ADVERTISEMENT

മ്യൂസിക് ചാർട്ടുകളിലെ കൊടുങ്കാറ്റാകാൻ ഇനി ബിടിഎസ് ഇല്ല. കെ– പോപ് അതിർത്തികളില്ലാത്ത സംഗീതമാക്കി ലോകപ്രശസ്തി നേടിയ ഏഴംഗ കൊറിയൻ ബോയ് ബാൻഡ് ‘ബിടിഎസ്’ ദീർഘകാല ഇടവേള പ്രഖ്യാപിച്ചു. ബാൻഡ് ഒൻപതാം വാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് ഈ തീരുമാനമെന്നത് ആരാധർക്ക് ഞെട്ടലായി. ലോകത്തിന്റെ ഏതു കോണിലിരുന്നും ബിടിഎസ് എന്ന ഒറ്റവികാരത്തിൽ ഒരുമിച്ച ആരാധകർക്കു കണ്ണീർനിമിഷങ്ങൾ ബാക്കി.

ബിടിഎസ് വാർഷികാഘോഷ വേളയിലെ ആഹ്ലാദനിമിഷങ്ങളിൽ തന്നെയാണ് വിടവാങ്ങലിനു സമാനമായ പ്രഖ്യാപനമെന്നത് സംഗീതലോകത്തിനും ആരാധകർക്കും വേദനയായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ആൽബം പുറത്തിറക്കിയാണ് ബിടിഎസ് ഒൻപതാം വാർഷികം അവിസ്മരണീയമാക്കിയത്. വാർഷിക ദിനമായ ജൂൺ 13ന് ആരാധകർക്കായി ആൽബത്തിലെ ടൈറ്റിൽ ട്രാക്ക്് ‘യെറ്റ് ടു കം’ ഉൾപ്പെടെയുള്ള ഗാനങ്ങളുടെ ലൈവ് സ്ട്രീമിങ്ങും നടത്തി. തുടർന്ന് വാർഷികവിരുന്നായ ‘ഫീസ്റ്റ ഡിന്നറി’നിടെയാണ് സംഗീതലോകത്തു നിന്ന് ബാൻഡ് എന്ന നിലയിൽ അൽപം നീണ്ട ഇടവേളയെടുക്കാനുള്ള തീരുമാനം ബിടിഎസ് ആരാധകരെ അറിയിച്ചത്. ഈ ഇടവേളയിൽ അംഗങ്ങള്‍ സോളോ സംഗീതത്തിൽ ശ്രദ്ധ േകന്ദ്രീകരിക്കുമെന്നും അതിനു ശേഷം തിരിച്ചുവരവുണ്ടാകുമെന്നും സംഘം പറഞ്ഞു. ബിടിഎസിന്റെ വിടവാങ്ങൽ എന്ന രീതിയിൽ ഈ പ്രഖ്യാപനം ആഗോള ശ്രദ്ധ നേടിയതോടെ ഇവരുടെ കമ്പനിയായ ഹൈബ് എന്റർടെയ്മെന്റ് വിശദീകരണക്കുറിപ്പിറക്കി. ബിടിഎസ് ബാൻഡ് പൂർണമായ ഇടവേളയിലേക്കു പോകുമെന്ന് അർഥമില്ലെന്നും ഒരുമിച്ചും വ്യക്തിപരവുമായ വിവിധ സംഗീത പ്രോജക്ടുകള്‍ ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ആർമി ഇനിയെന്ത്?

 

ബിടിഎസിന്റെ പുതിയ ആൽബം പുറത്തിറങ്ങുന്ന ആദ്യ സെക്കൻഡുകളിൽ തന്നെ അതു റെക്കോർഡ് നേട്ടത്തിലെത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ പോപ് ആരാധക സംഘമായ ‘ആർമി’ ഇനിയുണ്ടാകുമോ? ഇതിനു മറുപടി പറയാനാകാത്ത അവസ്ഥയിലാണിപ്പോൾ ആരാധകർ. തീർത്തും അപ്രതീക്ഷിതമായ തീരുമാനമാണിതെന്നു പറയാനാകില്ലെങ്കിലും അനിവാര്യമായ നിമിഷങ്ങളിലേക്കെത്തിയപ്പോൾ ബിടിഎസ് താരങ്ങളും ആർമിയും ഒരുപോലെ വേദനയിലായി.

