ADVERTISEMENT

മനുഷ്യരാശി ഒന്നടങ്കം ഒരു പന്തിനൊപ്പം ഉലകം കീഴടക്കാനിറങ്ങിയിരിക്കുകയാണ്. കളിയുടെ ആവേശത്താല്‍ ഉന്‍മാദികളായവരുടെയും അവരെ കണ്ട് അതിശയിക്കുന്നവരും മാത്രമാകുന്ന ലോകമാകുകയാണ് നമ്മുടേത്. കാല്‍പ്പന്തു കളിയുടെ ലോകത്തിലാരാണ് സ്വര്‍ണക്കപ്പുയര്‍ത്തി ആകാശത്തേക്കുയരുകയെന്നറിയാനുള്ള അടങ്ങാത്ത പ്രതീക്ഷകളും കാറ്റിനേക്കാള്‍ വേഗത്തില്‍ പടരുന്ന ആവേശവും സ്‌നേഹവും സന്തോഷവും സങ്കടവും വാശിയും പിണക്കവുമെല്ലാമാണ് നമുക്കു ചുറ്റിലുമിന്ന്. പന്തുയര്‍ന്നു പൊങ്ങി താഴേക്ക് താഴ്ന്നുലഞ്ഞു ഹരം തീര്‍ക്കുന്ന എല്ലാ കാലത്തും അതിന് അകമ്പടിയേകിയത് സംഗീതമാണ്. ഫുട്‌ബോള്‍ എന്ന വികാരം ആകാശത്ത് അലകള്‍ തീര്‍ക്കുമ്പോള്‍ എല്ലാ മനുഷ്യരും ഒപ്പം ആടിയുലഞ്ഞത് സംഗീതത്തെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണ്. എക്കാലത്തേയും മികച്ച ഗാനങ്ങളായി തീര്‍ന്ന സൃഷ്ടികളുണ്ട് അക്കൂട്ടത്തില്‍ കുറേ.

 

ഹോട്-ഹോട്-ഹോട്

 

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ഗാനമെന്ന വിശേഷണം ആദ്യം നേടിയ ഗാനമായിരുന്നു ഇത്. സത്യത്തില്‍ ഇത് ഫിഫയുടെ ഔദ്യോഗിക ഗാനം ആയിരുന്നില്ലെങ്കിലും ഫുട്‌ബോള്‍ താളമായാണ് ലോകം കേട്ടത്. കരീബിയന്‍ ആര്‍ടിസ്റ്റായ അരോയുടെ ആദ്യ ആല്‍ബമായ സോകാ സാവേജിലെ ഗാനമായിരുന്നു ഇത്. 1984ല്‍ പുറത്തിറങ്ങിയ പാട്ടിന് ഏറ്റുപാടിക്കും വിധമുള്ള ഈണമായിരുന്നു. ലോകം അത് തന്നെ ചെയ്യുന്നു, അന്നും ഇന്നും.

 

ദ് കപ് ഓഫ് ലൈഫ്

 

കടലിന്റെ അലകള്‍ പോലെ ആടിയുലയുന്ന ഫുട്‌ബോള്‍ വേദികളുടെ താളമാണ് ദ് കപ് ഓഫ് ലൈഫ്. ലോകത്തിന്റെ എല്ലാ കായിക ആവേശങ്ങളുടയും താളമാണ് അതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ലോകത്തിലെ എല്ലാ വിജയോന്‍മാദത്തിന്റയും ഈണമാണ് റിക്കി മാര്‍ട്ടിന്റെ ദ് കപ് ഓഫ് ലൈഫ്. 1998ലെ ഫിഫ ഔദ്യോഗിക ഗാനമായിരുന്നു ഇത്. ഒരു ഡാന്‍സ് നമ്പര്‍ ഫിഫ തിരഞ്ഞെടുത്തുവെന്നതും പിന്നീടുളള കാലത്ത് പെപ്പി നമ്പറുകളെ ലോകകപ്പ് ഗാനമായി പരിഗണിക്കാന്‍ അവരെ പ്രേരിപ്പിച്ചതും മനുഷ്യനെ പന്തിന്റെ കറക്കം പോലെ മയക്കിയെടുത്ത ഈ സൃഷ്ടിയാണ്. 

 

ദ് ടൈം ഓഫ് ഔര്‍ ലൈവ്‌സ്

 

ജര്‍മനി ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ പാട്ടായിരുന്നു 2006ല്‍ പുറത്തുവന്ന ദ് ടൈം ഓഫ് ഔര്‍ ലൈഫ്‌സ്. അമേരിക്കന്‍ ഗായകനായ ടോണി ബ്രാക്‌സ്ടണും 11ദിവോ എന്ന സംഗീത സംഘവും ചേര്‍ന്നൊരുക്കിയ ഗാനം വികാരതീക്ഷ്ണമായിരുന്നു. വിജയവും പരാജയവും കണ്ണീരണിയിക്കുന്ന ഫുട്‌ബോള്‍ മാന്ത്രികത മുഴുവന്‍ നിറഞ്ഞ ഗാനമായിരുന്നു അത്. 

