ADVERTISEMENT

മലയാളികളുടെ പ്രിയ ബാബുക്ക (എം.എസ്.ബാബുരാജ്) ഓർമയായിട്ട് ഇന്ന് 44 വർഷങ്ങൾ പിന്നിടുന്നു. പതിറ്റാണ്ടുകൾ കടന്നു പോയാലും നൂറ്റാണ്ടുകളോളം ഓർമിക്കാനുള്ള പാട്ടുകാലം സമ്മാനിച്ച ബാബുക്കയ്ക്ക് പാട്ടു പ്രേമികളുടെ മനസ്സിൽ മരണമില്ല. ഓരോ തലമുറയിലെയും ആസ്വാദകരെ വല്ലാതങ്ങ് ചെന്നു തൊട്ടിട്ടുണ്ട് ആ ഈണങ്ങൾ. ഈ ഓർമദിനത്തിൽ പ്രിയ ബാബുക്കയിലേക്കും അദ്ദേഹത്തിന്റെ പാട്ടുകളിലേയ്ക്കും ഒരു തിരിഞ്ഞു നോട്ടം.

 

വർഷങ്ങൾക്ക് മുൻപാണ്... ഗസലുകൾക്കും ഖവാലികൾക്കും ഏറെ പ്രിയപ്പെട്ട കോഴിക്കോടിന്റെ തെരുവുകളിൽ ഹൃദയം തുറന്ന് വിഷാദാർദ്ര മിഴികളുമായി നിന്ന് ഒരു ബാലൻ പാട്ടു പാടുകയാണ്. തെരുവുകളെ ഗസൽ മഴ നനയിച്ച ആ പയ്യനെയും അവന്റെ പാട്ടും അന്നവിടെ കേൾവിക്കാരനായ ഒരു കുഞ്ഞുമുഹമ്മദ് അയാളുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി. ബാലനെയും അവന്റെ അനുജനെയും... ആ കൈപിടിക്കൽ വെറുതെയായിരുന്നില്ലെന്ന് അവന്റെ അച്ഛന്റെ പേര് കേട്ടപ്പോൾ തന്നെ കുഞ്ഞുമുഹമ്മദിനു മനസ്സിലായി. ഖവാലികളുടെ മഹാ തേജസ്സ്, ജാൻ മുഹമ്മദ് സാബിർ ബാബുവിന്റെ മകനായിരുന്നു ആ ബാലൻ. പിന്നീട് അദ്ദേഹത്തിന്റെ ക്ലബ്ബിലൂടെ ബാലൻ വീണ്ടും പാട്ടുകൾ പാടി, അവൻ പിന്നെ ഉയരങ്ങൾ താണ്ടി വളർന്നു, അറിയപ്പെടുന്ന സംഗീത സംവിധായകനായി... എം എസ് ബാബുരാജ് എന്ന മഹാ ഗായകനെയും സംഗീതകാരനെയും ഓർക്കുമ്പോൾ ഈ കഥ മറന്നു പോകാൻ പാടില്ലാത്തതു തന്നെ, കാരണം ബാബുരാജ് എന്ന പേരിനൊപ്പം സംഗീതം കൂട്ടി ചേർത്തത് അദ്ദേഹത്തിന്റെ പിതാവായിരുന്നെങ്കിൽ അതിനെ വളർത്തി സിനിമാ ലോകത്ത് എത്തിച്ചത് കുഞ്ഞു മുഹമ്മദ് എന്ന വ്യക്തിയാണ്.

 

‘ഒരു പുഷ്പം മാത്രമെൻ 

 

പൂങ്കുലയിൽ നിർത്താം ഞാൻ

 

ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ...’

 

1967ൽ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ ഈ ഗാനം മാത്രം മതി എം എസ് ബാബുരാജിനെ ഹൃദയത്തിലേയ്ക്ക് പ്രതിഷ്ഠ നടത്താൻ. ഏറ്റവും സ്നേഹത്തോടെ ‘ബാബുക്ക’ എന്നു കുട്ടികളും വലിയവരും അടക്കം വിളിക്കുമ്പോൾ ഉറപ്പായും ബാബുരാജിന്റെ പ്രതിഭയ്ക്ക് എത്രമാത്രം സഹൃദയരുടെ ഉള്ളിൽ ആഴമുണ്ടായിരുന്നു എന്ന് ഈ പാട്ട് തെളിയിക്കുന്നു. അച്ഛന്റെ സംഗീതം ഉള്ളിൽ കിടന്ന ബാബുരാജ് കൂടുതൽ കൂടുതൽ തെളിഞ്ഞു വരാൻ തുടങ്ങി.

