ADVERTISEMENT

ഹരികാംബോജി രാഗം രവീന്ദ്രസംഗീതത്തിന്റെ മൂർത്തഭാവത്തെ പകർന്ന് യേശുദാസിന്റെ തരളസ്വരം പുൽകി മലയാള ഹൃദയങ്ങളെ സാന്ദ്രമാക്കി തഴുകി ഒഴുകുകയാണ്..... 

 

‘കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നിൽ 

മനോവീണ മീട്ടുന്നു ഞാൻ.....’ 

 

മലയാളത്തിന്റെ കടലാഴങ്ങളിൽനിന്നു മൈനാഗത്തെ ഉയർത്തിക്കൊണ്ടുവന്ന ബിച്ചു തിരുമലയുടേതാണു വരികൾ. ഏതോ നൈരാശ്യത്തിന്റെ ഈറൻ നിലാവിൽ, ഇടറിവീണ രാഗം നെഞ്ചകം തട്ടിയൊന്നുലയുന്നു. നഷ്ടബോധത്തിന്റെ ഈണം ഇഴയിട്ട ശ്രുതിയിൽ ആരുടെയൊക്കെയോ മുന്നിൽ കെട്ടിയാടുന്ന കളിപ്പാട്ടങ്ങൾ ആരും കാണാതെ കണ്ണീരൊഴുക്കുന്നു. സിനിമയുടെ പശ്ചാത്തലം പാട്ടിനൊപ്പം ചേർത്തു വച്ച്, നിസ്സഹായനായ നായകൻ സ്വയംവരിച്ച വേഷപ്പകർച്ചകളിലൂടെ ഒന്നൂളിയിട്ടാൽ ഏതു കേൾവിക്കാരന്റെയും കണ്ണുകളിൽ ഈറൻ പടരാതെ ആ ചരണങ്ങൾ ഇന്നും പെയ്തൊഴിയില്ല. 

 

1993ൽ വേണു നാഗവള്ളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ, ഏറെ വൈകാരിക മുഹൂർത്തങ്ങളെ പകർന്നേകുന്ന മോഹൻലാൽ ചിത്രമാണ് ‘കളിപ്പാട്ടം’.

അപക്വമനസ്സിന്റെ താളപ്പിഴകളെ ഉള്ളാലെ വരിക്കുന്ന നായകൻ കാഴ്ചക്കാരുടെയും ഉള്ളു പൊള്ളിക്കുന്നു. ഒരിക്കൽപോലും സ്വയം ശപിക്കാൻ കൂട്ടാക്കാത്ത വേണു പ്രിയപ്പെട്ടവൾക്കായി ഹൃദയത്തിന്റെ ആഴങ്ങളിൽ സ്വരക്കൂടു കൂട്ടുകയാണ്. അടങ്ങാത്ത മോഹവും അതിരുവിട്ട വാത്സല്യവും പകരം വയ്ക്കാനില്ലാത്ത പ്രണയവും ആത്മത്യാഗത്തിന്റെ തീവ്രതയും വരികളിൽ വന്നേ മതിയാവൂ -  മലയാളത്തിനായി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ കവി ഉറപ്പിച്ചു. വിഷയവും സന്ദർഭവുമൊക്കെ മനസ്സിലേക്ക് എത്തിക്കഴിഞ്ഞാൽ വരികൾ കണ്ടെത്തുക ആ തൂലികയ്ക്ക് അത്ര ആനക്കാര്യമൊന്നുമല്ല. മാത്രവുമല്ല, സംവിധായകൻ വരച്ചിട്ട വേണുവിന്റെ കനൽവഴികളിലൂടെ ആ നീറ്റലും പേറി കവി അന്ന് പലവട്ടം നടന്നുകഴിഞ്ഞിരുന്നു!

