അപശ്രുതി പാടി പരിഹാസവും കൂക്കിവിളിയും കേൾക്കണം! ഒത്താൽ കല്ലേറു കിട്ടുന്ന തരത്തിൽത്തന്നെ ശ്രുതിയിൽ വെള്ളി വീഴണം... കല്ലൂർ രാമനാഥന്റെ സംഗീത ജീവിതത്തിനു തിരശീല വീഴ്ത്താൻ പോന്ന ‘പ്രകടന’ത്തിന് വെള്ളിത്തിരയിൽ നെടുമുടി എന്ന ഇതിഹാസം ജീവൻ പകരും. പക്ഷേ അപസ്വരം പാടാൻ ആരെ ഏൽപിക്കും? ഏതു ഗായകനെ അങ്ങനൊരുദ്യമം ഏൽപിച്ചാലും അത് സംഗീതമെന്ന ദേവകലയോടും പാടാനേൽക്കുന്ന ഗായകനോടും ചെയ്യുന്ന മഹാ അപരാധമാണ്. പക്ഷേ രാമനാഥന്റെ ജീവിതത്തിൽ കഥയാവശ്യപ്പെടുന്ന അപശ്രുതി അനിവാര്യമാണ്. ഒരേ സമയം സംഗീതത്തോടും, ലോഹിതദാസും സിബി മലയിലുമൊക്കെ മുമ്പോട്ടുവച്ച കഥയോടും കൂറു പുലർത്തിയേ മതിയാവൂ. കഥാവഴിയിൽ ചോദ്യമില്ല, കഥാകാരന്റെ താളം തെറ്റും. മറുത്തൊന്നും ചിന്തിക്കാനില്ലായിരുന്നു, രാമനാഥനെന്ന മഹാ സംഗീതജ്ഞനെ വട്ടപ്പൂജ്യമാക്കാൻ പോകുന്ന വിധത്തിൽ അപശ്രുതി പാടി പരിഹാസമേൽക്കാനുള്ള ദൗത്യം, സംഗീതത്തിന്റെ മഹാസാഗരം നീന്തിക്കടന്ന സംഗീത സംവിധായകൻ തന്നെ ഒടുവിൽ സ്വയം ഏറ്റെടുത്തു!
തലയ്ക്കു പിടിച്ച മദ്യത്തിന്റെ ലഹരിയെ തഴുകി താളത്തോടു പിണങ്ങി ശ്രുതി ഒഴുകി. കൂടെയെത്താൻ പണിയേറെപ്പെട്ടെങ്കിലും പിടിച്ചു നിൽക്കാനാവാതെ പിന്നണിക്കാർ അവതാളങ്ങളുടെ നട ചൊല്ലി, പിന്നെ അടിയറവു പറയുന്നു. നിറഞ്ഞ സദസ്സിൽനിന്നു പരിഹാസപ്പെരുമഴ. രാമനാഥനെന്ന മഹാമേരു ഉരുകി വീഴുന്നു.... ലോഹിതദാസിന്റെ ആഖ്യാനഭംഗിക്ക് കണ്മുന്നിൽ നൂറഴക്. കഥയൊഴുകും വഴിയിൽ കണ്ണീരിന്റെ നനവ്. ആർദ്ര ഹൃദയങ്ങൾ കൂടുതൽ ഔത്സുക്യത്തോടെ അഭ്രപാളിയിലേക്കു കണ്ണുനട്ടു.
രവീന്ദ്രൻ എന്ന സംഗീത സംവിധായകന്റെ പകരം വയ്ക്കാനില്ലാത്ത എളിമയിലേക്കു വിരൽ ചൂണ്ടുന്ന എത്രയോ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് 1991 ൽ പുറത്തിറങ്ങിയ ‘ഭരതം’ എന്ന ക്ലാസിക് സിനിമയിലെ ‘ശ്രീ വിനായകം നമാമ്യഹം’ എന്ന ഗാനത്തിന്റെ ഈ തുടക്കം. സംഗീതജ്ഞനായ ജ്യേഷ്ഠന്റെ അസ്തമയം കല്ലൂർ ഗോപിനാഥനെന്ന അനുജന്റെ സംഗീത വിഹായസ്സിലേക്കുള്ള ഉദയമാകണമെന്ന് കഥാകാരൻ തീരുമാനിച്ചുറപ്പിച്ചത് ഒരു പ്രായശ്ചിത്തമായായിരുന്നോ? കൈതപ്രത്തിന്റെ കൈവഴക്കത്തിൽ നിമിഷങ്ങൾകൊണ്ടു പിറന്ന കീർത്തനത്തെ അതിനേക്കാൾ വേഗത്തിൽ ഹംസധ്വനിയുടെ ആഭൂഷണങ്ങൾ കൊണ്ടലങ്കരിച്ച് ദാസേട്ടന്റെ ശബ്ദമാധുരിയിൽ കേൾവിക്കാർക്കു സമർപ്പിക്കുമ്പോൾ രവീന്ദ്രൻമാജിക് അതിന്റെ പൂർണതയെ തൊട്ടു. കഥയ്ക്കായി ചമച്ച ഈണങ്ങളുടെ ഗരിമയ്ക്ക് പുരസ്കാരങ്ങളുടെ പരമ്പര തന്നെയായിരുന്നില്ലേ പകരം കിട്ടിയത്! ആ പാട്ടിന്റെ ദൃശ്യാവിഷ്കരണം എത്ര നാടകീയ മുഹൂർത്തത്തെയാണോ പ്രേക്ഷക മനസ്സുകളിലേക്കു പകർന്നേകിയത്, അതിലേറെ നാടകീയത‘ഭരത’ത്തിന്റെ പിറവിക്കു പിന്നിലും പുറം ലോകമറിയാതെ അരങ്ങേറിയിരുന്നു!
