ADVERTISEMENT

'ഖാനാ ന മിലേ തോ സഹി, ഗാനാ ന മിലേ തോ ബെഹൊത് മുസ്‌കിൽ ഹേ മാലിക്.' പാട്ടിനെ അന്നത്തിനും  മുകളിൽ സ്ഥാപിച്ചുകൊണ്ടുള്ള വരികൾ. മൊഹിയുദ്ദീൻ എന്തു പറഞ്ഞാലും അതിൽ ഒരു കാവ്യഭംഗിയുണ്ടാവും, അവൻ കേട്ടുതള്ളിയ നൂറു നൂറു പാട്ടുകളിലെ മാധുര്യം കടന്നു വരും, ലോകാനുഭവങ്ങൾ വിടർന്നു നിൽക്കും. പക്ഷേ കക്ഷി നിരക്ഷരകുക്ഷിയാണ്. എഴുത്തും വായനയും വഴങ്ങില്ല. അതിൽ തൽപരനുമല്ല. താല്പര്യം മുഴുവൻ പാട്ടിൽ കുന്നുകൂടി കിടക്കുന്നു. പകൽ നേരമത്രയും തല വെട്ടിമുറിക്കുന്ന വെയിലിലെ പണിത്തിരക്കിൽ. രാത്രിയിൽ തകരപ്പാളിയുടെ താഴെ ഉറക്കം. അപ്പോഴും ചെവിയിൽ പഴഞ്ചൻ ഹെഡ് ഫോൺ കുത്തിക്കേറ്റിവച്ചിട്ടുണ്ടാവും. സംഗീതമേ ജീവിതം! എനിക്ക് കൊൽക്കത്തയുടെ പൂർവദേശത്തിനിന്നുള്ള ഈ സഹോദരൻ ഒരു  പ്രതീകമാണ്. പാട്ടിനെ പ്രാണനുതുല്യം സ്നേഹിക്കുന്ന ജനകോടികളിൽ ഒരുവൻ. ഇവർ എവിടെയുമുണ്ട്. അവരോളം ഗാനാനന്ദം അനുഭവിച്ചവരല്ല, സംഗീതത്തിലെ ഉദ്ദണ്ഡ പ്രമാണിമാർ. വയലാർ രാമവർമ സ്വപ്നങ്ങളെ വർണിച്ചതുപോലെ, നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ഗാനലോകം നിശ്ചലവും ശൂന്യവുമായി മാറിപ്പോയേനെ !

 

നമുക്കറിയാം, കുപ്രസിദ്ധങ്ങളായ മാദക പദാർഥങ്ങൾ ലോകത്തെമ്പാടും വ്യാപകമായി ലഭിക്കുന്നു. പക്ഷേ സകലത്തിലും ഉപരിയായി രണ്ടു തീവ്ര ലഹരികളുണ്ട്. അവയിൽ ഒരെണ്ണം സംഗീതമാണത്രേ! പ്രണയം രണ്ടാമതായി വരും. സംഗീതലഹരിയുടെ മുന്നിൽ അടിമ കിടക്കുന്ന ആസ്വാദകരെ ഞാൻ ധാരാളമായി പരിചയപ്പെട്ടിട്ടുണ്ട്. പാട്ടു കേട്ടില്ലെങ്കിൽ മരിച്ചുപോകും എന്നുള്ള ആധികൾക്കും സാക്ഷിയായിട്ടുണ്ട്. ഇതാകട്ടെ, ചലച്ചിത്ര സംഗീതത്തിൽമാത്രം ദൃശ്യമാകുന്നതല്ല, ശാസ്ത്രീയസംഗീത വിഭാഗങ്ങളിലും ഇത്തരം വിശുദ്ധ അടിമത്തം കാണാൻ കിട്ടും. ഇങ്ങനെ പാട്ടിൽ മൂക്കറ്റം മുങ്ങിക്കിട കിടക്കുന്നവരെക്കുറിച്ചു പറയാൻ നമ്മുടെ പ്രമുഖ ഗായകർക്കെല്ലാം എന്തെങ്കിലുമൊക്കെ അദ്ഭുതകഥകളുണ്ടാകും. ചിലതെല്ലാം ഞാനും ശേഖരിച്ചുവച്ചിരിക്കുന്നു, തരംപോലെ പങ്കിടുന്നതാണ്‌. ഇതിപ്പോൾ ഇത്രയും വർണിച്ചെഴുതാൻ സന്ദർഭം വന്നുചേർന്നിരിക്കുന്നു. മലയാള ചലച്ചിത്ര പിന്നണിഗാനശാഖയുടെ എഴുപത്തിയഞ്ചാം ജന്മദിനം! അതിനെപ്പറ്റിയുള്ള വാചാലതകൾ പാട്ടുകൂട്ടങ്ങളുടെ ഗ്രൂപ്പുകളിൽ ഇതുവരെ കണ്ടില്ല, പ്രതീക്ഷ ബാക്കിയുണ്ട്.