 

ഒരു വലിയ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന, സ്നേഹിക്കാൻ മാത്രമറിയാവുന്ന നായകന് സാഹചര്യങ്ങൾ ഒരുക്കി വച്ച ജീവിതത്തിരക്കഥയോടു സന്ധിചെയ്തേ മതിയാവൂ! സിനിമ ആദ്യാവസാനം പകരുന്ന ആ വൈകാരികതയെയാണ് കവി തന്റെ സ്വതസിദ്ധ ശൈലിയിൽ ഏതാനും വരികളിലൂടെ ആസ്വാദകരിലേക്കു വച്ചുനീട്ടുന്നത്! കാൽപനികതയുടെ സകല ഭാവങ്ങളെയും ഇണക്കിച്ചേർക്കുന്ന  വരികൾക്ക് ഓരോ കേൾവിയിലും വല്ലാത്തൊരു വശ്യതയുമുണ്ട്.

 

മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതം ഒരു കളിപ്പാവ കണക്കെ ആടിത്തീർക്കുന്ന വേണു അനിവാര്യമായ വിധിയെ നോക്കി പകച്ചു നിൽക്കാതെ സരോയെ അങ്ങേയറ്റം സ്നേഹിക്കുന്നു. ‘അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു....’ - ആ സ്നേഹത്തെ, അതിലടങ്ങിയ ആത്മാർഥതയെ എത്ര ഭംഗിയായി വാക്കുകൾ കൊണ്ടു കവി വരയ്ക്കുന്നു. വാകപ്പൂമരം ചൂടിയ വാരിളം പൂങ്കുലയ്ക്കുള്ളിൽ തെന്നലിനെക്കൊണ്ടു വാടകയ്ക്ക് മുറിയെടുപ്പിച്ച എഴുത്തഴകിൽ എന്തിനും ഭംഗി തെളിയുന്നത് സ്വാഭാവികം. മെലോഡ്രാമകളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സിനിമയിൽ പാട്ടു മെനയുമ്പോൾ പുലർത്തേണ്ട പൊടിക്കൈകൾ ബിച്ചുവിനെ അന്ന് ആരും പഠിപ്പിക്കേണ്ടിയിരുന്നില്ല. ഒരു കണ്ണീർക്കണം പോലെ സ്വയാർപ്പണം ചെയ്യുന്ന നായകന്റെ സകല വ്യഥകളും ആ കട്ടിക്കണ്ണടയ്ക്കു പിന്നിൽ എപ്പഴേ വരഞ്ഞുവീണു കഴിഞ്ഞിരുന്നു. ആ വേദനകളെ അതേ തീവ്രതയിൽത്തന്നെ ആസ്വാദകമനസ്സുകളിലേക്കും കോറിയിടാൻ  അത്‌ഭുതങ്ങളുടെ പര്യായമായ തൂലികയ്ക്ക് ഏറെപ്പണിപ്പെടേണ്ടി വന്നില്ല. 

 

ഇല്ലായ്മയുടെ പറുദീസയിൽനിന്നു മുത്തശ്ശി പറഞ്ഞ ‘രാജയോഗ’ത്തിലേക്ക് വേണു വലംകാൽ വച്ചതേ മുൾക്കിരീടവും പേറിയായിരുന്നു. പക്ഷേ തന്റെ നിയോഗത്തോട് വിട്ടുവീഴ്ച ചെയ്യാൻ ആ നിസ്സഹായൻ ഒരുക്കമല്ലായിരുന്നു.  

‘.... മൗനമായ് നീ മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു ...’ തിരക്കഥാകൃത്തും സംവിധായകനും (രണ്ടും ഒരാൾ തന്നെയായിരുന്നല്ലോ!) പറഞ്ഞ് ആടിപ്പിച്ച വേഷത്തെ അതിനെക്കാൾ എത്രയോ മടങ്ങ് ഭാവാത്മകമായി കവി വാക്കുകളാൽ വരച്ചുകാട്ടുന്നു! പ്രിയപ്പെട്ടവൾ നിദ്രയിലേക്കു വഴുതി വീഴുമ്പോൾ ചാരത്തു കൂട്ടായിരിക്കുന്ന പതി...