 

പുതിയ ആൽബം ആന്തോളജിയാണെന്നതും ഒൻപതു വർഷത്തെ കരിയറിലെ പ്രധാന പാട്ടുകളെല്ലാം ഉൾപ്പെടുത്തിയുളളതാണെന്നും അറിഞ്ഞപ്പോൾ തന്നെ മറ്റെന്തോ വരാനിരിക്കുന്നു എന്ന തോന്നലിലായിരുന്നു ആരാധകർ. അതിനു പിന്നിലെ ആശങ്ക ബാൻഡിലെ മുതിർന്ന താരമായ ജിനിന്റെ പ്രായത്തെക്കുറിച്ചുള്ളതായിരുന്നു. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനമെന്ന നിയമം ബിടിഎസിനു വേണ്ടി അൽപം നീട്ടിക്കൊടുത്തതാണ്. എന്നെങ്കിലും ഒരിക്കൽ ബാൻഡ് അംഗങ്ങളെല്ലാം തന്നെ സൈനിക സേവനം ചെയ്യേണ്ടി വരും. ഇതു ബിടിഎസും ആർമിയും ഒരുപോലെ മനസ്സിലാക്കിയിരുന്ന സത്യമാണ്. ആരാധകരോടുള്ള ലൈവ് ചാറ്റിലെല്ലാം തന്നെ രാജ്യത്തെ നിയമനനുസരിക്കേണ്ട ബാധ്യതയും അതിനുള്ള താൽപര്യവും ബിടിഎസ് തുറന്നു പറയാറുള്ളതാണ്. സൈനിക േസവനം ഒഴിവാക്കണമെന്ന ആവശ്യം ഒരിക്കലും ബിടിഎന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ആരാധകർക്കും ഉറപ്പായിരുന്നു.

 

എന്നാൽ ആർമയുടെ പ്രതീക്ഷ ഉയർത്തിയ മറ്റു പല ഘടകങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ ബിടിഎസിനു മാത്രമായി സൈനിക സേവന പ്രായപരിധി നീട്ടിക്കൊടുത്തേക്കുമെന്നതായിരുന്നു ഒന്നാമത്തേത്. ആരാധകരുമായുള്ള ലൈവ് ചാറ്റിനിടെ ‘തങ്ങൾ നാല്‍പാതം വയസ്സിലും നാടെങ്ങും പാട്ടുംപാടി നടക്കുകയാകും’ എന്ന് സൂഗ പറഞ്ഞത് ബാൻഡിന്റെ നിലനിൽപിന്റെ അപകടപ്പെടുന്ന ഘടകങ്ങൾ ഒഴിവായതാകുമെന്ന സൂചന ആർമിക്കു നൽകി. ബിടിഎസ് അംഗങ്ങളും കമ്പനിയുമായി (ഹൈബ്) 2027 വരെയുള്ള കരാർ നിലനിൽക്കുന്നുണ്ടെന്നുള്ളതും ആരാധർക്കു പ്രതീക്ഷയ്ക്കു വക നൽകുന്നതായിരുന്നു.

 

‌7–1 എന്നാൽ 0 ആണ്. ഒരാൾ പോയാൽ മറ്റുള്ളവർ മാത്രമായി ബിടിഎസ് ഉണ്ടാകില്ല എന്നു പറഞ്ഞിരുന്ന കടുത്ത ആർമി പോലും ബിടിഎസ് പിരിഞ്ഞുപോകുമെന്നോ ഇടവേളയെടുക്കുമെന്നോ സംശയിച്ചിരുന്നില്ല. ഇനിയും കുറെക്കാലം കൂടി ഇതുപോലെ സംഗീതത്തിന്റെ ആഹ്ലാദ അലകൾ തീർത്ത് ബിടിഎസ് ലോക വേദിയിലുണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം.

ബിടിഎസിന്റെ പാട്ടുകൾ എന്നും നിലനിൽക്കും. പക്ഷേ ലോകത്തെ ഏതു കോണിലിരുന്നും ഒരേ വികാരത്തിൽ ഒരുമിച്ച്, താരങ്ങളുമായി നേരിട്ടു സംവദിച്ചിരുന്ന ആരാധക സംഘത്തിന് ബിടിഎസ് ഇല്ലാതെ നിലനിൽക്കാനാകുമോ? ഏഴു പേരല്ലാതെ ഓരോരുത്തരെന്ന നിലയിൽ ആർമിയെ കൂടെകൂട്ടി മുന്നോട്ടുപോകാൻ ബിടിഎസ് മാന്ത്രിക സമവാക്യങ്ങൾ ഒരുക്കുമോ ? കാത്തിരുന്നു കാണാം.

 

ഇടവേളയ്ക്കു പിന്നിലെന്ത്?

 

ബിടിഎസ് ഇടവേള പ്രഖ്യാപിക്കാനുള്ള കാരണമെന്ത്? ബാൻഡ് ലീഡറായ ആർഎം പറഞ്ഞു പോലെ ‘ബാൻഡ് എന്ന നിലയിൽ ഇനിയെന്ത്?’ എന്ന സംശയത്തിലെത്തിയതാണോ കാരണം. അതോ സൈനിക സേവനത്തിനായി ഒരംഗം പോകുന്ന ഇടവേളയിൽ വ്യക്തിപരമായ സംഗീതവളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണോ?