 

ചരിത്രസാമഗ്രികൾ പരിശോധിച്ചാൽ നമുക്കു ലഭിച്ചിട്ടുള്ള സിനിമാഗാനങ്ങളിൽ പഴക്കമേറിയത് 1948 ൽ പുറത്തുവന്ന 'നിർമല'യിലെ ഗാനങ്ങളാണ്. ഈ ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി മലയാള ചലച്ചിത്ര പിന്നണിഗാനം എഴുപത്തഞ്ചാം വയസ്സിലെത്തി എന്ന നിഗമനം 'നിർമല'യുടെ റിലീസിങ് തീയതിയെ  അടിസ്ഥാനമാക്കുന്നു. പാട്ടുപുസ്തകത്തെ വിശ്വസിക്കാമെങ്കിൽ 'നിർമല'യിൽ പതിനഞ്ചു പാട്ടുകളുണ്ട്. ഇവ മുഴുവനായും എവിടെയുംതന്നെ കിട്ടാനില്ല. ഗ്രാമഫോൺ കമ്പനിയുടെ രേഖകളും ലഭ്യമല്ല. 'നിർമല'യുടെ ആറു റെക്കോഡുകൾ പ്രസിദ്ധീകരിച്ചതായി ഞാൻ മനസിലാക്കുന്നു. അവയിലെ അഞ്ചാറു പാട്ടുകൾ സംഗീത ഗവേഷകനായ വിജയകുമാർ കേൾപ്പിച്ചുതന്നു. 'കരുണാകരാ, അറബിക്കടലിലെ, ഏട്ടൻ വരുന്ന ദിനമേ, പാടുക പൂങ്കുയിലേ, നീരിലെ കുമിളപോലെ, വാഴുക സുചരിതേ' എന്നിങ്ങനെ. പാട്ടുകളുടെ കൂടുതൽ വിശദാംശങ്ങളും ഗ്രാമഫോൺ റെക്കോഡുകളും ഇടപ്പള്ളിയിലുള്ള തെക്കില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പക്കൽ സുരക്ഷിതമാണ്. ആർക്കും സമീപിക്കാം. അച്ഛൻ, കൃഷ്ണൻ നമ്പൂതിരി തുടങ്ങിവച്ച സൽക്കർമം ഉണ്ണിയും മുന്നോട്ടുകൊണ്ടുപോകുന്നു. 

 

