്റ് ഭീംസെൻ ജോഷിയും ബീഗം അക്തറും ജഗജീത് സിങ്ങും ചിത്രാ സിങ്ങും ഏറ്റവുമൊടുവിൽ ബോളിവുഡിലെ യുവശബ്ദമായ അർജിത് സിങ് വരെ വിവിധ കാലങ്ങളിൽ ആലപിച്ചു. 1857ലെ ശിപായി ലഹളയ്ക്ക് മുമ്പ് എഴുതപ്പെട്ടുവെന്നു കരുതുന്ന ഈ ഗാനത്തിന് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്ന് ആ ഗാനം കേട്ടവർ ഉറപ്പിച്ചു പറയും. തലമുറകൾ നെഞ്ചോടു ചേർത്ത ഈ ഗാനത്തിന്റെ പിറവിക്ക് പിന്നിൽ പലരും മറന്നു പോയ ചരിത്രമുണ്ട്.... കഥകളുണ്ട്. അതിലൂടെ ഒരു ഹ്രസ്വസഞ്ചാരം. 

 

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നവാബ് എഴുതിയ ഗാനം

 

വിട പറയലിന്റെ നൊമ്പരം പകർത്തിവയ്ക്കപ്പെട്ട വരികളാണ് 'ബാബുൽ മൊരാ' എന്ന ഗാനത്തെ ഹൃദ്യമായ അനുഭവമാക്കുന്നത്. നവാബ് വാജിദ് അലി ഷാ ഹൃദയരക്തത്തിൽ മുക്കിയെഴുതിയ വരികളെന്നു പറഞ്ഞാലും അതിശയോക്തിയില്ല. കാരണം, നവാബ് ഈ വരികളെഴുതുമ്പോഴുള്ള മാനസികാവസ്ഥ അത്രമേൽ തീവ്രമായിരുന്നു. അതു മനസിലാക്കണമെങ്കിൽ ആ കാലഘട്ടത്തെക്കുറിച്ച് അറിയണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാർ ആധിപത്യം ഉറപ്പിച്ച 19–ാം നൂറ്റാണ്ടിന്റെ ആദ്യപകുതി. നാട്ടുരാജ്യങ്ങളും പ്രവിശ്യകളും ചതിയിലൂടെയും സൈനികബലത്തിലൂടെയും ബ്രിട്ടീഷുകാർ അവരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോടു ചേർത്തുകൊണ്ടിരുന്ന കാലം. ലക്നൗ തലസ്ഥാനമാക്കി ഔദ് എന്ന പ്രവിശ്യ ഭരിച്ചിരുന്ന നവാബ് വാജിദ് അലി ഷായ്ക്കും ബ്രിട്ടീഷുകാരുടെ കുടിലതയ്ക്കു മുമ്പിൽ ഏറെക്കാലം പിടിച്ചു നിൽക്കാനായില്ല. 1856ൽ നവാബ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിക്കപ്പെട്ട ശിപായി ലഹള നടന്നതിനും ഒരു വർഷം മുമ്പായിരുന്നു നവാബിന് സ്വന്തം രാജ്യം നഷ്ടപ്പെട്ടത്. ഭരിച്ചിരുന്ന ജനങ്ങൾക്കു മുമ്പിലൂടെ ഒരു യാചകനെപ്പോലെ കൊൽക്കത്തയിലേക്ക് അദ്ദേഹം നാടുകടത്തപ്പെട്ടു. രാജ്യവും ജനങ്ങളും നഷ്ടപ്പെട്ട നവാബ് തന്റെ വേദന മുഴുവൻ ഒരു കവിതയിൽ പകർത്തി വച്ചു. സ്വന്തം നാട് വിട്ടു പോകുന്നതിലുള്ള വൈമനസ്യം, ആത്മാവിൽ ഘനീഭവിച്ച ദുഃഖം, ആത്മസംഘർഷം, നിരാശ എന്നിവയെല്ലാം അക്ഷരങ്ങളായി പുനർജനിക്കുകയായിരുന്നു. ആ കവിതയാണ് പിന്നീട് തലമുറകൾ ഏറ്റുപാടിയ 'ബാബുൽ മൊരാ' എന്ന ഗാനം. 