‘‘ഭരതം.... എനിക്കിപ്പോഴും അത് ഒരു മിറക്കിൾ പോലെയാണു തോന്നുന്നത്’’. തന്റെ അവസാന കാലത്തെ ഒരു അഭിമുഖത്തിലും രവീന്ദ്രൻമാഷ് അത് ഓർത്തെടുത്തു. ‘‘ഒരു നല്ല ഗായകന് ശ്രുതി തെറ്റാം, സ്വരസ്ഥാനത്തിൽ പിശക് പറ്റാം. അതൊക്കെ സ്വാഭാവികം. പക്ഷേ മനഃപൂർവം അപശ്രുതിയിടാൻ, അതിനാര് തയാറാവാൻ?’’
എത്രയോ പേരെ പാടിപ്പിച്ച് പ്രശസ്തിയുടെ നെറുകയിലെത്തിച്ച പാട്ടു ശിൽപിയിൽ നിഷ്കളങ്കമായൊരു ചിരി പടർന്നു. ‘‘പാടാനെത്തിയ ദാസേട്ടനോടോ ഡോ. ബാലമുരളീകൃഷ്ണയോടോ ശ്രീക്കുട്ടനോടോ ഇങ്ങനൊരു കാര്യം പറയാൻ പറ്റുമോ?’’
സ്വയമേറ്റെടുത്ത സാഹസം ഫലപ്രാപ്തിയിലെത്തിയതിന്റെ ചാരിതാർഥ്യം കാലങ്ങൾ കടന്നിട്ടും ആ വാക്കുകളിൽ തെളിഞ്ഞിരുന്നു. കഥയ്ക്ക് അനിവാര്യമായ ആ അപശ്രുതിയുടെ അഭംഗിയെ അന്ന് റെക്കോർഡ് ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റതോ, സാക്ഷാൽ യേശുദാസും!! അവർക്കിടയിലെ ആത്മാർഥതയുടെ ഇഴയടുപ്പം അത്രമേലായിരുന്നല്ലോ. ഹൃദയം പോലും ശുദ്ധസംഗീതത്തിന്റെ താളലയങ്ങളിലാവണം സ്പന്ദിക്കേണ്ടതെന്നു ശഠിക്കുന്ന ദാസേട്ടൻ അന്ന് ഇരു ചെവിയിലും വിരൽ തിരുകിയാണ് റെക്കോഡിങ്ങിനു മേൽനോട്ടം വഹിച്ചതത്രേ! ക്ലാസിക്കൽ സംഗീതത്തിന്റെ സാധ്യതകളെ സിനിമാ സംഗീതവുമായി ഇത്രമേൽ കൂട്ടിയിണക്കിയ മറ്റൊരു സംഗീത സംവിധായകൻ ഉണ്ടോ?