 

മലയാള ചലച്ചിത്ര ഗാനങ്ങളിൽ കർണാട്ടിക് രാഗങ്ങളുടെ മികവായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കിൽ അതിലേയ്ക്ക് ഹിന്ദുസ്ഥാനി രാഗങ്ങളെ ലയിപ്പിച്ചത് ബാബുക്കയായിരുന്നു.

 

 

‘പ്രാണ സഖി ഞാൻ വെറുമൊരു

 

പാമരനാം പാട്ടുകാരൻ

 

ഗാന ലോക വീഥികളില്‍

 

വേണുവൂതുമാട്ടിടയന്‍..’

 

യേശുദാസിന്റെ ഭാവസാന്ദ്രമായ ശബ്ദത്തിലാണ് ചിത്രത്തിൽ ഈ ഗാനങ്ങളൊക്കെ പുറത്തു വന്നതെങ്കിൽ പോലും യേശുദാസിന്റേതല്ലാത്ത ഒരു ശബ്ദത്തിൽ  ആദ്യമായി സംഗീത പ്രണയികൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ബാബുക്കയുടെ ശബ്ദത്തിലാണ്.‘ബാബുരാജ് പാടുന്നു’ എന്ന ഓഡിയോ സിഡിയുടെ വമ്പിച്ച വിൽപ്പന അതിനെ സാധൂകരിക്കുന്നു. ബാബുക്ക പാടുമ്പോൾ പ്രാണസഖിയുടെ പാമരനായ പാട്ടുകാരൻ ഏതോ ഹിന്ദുസ്ഥാനി രാഗത്തിൽ വേണുവൂതി ഇതാ തൊട്ടു മുന്നിൽ നിൽക്കുന്ന അനുഭൂതി... പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് ബാബുക്കയുടെ സംഗീതം നൽകുന്ന അനുഭൂതിയെ കുറിച്ച് കൂടുതൽ എന്ത് പറയാൻ.. സങ്കൽപ്പങ്ങളുടെ താഴ്‌വരയിൽ മേഘമാലകളിൽ തൊട്ടുരുമ്മി പറന്നു പോയാലുള്ള അവസ്ഥയോടല്ലാതെ ബാബുക്കയുടെ ശബ്ദം പകരുന്ന ആനന്ദത്തെ മറ്റെന്തിനോട് ഉപമിക്കാൻ!

 

അക്കാലങ്ങളിൽ ഒരു പ്രതിഭ വളർന്നു വരണമെങ്കിൽ തീർച്ചയായും അയാളുടെ വഴി നാടകങ്ങളിൽ കൂടി തന്നെ ആയിരിക്കണം. ബാബുക്കയുടെ വഴികളും ആദ്യം അടയാളപ്പെട്ടതു അതുവഴി തന്നെ. ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകം 1951ൽ പുറത്തിറങ്ങുമ്പോൾ കുഞ്ഞുമുഹമ്മദ് നൽകിയ ധൈര്യമായിരുന്നു കൈമുതൽ. പിന്നീടിങ്ങോട്ട് നാടക സംഗീതത്തിന്റെ പിന്നാമ്പുറങ്ങളിൽ ബാബുരാജിന്റെ പേര് ഉയർന്നു കേട്ടു. കോഴിക്കോട് കടന്നും ബാബുരാജ് അറിയപ്പെടാൻ തുടങ്ങി.1950ൽ ‘തിരമാല’ എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനത്തിൽ സഹായി ആയി സിനിമയിൽ തുടക്കം കുറിച്ചുവെങ്കിലും ആദ്യത്തെ സ്വാതന്ത്ര്യ ചിത്രം ‘മിന്നാമിനുങ്ങ്’ എന്ന രാമു കാര്യാട്ട് ചിത്രമാണ്. അതും സിനിമയിലിറങ്ങി ഏഴാമത്തെ വർഷം. ആ വർഷം മുതൽ ബാബുരാജിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളൊന്നും ബാബുക്കയുടേതായി ഇല്ലെങ്കിലും ഉള്ളപാട്ടുകൾ ആരെയും കൊതിപ്പിക്കുന്നതാണെന്നു ആരാധകർ സാക്ഷ്യം പറയുന്നു.

