പ്രണയവും വിരഹവും മാതൃത്വവും സൗഹൃദവും ഒത്തുചേരുന്ന െകാല്ലം ബീച്ചിലെ സന്ധ്യകളിൽ, കാറ്റിനാെപ്പം തിരയെ തോൽപ്പിച്ച് എത്തുമായിരുന്നു അലോഷി ചേട്ടന്റെ വയലിൻ സംഗീതം. ചിലപ്പോഴൊക്കെ ചിന്നക്കടയിൽ. ചിലപ്പോൾ റെയിൽവേ സ്റ്റേഷനിൽ, ആശ്രമം മൈതാനത്ത്. ഇങ്ങ് ഫോർട്ട് െകാച്ചിയിൽ.. അങ്ങനെ ദേവാസുരത്തിലെ പെരിങ്ങോടനെ പോലെ അലഞ്ഞു തീർത്ത ജീവിതം. ‘സുമംഗലീ നീ ഓർമിക്കുമോ, സ്വപ്നത്തിലെങ്കിലും ഈ ഗാനം.., നീ മധുപകരൂ..മലർ െചാരിയൂ.., ഉണ്ണികളെ ഒരു കഥ പറയാം..ഈ പുല്ലാങ്കുഴലിൻ കഥ പറയാം..’... അങ്ങനെ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, മുഹമ്മദ് റഫിയുടെ പാട്ടുകൾ.. അങ്ങനെ അലോഷി ചേട്ടന്റെ വയലിൻ പാടാത്ത ഭാഷയില്ലായിരുന്നു. മരണം അദ്ദേഹത്തെ കൂട്ടികാെണ്ടുപോയെന്ന വാർത്ത എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ നിറയുന്ന വിഡിയോകളും കുറിപ്പുകളും ഒരു കാര്യം വ്യക്തമാക്കുന്നു. കൊല്ലം കണ്ടവന്റെ മനസ്സിൽ വല്ലാതെ കയറിക്കൂടുന്ന ഒന്നായിരുന്നു ഈ പഴഞ്ചൻ കോട്ടിട്ട വയലിൻ മനുഷ്യന്‍.
കൊല്ലം ബീച്ചിൽ ടൈയും കെട്ടി വയലിനുമായി ശ്രുതിമീട്ടുന്ന അലോഷ്യസിന്റെ വേഷം തന്നെയാണ് ആരെയും ആദ്യം ആകർഷിച്ചിരുന്നത്. കോളജ് കട്ട് ചെയ്ത് ബീച്ചിലെത്തുന്ന കമിതാക്കൾക്ക് ഇടയിലേക്ക് പ്രണയഗാനങ്ങളുമായി അയാൾ എത്തും. പിറന്നാൾ കേക്കുമായി എത്തുന്ന സൗഹൃദങ്ങൾക്ക് ഇടയിലേക്കും ക്ഷണിക്കപ്പെടാത്ത അതിഥിയായി അലോഷി ചേട്ടൻ കടന്നുവരും. ആ സംഗീതത്തെ സാക്ഷിയാക്കി മുറിക്കപ്പെട്ട എത്രയെത്ര പിറന്നാൾ കേക്കുകൾ. ആഘോഷങ്ങളുടെ അമരത്ത് കടലോളം സങ്കടം ഉള്ളിൽ ആഞ്ഞടിക്കുമ്പോഴും അലോഷി ഭാഗമാകും. കേട്ടുമതിവരാത്ത പാട്ടുകൾ ഓരോന്നായി വയലിനിൽ വായിക്കും. ആ സംഗീതത്തിനൊപ്പം ആരും ആ പാട്ടിന്റെ വരികൾക്കു ചുണ്ട് അനക്കും. എല്ലാം കഴിയുമ്പോൾ കയ്യിലുള്ള ചില്ലറ നൽകിയാൽ വലിയ സന്തോഷം. എന്തെങ്കിലും തരാതെ പോയാൽ ആദ്യമൊക്കെ ഇംഗ്ലിഷിൽ ‘നല്ലത്’ എന്തെങ്കിലും അലോഷി ചേട്ടന്റെ നാവിൽ നിന്നും കിട്ടുമായിരുന്നു. പക്ഷേ പിന്നീട് അത് മാറി. അലോഷി ചേട്ടന്റെ കഥ അറിഞ്ഞവർ ആ മനുഷ്യന് ഭക്ഷണത്തിനുള്ളത് നൽകാതെ മടക്കി അയക്കാറില്ലയിരുന്നു. അങ്ങനെ കൊല്ലത്തിന്റെ ആത്മാവിനോളം ഇഴുകി ചേർന്ന വർഷങ്ങളുടെ നല്ല ഓർമകൾ കൂടിയാണ് ഇപ്പോള്‍ അന്ത്യശ്വാസം വലിച്ചത്.
ഒരിക്കൽ കോടീശ്വരനായി വലിയ നിലയിൽ ജീവിച്ച മനുഷ്യൻ, ഒടുവിൽ ആരോരുമില്ലാത്തവനായി വിട പറയുമ്പോൾ അയാൾ ബാക്കി വച്ച സംഗീതം ഇപ്പോഴും അലയടിക്കുന്നുണ്ട്. ഇരവിപുരം സ്വദേശിയായ അലോഷ്യസ് സെബാസ്റ്റ്യൻ ഫെർണാണ്ടസ് പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിന്റെ സാങ്കേതികവിഭാഗത്തിൽ ജോലി കിട്ടി. സമ്പന്നതയിൽ നിന്നും അതിസമ്പന്നതയുടെ മടിയിലേക്ക് അലോഷ്യസ് പടിപടിയായി ഉയർന്നു.
പക്ഷേ വിദേശബന്ധങ്ങളും ആഡംബരജീവിതവും അലോഷ്യസിനെ ചൂതാട്ടത്തിലേക്ക് അടുപ്പിച്ചു. ചൂതാട്ടം ഒരു ഹരമായതോടെ സാമ്പദ്യങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി നഷ്ടമായി. കടം കഴുത്തോളം മൂടി. കുടുംബവും ബന്ധുക്കളും വിട്ടുപോയി. ഒടുവിൽ അനാഥനായി തെരുവിലെത്തി. കുട്ടിക്കാലത്തെങ്ങോ പഠിച്ച വയലിൻ അദ്ദേഹത്തിന് ജീവിതോപാധിയായി. രണ്ടു മക്കളുള്ളത് ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് ജീവിതം ചോദിച്ചവരോട് പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
റോഡരികിൽ അവശനിലയിൽ കാണപ്പെട്ട അലോഷിയെ ജീവകാരുണ്യ പ്രവർത്തകരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോയിവിളയിലെ ബിഷപ് ജെറോം അഭയ കേന്ദ്രത്തിലായിരുന്നു എഴുപത്തിയാറുകാരനായ അലോഷ്യസ് ഫെർണാണ്ടസിന്റെ അന്ത്യം.