 

എന്താണ് ആ വരികളുടെ അർത്ഥം? 

 

മകൾ വിവാഹിതയായി സ്വന്തം വീട്ടിൽ നിന്നു യാത്ര പറഞ്ഞിറങ്ങുന്നതിനെ 'ബിദായി' എന്നാണ് ഉത്തരേന്ത്യയിൽ പറയുക. 'ബാബുൽ മൊരാ' ഗാനം എഴുതപ്പെട്ടിരിക്കുന്നത് 'ബിദായി' ശൈലിയിലാണ്. വാത്സല്യനിധിയായ പിതാവിനെ 'ബാബുൽ' എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മകൾ പറയുകയാണ്, "ബാബുൽ, ഞാനീ വീടിനോട് യാത്ര പറയുന്നു! പല്ലക്ക് ചുമക്കുന്ന ആ നാലുപേർ എന്റെ മഞ്ചൽ എടുത്തുയർത്തുന്നതോടെ എന്റേതായ സർവവും ഞാൻ ഉപേക്ഷിക്കുന്നു. അങ്ങയുടെ ഈ മുറ്റം എനിക്കിപ്പോൾ ഒരു പർവതം പോലെ! അതിന്റെ കവാടം ഏതോ അന്യദേശം പോലെ ആയിത്തീർന്നിരിക്കുന്നു. അച്ഛാ, ഞാനങ്ങയുടെ വീട് ഉപേക്ഷിച്ച് എന്റെ പ്രിയതമന്റെ രാജ്യത്തേക്ക് പോകട്ടെ"! സ്വന്തം മണ്ണിനെയും ജനങ്ങളെയും ഉപക്ഷിച്ച് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്ന നവാബ്, തന്റെ ആ പലായനത്തെ ഉപമിച്ചത് വിവാഹിതയായ പെൺകുട്ടി സ്വന്തം കുടുംബത്തെ എന്നന്നേക്കുമായി ഉപേക്ഷിച്ച് പ്രിയതമന്റെ വീട്ടിലേക്ക് യാത്രയാകുന്നതിനോടായിരുന്നു. ഈ വരികളും സന്ദർഭവും പിന്നീട് ബോളിവുഡ് സിനിമകളിലും ഇടം നേടി. അപ്പോഴെല്ലാം പിറന്നത് കാലാതിവർത്തിയായ ഈണങ്ങളായിരുന്നു. 

 

ചിട്ടപ്പെടുത്തിയത് തുമ്രി ശൈലിയിൽ

 

തുമ്രിയുടെ ചിട്ടവട്ടത്തിലാണ് നവാബ് ബാബുൽ മൊരാ രചിച്ചത്. ഉത്തർപ്രദേശിലെ നാടോടി ഗാനങ്ങളുടെ ഒരു ശാഖയാണ് തുമ്രി. അത്തരം നാടോടി ഗാനങ്ങൾ ആലപിക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. ചിലങ്കകൾ അണിഞ്ഞ് ചിട്ടയോടു കൂടി കാലുകൾ ചലിപ്പിച്ച്, പ്രത്യേക രീതിയിലുള്ള അംഗവിഷേപങ്ങളോടു കൂടി ഈ നാടോടി ഗാനങ്ങൾ പാടുന്നവരെ തുമ്രി ഗായകർ എന്നു വിളിച്ചിരുന്നു. തുമ്രിക്ക് വന്യ സൗന്ദര്യമാണുള്ളത്. ഉത്തർപ്രദേശിലും സമീപ പ്രദേശങ്ങളിലും ഈ ഗാനശാഖയ്ക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. നവാബ് ഭരിച്ചിരിക്കുന്ന ഔദ് ദേശത്തിന്റെ തലസ്ഥാനമായിരുന്ന ലക്നൗ, തുമ്രി ഗായകരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ആ തുമ്രി രീതിയിലാണ് ഈ കവിത ഔദ് നവാബ് ആയിരുന്ന വാജിദ് അലി ഷാ രചിച്ചത്. 