'നിർമല'യിലെ പാട്ടുവിശേഷങ്ങൾ ചോദിച്ചറിയാൻ ഒരിക്കൽ കർണാടക സംഗീത വിദ്വാൻ ടി.കെ.ഗോവിന്ദറാവുവിനെ നേരിൽ കണ്ടു. നവരാത്രിമണ്ഡപത്തിൽ കച്ചേരി നിർവഹിക്കാൻ എത്തിച്ചേർന്ന ഗോവിന്ദറാവു കഴിച്ചുകൊണ്ടിരുന്ന മസാലദോശയോളം രുചിയോടെ പറഞ്ഞുതുടങ്ങി -  'നിർമലയിലെ പാട്ടുകൾ  പാടിയവരെല്ലാം ശാസ്ത്രീയസംഗീതം ചിട്ടയോടെ പഠിച്ചവരാണ്. കർണാട്ടിക്കല്ലാതെ വേറൊരു സംഗീത സമ്പ്രദായവും ഞങ്ങൾക്കാർക്കും പരിചയമില്ല. പി.എസ്. ദിവാകരനും ഇ.ഐ. വാര്യരുമാണ് സംഗീതസംവിധായകർ. ദിവാകരൻ നല്ല ജ്ഞാനസ്ഥനാണ്. ജി എൻ ബാലസുബ്രഹ്മണ്യം, നാഗസ്വര വിദ്വാൻ വേദാരണ്യം വേദമൂർത്തി എന്നിവരിൽനിന്നെല്ലാം സംഗീതം പഠിച്ചതായി കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം നൽകിയ നിർദ്ദേശം എന്താണെന്നുവച്ചാൽ പാടുമ്പോൾ ശാസ്ത്രീയം കേറിവന്നേക്കരുത്. അതൊരു വലിയ പ്രതിസന്ധിയായി. പാടാൻ തന്ന പാട്ടുകളെല്ലാം രാഗമയമാണല്ലോ! കല്യാണിയും കേദാരഗൗളയും ബൗളിയും ആരഭിയും സുരുട്ടിയുമൊക്കെയാണ്. വരുന്നതുപോലെയാകട്ടെ, പുതിയൊരു തുടക്കമല്ലേ, ആത്മാർഥമായി ശ്രമിച്ചുകളയാം എന്നു വിചാരിച്ചുകൊണ്ട് വാശിയോടെ ഇടതടവില്ലാതെ പരിശീലനം നടത്തി, ഒരുവിധം ഒപ്പിച്ചു. സത്യം പറയട്ടെ, ആ പാട്ടുകൾ എനിക്കിപ്പോഴും  സാമ്പ്രദായികമായിട്ടാണ് തോന്നുന്നത്''. ഞങ്ങളുടെ വർത്തമാനവും ആര്യാ നിവാസിലെ മസാലദോശയും ഒരുമിച്ചു തീർന്നു.

 

ചലച്ചിത്ര സംഗീതചരിത്രത്തിൽ കൗതുകം കൊള്ളുന്നവർക്കറിയാം, മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകർ സരോജിനി മേനോനും  ടി.കെ.ഗോവിന്ദറാവുമാണ്. പി ലീല, വാസുദേവക്കുറുപ്പ്, വിമല ബി. വർമ, പി.കെ. രാഘവൻ എന്നിങ്ങനെ വേറെയും ഗായകർ 'നിർമല'യിൽ പങ്കെടുത്തു. വിമല പാടിയ 'ഏട്ടൻ വരുന്ന ദിനമേ'  യൂട്യൂബിൽ ലഭ്യമാണ്. മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിൽ പാശ്ചാത്യ ശൈലിയുടെ സ്വാധീനതയുള്ള   ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ദൈർഘ്യം മൂന്നേകാൽ മിനിട്ടും. ഇത്രയും വസ്തുതകൾ മുന്നിൽ വച്ചുകൊണ്ടു ചോദിക്കട്ടെ, എഴുപത്തഞ്ചു വർഷം മുൻപു നിർമിച്ച ഈ ചലച്ചിത്രഗാനത്തിൽനിന്നും ഇന്നത്തെ സിനിമാഗാനം എത്ര ദൂരം മുമ്പോട്ടുപോയിട്ടുണ്ട്? ഇതിനുള്ള ഉത്തരം തീർച്ചയായും പാട്ടു പ്രേമികളെ ഞടുക്കുന്നതും വേദനിപ്പിക്കുന്നതുമാവാം. അതിൽ ഉൾക്കൊള്ളുന്ന ഗൗരവം ഇനിയും വ്യക്തമാകണമെങ്കിൽ വൈവിധ്യപൂർണമായ സമീപനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സമീപകാല  മലയാളസിനിമകളിൽനിന്നു 'നിർമല'യിലേക്കുള്ള ദൂരംകൂടി അളക്കണം. അത്രയും അകലവ്യത്യാസം ഇവയിലെ പാട്ടുകളിൽ അനുഭവപ്പെടുന്നുണ്ടോ? സന്ദേഹമുള്ളവരുണ്ട്. എന്നാൽ വേറിട്ടു ചിന്തിക്കാൻ ധൈര്യം കാട്ടുന്ന സംഗീതസംവിധായകരിലൂടെ പുതുകാലത്തിനു യോജിച്ച ഗാനങ്ങൾ കുറച്ചെങ്കിലും ഉണ്ടാവാതിരിക്കുന്നില്ല.