 

‘‘ഓൺ, ഡൈനറ്റ് എന്നിവ ചെയ്യുമ്പോഴെല്ലാം ബിടിഎസ് എന്ന ബാന്‍ഡിന്റെ ഭാവി എന്റെ കയ്യിലുണ്ടായിരുന്നു. പക്ഷേ ബട്ടർ, പെർമിഷൻ ടു ഡാൻസ് എന്നിവ ചെയ്യുമ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ഇനിയെങ്ങോട്ടാണ് പോകുന്നത്, എന്താണ് പറയേണ്ടത്, ബാൻഡ് എന്ന നിലയിൽ ഞങ്ങളെന്താണ് . കൊറിയയിലെ ഐഡൽ സംസ്കാരത്തിൽ നമുക്കു വളരാനുള്ള സാവകാശം കിട്ടുന്നില്ല. സംഗീതം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനിന്ന് പഴയ എന്നിൽനിന്നു വ്യക്തിപരമായും അല്ലാതെയും മാറിയിരിക്കുന്നു. ഇനിയെന്നെ തന്നെയും സംഗീതത്തെയും കൂടതലായി കണ്ടെത്തണം?’ ആർഎം പറയുന്നു.

 

‘പാട്ടിനു വരികളെഴുതുകയായിരുന്നു ഏറ്റവും കഠിനം. ഞങ്ങളുടെ പാട്ടുകളിലുടെ ഇനിയെന്തു കഥ പറയും, എന്തു സന്ദേശമാണ് ഇനിയും നൽകേണ്ടത് എന്ന ചിന്ത ബുദ്ധിമുട്ടേറിയതായിരുന്നു. വരികളെ ബലം പ്രയോഗിച്ച് ഉണ്ടാക്കിയെടുക്കുക എന്ന സ്ഥിതി വളരെ ബുദ്ധിമുട്ടേറിയതാണ്’, സുഗ പറഞ്ഞു.

വി പറഞ്ഞു, ‘ ജെ ഹോപ്പാണ് ഇതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. നമുക്കു കുറച്ചുകാലത്തേക്കു വ്യക്തിപരമായ സംഗീതത്തിൽ ശ്രദ്ധിക്കാം. പിന്നീട് നമ്മൾ ഒരുമിച്ചെത്തുമ്പോൾ അതു എക്കാലത്തേക്കാളും മികച്ചതാക്കാനാകും’. സംസാരം പൂർത്തിയാക്കും മുമ്പ് ഷുഗ ഉറപ്പു പറഞ്ഞു, ‘‘ബിടിഎസ് ഡിസ്ബാൻഡ് ചെയ്യുകയല്ല. ഞങ്ങൾ പിരിയുകയല്ല’

ഈ വാർത്ത പൂർണമായും ഉൾക്കൊള്ളാനായില്ലെങ്കിലും ആർമി ഒരുകാര്യത്തിൽ ആശ്വസിക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ചും വിചാരങ്ങളെക്കുറിച്ചും ആരാധകരുമായി സത്യസന്ധമായി തുറന്നുസംസാരിക്കാൻ ബിടിഎസ് അംഗങ്ങൾ തയാറായല്ലോ. വീണ്ടും വരും എന്ന ഉറപ്പിൽ വിശ്വസിക്കാനാണ് ആർമിയുടെ ആഗ്രഹവും.

 

പുതിയ അധ്യായം

 

ബിടിഎസ് അംഗങ്ങൾ സോളോ പ്രോജക്ടുകൾ പലപ്പോഴായി ചെയ്തിട്ടുണ്ട്. കൊറിയൻ സിനിമയിലും ഡ്രാമയിലും ഉൾപ്പെടെ സംഗീത രംഗത്തും അഭിനയരംഗത്തും വരെ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇത്തവണ ഷുഗയുടെ നിർമാണത്തിൽ മുൻകാല കെപോപ് താരമായ ‘സൈ’ ദാറ്റ് ദാറ്റ് എന്ന പാട്ടിലൂടെ തിരിച്ചുവരവു നടത്തി. സുഗ ഇതിൽ പാടുകയും ഇരുവരും ചേർന്നുള്ള മ്യൂസിക് ആൽബം ഒരുക്കുകയും ചെയ്തിരുന്നു.

ബിടിഎസിന്റെ ഇടവേള പ്രഖ്യാപനത്തിനു ശേഷം ആദ്യത്തെ സോളോ പെർഫോമൻസ് നടത്തുക ബാൻഡ് ലീഡ് ഡാൻസറും റാപ്പറുമായ ജെ ഹോപ് ആകുമെന്നുറപ്പായി. ജൂലൈയിൽ നടക്കുന്ന ലോകത്തിലെ തന്നെ പ്രധാന മ്യൂസിക് ഫെസ്റ്റിവലായ ലോലാപാലൂസയിൽ ജെ ഹോപ് പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്ന ആദ്യ കൊറിയൻ പോപ് താരം കൂടിയാകും ജെ ഹോപ്. ബിടിഎസിലെ മറ്റുതാരങ്ങളുടെ പുതിയ പദ്ധതികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പുതിയ ആൽബം ‘യെറ്റ് ടു കം’ ടൈറ്റിൽ ട്രാക്കിൽ ബിടിഎസ് പാടിയതു പോലെ ഏറ്റവും മനോഹരമായ നിമിഷം, ഇനി വരാനിരിക്കുന്നതാണ്. ആ പ്രതീക്ഷയിലാണ് ആരാധക ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com