ഊട്ടാനും ഉറക്കാനും എന്നു വേണ്ട ജീവിത ചര്യകളിലെല്ലാം ഒരു കളിപ്പാട്ടം കണക്കെ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള നായകനെ ഹൃദയ തിരശ്ശീലയിലേക്കു കോറിയിടുമ്പോൾ തിരുമലയുടെ തിരുവെഴുത്തിനെ ഉള്ളാലെ ഒന്നു ചേർത്തു വയ്ക്കുകതന്നെ വേണം.

 

അവതാളം വിതാനിച്ച വഴിത്താരയിൽ നിഴൽപാടായി താനുണ്ട് എന്നു പറയാതെ പറയുമ്പോൾ, തികട്ടിയെത്തുന്ന സ്നേഹത്തിന്റെ നനുത്ത തുമ്പികൾ കൂട്ടമായല്ലേ കൺമുന്നിലേക്കു പറന്നിറങ്ങുന്നത്. ‘ഉയിർ പൈങ്കിളീ....’ - കൊള്ളാം! മലയാളത്തിന്റെ പാട്ടുശേഖരത്തിലേക്ക് അയ്യായിരത്തോളം പാട്ടുകളെ സമ്മാനിച്ച കവി ലാളിത്യമൂറുന്ന ഇതു പോലുള്ള എത്ര പദങ്ങളെയാണ് പാട്ടുവഴിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. പൂത്തിരിക്കൊപ്പം ലാത്തിരിയും പാവാടയ്ക്കൊപ്പം മേലാടയും, പടകാളി ചണ്ഡിച്ചങ്കരിയും മാനത്തെ ശിങ്കാരത്തോപ്പുമൊക്കെ എത്രയോ ഉദാഹരണങ്ങൾ. 

 

മരണത്തിന്റെ പടുകുഴിയിലേക്ക് ഏതു നിമിഷവും പതിച്ചേക്കാവുന്ന സരോയുടെ ജീവനെ ആ എഴുത്തഴകിൽ വിശേഷിക്കപ്പെടുകയാണ് - ‘തുടിക്കുന്ന നിൻ ജന്മമാം ചില്ലു പാത്രം....’. തീരുന്നില്ല, അവളുടെ ഓരോ വേദനയിലും വേണുവിന്റെ പ്രാണൻ പിടയുന്നത് ആ കാവ്യഭാഷയിലേക്കു മൊഴി മാറുമ്പോൾ ‘തുളുമ്പുന്നിതെൻ പ്രാണനാം തൂമരന്ദം ..." എന്നാവുന്നു. ആയുസ്സേറെയില്ലാത്ത, ‘ഉഷഃസന്ധ്യതൻ നാള’മായ സരോയ്ക്കു മുമ്പിൽ ഒരു വഴിപ്പൂവു മാത്രമാണ് വേണു. ഇല്ലായ്മയുടെ ഭൂതകാലം മറന്നിട്ടില്ലാത്ത നായകനെ വരികളിൽ വരയ്ക്കാൻ ഇതിനപ്പുറം എന്തു വിശേഷണമാണ് വേറെ വേണ്ടത്! പ്രണയതൽപത്തിൽ സ്വജീവിതം വച്ചുനീട്ടുന്ന നായകൻ പ്രണയ നിഷേധത്തിൽ പ്രാണൻ തട്ടിയെടുക്കുന്നവരിൽനിന്നും പ്രിയപ്പെട്ടവളുടെ നിസ്സഹായതയിൽ മുഖം തിരിക്കുന്നവരിൽനിന്നുമൊക്കെ എത്രയോ കാതം അകലെയാണ്. 