 

 

സമകാലീന മലയാള സിനിമകൾ, ആർക്കും അഭിമാനത്തോടെ പറയാൻ കഴിയും, അതിശയിപ്പിക്കുന്ന വളർച്ചയിലൂടെ മുന്നേറുകയാണ്. ദേശാതിർത്തികൾ താണ്ടി അന്തർദേശീയതലത്തിലുള്ള നിറപ്പകിട്ടാർന്ന അനുമോദനങ്ങൾ അവ നേടിക്കഴിഞ്ഞു. അറുപതുകളിലും എഴുപതുകളിലും തളിരിട്ട റിയലിസത്തെ മികച്ച കലാമേന്മയോടെ, തികഞ്ഞ സാങ്കേതിക വൈഭവത്തോടെ പുതുസിനിമ അഭ്രപാളിയിൽ അവതരിപ്പിക്കുന്നു. സിനിമയെ സംബന്ധിച്ച മാമൂലുകളുടെ വേരുകൾ പൊട്ടിക്കുന്നു. അഭിനേതാവിനെക്കുറിച്ചുള്ള മിത്തുകളെ അപ്രസക്തമാക്കുന്നു. വെറും മണ്ണിൽ വേരോടിക്കിടക്കുന്ന പച്ച ജീവിതങ്ങൾ  ദൃശ്യഭാഷയിൽ തുടരരേ പുനർജനിക്കുന്നു. പ്രേക്ഷകരുടെ പഴയ ആസ്വാദനരീതികളെയും അഭിരുചികളെയും റദ്ദാക്കുകയും അവരെ പുതിയതരത്തിൽ സിനിമ കാണാൻ  പരിശീലിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമാകാൻ എന്തുകൊണ്ട് സിനിമാഗാനങ്ങൾക്കു  സാധിക്കുന്നില്ല? മലയാളിയുടെ ആസ്വാദനശീലങ്ങളെ പുതുസിനിമ നവീകരിച്ചതുപോലെ ഗൃഹാതുരതയിൽ കൂപ്പുകുത്തിക്കിടക്കുന്ന ഗാനാസ്വാദനശീലത്തെ പുതിയകാലം എന്തുകൊണ്ട് പൊളിച്ചു പണിയുന്നില്ല? അപൂർവമായിമാത്രം സംഭവിച്ചിട്ടുള്ളവയെ ഒഴിവാക്കിയാൽ പാട്ടിന്റെ ദൈർഘ്യത്തിനുപോലും എഴുപത്തഞ്ചുവർഷത്തെ പഴക്കമുണ്ട്. ഗാനഭാഷയിലും കാര്യമായ വ്യത്യാസമില്ല. അറിഞ്ഞോ അറിയാതെയോ, ഭൂരിപക്ഷം ഗാനങ്ങളും ഇപ്പോഴും രാഗങ്ങളുടെ തടങ്കലിൽ കിടക്കാൻ നിർബന്ധിതമാകുന്നു.

 