 

‘തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍’

 

വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

 

നിന്റെവിരുന്നുകാരന്‍...’

 

എത്ര വട്ടമാണ് ഓരോ പാട്ടും ആവർത്തിച്ച് കേൾവികളെ പുളകം കൊള്ളിക്കുന്നത്!!!

 

ഭാസ്കരൻ മാഷിനൊപ്പമാണ് ബാബുക്കയുടെ പ്രശസ്ത ഗാനങ്ങളെല്ലാം തന്നെയും ഉണ്ടായത്. ചിലർക്ക് ചിലരെ പറഞ്ഞു വച്ചതു പോലെയാണ് ചില കോമ്പിനേഷനുകൾ. അവർക്കു പകരം വയ്ക്കാൻ മറ്റാരുമില്ലാത്തത് പോലെ ഏതു സമയത്തും ഏതു കാലം കഴിഞ്ഞും അവരിങ്ങനെ ജ്വലിച്ചു നിൽക്കും. പി ഭാസ്കരൻ-ബാബുരാജ് ടീമിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം അതുപോലെ കാലം കടന്നാലും ഹൃദയത്തിൽ നിന്നിറങ്ങി പോകാൻ മടിച്ചങ്ങനെ ഇരിക്കുന്നവയാണ്.

 

 

‘താമസമെന്തേ... വരുവാന്‍..

 

താമസമെന്തേ വരുവാന്‍

 

പ്രാണസഖീ എന്റെ മുന്നില്‍

 

താമസമെന്തേ അണയാന്‍

 

പ്രേമമയീ എന്റെ കണ്ണില്‍

 

താമസമെന്തേ വരുവാന്‍...’

 

ഭാർഗ്ഗവീ നിലയത്തിലെ പാട്ടുകൾ എല്ലാം സാക്ഷിയാണ് ഇവർ ഇരുവരുടെയും പ്രതിഭയ്ക്ക്. ഇപ്പോഴും പഴയ പാട്ടുകളെ നെഞ്ചേറ്റുന്നവരുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ വരികളും അതിന്റെ സംഗീതവും. ഇരുവരുടേതുമായി പുറത്തിറങ്ങിയ പാട്ടുകൾ എല്ലാം തന്നെയും സൂപ്പർ ഹിറ്റുകളായി മാറി. വയലാറും ശ്രീകുമാരൻ തമ്പിയുമൊക്കെ ബാബുക്കയുടെ സംഗീതത്തിന്റെ രുചിയറിഞ്ഞു ഒപ്പം യാത്ര ചെയ്തവരാണ്.

 

യേശുദാസ് പാടാൻ എത്താതിരുന്നതിനെ തുടർന്ന് ബാബുക്ക സ്വയം ചിത്രത്തിന് വേണ്ടി പാട്ടു പാടിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ‘അഴിമുഖം’ എന്ന ചിത്രത്തിനു വേണ്ടി 1972ലാണ് ബാബുക്ക,

 

 

‘അഴിമുഖം കണി കാണും പെരുമീനോ

 

എന്റെ കരളിലു ചാടി വീണ കരിമീനോ

 

തുഴ മുത്തി വിരുത്തുന്ന നുണക്കുഴികൾ

 

പുഴയെന്നു കടം നൽകി പറയൂല്ലേ...’

 