 

സൈഗാളിന്റെ 'ബാബുൽ മൊരാ'

 

നവാബിന്റെ കവിതാശകലത്തിന് ഒട്ടേറെ ഈണങ്ങൾ പിറന്നിട്ടുണ്ടെങ്കിലും ഒരുപാടു വിഖ്യാതഗായകർ അവ ആലപിച്ചിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം ഒരു പടി മുകളിലാണ് സ്ട്രീറ്റ് സിങർ എന്ന ചിത്രത്തിനു വേണ്ടി കുന്ദൻലാൽ സൈഗാൾ ആലപിച്ച 'ബാബുൽ മൊരാ' ഗാനം. ഇന്ത്യൻ ചലച്ചിത്രഗാനശാഖയുടെ മുൻഗാമികളിലൊരാളായ റായ്ചന്ദ് ബൊറാലായിരുന്നു നവാബിന്റെ കവിതാശകലത്തെ സിനിമയ്ക്കു വേണ്ടി തുമ്രി ശൈലിയിൽ ചിട്ടപ്പെടുത്തിയതും അത് അഭിനയിച്ചു പാടാൻ സൈഗാളിനെ ക്ഷണിച്ചതും. എന്നാൽ, തനിക്ക് തുമ്രി ഗാനശാഖയോട് നീതി പുലർത്താൻ സാധിക്കുമോ എന്നൊരു സന്ദേഹം സൈഗാളിനുണ്ടായിരുന്നു. അതിനൊരു പരിഹാരം അദ്ദേഹം തന്നെ കണ്ടെത്തി. വൈകാതെ സൈഗാൾ ലക്നൗവിലേക്ക് തിരിച്ചു. വിഖ്യാത സംഗീതജ്ഞനായിരുന്ന ശംഭൂജി മഹാരാജിന്റെ കീഴിൽ പരിശീലനം നേടാനായിരുന്നു ആ യാത്ര. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ സൈഗാൾ, തുമ്രി ആലാപനശൈലിയിൽ പ്രാവീണ്യം നേടി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സൈഗാൾ ബോംബെയിലേക്ക് മടങ്ങിയത്.   

 

വെല്ലുവിളിയായ ചിത്രീകരണം

 

ലക്നൗവിൽ നിന്ന് തിരിച്ചെത്തിയ സൈഗാൾ, ബൊറാൽ ഈണമിട്ട 'ബാബുൽ മൊരാ' നാടോടിഗാനത്തിന്റെ ശീലികളും രീതികളും അൽപം പോലും മാറ്റം വരുത്താതെ ആലപിച്ചു. ഇതു കണ്ട് ബൊറാൽ അദ്ഭുതപ്പെട്ടുപ്പോയി. എന്നാൽ ഈ ഗാനം സിനിമയിൽ പാടുന്നതിന് സൈഗാൾ ഒരു നിബന്ധന മുന്നോട്ടു വച്ചു. ഈ ഗാനം പാടി അഭിനയിക്കുന്നത് ലൈവായി റെക്കോർഡ് ചെയ്യണം എന്നതായിരുന്നു സൈഗാളിന്റെ വിചിത്രമായ ആവശ്യം. സംവിധായകൻ ഫാനി മജുംദാർ അത് അംഗീകരിച്ചു. പാടി അഭിനയിക്കുന്ന സൈഗാളിനെ മാത്രം ഫ്രെയിമിൽ ഉൾപ്പെടുത്തി, പക്കമേളക്കാരെ ഫ്രെയിമിൽ കാണിക്കാതെ മാറ്റി നിറുത്തിയാണ് ഓരോ ഷോട്ടും എടുത്തത്. ഇന്നത്തെപ്പോലെ സാങ്കേതിവിദ്യ അത്രയൊന്നും വികസിക്കാത്ത കാലത്ത് എത്ര ശ്രമകരമായിട്ടാകും ആ ഗാനം ചിത്രീകരിച്ചിട്ടുണ്ടാവുക എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്.  