സമീപകാലത്തായി എണ്ണത്തിലും ഈണത്തിലും ഏറെ ജനപ്രീതി നേടിയ 'ഹൃദയ'ത്തിലെ പാട്ടുകളിൽ അന്യസ്വരപ്രയോഗങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും മോഹനവും ആഭേരിയും മുന്നിട്ടുനിൽക്കുന്നു. ആ രാഗങ്ങളുടെ സ്വരസഞ്ചാരങ്ങൾ നൽകുന്ന കേൾവിസുഖം പാട്ടുകളിലും പുനർജനിക്കുന്നു. കൂടുതൽ ഉദാഹരങ്ങളിലേക്കു കടന്നാൽ മലയാള സിനിമാഗാനങ്ങളിൽ ഇന്നും പുലരുന്ന സവർണ- അഭിജാത സംഗീതമൂല്യങ്ങളുടെ മേലാളത്തം സമകാലീന ഗാനസൃഷ്ടികളിൽ തിരിച്ചറിയാൻ ഏതൊരു സഹൃദയനും സാധിക്കും. ഇതിനെ ബോധപൂർവമായ ശ്രമങ്ങളായി ഈ രംഗവുമായി പരിചയമുള്ളവർ കരുതില്ല. കാരണം ഓരോ ഗാനവും ഒരു സവിശേഷ സാഹചര്യത്തിന്റെ ഉൽപ്പന്നമാണ്. അതിനോടു പരമാവധി നീതി പുലർത്താൻ ഞാൻ ഉൾപ്പെടെയുള്ളവർ സത്യസന്ധമായി പണിയെടുക്കുന്നു. എങ്കിലും ആസ്വാദകപക്ഷത്തുനിന്നു നോക്കുമ്പോൾ ശാസ്ത്രീയസംഗീതവിമുക്തവും സ്വതന്ത്ര കലാവ്യക്തിത്വം പുലർത്തുന്നതുമായ ഗാനങ്ങൾ മലയാള സിനിമയിൽ പിറവികൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാടോടി - കാടോടി സംസ്കാരങ്ങളിൽ ഉറവകൊള്ളുന്ന  തനതു സംഗീതത്തെ സർഗാത്മകമായി സിനിമാഗാനങ്ങളിൽ പ്രയോജനപ്പെടുത്താൻ  സാധിച്ചാൽ ഇപ്പോൾ അനുഭവപ്പെടുന്ന അന്യഥാബോധവും പാട്ടുകൾ, മോരും മുതിരയുംപോലെ സിനിമയിൽനിന്നു വേർപെട്ടു നിൽക്കുന്നുവെന്ന ചിലരുടെ പരാതിയും താനേ ഉരുകിത്തീരും. അത്തരമൊരു സമീപനം പുതിയ ചലച്ചിത്രസംഗീതമാർഗം തുറക്കാൻ വളരെ സഹായകമാകും. അതുവഴി, ഏതുതരം കഥാകഥനരീതിക്കും യോജിച്ച മട്ടിൽ, പാട്ടുകളെ തികഞ്ഞ സ്വാഭാവികതയോടെ, യുക്തിഭദ്രമായി സിനിമയിൽ സന്നിവേശിപ്പിക്കുവാനും  ചേർത്തുനിർത്താനും എളുപ്പത്തിൽ കഴിയും. കാരണം സംഗീതത്തെ പരിപൂർണമായും ഒഴിവാക്കി നിർത്തി ഒരു വിശ്വ സംവിധായകനും ഒരു ഭാഷയിലും സിനിമ നിർമിക്കുന്നില്ല. 

 