എന്ന ഗാനം പാടുന്നത്. എന്നാൽ ബാബുക്കയുടെ ശബ്ദം ഈ ഒരു ഗാനത്തിലൊതുങ്ങുന്നതല്ല, പത്തിലധികം സിനിമാ ഗാനങ്ങൾക്ക് വേണ്ടി ബാബുക്കയുടെ ശബ്ദം വിവിധ റെക്കോർഡിങ് സ്റ്റുഡിയോകളിൽ ഉയർന്നു കേട്ടിട്ടുണ്ട്. സംഗീതം ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാക്കിയ ഒരാൾക്ക് പാടുക എന്നത് ജീവിച്ചിരിക്കുന്നതിന്റെ ഭാഗമാണ്, അതുകൊണ്ടു തന്നെ കൃത്യമായി വരാമെന്നു ഏറ്റ ഗായകൻ വരില്ലാ എന്നത് ബാബുക്കയെ ബാധിച്ചതേയില്ല. ഒരു മടിയും കാട്ടാതെ ഏതു പാട്ടും അപ്പോൾ തന്നെ റെഡി ആയിരിക്കും. ഒരുപക്ഷെ യേശുദാസിന്റേതായി പുറത്തിറങ്ങിയ പല പാട്ടുകളും ഇത് ബാബുക്ക പാടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് പല ബാബുക്ക പ്രണയികളും.

 

ആഘോഷങ്ങളുടെ ജീവിതമായിരുന്നു ബാബുക്കയ്ക്ക് എന്നും. അദ്ദേഹത്തെ വളർത്തിക്കൊണ്ടു വന്ന കുഞ്ഞുമുഹമ്മദിന്റെ മകളെ വിവാഹം ചെയ്ത ബാബുരാജ് പക്ഷെ സംഗീതത്തോളം പ്രണയം വീട്ടുകാരിയ്ക്ക് നൽകിയോ എന്ന സംശയം ബാക്കി നിൽക്കുന്നു. അന്ധമായ പ്രണയമായിരുന്നു ബാബുക്കയ്ക്ക് സംഗീതത്തോട്, അതുകൊണ്ടു തന്നെ അതിൽ അലിഞ്ഞു ചേരാൻ എന്തും നഷ്ടപ്പെടുത്താനും അദ്ദേഹം ഒരുക്കമായിരുന്നു. എല്ലാ കലാകാരന്മാർക്കുമുള്ളതു പോലെ ദുശ്ശീലങ്ങൾ അദ്ദേഹത്തെയും പിടികൂടിയിരുന്നു. അമിതമായ മദ്യപാനം ഒടുവിൽ രോഗിയാക്കിയ ബാബുരാജ് അൻപത്തി ഏഴാമത്തെ വയസ്സിൽ വിട പറഞ്ഞതും ജീവിതത്തെ ഏറ്റവും നിസ്സാരമാക്കി വച്ചുകൊണ്ടായിരുന്നു. ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടു സർക്കാർ ആശുപത്രിയിലെ തണുത്ത കട്ടിലിൽ അസുഖ ബാധിതനായി കിടക്കുമ്പോൾ പോലും പ്രിയപ്പെട്ടവരുടെ നീരസമോർത്തായിരിക്കില്ല അദ്ദേഹം വിഷമിച്ചിട്ടുണ്ടാവുക, പകരം ഇനിയും പുറപ്പെടാനുള്ള പാട്ടുകൾ പുറത്ത് വരാതെ പോകേണ്ടി വരുമോ എന്ന ഭീതി കൊണ്ടാവും.

 

‘കടലേ... നീലക്കടലേ...

 

കടലേ നീലക്കടലേ നിന്നാത്മാവിലും

 

നീറുന്ന ചിന്തകളുണ്ടോ?...’

 

‘ദ്വീപ്’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ ആകാശവും ഗാനങ്ങളും അകലേക്ക് മാറിപ്പോകുന്നു. കദനങ്ങൾ നിറഞ്ഞ മനസ്സ് മാത്രം ബാക്കിയാകുന്നു. കടലിന്റെ ഈ സങ്കടങ്ങൾ കണ്ടറിഞ്ഞ് നൽകിയ സംഗീതം ഇന്നും ബാബുക്കയെ ഓർമ്മിപ്പിക്കുന്നു. ഓരോ ഗാനത്തിലും ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച സംഗീത സംവിധായകൻ എന്ന് തന്നെയാണ് ബാബുക്കയെ വിളിക്കേണ്ടത്. കോഴിക്കോടിനെ തെരുവുകളിൽ ഇന്നും ഒരുപക്ഷേ ബാബുക്കയുടെ ആ പഴയ വിശപ്പിന്റെ ഹിന്ദുസ്ഥാനി രാഗങ്ങൾ ആരുമറിയാതെ മുഴങ്ങുന്നുണ്ടാകണം... കേൾക്കേണ്ടവർ മാത്രം അത് കേൾക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com