 

സ്റ്റുഡിയോയിൽ വച്ച് റെക്കാർഡ് ചെയ്തിട്ടില്ലെങ്കിലും വളരെ മനോഹരമായിട്ടാണ് സൈഗാൾ 'ബാബുൽ മൊരാ' ആലപിച്ചത്. നാടൻശീലുകൾക്ക് ഒട്ടും ശ്രുതിഭംഗം വരാതെയുള്ള സൈഗാളിന്റെ ശക്തിമത്തായ ആലാപനശൈലി ആ ഗാനത്തെ കാലാതിവർത്തിയാക്കി. സ്ട്രീറ്റ് സിങ്ങർ എന്ന സിനിമ തന്നെ ആ ഗാനത്തോടുകൂടി അത്യധികം പ്രശസ്തി നേടി. അന്ന് ഈ ഗാനത്തിന്റെ 1 ലക്ഷം കോപ്പി ചെലവായിട്ടുണ്ടെന്ന് എച്ച്.എം.വി ഒരു ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ഇന്നത്തെപ്പോലെ ഗ്രാമഫോണുകളോ, മ്യൂസിക് പ്ലെയറുകളോ സുലഭമല്ലാതിരുന്ന കാലത്ത്, 1 ലക്ഷം  കോപ്പികൾ വിറ്റഴിച്ചു എന്ന് പറഞ്ഞാൽ അത് സർവകാല റെക്കോർഡ് ആണ്. സൈഗാളിന്റെ ഗാനാലാപനത്തോടുകൂടി ഔദിലെ നവാബിന്റെ ആ പദ്യശകലം ഇന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടി. 

 

നിഗൂഢമായ അഭിനിവേശം

 

ചരിത്രം ഇവിടെ കൊണ്ട് തീരുന്നില്ല. 'ബാബുൽ മൊരാ' എന്ന ഗാനത്തോട് മഹാപ്രതിഭകളും അതുല്യ സംഗീതജ്ഞൻമാരും കാണിച്ച ആസക്തിയും അഭിനിവേശവും തികച്ചും കൗതുകത്തോടുമാത്രമേ കാണാൻ പറ്റുകയുള്ളൂ. എന്താണ് ഈ പദ്യശകലത്തിന്റെ പ്രത്യേകത? എല്ലാവരാലും ആകർഷിക്കപ്പെടുന്ന എന്തു പ്രത്യേകതയാണ് ഈ ഗാനത്തിലുള്ളതെന്ന് ഇന്നും നിഗൂഢമായി അവശേഷിക്കുന്നു. പല പ്രതിഭകളും ഈ ഗാനം ആലപിക്കാനും പുനഃരാവിഷ്ക്കരിക്കാനും വേറിട്ട രീതിയിൽ സംഗീതം കൊടുക്കുവാനുമൊക്കെ മുന്നോട്ടു വന്നിട്ടുണ്ട്. പണ്ഡിറ്റ് ഭീംസെൻ ജോഷി ആലപിച്ച 'ബാബുൽ മൊരാ' വേറൊരു അനുഭവമാണ്. പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ആലാപനത്തിൽ ആ ഗാനം കൈവരിക്കുന്ന ക്ലാസിക് സ്വഭാവം വാക്കുകളിൽ വിവരിക്കുക അസാധ്യം!