ഞാൻ അടുത്തു പരിചയിച്ചിടത്തോളം മലയാളത്തിലെ എഴുത്തുകാരും സംഗീത സംവിധായകരും വാദ്യവിദഗ്ധരും ഉൾപ്പെടുന്ന ഗാനശില്പികൾ പ്രതിഭാശക്തിയിൽ വളരെ മുന്നിലാണ്. സിനിമാഗാനങ്ങളെ ഉപജീവിച്ചു കഴിയേണ്ട യാതൊരു സാഹചര്യവും അവരുടെ സർഗാത്മകത നേരിടുന്നില്ല. സത്യത്തിൽ സിനിമയെമാത്രം ആശ്രയിച്ചു വളരേണ്ടതല്ല ഗാനങ്ങളും. ലോകത്തെങ്ങും ഇത്തരം സ്ഥിതി കാണാനില്ല.  അതിനാൽ സർഗബലത്തെ ഫലപ്രദമായി വിനിയോഗിക്കുകയാണെങ്കിൽ മൗലിക സൗന്ദര്യം തുളുമ്പുന്ന നിരവധി ഗാനങ്ങൾ സൃഷ്ടിക്കാൻ അവർക്കു സാധിക്കും. സിനിമയുടെ വെളിയിൽ സ്വതന്ത്ര സംഗീതത്തിന്റെ മായാപ്രപഞ്ചം ഒരുക്കിയെടുക്കാൻ അവരും വിശേഷാൽ താൽപര്യമെടുക്കണം എന്നേയുള്ളൂ. കാരണം പുസ്‌തകം വായിക്കുന്നവരുടെ പതിനായിരം ഇരട്ടിയെങ്കിലും വരും പാട്ടുകേൾക്കുന്നവരുടെ സംഖ്യ ! പാട്ടു കേട്ടു രസിക്കാൻ സഹൃദയത്വമൊഴികെ വേറൊന്നും വേണ്ടതില്ലല്ലോ, സാക്ഷരതപോലും! മുകളിൽ പരാമർശിച്ച മൊഹിയുദ്ദീനെ ഇതിനുപോന്ന  ഉദാഹരണമായി ഞാൻ മനസ്സിലാക്കുന്നു. അവർക്കെല്ലാം പാട്ടു മതി, സിനിമയിൽനിന്നുള്ളതാകണം എന്ന നിർബന്ധവുമില്ല.സംബൽപുരി ഗായകൻ ഉമാകാന്ത ബാരിക്കിനെ നോക്കുക. അദ്ദേഹം എത്തിനിൽക്കുന്ന വമ്പൻ ജനപ്രിയതയും ആരാധകലക്ഷങ്ങളുടെ പിന്തുണയും മലയാളികളും ശ്രദ്ധിക്കണം. ഈ വിഷയത്തിൽ പാശ്ചാത്യസംഗീതം ഇന്ത്യൻ ചലച്ചിത്രസംഗീതത്തെക്കാൾ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. അവിടങ്ങളിൽ ഓരോ പ്രഭാതവും ഒരു പുതിയ സംഗീതകൽപ്പനയുടെകൂടി ജന്മമെടുക്കലാണ്. ബെയ്ലി സിമ്മെർമൻ, സിഗ്രിഡ്, സമാറ ജോയ്, ജോറിയ സ്മിത്, മനേസ്കിൻ, ക്ലാരിസ, ലൈമു ഇമാസു, റെയ്ൻ, ബോബീ തുടങ്ങിയ പുതുമുറക്കാർ പ്രസരിപ്പിക്കുന്ന പ്രഭാകിരണങ്ങളിൽ തട്ടി എന്റെ സംഗീതാഭിരുചികൾ സദാ പ്രകാശിക്കുന്നു. സമാന്തരമായി ഇന്ത്യയിൽ ഗസലിലും കവ്വാലിയിലും നൂറുകണക്കിനു സ്വതന്ത്ര ഗാനങ്ങൾ ജനിച്ചുകൊണ്ടേയിരിക്കുന്നു. ഒസ്മാൻ മീർ, സുരീന്ദർ ഖാൻ, റോഷൻ ഭാരതി, ആദിത്യ ബാനു, യശ് രാജ് കപിൽ, ഋചാ ശർമ, പൂജാ ഗായ് നോംഡേ, രേണു നാഗർ, ബുല്ലേ ഷാ, ഹസറത് അലി, ജാഹ്നവി ഹാരിസൺ, അമാബ് ചാറ്റർജി തുടങ്ങിയ പേരുകൾ എനിക്കുപോലും എത്രയോ സുപരിചിതമായി !

 