 

രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രിക സ്പർശവും ഗന്ധർവ സ്വരത്തിന്റെ ശ്രുതിഭംഗിയും ഗാനത്തെ വല്ലാതെ ആർദ്രമാക്കിയിട്ടുണ്ട്. തുടക്കം മുതൽ വയലിനിൽ വീണു കൊണ്ടിരിക്കുന്ന നീളൻ ബിറ്റുകളിൽ നിറയുന്ന ശോകത്തിന് എന്തൊരു ഫീലാണ്! നിസ്സഹായതയുടെ നെടുവീർപ്പുകളും ആത്മസംഘർഷങ്ങളുടെ നൊമ്പരപ്പാടുകളും പകരുന്ന ഗാനം നിലയ്ക്കാത്ത ഒഴുക്കിലാണ്; നടന്നകന്നെങ്കിലും എഴുത്തു വഴിയിലെ ആ തിരുമലച്ചേലിനെ എക്കാലവും ഓർമപ്പെടുത്തിക്കൊണ്ട്....

 

അന്നൊരിക്കൽ ഒന്നു കാറ്റു കൊള്ളാൻ കടപ്പുറത്തെത്തിയതാണ് ബിച്ചു. ഒപ്പം ഫാസിലുമുണ്ട്. കാര്യം പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല. ഇരുട്ടു പരക്കാൻ തുടങ്ങിയപ്പോഴാണ് ഹോട്ടലിലേക്കെത്താൻ ഒരു ഓട്ടോ തിരയുന്നത്. നിർഭാഗ്യമെന്നു പറയട്ടെ, ആ സമയത്ത് അവിടെ ഒറ്റ ഓട്ടോയില്ല! എന്തായാലും നടക്കാനുള്ള ദൂരമല്ലേയുള്ളൂ എന്നു സമാധാനിച്ച് അവർ നടപ്പു തുടങ്ങി. 

 

ഫാസിലിന്റെ ആദ്യത്തെ സംവിധാന സംരംഭത്തിനായി പാട്ടൊരുക്കാൻ ജെറി അമൽദേവും കൂട്ടരും ഹോട്ടലിൽ കാത്തിരിപ്പുണ്ട്. ട്യൂൺ റെഡിയാകുമ്പോഴേക്കും വരാമെന്നറിയിച്ചു പോന്നതാണ്. അൽപം നടന്നപ്പോഴേക്കും ദാ ചാറ്റൽമഴയുമെത്തി! എന്തു ചെയ്യാൻ ... നനഞ്ഞുകുളിച്ച്, നടന്നുകിതച്ച് ഹോട്ടലിലെത്തുമ്പോൾ ട്യൂൺ റെഡിയാക്കി അക്ഷമരായി കാത്തിരിക്കുകയാണ് ജെറിയും കൂട്ടരും. ‘‘ട്യൂണായെങ്കിൽ പറഞ്ഞോ, പാട്ടു തരാം.’’ പരിഭവത്തിന്റെ കനം കുറയട്ടെന്നു കരുതി ബിച്ചു പെട്ടെന്നു പറഞ്ഞു. ‘‘തനനാനാ തനാനാന തനനാനനാനനാന.... ’’- ഹിന്ദുസ്ഥാനിയിലെ ദേശ് രാഗത്തിൽ താനൊരുക്കിയ ഈണം ജെറി പാടിക്കേൾപ്പിച്ചു. ഒന്നാലോചിച്ചു നിന്ന ബിച്ചു തല തുവർത്താൻ മറന്നു. തലയാകെ നനഞ്ഞ് മുടിയിൽനിന്ന് ഊറിയിറങ്ങുന്ന വെള്ളത്തുള്ളികൾ നെറ്റിയിലൂടെ കണ്ണിലേക്ക്... തന്റെ വലം കയ്യാൽ ആ വെള്ളത്തുള്ളികളെ തുടച്ചു കളയവേ അതിരുകളില്ലാത്ത ആ ഭാവനയ്ക്ക് പദഭംഗി കൈവരുകയായി - ‘‘മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ .....!!’’ മറ്റെല്ലാം ചരിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com