 

ജയ്പൂര്‍ അത്രൗലി ഘരാനയില്‍ പെട്ട കേസര്‍ബായി ഖര്‍ക്കര്‍ അതുല്യനായ സംഗീതപ്രതിഭയായിരുന്നു. ഇവരും 'ബാബുൽ മൊരാ' പല വേദികളില്‍ അവതരിപ്പിക്കുകയും വളരെയധികം പ്രശംസ നേടുകയും ചെയ്തിരുന്നു. ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവി, തുമ്രി സംഗീതത്തിൽ മാന്ത്രിക ജാലം സൃഷ്ടിച്ച ബംഗാളി ബനാറസ് ഘരാനയിലെ ഗായിക റസൂലന്‍ ഭായി, അത്രൗലി ഘരാനയിലെ വിഖ്യാത ഗായകൻ ഖാദിം ഹുസൈന്‍ എന്നിങ്ങനെ എത്രയോ പ്രശസ്തർ അവരുടെ സംഗീതകച്ചേരികളിൽ നവാബിന്റെ ഈ കവിതയെ ഉൾപ്പെടുത്തിയിരിക്കുന്നു! ബനാറസ് ഘരാനയില്‍ ഉള്‍പ്പെട്ട തുമ്രി ഗാനശാഖയുടെ അവസാനത്തെ വാക്ക് എന്ന് പലരും വിവക്ഷിച്ച പത്മവിഭൂഷന്‍ ജേതാവായ ഗിരിജാ ദേവിയും ഈ ഗാനം ആലപിക്കുകയും വ്യത്യസ്തമായ രീതിയില്‍ സംഗീതം പകരുകയും ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാനി ഗായികയും അഭിനേത്രിയുമായിരുന്ന ബീഗം അക്തറും അവരുടെ ആലാപനശൈലിയിൽ 'ബാബുൽ മൊരാ'യെ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സംഗീത ലോകത്തിലെ വിമതശബ്ദമായി അറിയപ്പെട്ടിരുന്ന കിഷോരി അമോൻകറിന്റെയും പ്രിയ തുമ്രി ആയിരുന്നു 'ബാബുൽ മൊരാ'.

 

വീണ്ടും ബോളിവുഡിലേക്ക്

 

പ്രഗത്ഭരായ സംഗീതജ്ഞരെപ്പോലെ ബോളിവുഡിനുമുണ്ട് 'ബാബുൽ മൊരാ'യോട് ഒരു പ്രത്യേക ഇഷ്ടം. ബോളിവുഡിൽ ആദ്യം ഇറങ്ങിയത് ബൊറാലിന്റെ സംഗീതത്തിൽ സൈഗാളിന്റെ ശബ്ദത്തിലായിരുന്നെങ്കിലും 1974ൽ വീണ്ടും 'ബാബുൽ മൊരാ' ഒരു സിനിമയിൽ ഇടം നേടി. രാജേഷ് ഖന്ന, ശർമിളാ ടാഗോർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബസു ഭട്ടാചാര്യ സംവിധാനം ചെയ്ത് ആവിഷ്കാർ എന്ന സിനിമയിലായിരുന്നു അത് സംഭവിച്ചത്. തന്റെ സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തണമെന്ന് ബസു ഭട്ടാചാര്യയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ ആ ഗാനം ആര് ആലപിക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പമായി. ആയിടയ്ക്കാണ് യുവ ഗായകനായ ജഗ്ജിത് സിങ്ങും അദ്ദേഹത്തിന്റെ ഭാവിവധു ചിത്രാ സിങ്ങും ബസു ഭട്ടാചാര്യയുടെ വീട്ടിലെ നിത്യസന്ദർശകരായി മാറുന്നത്. ബസു ഭട്ടാചാര്യയുടെ പത്നി പ്രശസ്ത സംവിധായകനായിരുന്ന ബിമൽ റോയിയുടെ മകളും എഴുത്തുകാരിയുമായിരുന്ന റിങ്കി ആയിരുന്നു. ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും പല പാട്ടുകളും ബസു ഭട്ടാചാര്യയെ പാടി കേൾപ്പിക്കുന്നത് കണ്ടപ്പോൾ ഒരു കാര്യം റിങ്കിക്ക് തീർച്ചയായി. ആവിഷ്കാർ എന്ന ചിത്രത്തിനായി 'ബാബുൽ മൊരാ' പാടേണ്ടത് ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും തന്നെ. 1974ലാണ് കനു റോയ് ചിട്ടപ്പെടുത്തിയ ഈണത്തിൽ ഇരുവരും ചേർന്ന് ആ ഗാനം ആലപിക്കുന്നത്. ആവിഷ്കാർ എന്ന ചിത്രം മികച്ച സ്വീകാര്യത നേടിയതിനൊപ്പം ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