മലയാള ഗാനശാഖയുടെ വളർച്ചയിൽ പ്രതിഭാധരായ നിരവധി കവികൾ ഭാഗഭാക്കായിട്ടുണ്ട്. മഹാകവി ജി.ശങ്കരക്കുറുപ്പ് 'നിർമല'യിൽ പതിനഞ്ചു ഗാനങ്ങൾ എഴുതി. ഈ കാവ്യപാരമ്പര്യം ഗാനരചനയെ കവിതയുമായി താരതമ്യപ്പെടുത്താനുള്ള ദുർവാസന വളർത്തി. ഒരിക്കൽ ജവഹർനഗറിൽ അത്യപൂർവമായി തരപ്പെട്ട വർത്തമാനത്തിനിടയിൽ പി.ഭാസ്കരൻ മാസ്റ്ററും പറഞ്ഞു - 'പാട്ടുകൾക്ക് കവിതയുമായി യാതൊരു ബന്ധവുമില്ല. കവിത എഴുതുന്നവർ ഗാനരചനയിൽ  ശോഭിക്കണമെന്നില്ല. പാട്ടെഴുതുന്ന പലർക്കും വായനക്കാരുടെ ഹൃദയത്തിൽ ചെന്നുകൊള്ളുന്ന നാലുവരി കവിത എഴുതാൻ തലകുത്തിനിന്നാലും സാധിച്ചെന്നു വരില്ല.' എനിക്കായി കൊണ്ടുവന്ന തളികയിൽനിന്നും സഹധർമിണി കാണാതെ കൊതിയോടെ ഒരു മധുര പലഹാരം എടുത്തു കഴിക്കുന്നതിനിടെ മേൽപ്പറഞ്ഞതിനുള്ള ഉദാഹരണമായി, ആയിരത്തിലധികം പാട്ടുകൾ, അവയിലേറെയും ഹിറ്റുകൾ, രചിച്ച ഒരു ഗാനരചയിതാവിനെ മാസ്റ്റർ പേരെടുത്തു പരാമർശിച്ചു. ഇതിനു സമാനമായ നിരീക്ഷണം ജാവേദ് അക്തറും അവതരിപ്പിച്ചു, പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ ഗംഗ പ്രസാദ് വിമൽ എന്നെ അദ്ദേഹത്തിനു മുന്നിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ. 'ഓർഡർ കൊടുക്കുന്ന വ്യക്തിയെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നവർക്കു  മാത്രം വിജയിക്കാൻ കഴിയുന്ന മണ്ഡലമാണ് സിനിമാഗാനം. അതിനാൽ അവിടെ ആത്മസംതൃപ്തിക്കുവേണ്ടി നിർബന്ധം പിടിക്കാൻ പാടില്ല. എന്നുകരുതി പാട്ടിനെ മോശമാക്കാൻ അനുവദിച്ചുകൊടുത്തുകൂടല്ലോ! ഒരു നല്ല പദപ്രയോഗത്തെ നിലനിർത്തിക്കിട്ടാൻ വേണ്ടി നാല്പത്തഞ്ചു വർഷത്തെ സൗഹൃദത്തെ എനിക്ക് ബലികൊടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ദുഃഖമില്ല'. ഭാസ്കരൻ മാസ്റ്ററും  ജാവേദ് അക്തറും  നൽകിയ ഉപദേശങ്ങൾ സമാസമം. തൃപ്തി മോഹിച്ചില്ലെങ്കിൽപോലും  ഓരോ പാട്ടും ഏതെങ്കിലും തരത്തിൽ എനിക്കും സന്തോഷം  തന്നിട്ടുണ്ട്.

 