ഉപേക്ഷിക്കാൻ തീരുമാനിച്ച്, പിന്നീട് അനിവാര്യമായൊരു നിയോഗം പോലെ പുനർ സൃഷ്ടിക്കപ്പെട്ടതായിരുന്നു പിന്നീടു ദേശീയ ശ്രദ്ധ ആകർഷിച്ച ആ സിനിമയും അതിലെ സംഗീതവും! ആദ്യം തീരുമാനിച്ച കഥയ്ക്കു മറ്റൊരു കഥയുമായി സാമ്യമുണ്ടെന്ന് സിബി മലയിലിന്റെ അസിസ്റ്റന്റ് ജോസ് തോമസിനു തോന്നിയതാണ് നിർമാതാവു കൂടിയായ മോഹൻലാലിനെ പ്രോജക്ട് വേണ്ടെന്നു വയ്ക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ശൂന്യതയിൽനിന്നു പോലും കഥ മെനയാൻ കഴിവുള്ള ലോഹിതദാസ് കേവലം നാലു മണിക്കൂർ കൊണ്ട് മറ്റൊരു കഥ ചമച്ച് അന്ന് ആ ടീമിനു മുമ്പിൽ തന്റെ പ്രതിഭയ്ക്ക് അടിവരയിട്ടു! കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ അങ്ങനെ എക്കാലത്തെയും മികച്ച ഒരു ഇമോഷനൽ ഡ്രാമയുടെ കഥ പിറന്നപ്പോൾ രവീന്ദ്രൻ മാഷിന് അന്ന് ഏൽക്കേണ്ടി വന്നത് വലിയ ഉത്തരവാദിത്തം കൂടിയായിരുന്നു. സംഗീത പ്രാധാന്യമുള്ള സിനിമയ്ക്കായി പാട്ടൊരുക്കേണ്ട പൂർണ ചുമതല മോഹൻലാൽ മാഷിനെത്തന്നെ ഏൽപിച്ചു.
ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതിരുന്നിട്ടും, കൈമുതലായുണ്ടായിരുന്ന ആത്മവിശ്വാസം ഒന്നിലും ഒരു കുറവും വരുത്തിയില്ല. ഒരു കോണിൽ ഷൂട്ടിങ് നടക്കുമ്പോൾ ഹോട്ടൽ മുറിയിൽ കൈതപ്രം വരികൾ കുറിച്ചു. നാലു വരി കിട്ടുമ്പോഴേ രവീന്ദ്രൻ മാഷിന്റെ വക കംപോസിങ്, ചെന്നൈയിൽ റെക്കോർഡിങ്, കോയമ്പത്തൂരിലെ ഒരുക്കങ്ങൾ.... പ്രധാന കാര്യക്കാരനെന്ന നിലയിൽ മാഷ് നിലം തൊടാതെ പാഞ്ഞു. ഈ പാച്ചിലിനിടയ്ക്കും ട്രാക്ക് പാടുന്ന ചുമതലയും മഹാസംഗീതജ്ഞൻ സ്വയമേറ്റു!
ഒടുവിൽ ‘ഭരത’മെന്ന, അഭ്രപാളിയിലെ വിസ്മയത്തിനെ കാലം കൈ തൊട്ടനുഗ്രഹിച്ചപ്പോൾ ഇന്ത്യൻ സംഗീത ലോകത്ത് രവീന്ദ്രൻ എന്ന സംഗീതജ്ഞന്റെ സിംഹാസനം ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം ഒന്നുകൂടി ഉറപ്പിക്കപ്പെടുകയായിരുന്നു. ഭരതത്തിലെ ഈണങ്ങൾക്കു മികച്ച സംഗീത സംവിധായകനുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം ഒരു കൈപ്പാടകലത്തിൽ വഴി മാറിയെങ്കിലും പ്രത്യേക ജൂറി പുരസ്കാരത്താൽ അദ്ദേഹം ആദരിക്കപ്പെട്ടു.
എന്നാൽ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് ആ കൈകളിൽ അന്ന് ഭദ്രമായി. ആ ക്ലാസിക്കൽ ഈണങ്ങളെ ഏറ്റു പാടിയ ഗന്ധർവ സ്വരസുകൃതത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം. തീർന്നില്ല, ആസ്വാദക ഹൃദയങ്ങളിലേക്കു നോവിറ്റിച്ച കല്ലൂർ ഗോപിനാഥനായുള്ള പകർന്നാട്ടത്തിന്, ആദ്യമായി ഭരത് അവാർഡ് നേടാൻ മലയാളത്തിന്റെ പ്രിയ നടന വിസ്മയത്തിന് അന്നു കഴിഞ്ഞു.രവീന്ദ്രൻ മാജിക്. നല്ല സംഗീതത്തെ നെഞ്ചേറ്റുന്നവരിൽ അത് എന്നും ഒരു വികാരമാണ്. ‘ചൂള’ യിൽ തുടങ്ങി ‘വടക്കുംനാഥനി’ലേക്കെത്തിയ സമാനതകളില്ലാത്ത സർഗസപര്യയുടെ സമന്വയത്തെ, സംശയമില്ല, തിരശീലയ്ക്കു പിന്നിലാക്കാൻ കാലത്തിന് ഇനിയുമേറെ പണിപ്പെടേണ്ടിവരും.