പിന്നീട് 2017ലാണ് വീണ്ടും 'ബാബുൽ മൊരാ' ഒരു ബോളിവുഡ് ചിത്രത്തിൽ ഇടം നേടുന്നത്. രാഹുൽ ബോസ് സംവിധാനം ചെയ്ത 'പൂർണ' എന്ന ചിത്രത്തിൽ യുവഗായകൻ അർജിത് സിങ് ആണ് ഈ ഗാനം ആലപിച്ചത്. പുതുതലമുറയുടെ ശബ്ദമായ അർജിത് സിങ് 'ബാബുൽ മൊരാ' പാടുമ്പോൾ ഓർമകൾ വർഷങ്ങൾക്കു പിന്നാലെ പായും. ഈ ഓർമകളും ചരിത്രവും അറിയില്ലെങ്കിൽ പോലും ന്യൂ ജെൻ സംഗീതപ്രേമികളുടെയും ഇഷ്ടഗാനങ്ങളിൽ 'ബാബുൽ മൊരാ'യുമുണ്ട്. 

 

തുടരുന്ന ജൈത്രയാത്ര 

 

'ബാബുൽ മൊരാ' 1856 ല്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നും അഭംഗുരം തുടരുകയാണ് കുന്തന്‍ലാല്‍ സൈഗാള്‍, ബൊറാല്‍, ഭീംസെന്‍ ജോഷി, ഇങ്ങനെ മഹാരഥന്മാരുടെ അനുഗ്രഹാശിസുകളോടുകൂടി ഈ ഗാനം വരികളുടെ തീക്ഷ്ണത നഷ്ടപ്പെടുത്താതെ ഒരു അനുഭവമായി അനസ്യൂതം മുന്നോട്ടുപോകുന്നു. സഹൃദയരുടെ മനസിനെ ആനന്ദിപ്പിച്ചും സന്തോഷം പകര്‍ന്നും അവരെ ചിന്തിപ്പിച്ചും അവരുടെ ദുഃഖഭാണ്ഡങ്ങള്‍ അഴിച്ചു വച്ച് അവര്‍ക്ക് ശാന്തി പകര്‍ന്നു നൽകിയും ആ യാത്ര തുടരുന്നു. പല വേദികളിൽ, ഭാവങ്ങളിൽ, പല താളങ്ങളിൽ ആലപിച്ചിട്ടും ഈ ഗാനത്തിന്റെ പ്രാഭവവും, പ്രസക്തിയും അസ്തമിക്കുന്നില്ല എന്നതാണ് സത്യം. പിരിയാൻ വയ്യാത്ത കാമുകിയെപ്പോലെ  'ബാബുൽ മൊരാ' എന്നും സംഗീതപ്രേമികളുടെ ഉള്ളിൽ അടയാത്ത അധ്യായമായി എന്നും കാണും. ഒരു നനുത്ത വേദനയായി... ഓർമ്മയായി... സുഖമായി... സാന്ത്വനമായി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com