ചലച്ചിത്ര പിന്നണി ഗാനധാരയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ഓർമിച്ചെടുക്കുന്ന തിടുക്കത്തിൽ ഈ രംഗത്തെ മറ്റൊരു പ്രവണതകൂടി ഞാൻ നിരീക്ഷിച്ചതു പറയാം. പുതിയ തലമുറക്കാർ വിശേഷിച്ചും വിദ്യാർഥി സമൂഹം പുതിയ പാട്ടുകൾ അത്രയൊന്നും സ്വീകരിച്ചുകാണുന്നില്ല. കേരളത്തിൽ അംഗസംഖ്യയിൽ മുന്നിൽനിൽക്കുന്ന രണ്ട് സർക്കാർ കലാലയങ്ങളിലെ അധ്യാപനപരിചയം മുൻനിർത്തിയുള്ള വിലയിരുത്തൽ മാത്രമാണിത്. നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന തലശ്ശേരി ബ്രണ്ണൻ കോളേജിലും മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന എറണാകുളം മഹാരാജാസ് കോളജിലും ഞാൻ സാക്ഷ്യം വഹിച്ചിട്ടുള്ള സംഗീതപരിപാടികളിൽ പുതിയ പാട്ടുകൾ വിദ്യാർഥികൾ പാടിക്കേട്ടിട്ടില്ല. അതിഥി ഗായകരോടുള്ള ഗാനാഭ്യർഥനകളിലും പുതിയ പാട്ടുകളില്ല. അവർ ഇപ്പോഴും 'കവിളിണയിൽ കുങ്കുമമോ,  പൊൻവീണേ, ദൂരെ കിഴക്കുദിക്കിൻ, മിണ്ടാത്തതെന്തേ, ഇളം മഞ്ഞിൻ, ശിശിരകാല മേഘമിഥുന, ചന്ദന മണിസന്ധ്യ, എത്രയോ ജന്മമായ്, മണിമുറ്റത്താവണിപ്പന്തൽ, എന്റെ എല്ലാമെല്ലാമല്ലേ' തുടങ്ങി ഇത്തിരി പഴയ ജനപ്രിയ ഗാനങ്ങളിൽ പ്രിയപ്പെട്ടു  നിൽക്കുന്നു. ഇനി പുതിയ പാട്ടുകൾ പാടിയാൽപോലും പഴയ പാട്ടുകളുടെ മെലോഡിക് സ്വഭാവം പ്രദർശിപ്പിക്കുന്നവമാത്രം അവർ തെരഞ്ഞെടുക്കുന്നു. എന്നാൽ യുട്യൂബിൽ വരുന്ന പ്രധാന സിനിമാപ്പാട്ടുകളുമായി അവർ പരിചയപ്പെടാതിരിക്കുന്നുമില്ല. പക്ഷേ കമ്പം എന്നും ബോളിവുഡ് ഗാനങ്ങളോടുതന്നെ. ഒരിക്കൽ ഇതിനെപ്പറ്റി അവരോടു ഞാൻ ചോദിച്ചുനോക്കി- 'സാറേ പാട്ടാകുമ്പോ പാടാനും കേൾക്കാനും ഒരു നല്ല ഫീൽ വേണം. അതിപ്പോ പഴേതാണാ പുതിയതാണാന്നൊന്നും ഞങ്ങ നോക്കുകേല'. ചലച്ചിത്ര സംഗീതത്തെപ്പറ്റി പുതുമുറക്കാരുടെ പ്രതികരണമാണ്. പുത്തൻ സിനിമകൾ പുതിയ കുട്ടികളുടെ ദൃശ്യാഭിരുചികൾ സവിശേഷമായി പരിഗണിക്കുമ്പോൾ  അതിനോടുകൂടി അവരുടെ ശ്രവ്യാഭിരുചികളും വകവച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ബോൺസായികളുടെ മുരടിപ്പിൽനിന്നും ആകാശം നിറഞ്ഞുനിൽക്കുന്ന ഹരിതവിസ്മയത്തിലേക്ക് മലയാള സിനിമാഗാനങ്ങൾ വളർത്തിയെടുക്കാൻ ഗാനസ്രഷ്ടാക്കളോടൊപ്പം ആസ്വാദകരും സഹകരിക്കണം. സംഗീതത്തിലെ കാലോചിതങ്ങളായ പരിവർത്തനങ്ങളെ കെട്ടിപ്പിടിച്ചു സ്വീകരിക്കാൻ അവർ സന്നദ്ധരാകുമെങ്കിൽ, സമകാലീന മലയാള സിനിമ സ്വന്തമാക്കിയ വൈവിധ്യവും വളർച്ചയും പുതുമയും സാമൂഹിക ബോധവും നേടിയെടുക്കാൻ  മലയാള സിനിമാഗാനങ്ങൾക്കും സാധ്യമാകും. പിന്നണിഗാനശാഖയുടെ എഴുപത്തിയഞ്ചാം ജന്മദിനം തീർച്ചയായും അതിനുള്ള പ്രചോദനം  നൽകാതിരിക്കില്ല. ഈ വിശ്വാസത്തിനു മുന്നിൽ അകംനിറഞ്ഞ പ്രാർഥനയോടെ ഞാൻ കൈകൂപ്പി നിൽക്കുന്നു.

 

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com