 

വേവിങ് ഫ്‌ളാഗ്

 

വീറും വാശിയുമുള്ള ഫുട്‌ബോള്‍ അങ്കത്തിനു ശേഷം കാണാനെത്തുന്ന കൂട്ടം എങ്ങനെയായിരിക്കും ആ വിജയം ആഘോഷിക്കുക അതായിരുന്നു കെനാന്റെ വേവിങ് ഫ്‌ളാഗ്. 2010ലെ ഫിഫ ഫുട്‌ബോള്‍ കാലത്ത് ശ്രദ്ധ നേടിയ ഈ പാട്ടും ഔദ്യോഗിക ഗാനം ആയിരുന്നില്ല. സൊമാലിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ആവേശമാകും വിധം പിറന്ന ഗാനം ഫുട്‌ബോളിനാണ് പക്ഷേ താളമായത്. ഒരു പ്രശസ്ത കമ്പനി പാട്ടിന്റെ പ്രശസ്തി പിന്നീട് ഫുട്‌ബോള്‍ പ്രചരണത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു. 

 

വക്കാ വക്കാ...

 

2010ലെ ഫിഫയുടെ ഔദ്യോഗിക ഗാനമായിരുന്നു ഷക്കീറയുടെ വക്കാ വക്കാ. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നു കൂടിയാണിത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ മാത്രമല്ല ലോകത്തില മുഴുവന്‍ സംഗീതാസ്വാദകര്‍ക്കും പ്രിയമുള്ളതായി തീര്‍ന്ന പാട്ട് ഹിറ്റ് ചാര്‍ട്ടുകള്‍ കീഴടക്കിയിരുന്നു. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോഴേ മനസ്സ് താളമിടുന്ന ഈ പാട്ട് തന്നെയാണ് എക്കാലത്തേയും പ്രശസ്തി നേടിയ ഫുട്‌ബോള്‍ താളം. പാട്ട് പുറത്തുവന്ന് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം മറ്റൊരു ലോകകപ്പ് വീക്ഷിക്കുമ്പോഴും ഇതിനെ വെല്ലുവിളിക്കാന്‍ മറ്റൊന്നു വന്നിട്ടില്ല എന്നതാണു യാഥാർഥ്യം. 

 

വീ ആര്‍ വണ്‍

 

ഫുട്‌ബോള്‍ എന്ന കളിക്കു പിന്നില്‍ ലോകം മുഴുവന്‍ ഒന്നാണെന്നും അവിടെ അതിരുകളില്ലെന്നും പാടിയ ഗാനമായിരുന്നു ഇത്. പിറ്റ്ബുളും ജെന്നിഫര്‍ ലോപസും ചേര്‍ന്നൊരുക്കിയ ഗാനം 2014ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും നിറങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ച ഗാനം ദൃശ്യഭംഗികൊണ്ടു കൂടിയാണ് ലോകത്തിന്റെ ഹൃദയം കീഴടക്കിയത്

 

റ്റു ബീ നമ്പര്‍ വണ്‍

 

1990ല്‍ ജര്‍മനി ആതിഥേയത്വം വഹിച്ച ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു റ്റു ബീ നമ്പര്‍ വണ്‍. ജോര്‍ജിയോ മൊറോഡേറിന്റെ ഇതിഹാസ തുല്യമായ ശബ്ദമായിരുന്നു പാട്ടിന്റെ പ്രധാന ആകര്‍ഷണം. സ്വന്തം രാജ്യത്തു നടന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് അദ്ദേഹമൊരുക്കിയ ഗാനം വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു.

 

ഗ്ലോറിലാന്‍ഡ്

 

1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിന്റെ ഗാനമനായിരുന്നു ഗ്ലോറിലാന്‍ഡ്. ഡാരില്‍ ഹാളും സൗണ്ട് ഓഫ് ബ്ലാക്ക്‌നെസും ചേര്‍ന്നൊരുക്കിയ ഈ പോപ് ഗാനം അന്നാട്ടിലെ ഫുട്‌ബോള്‍ പ്രേമികളുടെ ചുണ്ടുകളിപ്പോഴും മൂളി നടക്കുന്നുണ്ട്.

 

ലീവ് ഇറ്റ് അപ്

 

അസാധ്യമെന്നു തോന്നിപ്പിക്കുന്ന താളമൊരുക്കിയാണ് നിക്കി ജാം പാട്ടിനു തുടക്കമൊരുക്കിയത്. ഹോളിവുഡ് താരം വില്‍ സ്മിത്തും അല്‍ബേനിയന്‍ ഗായിക ഇറാ ഇസ്‌ട്രേഫിയും അഭിനേതാക്കളായ പാട്ട് 2018ല്‍ റഷ്യയില്‍ വച്ചു നടന്ന ഫുട്‌ബോള്‍ അങ്കത്തിന്റെ പാട്ടായിരുന്നു.

 

ബൂം ബൂം

 

അമേരിക്കന്‍ ഗായിക അനസ്റ്റാസിയയുടെ ബൂം ബൂം ആയിരുന്നു 2002ലെ ഔദ്യോഗിക ഗാനം. ദക്ഷിണ കൊറിയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ഗാനത്തിന് ഗ്ലെന്‍ ബെല്ലാര്‍ഡും കൂടി ചേര്‍ന്നാണ് വരികളെഴുതിയത്. ഇരു രാജ്യങ്ങളിലെയും സംഗീത സംസ്‌കാരവും അവിടങ്ങളിലെ ഫുട്‌ബോള്‍ രീതികളുമായിരുന്നു വരികളിലും താളത്തിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com